Category Archives: കഥ

ജസ്റ്റ് മാരീഡ്

മനോഹരന്‍ വെഡ്സ് മല്ലിക

മുന്‍ കുറിപ്പ് : അതെ ഇന്നാണ് അത് സംഭവിക്കുന്നത്‌ . ഈ കല്യാണം മനോഹരന്റെ കുറെ തോന്നലുകളിലൂടെ , വാക്കുകളിലൂടെ നടക്കുകയാണ്. അങ്ങനെയുണ്ടായ കഥയാണിത്.

നിങ്ങള്‍ക്കറിയോ ? രാവിലെ എഴുന്നേറ്റപ്പോള്‍ തുടങ്ങിയ വിറയാണ്. എല്ലാരുടെ മുഖത്തും ആക്കിയ ഒരു ചിരിയുണ്ട്, അതോ ഇനി എനിക്ക് തോന്നണതാണോ?
രണ്ടു ദിവസമായി ടെന്‍ഷന്‍ തലയ്ക്കു അടിച്ചുകേറിയിട്ടുണ്ട്.
പ്രഭാത കൃത്യങ്ങളെല്ലാം കിറുകൃത്യമായിരുന്നു. ചായയും ഉപ്പുമാവും തിന്നാനുള്ള കുടുംബക്കാരുടേയും , അയല്‍വാസികളുടെയും ഒഴുക്ക് തുടങ്ങി. ജെനറെറ്ററും തൂക്കി സ്റ്റുഡിയോക്കാരും വന്നു . ഞാറാഴ്ച കല്യാണം വെച്ചാ ഇതാ പ്രശ്നം, ഒരു ജില്ലാ സമ്മേളനത്തിനുള്ള ആള്‍ക്കാരുണ്ടാവും. ഇവരുടെയൊക്കെ മുന്നിലിരുന്ന് കല്യാണം കഴിക്കണമല്ലോ എന്നോര്‍ക്കുമ്പോഴാ…….

ന്നെ പുറപ്പെടിപ്പിക്കല്‍ തുടങ്ങി. മള്‍ട്ടി മാനുവും, മുരളിയും , കഞ്ചുട്ടനും , ധൃതി നിസാറും…..തുടങ്ങി ഫുള്‍സെറ്റ് റൂമില്‍ കേറിയിട്ടുണ്ട്. കല്യാണം പ്രമാണിച്ച് ഞാന്‍ വാങ്ങിയ യാര്‍ഡിലി പൌഡറിന്റെയും, ബ്രൂട്ട് സ്പ്രേയുടെയുമൊക്കെ അടപ്പൂരുന്നതും കണ്ടു, കാലിയാവുന്നതും കണ്ടു, ഇവിടൊന്നും കിട്ടീല. സത്യത്തില്‍ ഇവര്‍ ആരെയാണ് പുറപ്പെടിപ്പിക്കുന്നത്?

മുറിയിലേക്ക് ദാ വരുന്നു ചേച്ചിയുടെ നാലില്‍ പഠിക്കുന്ന മോന്‍. പിന്നെ ചോദ്യം ,
“മാമാ, ഈ മണ്ഡപത്തില് ഇരിക്കുമ്പോ തിയേറ്റരില്‍ ഇരിക്കണപോലെ അല്ലേ? എല്ലാരും സില്മേക്ക് നോക്കണ പോലെ മാമനെ തന്നെ നോക്കില്ലേ? അപ്പൊ മാമന് പേടിയാവില്ലേ ?”.
“ഇല്ലെടാ മോനെ, വ്യത്യാസണ്ട്. തിയേറ്ററാവുമ്പോ ആള്‍ക്കാര് കൂവും, ഇവിടെ അതുണ്ടാവില്ല.”
കണ്ടോ? നറുങ്ങ്പിറുങ്ങോള് വരെ വന്നു പേടിപ്പിക്കാന്‍ തുടങ്ങി, മനപ്പൂര്‍വ്വാ !

ദക്ഷിണ കൊടുക്കല്‍!
കുടുംബഭാരം നട്ടെല്ലിനേല്‍ക്കുന്ന സിറ്റുവേഷന്‍.
ഇതിനുമാത്രം കുടുംബക്കാര് എനിക്കുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. കുമ്പിട്ടു കാലു തൊട്ടു, മനുഷ്യന്റെ നടൂന്റെ ഡിസ്കിന് വിയര്‍ ആന്‍ഡ്‌ ടിയര്‍ ആയിക്കാണും. പണ്ട്കാലത്ത് കുടുംബാസൂത്രണം ഇല്ലാത്തതിന്റെ വേദന അനുഭവിക്കുന്നത് ഇപ്പോഴത്തെ തലമുറയാണ് !

വീട്ടില്‍ നിന്നിറങ്ങുമ്പോ, ഗൈറ്റിന്റവിടെ ദാ നില്‍ക്കുന്നു അലസന്‍ രാജേഷും,ധൃതി നിസാറും !
അവര്‍ അടുത്ത് വന്നിട്ട് പറഞ്ഞു,
“അളിയാ……….. നിന്നെ ഞങ്ങള്‍ക്കറിയാം, നിന്‍റെ മനസ്സ് ഞങ്ങള്‍ക്കറിയാം …… നിനക്ക് ഈ ടെന്‍ഷന്‍ താങ്ങാന്‍ പറ്റില്ല ……….വാ കുപ്പിയെടുക്കാം!” .
ആ പസ്റ്റ് ! വധൂ ഗൃഹത്തിലേക്കിറങ്ങുന്ന വരനോട് പറയാന്‍ പറ്റിയ ഇതിലും നല്ല ഡയലോഗില്ല.
“ഇങ്ങള് ന്നെ ഇങ്ങനെ സ്നേഹിക്കല്ലഡാ….ഞാന്‍ ചാവാന്‍ പോവൊന്നുമല്ലാലോ, കല്യാണം കഴിക്കാനല്ലേ പോണത് ?”.
“രണ്ടും ഒന്ന് തന്നേണ്, അതാ ഈ പറയണത്”.
വീണ്ടും ടെന്‍ഷനാക്കി, മനപ്പൂര്‍വ്വാ !

ഇനി ഈ ടെന്‍ഷന്‍ കാരണം താലിയെങ്ങാനും വേറാരുടെയെങ്കിലും കഴുത്തില്‍ കൊണ്ടോയി കെട്ടുമോ ആവോ, കണ്ടറിയണ്ടേരും.
ഈ ടെന്‍ഷന്‍ സഹിക്കാന്‍ പറ്റില്ല എന്നുറപ്പുള്ളോണ്ട്, മല്ലികേനേട്ട് ഒളിച്ചോടി രജിസ്റ്റര്‍ മേരേജ് കഴിച്ചാലോ എന്ന് വരെ ആലോചിച്ചതാ. ബട്ട് മൈ ഫാദര്‍ , കിണ്ടി പറമ്പില്‍ ശങ്കരന്‍ ! തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ക്കായി വീട്ടില്‍ എലിമിനേഷന്‍ റൌണ്ട് നടത്തായിരിക്കും. ആള്, നൂറിന്‍റെയും ഇരുന്നൂറിന്റെയും നോട്ട് കവറിലിട്ടു കൊടുത്ത്, നാട്ടിലെ സകല കല്യാണത്തിലും പാര്‍ട്ടിസിപ്പേറ്റു ചെയ്തിട്ടുണ്ട്. അതൊക്കെ എന്നെ കണ്ടിട്ടാണ്. അതൊക്കെ തിരിച്ചുകിട്ടാന്‍ കൂടി വേണ്ടിയാണല്ലോ ഞാന്‍ കെട്ടുന്നത് !

പെണ്ണിന്റെ വീടെത്തി, ക്യാമറാമാന്‍ ഓടി കാറിന്റെ അടുത്ത് വന്നിട്ടു പറഞ്ഞു,
“ബോസേ ഇങ്ങള് , ഇറങ്ങുമ്പോ രണ്ടു കാലും ഒരുമിച്ച് നിലത്തേക്ക് വെച്ച് ഇറങ്ങണം”
“അതെന്തിനാ ?”
“യേയ്, ഇങ്ങള് ബിഗ്‌ ബില് മമ്മൂട്ടി അവതരിപ്പിച്ച ബിലാല്‍ ഇറങ്ങണത് കണ്ടിട്ടില്ലേ ?”
“മോനെ ….., അതിന് ന്‍റെ പേരിന്‍റെ അപ്പ്രത്ത്ള്ളത് ‘ജോണ്‍ കുരിശിങ്കല്‍’ എന്നല്ല, ‘ശങ്കരന്‍ കിണ്ടിപറമ്പില്‍’ ന്നാ.”
ഓന്‍ പോയി.

കാലു കഴുകല്‍. പെണ്ണിന് സ്വന്തം ആങ്ങളയില്ല, ഒരു വകേലാങ്ങളയാണ് കാലു കഴുകുന്നത്.
ഓന്‍ കുറച്ച് നേരം വിസ്തരിച്ചു കഴുകട്ടെ. ങ്ങള്‍ക്കറിയോ? ഈ പഹയന്‍, പണ്ട് തൃത്താല ഗാനമേളയ്ക്ക് പോയിട്ട് ഞങ്ങള് തല്ലുണ്ടാക്കിയപ്പോ, ന്‍റെ ചിറിക്ക് തച്ചിട്ടുണ്ട്. ഞാന്‍ ഓന്റെ പിന്നാലെ ഓടി പെരടിക്ക് പൊട്ടിച്ച്. പിന്നീട് അത് പറഞ്ഞ് പഞ്ചായത്താക്കി. ആ ഓന്‍ കാല് കഴുകി തരുമ്പോ ഒരു സുഖം. നന്നായിട്ട് കഴുകടാ….

പന്തലിലേക്ക് ഞാന്‍ നടക്കുന്നത് വീഡിയോ എടുക്കുന്നതാണ് കാണേണ്ട കാഴ്ച ! ‘ബിഗ്‌ ബി’ ഇറങ്ങിയശേഷം, എല്ലാ സ്റ്റുഡിയോകളിലും ഓരോ അമല്‍ നീരദുമാര്‍ ഉണ്ടാവും. മ്മള് നടക്കുമ്പോ നിലത്തു നിന്ന് മേലോട്ടെ അവര് ക്യാമറ എടുക്കൂ. ഇടയ്ക്ക് ഉയരത്ത് കേറി താഴോട്ടെടുക്കും. സ്ലോ-മോഷന്‍ ആക്കാന്‍ സോഫ്റ്റ്‌വേര്‍ ഉള്ളതുകൊണ്ട് സ്ലോ മോഷനില്‍ നടക്കാന്‍ പറയാറില്ല, ഭാഗ്യം. ഇനി കല്യാണകാസറ്റ് എങ്ങാനും എഡിറ്റ് ചെയ്ത് നോണ്‍ ലീനിയര്‍ ആക്കി ഇറക്കുമോ ആവോ, അല്ല ഇപ്പൊ അതാണല്ലോ ട്രെന്‍ഡ് !

ആഹാ ! ബ്ലിങ്കന്‍ മാഷ്‌ നേരത്തെതന്നെ ഹാജരായിട്ടുണ്ടല്ലോ !!
ബ്ലിങ്കന്‍ മാഷ്‌. സെക്കണ്ടുകളിടവിട്ട് കണ്ണുകള്‍ ബ്ലിങ്ക് ചെയ്തോണ്ടിരിക്കും, അങ്ങനെ വീണ പേരാണ് ബ്ലിങ്കന്‍ !
നാട്ടിലെ സകല കല്യാണത്തിനും ബ്ലിങ്കന്‍ മാഷ് ഹാജര് വെച്ചിരിക്കും, വിളിക്കാത്ത കല്യാണമാണെങ്കില്‍ തലേസം തന്നെ എത്തും. എല്ലാടത്തും കല്യാണ കമ്മിറ്റിക്കാരെക്കാള്‍ ആക്ടീവ് ആയി ഓടിനടന്നു കാര്യങ്ങള്‍ ചെയ്യും. ഏയ്‌ വട്ടൊന്നുമല്ല , അത് മൂപ്പരുടെ ഒരു ഹോബി.
കണ്ട പാട് ന്നോട് ചോദിച്ചു, “മനോഹരാ ……പേടിയൊന്നുമില്ലാലോ ?”
ദാ പോയി ! ആകെയുണ്ടായിരുന്ന ധൈര്യം കൂടി ആ ചോദ്യത്തിന്റെ ഒപ്പം പോയി.
ഇയാള്‍ക്കിതിന്റെ വല്ല കാര്യൂണ്ടോ? എന്നുമില്ലാത്തൊരു കുശലാന്വേഷണം. മനപ്പൂര്‍വ്വാ !

മണ്ഡപത്തില്‍ ചെന്നിരുന്നു. പന്തലിലേക്ക് നോക്കാന്‍ തന്നെ പേടിയാവുന്നു . അമ്പത് പേര് തെകച്ചില്ലാത്ത ക്ലാസില്‍ ഒരു സെമിനാര്‍ എടുക്കാന്‍ പറഞ്ഞപ്പോ, ലീവെടുത്ത് രണ്ടാഴ്ച വീട്ടിലിരുന്ന ഞാനാ ഇപ്പ ആയിരത്തിച്ചില്ലാനും ആള്‍ക്കാരുടെ മുന്നിലിരിക്കുന്നത് !!
എല്ലാരുമെന്താ ന്നെ തന്നെ ഇങ്ങനെ നോക്കണത് ? ഇവര്‍ക്കൊക്കെ വേറെ എങ്ങടെങ്കിലും നോക്കികൂടെ ?
ഓരോരുത്തന്മാരുടെ നോട്ടം കണ്ടാല്‍ അവന്‍റെ ഭാര്യയെയാണ് ഞാന്‍ കെട്ടാന്‍ പോണത് എന്ന് തോന്നും.
ഈ കല്യാണ പന്തലില് വെച്ചിരിക്കുന്ന ടിവിയിലൊക്കെ സീരിയല് വെക്കണം, എന്നാ പിന്നെ പെണ്ണുങ്ങളൊക്കെ അതില്‍ നോക്കി ഇരുന്നോളും, ഇങ്ങോട്ടാരും നോക്കില്ല.

ഹൃദയമിടിപ്പ്‌ നാലേ ഗുണം നൂറുമീറ്റര്‍ റിലേ ഓടാനുള്ള കാര്യപരിപാടികള്‍ കെടക്കുന്നതേ ഉള്ളൂ, താലികെട്ടല്‍, മാലയിടല്‍ , പുടവ കൊടുക്കല്‍, വട്ടം ചുറ്റല്‍ , പാലും പഴവും കൊടുക്കല്‍………ശ്ശോ.
ശരിക്കും കല്യാണം ലളിതമായിരിക്കണം. ‘സന്ദേശ’ത്തില് ശ്രീനിവാസന്‍ പറയണപോലെ ഒരു രക്തഹാരം അങ്ങോട്ട്‌, ഒരു രക്തഹാരം ഇങ്ങോട്ട്, കണ്ടിരിക്കുന്നവരുടെ ജയ്‌ വിളി. അത് മതിയാര്‍ന്നു.

ന്‍റെ പെണ്ണ്‍ വന്നു.
ങ്ങേ !! അന്ന് ഞാന്‍ പെണ്ണുകണ്ട് പോയ പെണ്ണ് തന്നെയാണോ ഇത് ? ബ്യൂട്ടിപാര്‍ലറ്കാരുടെ ഓരോ വികൃതികളേ !
“ആ ഇളക്ക താലി ഒരു മൂന്നുപവന്‍ കാണും , ആ കടകവള ഒന്നരപവനേ ഉണ്ടാവൂ.”
പെണ്ണുങ്ങളുടെ സൈഡില്‍ നിന്ന് കലപിലകള്‍ തുടങ്ങി. കണ്ണ് കൊണ്ട് സ്വര്‍ണം അളക്കാനുള്ള ഒരു പ്രത്യേകതരം കഴിവ് ദൈവം അവര്‍ക്ക് കൊടുത്തിട്ടുണ്ടല്ലോ.

മല്ലിക വന്ന് അടുത്തിരുന്നു , വിറ കൂടി.
പിന്നെ മൊബൈല്‍ ക്യാമറാമാന്മാരുടെ ബഹളമാണ്. അഞ്ഞൂറ് ഉര്‍പ്പ്യക്ക്‌ മൊബൈല്‍ ഇറക്കിയ അംബാനിയുടെ തന്തക്കു വിളിച്ചുപോവും. പക്ഷെ കൂട്ടത്തില്‍ ഒരു വ്യത്യസ്ഥനുണ്ടായിരുന്നു അവനെ ഞാന്‍ തിരിച്ചറിഞ്ഞു. ഓണപതിപ്പിന് വെള്ള പെയിന്റെടിച്ച വലുപ്പത്തിലുള്ള ഒരു സാധനത്തിലാണവന്റെ പോട്ടോ പിടുത്തം.
“കുട്ടാ, എന്താടാ ഇത്”
ഓന് ഗമ കൂടി. “ഏട്ടാ ഇതാണ് ടാബ് ലെറ്റ്”.
“ഓ, അയികോട്ടെ”.
ഏതു കല്യാണത്തിലും ഇങ്ങനെ ഒരു കുരുപ്പിനെ കാണാന്‍ കിട്ടും. ഷോ കാണിച്ച് ആള്‍ക്കാരുടെ ശ്രദ്ധ നേടാന്‍ വെമ്പുന്ന ടീംസ്.

അതെ, ഞാന്‍ ആ കാഴ്ച കണ്ടു! എന്‍റെ അടുത്തേക്ക് വരുന്ന സുന്ദരനും, ബേജാറപ്പുവും! നാട്ടിലെ മെയിന്‍ കല്യാണാ ഘോഷ കമ്മറ്റിക്കാരാണ്. ഏതു കല്യാണവും ആഘോഷിച്ചലമ്പാക്കി കയ്യില്‍ത്തരും. ഇന്നലെ കുപ്പി വാങ്ങികൊടുത്ത്, ഇന്ന്‍ അലമ്പുണ്ടാക്കാതിരിക്കാന്‍ ഞാന്‍ മുന്‍കരുതല്‍ എടുത്തിട്ടുണ്ട്. പക്ഷെ താലി കെട്ടുമ്പോള്‍ ഗുണ്ട് പൊട്ടിക്കും എന്നവര് പറഞ്ഞിട്ടുണ്ട്. അത് കുഴപ്പമില്ല.
“മനോരാ, ഞങ്ങള്‍ക്കിന്നും കുപ്പി വേണം, പൈസട്ക്ക്”.
“പുന്നാര സുന്ദരാ……ഇന്നലെ ഞാന്‍ എടപ്പാള് സല്‍ക്കാരേന്ന്‍ വാങ്ങി നിങ്ങടെ അണ്ണാക്കി ല്‍ ക്ക് കമുത്തി തന്നത് അവില്‍ മില്‍ക്ക് അല്ലാലോ, റമ്മല്ലേ ?”.
“പോര ഇന്നും വേണം, അതും സ്മിര്‍നോഫ് വേണം”.
ഇംഗ്ലീഷില്‍, ‘എ’യും ‘ബി’യും കഴിഞ്ഞാല്‍ ‘സി’യാണെന്നു വരെ അറിയാത്ത സുന്ദരനാണ് പറയുന്നത് സമീര്‍നോഫ്!!
റം ഒഴികെ മറ്റെന്തു മണത്താലും, വാള് വെക്കണ സുന്ദരന് ഇന്ന് സ്മിര്‍നോഫ് തന്നെ വേണം. മനപ്പൂര്‍വ്വാ !
“മനോരാ……അണക്ക് ഭാര്യേം കൊണ്ട് അറബാനയില് വീട്ടില്‍ക്ക്‌ പോണോ ?”
“വേണ്ട”.
പോക്കറ്റില്‍ നിന്ന് ആയിരം ഉര്‍പ്പ്യേം അവരും ഒരുമിച്ചു പോയി.

കല്യാണത്തിന്റെ കാര്യ പരിപാടികള്‍ തുടങ്ങി. സത്യത്തില്‍ ഈ കല്യാണം എന്നാല്‍ ക്യാമറാമാന്മാരുടെ കലയാണ്‌ .അത് തിരകഥയെഴുതി സംവിധാനം ചെയ്യുന്നത് ഓനാണ്. എപ്പോ താലി കെട്ടണം, എങ്ങനെ കെട്ടണം എന്ന് ഓന്‍ പറയും, മ്മള് കേക്കണം. ഇനി കേട്ട്യീത് ശരിയായില്ലെങ്കില്‍ ഓന്‍ വീണ്ടും കെട്ടാന്‍ പറയും, അതും മ്മള് ചെയ്യണം. അപ്പൊ മ്മളാരാ? നായകനല്ല, അതിനു മൂന്നക്ഷരമില്ലേ? ഇതിന് രണ്ടക്ഷരം, സസി !

താലികെട്ടല്‍.
ഇന്നേ വരെ ഒരു ചെക്കനും മര്യാദയ്ക്ക് താലി കെട്ടീട്ടുണ്ടാവില്ല. വിറച്ചു വിറച്ചു കൈ അറിയാതെ പൊങ്ങി പോകുന്നതാണ്. കഴുത്തിന്റെ അടുത്തു കൊണ്ടെത്തിച്ചാ മതി . കെട്ടലൊക്കെ പിന്നില്‍ നില്‍ക്കുന്ന അമ്മായിമാരും നാത്തൂന്മാരും ചെയ്തോളും.

……………..ഠേ……………………….. ഗുണ്ട് പൊട്ടിയതും, അതുകേട്ട് അവന്റെ കയ്യില്‍ നിന്നും ടാബ് ലെറ്റ് നിലത്തു വീണതും ഒരുമിച്ചായിരുന്നു.
നിലത്തുവീഴുമ്പോള്‍ ട്യൂബ് ലൈറ്റ് പോലെ പൊട്ടി ചിതറുന്നതുകൊണ്ടാണോ ഇതിനെ ‘ടാബ് ലെറ്റ്’ എന്ന് വിളിക്കുന്നത്‌? എന്തായാലും നന്നായി, ആ ഹലാക്കിലെ അവുലോസുണ്ട കൊണ്ട് കൊറച്ചൊന്നുമല്ല ഓന്‍ മെയിനായത് .

എല്ലാം കഴിഞ്ഞു പാലും പഴവും രുചിച്ചു കൊണ്ടിരിക്കുമ്പോ കളക്ഷനെ കുറിച്ച് ചേച്ചിയോട് ആരാഞ്ഞു.
“മനോഹരാ, കളക്ഷന്‍ പറ്റെ മോശാടാ, കവറൊന്നും തീരെ കിട്ട്യീട്ടില്ല. കിട്ടിയ പ്രസന്റെഷനുകളുടെ വലുപ്പം കണ്ടിട്ട് വല്യ പ്രതീക്ഷ വെക്കാതിരിക്കുന്നതാ നല്ലത് എന്ന് തോന്നണു.”
ഈശ്വരാ……..എന്‍റെ കല്യാണം ഒരു ബോക്സ് ഓഫീസ് പരാജയമാവുമോ ?
മല്ലികയോട് ചോദിച്ചു,
“തന്‍റെ സൈഡില്‍ എങ്ങനുണ്ട് കളക്ഷന്‍?”
“ഇവിടുത്തെ കാര്യം അതിലും വിറ്റാ………..കല്യാണ കത്തില് അച്ഛന്‍ ഒരു വെയിറ്റ് കിട്ടാന്‍ വേണ്ടി ‘No presents, just your presence’ എന്നെഴുതി. ആള്‍ക്കാര് അത് കേള്‍ക്കാന്‍ കാത്തിരിക്ക്യേര്‍ന്നു.”
“അപ്പൊ, ഇന്ന് കല്യാണം പുറപ്പെടുമ്പോ, പെണ്ണിന് പകരം പെണ്ണിന്‍റെ അച്ഛനായിരിക്കുമല്ലോ കരയുന്നത് !”

സദ്യയുണ്ണാന്‍ പോകുമ്പോളുണ്ട്, മീശ പോലും മുളയ്ക്കാത്ത ഒരുത്തന്‍ മറ്റോനോട് ആവലാതി പറയുന്നു .
“പണ്ടൊക്കെ കല്യാണത്തിന് മുറുക്കാന്റെ ഒപ്പം സിഗറെറ്റ് വെക്കണ പതിവുണ്ടാര്‍ന്നു, മ്മള് വലി തുടങ്ങിയപ്പോ അതും നിര്‍ത്തി !”.
അവടെ ഡയലോഗടിക്കാതെ പോവാന്‍ തോന്നിയില്ല,
“മോനെ , അങ്ങനെ ഓസിന് കിട്ടി ശീലിച്ചതോണ്ടാ മലയാളികള്‍ ഇങ്ങനെ കുടിയന്മാരും, വലിക്കാരും ആയത്”

ഇലയിട്ട ശേഷം സദ്യ വിളമ്പാന്‍ വേണ്ടി വേണ്ടി കാത്തു നില്‍ക്കുമ്പോഴാണ് എനിക്കാ അതിബുദ്ധി തോന്നിയത്.
“മല്ലികേ ….. സാധാരണ ആദ്യരാത്രി പറയുന്ന കാര്യം നമുക്കിപ്പഴേ പറഞ്ഞവസാനിപ്പിക്കാം, എന്നാപിന്നെ രാത്രി സമയം കളയണ്ടല്ലോ, ഏത് !”
“എന്താ?”.
“ഒരു കുട്ട്യേനെ ഒക്കത്ത് വെച്ച് നിക്കണ ആ പച്ച സാരിയെ കണ്ടോ?”
“ഉം”.
“ഓളും ഞാനും അഞ്ചു കൊല്ലം പ്രേമത്തിലായിരുന്നു. പിന്നെ ഒള് ഓള്‍ടെ പാട്ടിനു പോയി.
ഇനി മല്ലിക പറ, മല്ലികയ്ക്ക് ആരോടെങ്കിലും പ്രേമം ഉണ്ടായിരുന്നോ?”
മൌനം …….
“പറ മല്ലികേ ……ഇങ്ങനെ നാണിച്ചാലോ? നമ്മള്‍ രണ്ടുപേരും ഒരു ജീവിതം തുടങ്ങാണ്, അപ്പൊ പരസ്പരം എല്ലാം അറിഞ്ഞിരിക്കണം. ഞാന്‍ എന്‍റെ കാര്യം ഓപ്പണായി പറഞ്ഞില്ലേ?”

മല്ലിക പറഞ്ഞു തുടങ്ങി.
“ക്യാമറയ്ക്ക് ലൈറ്റ് അടിച്ചു കൊടുക്കുന്ന ആ ചെക്കനെ കണ്ടോ? എന്നോട് ആദ്യായിട്ട് ഇഷ്ടാണ് എന്ന് പറയുന്നത് അവനാണ്”.
“മണ്ടന്‍”.

കായ വറുത്തതും ശര്‍ക്കര ഉപ്പേരിയും വന്നു
“എനിക്ക് ആദ്യത്തെ ലവ് ലെറ്റര്‍ കിട്ടുന്നത് ഇവന്റെ കയ്യീന്നാ”.
“പൊട്ടന്‍”.

അച്ചാര്‍ വന്നു
“എനിക്ക് ഏറ്റവും കൂടുതല്‍ റീ ചാര്‍ജ് ചെയ്ത് തന്നിട്ടുള്ളത് ഈ ഏട്ടനാ”.
“വിഡ്ഢി”.

പുളിയിഞ്ചി വന്നു
“എന്‍റെ ദേഹത്ത് ആദ്യായിട്ട് തൊട്ടത് ഇയാളാ…..”.
.
.
.
.
.
.
.
.
പിന്നെ അവിയല് വന്നു,
കാളന്‍ വന്നു ,
ഓലന്‍ വന്നു ,
കിച്ചടിയും, പച്ചടിയും , തോരനും വന്നു .
ഇടയ്ക്ക് ചോറും സാമ്പാറും പപ്പടവും വന്നിരുന്നു, അവര്‍ പക്ഷെ ലിസ്റ്റില്‍ ഇല്ലാത്തവരായിരുന്നു.
രസം വന്നു, മോര് വന്നു, രണ്ടു കൂട്ടം പായസവും വന്നു.
വയറു നിറഞ്ഞു.


ഉണ്ണിമൂലം

മേയ് രണ്ടാന്തി. മാതൃഭുമിയും മനോരമയുമൊന്നുമിറങ്ങാത്ത ദിവസം. ഉണ്ണിമൂലം ഇന്റര്‍വ്യൂ കഴിഞ്ഞു വീട്ടിലേക്കു കയറി. പരിചയപെടുത്താന്‍ മറന്നു, ഇതാണ് ഉണ്ണിമൂലം. പേര് ഉണ്ണി, നാള് മൂലം. അങ്ങനെ വീണ ഇരട്ടപേരാണ് ‘ഉണ്ണിമൂലം’. പേരും നാളും ചേര്‍ന്നൊരു പേര് !

ഉമ്മറത്ത്‌ നിന്ന് അച്ഛന്‍ മാമുക്കോയയുടെ ചിരിചിരിച്ച്, തിലകന്റെ ശബ്ദത്തില്‍ ചോദിച്ചു,
“ജോലി കിട്ടിയോടാ?”
“ഇല്ലച്ഛാ, ഈ ഇന്റര്‍വ്യൂവും കമ്പനിക്കടിച്ച്.”

സ്ഫടികവും, നരസിംഹവും കണ്ടിട്ടാണോ എന്നറിയില്ല, കേരളത്തിലെ ഒരുമാതിരിപെട്ട അച്ചന്മാരൊക്കെ ഒരു തിലകന്‍ ലൈനാണ്. പിതാശ്രീ എഴുതി തയ്യാറാക്കി വെച്ച സംഭാഷണം പറഞ്ഞു തുടങ്ങി.
“കിട്ടില്ലെടാ കിട്ടില്ല. നിന്നോട് ഞാന്‍ എത്ര തവണ പറഞ്ഞതാ, നിനക്ക് ജോലി കിട്ടാത്തിന്റെ കാരണം എന്തോ ജാതകദോഷാണെന്ന്‍ ….. നിനക്കിപ്പോ മോശം സമയാ. ആ സോമന്‍ പണിക്കരുടെ അടുത്ത് പോയി ഒന്ന് പ്രശ്നം വെച്ച് നോക്കാന്‍ പറഞ്ഞാ കേള്‍ക്കില്ല. അതിനൊക്കെ എന്റെ മോള്,18 വയസല്ലേയുള്ളൂ എന്നാലോ, നിന്നേക്കാള്‍ അനുസരണയുണ്ട്. നീ അവളെ കണ്ടു പഠി.”

ദിപ്പം പറഞ്ഞ ആ സഹോദരിയുണ്ടല്ലോ , ലവളാണ് അച്ഛന്റെ പതിനെട്ടാം പട്ട തെങ്ങ് !, എന്ട്രന്‍സ് കോച്ചിങ്ങിനു പോയി കൊണ്ടിരിക്കുന്ന അവളിലാണ് അച്ഛന്റെ പ്രതീക്ഷകളത്രയും.
അച്ഛന്‍ തുടര്‍ന്നു,
“അവളെ കെട്ടിച്ചയക്കാനുള്ള പൈസ നീ ഉണ്ടാക്കിക്കോണം, എന്‍റെ കയ്യില്‍ ഇനിയൊന്നുമില്ല”.
ഇതാണ് ഉണ്ണിയുടെ മുന്നിലുള്ള,ഉണ്ണി ചാടികടക്കേണ്ട, നൂറ്റിപത്തേകോലടി ഉയരമുള്ള ഹര്‍ഡില്‍സ്!

അച്ഛന്‍ അടവ് മാറ്റി ചവിട്ടി, സെന്റി ലൈന്‍ . “മോനെ നീയെന്താ ഞങ്ങടെ വിഷമം മനസ്സിലാക്കാത്തെ? നിനക്ക് കൂടി വേണ്ടിയല്ലേ ഈ പറയുന്നത്,ദൈവത്തെയോര്‍ത്ത് നീ ആ പണിക്കരുടെ അടുത്തൊന്നു പോ “
ഒരച്ഛന്റെ രോദനം !, സുരേഷ്ഗോപി സെന്റിയാവുന്നതൊക്കെ ഇതിലും എത്രയോ ഭേദമാണ്. ആ സീന്‍ ഇനിയും കണ്ടു നില്‍ക്കാന്‍ ത്രാണിയില്ലാത്തതു കൊണ്ട് ഉണ്ണിമൂലം സമ്മതിച്ചു.
” ഞാന്‍ നാളെ രമണനെയും കൂട്ടി പോയ്‌ക്കോളാം.”

രമണന്‍ ! ഉണ്ണിമൂലത്തിന്റെ മെയിന്‍ കമ്പനിക്കാരനാണ്. ഈയിടെയായി ജിമ്മില്‍ പോയി സൈസാവാന്‍ തുടങ്ങിയ ശേഷം, സല്‍മാന്‍ഖാന്‍ ഷര്‍ട്ടിടുന്നപോലെ മിനിമം മൂന്നു കുടുക്കെങ്കിലും തുറന്നിട്ടേ നടക്കൂ. ഇത്ര വെയില് കൊള്ളിക്കാന്‍ ഇവനെന്താ നെഞ്ചത്ത്‌ കൊപ്ര ഉണക്കാന്‍ ഇട്ടിട്ടുണ്ടോ ആവോ?
പണിക്കര്‍ക്ക് ഡിഗ്രിക്ക് പഠിക്കുന്ന ഒരു മോളുണ്ട്‌ എന്ന് പറഞ്ഞപ്പോ അന്നത്തെ മണല്‍ കയറ്റുമതി-ഇറക്കുമതിയില്‍ നിന്നും ലീവെടുത്ത് രമണന്‍ ഉണ്ണി മൂലത്തിന്റെ കൂടെ ചെന്നു.

ബസ്സിറങ്ങി പണിക്കരുടെ വീട്ടിലേക്ക് നടക്കുമ്പോഴും രമണന്‍ ചോദിച്ചു ,
“ഉണ്ണി മൂലാ……ഇന്ന് ഓള്‍ക്ക് ക്ളാസില്ലാലോ ലെ ?”
“ഇല്ലെന്‍റെ രമണാ”
വാതില്‍ തുറന്നത് മോളായിരുന്നു, രമണന് വന്നത് മൊതലായി !

സോമന്‍ പണിക്കര് കണ്‍സല്‍ട്ടിംഗ് റൂമിലേക്ക്‌ വന്നിരുന്നു. ആനിമേഷന്‍ സില്മേലെ വില്ലന്റെ മുഖം !
“എന്താ പേര് “? ഇത് കേട്ടപാട് രമണന്‍ ഉണ്ണിമൂലത്തിന്റെ ചെവിയില്‍ പറഞ്ഞു “പണിക്കര് പല്ലേച്ചിട്ടില്ലാ”
എന്നിട്ട് ഉത്തരവും അവന്‍ തന്നെ പറഞ്ഞു,
“ഉണ്ണിമൂലം”
ഉണ്ണി തിരുത്തി, “പേര് ഉണ്ണി, നാള് മൂലം”, ഇച്ചിരി ജാള്യതയോടെ.
“ഇതിലിത്ര നാണിക്കാനൊന്നുമില്ല, ന്റെ നാളും മൂലാ.”
“അത് പണിക്കരുടെ മുഖത്തെഴുതിവെച്ചിട്ടുണ്ട്.” വീണ്ടും രമണന്‍ !
രമണന്‍ മെന്‍ഷന്‍ ചെയ്ത ആ മുഖം മാറി .
“മിസ്റ്റര്‍ ഉണ്ണിമൂലം, ഇതാരാ ?”
അങ്ങനെ ഇപ്പ കണ്ട പണിക്കര് വരെ വിളിച്ചു ! “എന്റെ ഫ്രണ്ടാ”
ബിഗ്‌ ബി ലെ മമ്മൂട്ടിടെ പോലെ, മുഖത്തെ പേശികളനക്കാതെ പണിക്കര് പറഞ്ഞു, “ജീവിതം ഗോപിയാവാന്‍ ഇങ്ങനെ ഓരോന്നിനെ ഫ്രെണ്ടായിട്ടു കിട്ടിയാ മതി, കേതുവും കുജനുമൊന്നും വേണ്ട.”
പണിക്കരും മോശമില്ലല്ലോ !
ഉണ്ണിമൂലം രമണനോട്‌ വായ തുറക്കാതിരിക്കാന്‍ ആഗ്യം കാണിച്ചു .

അന്ത കാലത്തെ രണ്ടുര്‍പ്പ്യയുടെ പോക്കറ്റ് ഡയറിയില്‍ എഴുതിയ തന്റെ ജാതകം, ഉണ്ണിമൂലം പണിക്കര്‍ക്ക് കൊടുത്തു.
.
.
.
.
.
.
.
.
ഫുള്‍ ബോട്ടില് വിസ്കി വാങ്ങി, ഒന്നാം പെഗ്ഗില് വാള് വെച്ച് കുപ്പിയെ നോക്കിയിരിക്കണ പോലെയാണ് പണിക്കര് ജാതകം നോക്കി കഷ്ടം വെച്ചിരിക്കുന്നത് .
“ഉണ്ണിമൂലാ…. അന്‍റെ ജാതകം ഇത്രക്ക് അലമ്പാ ….?”
ഉണ്ണിക്ക് പേടിയായി തുടങ്ങി, അവന്‍ വിളിച്ചു ,
“വൈദ്യരേ…..ഛെ പണിക്കരേ”
“ആ….അ….ഈ ജാതകക്കാരന്‍ ജീവിച്ചിരിപ്പുണ്ടോ?”
ഭും! പണിക്കന്മാരുടെ തുറുപ്പുഗുലാന്‍ !! . ആ ഒരൊറ്റ ചോദ്യത്തില്‍ ഏതു ജാതകക്കാരന്റെ മനസ്സും അല്‍കുല്‍ത്തായിട്ടുണ്ടാവും.
“അത് ഇവന്റെ ജാതകാ……” രമണന്‍ പറഞ്ഞു .
പണിക്കരുടെ മുഖത്തേക്ക് വിഷാദം തികട്ടി വന്നു .
രമണന്‍ ഉണ്ണിമൂലത്തിന്റെ മുഖത്തേക്ക് നോക്കി, ബലാല്‍സംഗം ചെയ്യാന്‍ മുറിയിലേക്ക് കയറിയ ബാലന്‍ കെ നായരെയും, ജോസ് പ്രകാശിനെയും ഒരുമിച്ചു കണ്ട നായികയുടേത്‌ പോലെണ്ട് ആ മുഖം.

പണിക്കര് കവടി എടുത്തു, വീടിന്റെ പ്ലാന്‍ പോലുള്ള ചതുരക്കള്ളികളില്‍ തോന്നിയിടത്തോക്കെ വെച്ചു. എന്നിട്ട്, അത് നോക്കി ഒരറ്റത്ത് നിന്ന് പറഞ്ഞു തുടങ്ങി.
“അനിഷ്ട സ്ഥനായ ശനിയുടെ ദശാകാലമാണ്, വാഹന നാശം, പുണ്യകര്‍മ്മ ദോഷം, പോലീസ് കേസ്, കോടതി വ്യവഹാരം ഇവകൊണ്ട് ദുരിതമുണ്ടാവും. കുജന്‍ ജന്മത്തിലാണ് ദേഹങ്ങള്‍ക്കും കാര്യങ്ങള്‍ക്കും ഭംഗം സംഭവിക്കുക ഫലം. ശനി നാലമിടത്താണ് മനോദുഖവും, ധനനഷ്ടവും……….”
പിന്നെ ഒക്കെയൊരു പൊകയായിരുന്നു, ഉണ്ണിയുടെ ചുറ്റും. മരണം മാത്രം സംഭവിക്കുമെന്ന് പറഞ്ഞില്ല , ബാക്കി എല്ലാമായി.

വാഷിംഗ് മെഷീന്‍ റിന്‍സില്‍ ഇട്ട പോലെയാണ് ഉണ്ണിമൂലത്തിന്റെ നെഞ്ചു പെടച്ചിരുന്നത്.
പണിക്കര് അവസാനം പറഞ്ഞു, “ഒന്നും തോന്നരുത്, ഞാന്‍ ഉള്ളത് ഉള്ളത് പോലെ പറയും. തനിക്കു വെഷമായെങ്കില്‍ ക്ഷമിക്ക്യാ”
രമണന്റെ കണ്ട്രോള് പോയി,
“ഗോളടിച്ചിട്ടു ഗോളിടെ മുഖത്ത് നോക്കി ‘സോറി’ ന്ന് പറഞ്ഞിട്ട് എന്ത് കാര്യാടോ പണിക്കരെ ?”

വെള്ളം നിറച്ച കണ്ണുമായി ഉണ്ണിമൂലം ചോദിച്ചു
“പ്രതിവിധി വല്ലതും ?”
പേരറിയാത്ത ഒരുപാട് അമ്പലങ്ങളുടെ പേരും, കൊട്ടക്കണക്കിനു വഴിപാടുകളുടെ ലിസ്റ്റും പണിക്കര് ചാര്‍ത്തെഴുതികൊടുത്തു.
രമണന്‍ സ്വകാര്യം പറഞ്ഞു “ഉണ്ണിമൂലാ….. ഇരുന്നൂറ് ഉര്‍പ്പ്യ ദക്ഷിണ കൊടുക്കാനല്ലേ അമ്മ പറഞ്ഞത് ? അമ്പത് കൊടുത്താ മതി. പറയണേല് ഒരു മയമൊക്കെ വേണ്ടേ ?”
ദക്ഷിണ കൊടുത്തു പുറത്തിറങ്ങുമ്പോള്‍ പണിക്കര് പറഞ്ഞു “ഇനിയും വരണേ….”
“ഉവ്വ”.

അമാവാസി രാത്രി ടോര്‍ച്ചെടുക്കാതെ പുറത്തിറങ്ങിയവനെ പോലെയാണ് ഉണ്ണിമൂലം ബസ്സ്‌സ്റ്റോപ്പിലേക്ക് നടന്നത് . ബസ്സ്‌സ്റ്റോപ്പില്‍ അവന്‍ വിദൂരതയിലേക്ക് നോക്കി നിന്നു.ബസ്സ് വന്നതും, രമണന്‍ കേറിയതൊന്നും ഉണ്ണിയറിഞ്ഞില്ല .
“ഉണ്ണിമൂലാ കേറടാ…..”
ആ വിളി കേട്ടുണര്‍ന്ന ഉണ്ണിമൂലം, നീങ്ങി തുടങ്ങിയ ബസ്സിലേക്ക് ചാടികയറി .
അതുവരെ അട്ടത്ത് നോക്കിനിന്ന്‍, ബസ്സെടുത്തപ്പോള്‍ ചാടികയറിയ അവനോടു കിളി സുന്ദരന്‍ ഡയലോഗടിച്ചു
“മോനെ ഡാ…..ബസ്സ് പോയാ വേറെ ബസ്സ് വരും, പക്ഷെ നിന്‍റെ കാറ്റുപോയാല്‍ വേറെ കാറ്റ് വരാനില്ല”,എന്നിട്ട് ഡബിള്‍ ബെല്ലടിച്ചു.
“കാറ്റൊക്കെ പോയി” ഉണ്ണിമൂലം സെന്റിയായി .
എന്തുപറ്റിയെന്ന ഭാവത്തില്‍ കിളി, രമണനെ നോക്കി. രമണന്‍ മറുപടി കൊടുത്ത് ,
“ഏയ്‌, ഒന്നൂല്യ…..ഒരു ഭൂതം , ഭാവി പറഞ്ഞ വര്‍ത്തമാനം കേട്ടതാ.!”

വഴിപാടു സീസണ്‍ തുടങ്ങി. അമ്പലങ്ങളില്‍ പോയി ‘പേര് ഉണ്ണി, നാള് മൂലം’ എന്ന് പറഞ്ഞ് പറഞ്ഞ് ഉണ്ണിമൂലത്തിന് തന്നെ മടുത്തു തുടങ്ങി. പക്ഷെ ജീവിതം കഴിച്ചിലാവും എന്ന് അവനു ചെറിയൊരു പ്രതീക്ഷ വന്നു തുടങ്ങിയിട്ടുണ്ടായിരുന്നു.
ഗണപതിക്ക് ഒറ്റ കഴിച്ച്, ആ ഒറ്റ മുഴുവന്‍ ഒറ്റയ്ക്ക് കഴിച്ച്, അമ്പലത്തില്‍ നിന്ന്‍ തന്‍റെ സ്പ്ലെണ്ടറില്‍ അടിച്ചുമിന്നി വരുമ്പോഴാണ് ആ വിശേഷം സംഭവിക്കുന്നത്‌ .
തോളത്തൊരു എയര്‍ബാഗ് തൂക്കി, അതിലും കൂടുതല്‍ എയറും പിടിച്ചു നിന്നിരുന്ന ഒരുത്തന്‍ വണ്ടിക്കു കൈ കാണിച്ചു. ഉണ്ണിമൂലം ശുദ്ധനല്ലേ ?ലിഫ്റ്റ്‌ കൊടുത്തു.

ബൈക്ക് ഓടിക്കൊണ്ടിരിക്കവേ, ഉണ്ണി അയാളെ പരിചയപെട്ടു, പേര് മഹേഷ്‌ .
“എങ്ങോട്ടാ?”
മഹേഷ്‌ ഇച്ചിരി നാണത്തോടെ മറുപടി പറഞ്ഞു
“ഒളിച്ചോടാണ്, കുട്ടി ബസ്സ്‌ സ്റ്റാന്റില്‍ കത്ത് നിക്ക്ണ്ട്”
ഒളിച്ചോടുമ്പോ വരെ ലിഫ്റ്റ്‌ ചോദിച്ചു പോകുന്ന ഈ ഹ്യൂമന്‍ ബീയിങ്ങിനെയൊക്കെയാണ് തൊഴേണ്ടത്.
“കുട്ടി എവിടെള്ളതാ ?”
“ഇവിടെ അടുത്തുള്ളതാ…..കുമാരന്‍ മാഷിന്റെ മോള്, ഇന്ദു .”
ങേ ! എന്‍റെ അച്ഛന്‍ , എന്‍റെ പെങ്ങള്‍ !!
അപ്പൊ. അളിയനാണ് പിന്നില്‍ അള്ളിപിടിച്ചിരിക്കുന്നത് .
വെറുതെയല്ല ഇന്ന് രാവിലെ പുന്നാര പെങ്ങള്‍ ഒരു സ്റ്റീല്‍ഗ്ലാസ് അച്ഛന്‍റെയും, അമ്മയുടെയും, എന്‍റെയും കാലിന്‍റെ ചോട്ടില്‍ കൊണ്ടിട്ട് കുനിഞ്ഞെടുത്തത്. ആങ്ങളയുടെ ബൈക്കില്‍ ചെന്ന് പെങ്ങളെ അടിച്ചോണ്ട് പോകാന്‍ പോകുന്ന ഈ അളിയനുണ്ടല്ലോ, ഈ അളിയനാളിയാ അളിയന്‍ !

ഉണ്ണിമൂലത്തിന് പക്ഷെ, സന്തോഷം അലതല്ലുകയായിരുന്നു. പണിക്കര് കവടി നിരത്തി പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തോര്‍ത്ത് ചിരിവന്നു. എന്തൊക്കെയാ പറഞ്ഞത് ! കണ്ടകശനി, രാഹു, കേതു, എന്നേം കൊണ്ടേ പോവൂ, അഞ്ചു കൊല്ലത്തേക്ക് നല്ലതൊന്നും പ്രതീക്ഷിക്കണ്ട…..ഇതെന്താ അപ്പൊ നല്ലതല്ലേ? ഇതിലും നല്ലതിനിയൊന്നും തന്‍റെ ജീവിതത്തില്‍ സംഭവിക്കാനില്ല. ഈ യാത്ര അവസാനിക്കുമ്പോ തനിക്ക് ആറേഴ് ലക്ഷം രൂപയാ ലാഭം. ഇനി സ്വര്‍ണ്ണത്തിനു വില കൂടിയാലെന്ത്, കുറഞ്ഞാലെന്ത്? അഞ്ചു പൈസ ചെലവില്ലാതെ തന്‍റെ പെങ്ങളെ കൊണ്ടുപോകുന്ന ആ മഹാത്മാവിനെ ഉണ്ണിമൂലത്തിന് കെട്ടിപിടിക്കാന്‍ തോന്നി
ഇറങ്ങാന്‍ നേരം, വഴിച്ചിലവിനു ഒരഞ്ഞൂറു ഉര്‍പ്പ്യ പോക്കറ്റിലിട്ടു കൊടുക്കണം .

ഉണ്ണിക്കു പിന്നെയും ചിരി വന്നു….. മണ്ടയില്ലാത്ത പതിനെട്ടാംപട്ട തെങ്ങിന്‍റെ തേങ്ങയിടാനാണല്ലോ അച്ഛന്‍ പതിനെട്ടു കൊല്ലം തളപ്പും പിടിച്ചു നിന്നത് !! പുന്നാരമോള്‍ ഒളിച്ചോടി എന്ന് വീട്ടിലറിയുമ്പോള്‍ സീനായിരിക്കും. അച്ഛന്‍ റേഷന്‍ കാര്‍ഡില്‍ നിന്നു ഓള്‍ടെ പേര് വെട്ടും, അമ്മ വീട്ടില്‍ നിന്നും T.C കൊടുക്കും. അതോടെ ഓള്‍ടെ പേരിലുള്ള ഒരേക്ക്ര പാടവും എനിക്ക് കിട്ടും, വീണ്ടും ലാഭം !
അഞ്ഞൂറല്ല, ആയിരം കൊടുക്കണം .

സ്വപ്നം കണ്ടു ബസ്‌ സ്റ്റാന്റെത്തിയത് അറിഞ്ഞില്ല ,ഉണ്ണിമൂലം റൈറ്റിലേക്കെടുത്തത് ലെഫ്റ്റിലേക്ക് ഇന്റിക്കേറ്ററിട്ടിട്ടായിരുന്നു . ഠേ……..!! ഓരോട്ടോര്‍ഷ വന്നുമ്മവെച്ചു.
വാഹനാപകടം.
വാഹന നാശം!
ഉണ്ണിയുടെ ചിറിയും പല്ലും ഒന്നായി.
അംഗ ഭംഗം!
അളിയന്‍ അളിയനെ നോക്കി.
അരിച്ചാലില് മലര്‍ന്ന് കിടന്നു ചോര ഒഴുക്കി കളയുകയാണ് മഹേഷളിയന്‍. ! ആ കാലും വെച്ച് ഒരാറ് മാസത്തേക്ക് ഒളിച്ചോടാന്‍ പോയിട്ട് ഒളിക്കാന്‍ പോലും പറ്റില്ല.
തോളത്തൊരു ഭാഗുമായി ഓടി വരുന്ന പെങ്ങള്‍ . പുന്നാര പെങ്ങള്‍ ആ ട്വിസ്റ്റ്സീന്‍ കണ്ടു ബോധംകെട്ടു മലച്ചുകെട്ടി വീണു! ആതേയിനി രക്ഷയുള്ളൂ എന്ന് അവള്‍ക്കു തോന്നിക്കാണും.
അവരുടെ പ്രേമവും നാട്ടുകാരറിഞ്ഞു.
മാനഹാനി!
ഒളിചോടുകയായിരുന്ന മഹേഷിനെ, ഉണ്ണിമൂലം മനപ്പൂര്‍വ്വം അപായപെടുതാന്‍ ശ്രമിച്ചതാണെന്ന് ചിലര്‍..
.ദുഷ്പ്രചരണം!
നാറി നാണക്കേടായ സ്ഥിതിക്ക് എത്രയും പെട്ടന്ന് ഉണ്ണിക്കു ആ കല്യാണം നടത്തി കൊടുക്കേണ്ടി വന്നു.
ധനനഷ്ടം!
സോമന്‍ പണിക്കരുടെ ഓരോ സ്മാഷും പൊയന്റായി മാറുകയായിരുന്നു .

വസന്ത വന്ന കോഴിയെ പോലെയായിരുന്നു ഉണ്ണിമൂലം കല്യാണ പന്തലില്‍ നടന്നിരുന്നത് .
സദ്യക്ക് രണ്ടാം പന്തിയില്‍ കാളന്‍ വിളമ്പുമ്പോഴാണ് രമണന്‍, പായസം മോന്തികൊണ്ടിരിക്കുന്ന സോമന്‍ പണിക്കരെ കണ്ടത്. കാളന്റെ കുട്ടിചെമ്പ് മേശപ്പുറത്തു വെച്ച്, സ്പൂണ് ചൂണ്ടി രമണന്‍ ചോദിച്ചു.
“പണിക്കരെ സത്യം പറഞ്ഞോ, ആ ഒട്ടോര്‍ഷക്കാരനെ ഇങ്ങള് പൈസ കൊടുത്ത് ഇറക്കീതല്ലേ?
“അന്‍റെ ഉണ്ണിക്ക് ഇന്റിക്കേറ്ററിടാന്‍ അറിയാത്തോണ്ടല്ലേ ?, പിന്നെ അതൊരു നിമിത്തം. ജ്യോതിഷം സത്യാണ്.”
“പണിക്കര് ഈ അടുത്തെപ്പഴെങ്കിലും സ്വന്തം ജാതകം നോക്കിയിരുന്നോ?”
“ഇല്ലാ”
“എന്നാ വേഗം പായസം കുടിച്ച് ചിറീം തൊടച്ച് ഓടിക്കോ, ഉണ്ണി ഇങ്ങളെ കണ്ടാ ചെലപ്പോ അതും ഒരു നിമിത്തമാവും. ഇങ്ങള് കവടി നോക്കി പറഞ്ഞ പോലീസ് കേസും , ജയില്‍ വാസവും ബാക്കിണ്ട് “
രമണന്‍ പിന്നെ ആ പന്തിയില്‍ കാളന്‍ വിളമ്പിയില്ല.


ദ ഗ്ലാസ് സ്റ്റോറി

ഇക്കഥയിലെ അറേഞ്ച്ട് മാര്യേജ് ഒരു ഗ്ലാസ് സ്റ്റോറിയാണ്. പെണ്ണുകാണലിലെ ചായഗ്ലാസ്സില്‍ തുടങ്ങി, ആദ്യരാത്രിയിലെ പാല്‍ഗ്ലാസ്സില്‍, ട്വിസ്റ്റോടുകൂടി സ്റ്റോപ്പാവുന്ന ഒരു ഗ്ലാസ്‌ സ്റ്റോറി .

പെണ്ണ് കാണല്‍ ….. ബെല്‍റ്റിടാതെ ലോ വൈയ്സ്റ്റ് പാന്റിട്ട് നടക്കുന്നത് പോലെയാണ്. ഓരോ സെക്കണ്ടും പിരിമുറുക്കം നിറഞ്ഞതായിരിക്കും. കന്നികാണല്‍ ആണെങ്കില്‍ അവസ്ഥ അതിലും മാരകമായിരിക്കും. മനു അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു അത്.
വിവാഹ മാര്‍ക്കറ്റില്‍ ചെല്ലുമ്പോള്‍ കൂലിപണിക്കാര്‍ മുതല്‍ CEOമാര്‍ വരെ എഴുന്നള്ളിക്കുന്ന സ്പെസിഫിക്കേഷന്‍സ് ഉണ്ടല്ലോ, ഗ്രാമീണത, ശാലീന സൌന്ദര്യം, നാട്ടിന്‍ പുറത്തുകാരി, നിഷ്കളങ്കത …..ഇതൊക്കെതന്നെയാണ് മനുവും ആഗ്രഹിച്ചത്. കൂട്ടത്തില്‍ ഒന്ന്കൂടെ പറഞ്ഞു,
“കേരളത്തിന്‌ പുറത്തു ഹോസ്റ്റലില്‍ നിന്ന് പഠിച്ച കുട്ടിയാണെങ്കില്‍ ജാതകം പോലും എന്റെ വീട്ടില്‍ കേറ്റരുത്.”
ഇതൊക്കെ ഏതാണ്ട് ഒത്തുവന്ന്‍, കുട്ടന്‍ പണിക്കര്‍ ഒറ്റനോട്ടത്തില്‍ ‘proceed’ എന്ന് കണ്ണുംപൂട്ടി പറഞ്ഞ ഒരു ചിങ്ങത്തിലെ ചതയതിന്റെ വീട്ടിലാണ്‌ മനുവും,ഏട്ടനും,അച്ഛനും,അമ്മയും കൂടി ചായകുടിക്കാന്‍ വന്നിരിക്കുന്നത്.

പെണ്‍കുട്ടിയുടെ അമ്മ ജിലേബിയും , ലഡുവും കൊണ്ടുവെച്ചു. മനു ഒരു ലഡുവെടുത്തപ്പോള്‍ കുട്ടിയുടെ അച്ഛന്റെ കമെന്റ്,
“മോനെ, മോളെ കാണുമ്പോ ലഡു പൊട്ടരുതേ”
പുളിച്ച വിറ്റടിച്ചിട്ട് ഒറ്റയ്ക്ക് ഹലാക്കിലെ ചിരി ചിരിക്ക്യാണ് ഭാവി ഫാദര്‍ ഇന്‍ ലോ.വോവ്!വാട്ട് എ ബ്യൂട്ടിഫുള്‍ സീന്‍ !കമ്മീഷന്‍ കൂടുതല് തരുമെന്ന് കരുതീട്ടാവും ബ്രോക്കര്‍ ഇടയ്ക്കൊന്നു കമ്പനി കൊടുത്ത്. മനു ഏട്ടനെ നോക്കി, എട്ടന് ഇപ്പഴേ ഇറങ്ങി ഓടിയാല്‍ കൊള്ളാമെന്നുണ്ട്.
മനു, ലഡു എടുത്തിടത്തു തന്നെ തിരികെവെച്ചു.

കുട്ടി ചായയുമായി വന്നു, ഇന്‍ ചായഗ്ലാസ്. മനു സൂക്ഷിച്ചുനോക്കി. ഇല്ല, ഇതുവരെ കണ്ട 3GP ക്ളിപ്പുകളിലൊന്നും ഇങ്ങനെയൊരു മുഖം കണ്ടിട്ടില്ല. മഹാഭാഗ്യം !
“ഇതാണ്, ഇത് തന്നെയാണ് നിന്റെ പേര് അറ്റത്ത്‌ ചേര്‍ക്കാന്‍ പോണ ആ പെണ്‍കുട്ടി” മനസ്സ് അന്നൌന്‍സ് ചെയ്തു.
അപ്പുറത്തിരുന്നിരുന്ന ഏട്ടന്‍ തോണ്ടിയിട്ട് ചെവിയില്‍പറഞ്ഞു
“ഈ വായ പൊളിക്കലിലാണ് ഒരുപാട് പുരുഷജീവിതങ്ങള്‍ കല്ലത്തായത്. എന്റേതടക്കം!കണ്ട്രോള്‍ “
അപ്പോഴാണ് താനറിയാതെ തന്റെ വായ തുറന്നിരുന്നത് മനു ശ്രദ്ധിച്ചത്, അടച്ചു. ആ സൌന്ദര്യം മനുവിനെ അടാടെ ആകര്‍ഷിച്ചിരുന്നു.
“ഇതാണ് ഞങ്ങ പറഞ്ഞ പെണ്ണ് , ഇതാണ് പെണ്ണ്‍ ! ” എന്ന ഭാവത്തോടെയാണ് ബ്രോക്കറുടെ നില്‍പ്പ്.
പിന്നെയാണ് അറേഞ്ച്ട് മാര്യേജ് പെണ്ണുകാണലിലെ ആ FAQ (ഫ്രീക്ക്യുന്റ് കൊസ്റ്റ്യന്‍ ആന്‍ഡ്‌ ആന്‍സര്‍ ) പിറന്നത്,
“പേരെന്താ”?
“സുജിത.”
പക്ഷെ ഇവിടെ ചോദിച്ചത് ഏട്ടനും മറുപടി പറഞ്ഞത് അച്ഛനുമായി പോയി. മനു രണ്ടുപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി.

കാലമെത്ര പുരോഗമിച്ചിട്ടും പെണ്ണുകാണലിന്റെ സ്ക്രിപ്റ്റിനും, സൊ കാള്‍ഡ് ഡയലോഗുകള്‍ക്കും ഒരു മാറ്റവും സംഭവിച്ചിട്ടില്ല.
“ഇനി അവര്‍ക്കെന്തെങ്കിലും സംസാരിക്കാനുണ്ടാവും, നമുക്കൊന്ന് മാറികൊടുക്കാം”
പെണ്ണ്കാണലിലെ പവര്‍പ്ലേയാണ്, ജയവും തോല്‍വിയും തീരുമാനിക്കുന്ന മിനുട്ടുകള്‍ !
മനുവിനെ സുജിതയുടെ അടുത്ത് ഒറ്റയ്ക്കാക്കി എല്ലാരും പോയി.
“ഓപ്പണായി ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത് , ഇപ്പഴത്ത കാലമാണ് ……..ആരോടെങ്കിലും വല്ല പ്രേമമോ മറ്റോ ഉണ്ടോ, ഉണ്ടെങ്കില്‍ പറഞ്ഞോളൂ നോ പ്രോബ്ലം……” മനു ചോദിച്ചു;(Precaution No.1).
“ഒരു പാട് പേര് ഇങ്ങോട്ട് ഇഷ്ടാണ് എന്ന് പറഞ്ഞിട്ടുണ്ട് …….പക്ഷെ എനിക്ക് ……..ഇതുവരെയാരോടും ………അങ്ങനെയൊന്നും………തോന്നിയിട്ടില്ല”
WOW! ഏതൊരു ബാച്ചിലറും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു ഹോട്ട് ഫേവറിറ്റ് റിപ്ലെ. മനു ധൃതംഗപുളകിതനായി.
“ഞാന്‍ ഒരു ഫോട്ടോ എടുത്തോട്ടെ ?”
“മം ….എന്തിനാ ?”
“അനിയത്തി സേലത്ത് ചെറിയമ്മയുട വീട്ടില്‍ നിന്നാ പഠിക്കുന്നത്, അവള്‍ക്ക് അയച്ചുകൊടുത്ത്‌ അഭിപ്രായം ചോദിക്കാനാ .”
ആഹാ അഭിപ്രായം ചോദിയ്ക്കാന്‍ പറ്റിയ മൊതല്, കാണേണ്ട താമസം കുറ്റം പറഞ്ഞു തുടങ്ങിക്കോളും. ആ ഉടല് മുഴുവന്‍ അസൂയമാത്രേ ഉള്ളൂ. ക്ലാസ്സില്‍ തന്നെക്കാള്‍ ഗ്ലാമറുള്ള പെണ്‍പിള്ളേര്‍ ഉണ്ടാവാതിരിക്കാന്‍ തമിഴ്നാട്ടില്‍ പോയി പഠിക്കണ ടീമാ (ആത്മഗതം)
“ഉം …എടുത്തോളൂ.”
ആ മുഖം Galaxy s2 ഒപ്പിയെടുക്കുമ്പോള്‍ മനു എന്താണ് ഉദ്ദേശിച്ചുറപ്പിച്ചിരുന്നത് എന്ന് ആരും അറിഞ്ഞില്ല.

എല്ലാം കഴിഞ്ഞ്‌, പെണ്ണുകാണല്‍ ടീം ഇറങ്ങാറായി.
“ഞങ്ങള്‍ വിവരമറിയിപ്പിക്കാം.”
ഒരുമാതിരിപെട്ട പെണ്ണുകാണല്‍ ഷോര്‍ട്ട് ഫിലിമൊക്കെ ആവസാനിക്കുന്നത് ഈ ഡയലോഗിലാണ് .
സുജിത ശശിധരനിലെ, ശശിധരന്‍ എന്ന ശശി പറഞ്ഞു,
“കത്തൊന്നും അയച്ച് അറിയിപ്പിക്കരുതേ, കല്യാണം വൈകിപോകും” പൊട്ടിച്ചിരി ……ഏകാംഗ പൊട്ടിച്ചിരി
വീണ്ടും ഒലക്കേമിലെ തമാശ! മനു ഏട്ടനെ നോക്കി, ഏട്ടന്‍ അടിക്കാത്ത ഫോണെടുത്ത് ചെവിയില്‍ വെച്ച് ഫ്രേമില്‍ നിന്നും സ്കൂട്ടാവുന്നു .
കുട്ട്യേടച്ഛന്‍ കഷണ്ടി, മാരക വിറ്റായിരിക്കുമെന്ന്‍ ബ്രോക്കര്‍ ഒരു സൂചന തന്നിരുന്നു, പക്ഷെ ഇമ്മാതിരി അമാനുഷിക വിറ്റടിക്കുന്ന ഉരുപ്പടിയായിരിക്കുമെന്ന്‍ കരുതിയില്ല. “വൈഫ് ഹൌസിലെ മാരീഡ് ലൈഫ് ഇരമ്പും !!”

ഡ്രൈവര്‍, അച്ഛന്‍, അമ്മ, മനു, ഏട്ടന്‍ . വണ്ടി നിറഞ്ഞു. വണ്ടി സ്റ്റാര്‍ട്ടായി.
“മനൂ, ഞങ്ങള്‍ക്കൊക്കെ ഇഷ്ടായി. നിന്റെ അഭിപ്രായം പറഞ്ഞില്ല ….”
“അമ്മാ, വീട്ടിലെത്തിയിട്ടു പറയാ അമ്മാ”
അമ്മയുടെ യോര്‍ക്കര്‍, ! “വീട്ടിലാരോടാടാ നിനക്ക് ചോദിക്കാനുള്ളത് ? “
അച്ഛന്റെ ബൌണ്‍സര്‍, !! “ശരിയാ, വീട്ടിലുള്ള എല്ലാരും ഇവിടെയില്ലേ ? “
പക്ഷെ വിക്കറ്റെടുത്തത് ഏട്ടനായിരുന്നു, !!! “വീട്ടിലുള്ള ഒരാളുമാത്രം ഇവിടെയില്ല……..വേലക്കാരി രമണി !”
നിശബ്ദത ……….
.
.
.
“നീ നോ പറഞ്ഞാല്‍ ഇവിടെ ഒന്നും സംഭവിക്കില്ല, പക്ഷെ നിന്റെയൊരു യെസ്, ഒരു ചരിത്രമാവും. വരാനിരിക്കുന്ന ഒരുപാട് പേര്‍ക്ക് യെസ് എന്ന്‍ പറയാന്‍ ധൈര്യംനല്‍ക്കുന്ന ചരിത്രം”
അച്ഛന് ‘ട്രാഫിക്കി’ലെ ഡയലോഗടിക്കാന്‍ കണ്ട സമയം. മനു കൌണ്ടര്‍ അറ്റാക്ക്‌ തുടങ്ങി.
“നിങ്ങള്‍ക്കെന്താ ഇത്ര ധൃതി? നിങ്ങള് മൂന്നാളും ഇന്റര്‍നെറ്റും, മൊബൈലും കേരളത്തില്‍ വരുന്നതിനും മുന്നേ കല്യാണം കഴിച്ചോരാണ്. കാലം മാറി, പെണ്‍കുട്ട്യോള് അതിനേക്കാട്ടും മാറി. ഇക്കാലത്ത് പെണ്ണ്കെട്ടാന്‍ പോകുമ്പോ പലതും നോക്കണം, ഈ തലമുറയ്ക്കേ അതിന്റെ വിഷമം അറിയൂ”
അതേറ്റു, വീണ്ടും നിശബ്ദത.
ഡ്രൈവര്‍ സുഗുണേട്ടന്‍ ആക്സിലേറ്ററില്‍ ദേഷ്യം തീര്‍ക്കുന്നത് മനു ശ്രദ്ധിച്ചു. ഹോ ഹോ, അപ്പൊ ഏട്ടന്റെ ആ രമണി വിറ്റ് അവിടെയാണ് കൊണ്ടത് ! ഇങ്ങനെയൊരു കുടുംബാ സൂത്രണം എന്റെ വീട്ടില്‍ നടക്കുന്നത് ഇപ്പോഴാണ്‌ അറിയുന്നത് . അങ്ങനെ വരട്ടെ , സുഗുണേട്ടന് ചീത്ത കേള്‍ക്കുന്ന ദിവസം, സാമ്പാറില്‍ ഉപ്പു കൂടുന്ന ‘പ്രതിഭാസ’ത്തിന്റെ പൊരുള്‍ ഇതായിരുന്നല്ലേ ?. ഇതൊന്ന്‍ കഴിയട്ടെ ശരിയാക്കിതരാം (ആത്മഗതം).

വീടെത്തി, മനു മുറിയില്‍കേറി വാതിലടച്ചു. ട്വിട്ടെരില്‍ സ്റ്റാറ്റസ് ഇട്ടു, ‘പെണ്ണ് കണ്ടു ‘. എന്നിട്ട ഗൂഗിള്‍ ഇമേജ് സെര്‍ച്ച്‌ എടുത്തു, നേരത്തെ എടുത്ത സുജിത ശശിധരന്റെ ഫോട്ടോ അവിടേക്ക് അപ്ലോഡ് ചെയ്തു.
ഹോ ! മനുവിന് പാതി ആശ്വാസമായി. സിമിലര്‍ ഇമേജസ് ഒന്നും ഗൂഗിളിനു തപ്പിയിട്ടു കിട്ടിയില്ലത്രേ !! അപ്പൊ അവളുടെ ഫോട്ടോകള്‍ ഒന്നും വെബ്‌ സൈറ്റുകളില്‍ ഇല്ലെന്നുറപ്പിക്കാം.
“ഇനി വല്ല വീഡിയോസ്??” ഇതുപോലെ, നെറ്റിലുള്ള സിമിലര്‍ വീഡിയോസ് സെര്‍ച്ച്‌ ചെയ്യാന്‍ വകുപ്പില്ല.
“ടെക്നോളജി ഇനിയും ഒരുപാട് പുരോഗമിക്കേണ്ടിയിരിക്കുന്നു.” ഉണ്ടാവില്ല എന്ന വിശ്വാസത്തില്‍ മനു മുന്നോട്ടുനീങ്ങി .

ഇനിയാണ് അടുത്ത കടമ്പ, ഫേസ്ബുക്ക്‌ …….സക്കര്‍ ബര്‍ഗിനെ ധ്യാനിച്ച് തുറന്നു.
പേരടിച്ചു, സുജിത ശശിധരന്‍ …….. സെര്‍ച്ച്‌ റിസള്‍ട്ട് വന്നു.
“ങേ! അതിലും ഗ്ലാമറുള്ള കുറെ സുജിത ശശിധരന്മാര്‍!!!!”, മനസ്സില്‍ കോഴി കൂവി.
“പിന്നെ നോക്കാം ഇപ്പൊ ഇതാണ് വലുത് “
അവളുടെ പ്രൊഫൈല്‍ ! 328 ഫ്രണ്ട്സ്. ഫോട്ടോകള്‍ ലോക്ക് ചെയ്ത് വെച്ചിട്ടുണ്ട്! ആശ്വാസം. വകതിരിവുള്ള കുട്ടിയാണ്.
ഒരു മ്യൂച്ചല്‍ ഫ്രണ്ട്! വിശാഖ് !! പടച്ചോനേ പെട്ട്, എന്റെ 679 ഫ്രണ്ട്സില്‍ ഈ കുരുപ്പിനെ മാത്രേ കണ്ടുള്ളൂ ഇവള്‍ക്ക് മ്യൂച്ചല്‍ ഫ്രെണ്ടാക്കാന്‍ ? വേറെ ആരായിരുന്നെങ്കിലും പ്രശ്നമുണ്ടായിരുന്നില്ല. മനുവിന്റെ നെഞ്ചു പെടച്ചു തുടങ്ങി.
അവന്‍ ഫോണെടുത്ത് വിശാഖിനു ഡയല്‍ ചെയ്തു.
“അളിയാ വിശാഖേ ……ഞാനിന്നോരുത്തിയെ പെണ്ണ് കണ്ടു, ഇഷ്ടപെടുകയോക്കെ ചെയ്തു …പക്ഷെ ഫേസ്ബുക്കില് നോക്കിയപ്പോ നീ മ്യൂച്ചല്‍ ഫ്രണ്ട്. അതുകണ്ടപ്പോ…..”
“ഏതാടാ ആള്?”
“ഒരു സുജിത ശശിധരന്‍ “
“പേടിക്കണ്ടാടാ, ഞാന്‍ ഫോട്ടോ കണ്ടു റിക്വസ്റ്റ് അയച്ചതാ,അവള് ആള് മാറി ആക്സെപ്റ് ചെയ്തു. ഞാന്‍ കുറെ വളയ്ക്കാന്‍ നോക്കി. മെസേജിനു ഒരു റിപ്ല്യ്‌ പോലും തരുന്നില്ല. നീ ധൈര്യായിട്ട് കെട്ടിക്കോ, നല്ല കുട്ട്യാവും.”
അവനു ഒരു ഗംബീരന്‍ ട്രീറ്റ്‌ ഓഫര്‍ ചെയ്ത് മനു ഫോണ്‍ വെച്ചു.
“ഈ പ്രൊഫൈല്‍ എനിക്കുള്ളതാണ്”, മനു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. പുറത്ത് വന്ന എല്ലാവരോടും ഇച്ചിരി നാണത്തോടെ പറഞ്ഞു,
“ഉറപ്പിച്ചോളൂ, എനിക്ക് സമ്മതമാണ് “

കുഭത്തിലെ രണ്ടാമത്തെ ഞാറാഴ്ച. കല്യാണമൊക്കെ രാവിലെയേ കഴിഞ്ഞ്‌ . ഇപ്പൊ രാത്രി, അല്ല ആദ്യരാത്രി.
സുജിത മനു, സിനിമാ സ്റ്റൈലില്‍ കസവുമുണ്ടും, മുല്ലപ്പൂവുമണിഞ്ഞ്, കയ്യില്‍ പാല്‍ഗ്ലാസുമായി മുറിയിലേക്ക് കടന്ന്‍ വാതിലടച്ചു.
അവിടെ ജനലും തുറന്നിട്ട് നക്ഷത്രമെണ്ണുന്ന വരന്‍, കയ്യില്‍ കിങ്ങ്സ് പുകഞ്ഞു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ…..
മനു വധുവിനെ നോക്കി ഒന്ന് ചിരിച്ചു.
അവള്‍ മനസ്സിലായില്ലെന്ന ഭാവത്തില്‍ മുഖത്തേക്ക് നോക്കി.
“അല്ല, പണ്ടൊക്കെ ഈ ആദ്യരാത്രികളിലെ സ്ഥിരം കാഴ്ചയാണ്, സിഗരെറ്റ് വലിച്ചു കൊണ്ടിരിക്കുന്ന ഭര്‍ത്താവിനെ കണ്ടിട്ട് മുറിയിലേക്ക് വരുന്ന ഭാര്യയുടെ കയ്യിലിരിക്കുന്ന പാല്‍ഗ്ലാസ്‌ നിലത്ത് വീണുപൊട്ടുന്ന രംഗം,അതോര്‍ത്തു ചിരിച്ചതാ. സില്ലി ഗേള്‍സ്‌ !”
മനു പാല്‍ ഗ്ലാസ് വാങ്ങി .
സുജിത മനു കൈനീട്ടി, ആദ്യരാത്രിയിലെ അവളുടെ ആദ്യത്തെ വാക്കുകള്‍,
“മനൂ , ഒരു പഫ്ഫ്‌ താ, ഞാന്‍ കിങ്ങ്സ് ഇത് വരെ വലിച്ചു നോക്കിയിട്ടില്ല”
ചിലിം ………പാല്ഗ്ലാസ് നിലത്തു വീണു. കുപ്പിച്ചില്ലുകള്‍ സ്ലോ മോഷനില്‍ ചിതറി .
ആ ശബ്ദം കേട്ട്, വാതിലിനു പുറത്തു നിന്ന്‍ ചിരിയൊച്ചകള്‍ ഉണ്ടായി, ഒപ്പം അടക്കിപിടിച്ച പറച്ചിലുകളും .
“അവനു പണ്ടേ ഭയങ്കര ആക്രാന്താ ”


ഒരു തീവണ്ടി ഉദ്ഘാടനം ചെയ്യാന്‍ പോയ കഥ

07:50
ഏഴേമുക്കാലിന്‍റെ ലോക്കലിനു വേണ്ടി വീട്ടീന്നെറങ്ങിയപ്പഴത്തെ ടൈമാണ് (എങ്ങനണ്ട് ?). ഇന്‍സൈഡൊക്കെ സ്റ്റോപ്പിലേക്ക് ഓടുന്ന വഴിക്ക് ചെയ്തു (നമുക്ക് ലുക്സ് വേണ്ടേ ?), പക്ഷെ കീര്‍ത്തി എന്നെ കാത്തുനിക്കാതെ പോയി (ആയിട്ടില്ല, ഇതല്ല മ്മടെ നായിക, ഇത് കീര്‍ത്തി ബസ്.
യാത്ര ക്യാന്‍സല്‍ ചെയ്തു ഞാന്‍ തിരിച്ചു വീട്ടിലേക്കു നടന്നു.
“അല്ലാ, എവിടുന്നാപ്പ ഇത്ര രാവിലെ ?”
ആ പസ്റ്റ്! ബസ്സ്‌ പോയി നിക്കുന്നവനോട് ചോദിക്കാന്‍ പറ്റിയ ചോദ്യം. കീര്‍ത്തി പോയ വിഷമം ഞാന്‍ അവിടെ തീര്‍ത്തു .
“രാത്രി കാക്കാന്‍ പോയി വര്യാ, കൊറച്ച് ലേറ്റ് ആയി “. പിന്നെ ചോദ്യങ്ങളുണ്ടായില്ല.

07:55
വീടിന്‍റെ പടിക്കലെത്തിയപ്പോഴുണ്ട് ഫ്രീക്കുസ്മാന്‍ പള്‍സറില്‍ പെടപ്പിച്ചു വരുന്നു. എന്‍റെ മുന്നില്‍ വെച്ച് അവന്‍ അതിന്‍റെ ഡിസ്ക് ബ്രേക്ക് ടെസ്റ്റിംഗ് നടത്തി. എന്നിട്ട കൂളിംഗ് ഗ്ലാസ്സൂരാതെ ഒറ്റ ചോദ്യം, ” കുറ്റിപ്പുറത്തിക്ക്ണ്ട്രാ ?”
‘അല്ലങ്കെ, കൈകൊട്ടി വിളിച്ചാലും നിര്‍ത്താതെ പോണ മൊതലാ, ഇന്നെന്താണാവോ ഇങ്ങനെ ?’
ഞാന്‍ ചാടികേറി അള്ളി പിടിച്ചിരുന്നു. അവന്റെ ‘സ്മാരക’ ഡ്രൈവിങ്ങ് എന്നെകൊണ്ട്‌ കുറ്റിപ്പുറത്തെത്തും വരെ ശരണം വിളിപ്പിച്ചു (ശബരിമല കേറുമ്പോപോലും ഞാന്‍ ഇത്രേം ശരണം വിളിച്ചിട്ടില്ല )

08:00
ആരോടെയോ ഗുരുത്വം കൊണ്ട് കുറ്റിപ്പുറത്തെത്തി. വഴിയില്‍ രണ്ടു മൂന്നു ‘ടര്‍ണിങ്ങ് പോയന്റു’ണ്ടായിരുന്നു,എന്റെ ഹൃദയമിടിപ്പ്‌ സ്പ്രിന്റോടിയ നിമിഷങ്ങള്‍!!! !!!! പക്ഷെ എതിരെ വന്ന വണ്ടിയുടെ ഡ്രൈവര്‍മാര്‍ക്ക് പണിയറിയാവുന്നത് കൊണ്ട് കഴിച്ചിലായി).
ഉസ്മാനെ ഞാന്‍ കെട്ടിപിടിച്ചു നന്ദി പറഞ്ഞു.
ലോക്കല് അന്നാദ്യമായി പതിവ് തെറ്റിച്ച് കൃത്യസമയത്തിന് പോയി.
“പുത്യേ ഇന്‍റര്‍സിറ്റി ഇന്ന് ഓട്ടം തൊടങ്ങാ, അതാ ലോക്കല് ഇന്ന നേരത്തെ പോയത്”. ട്രെയിന്‍ പോയി കഷ്ടം വെച്ചിരിക്കുന്ന ഒരു സീസണ്‍ ടിക്കറ്റുകാരന്റെ വ്യസനം കേട്ടു.

പെട്ടന്നെന്‍റെ തലയില്‍ ഒരു ബള്‍ബ് കത്തി. ബസ്സില്‍ കോഴിക്കോട്ടെത്താന്‍ പത്തരയാവും, അമ്പതുപ്പ്യേം പോയി കിട്ടും. കുറ്റിപ്പുറത്ത് സ്റ്റോപ്പില്ലാത്ത പുത്യേ ഇന്‍റര്‍സിറ്റിക്ക് തിരൂരില്‍ നിന്ന 8.55ന് കേറിയാല്‍ 9.40ന് കോഴിക്കോടെത്താം. അതുമാത്രമല്ല ഒരു ചുറ്റിക്കളി വേറെ കെടക്കണ്ട്. ഒരു ട്രെയിനിന്റെ കന്നിയാത്രയില്‍ ഹാജര്‍ പറയാന്‍ പറ്റാന്നു പറഞ്ഞാ അതൊരു വെയിറ്റാണ്. കുംബമേള വരണ പോലെയാണ് കേരളത്തിന്‌ പുത്യേ ട്രെയിന്‍ അനുവദിച്ചുകിട്ടാറ്‌, അതോണ്ട് അതികാര്‍ക്കും ഈയൊരു ക്രെഡിറ്റുണ്ടാവില്ല. ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇട്ടാല്‍ മിനിമം പത്തു ലൈക്കെങ്കിലും കിട്ടും.

08:05
അങ്ങനെ ഞാന്‍ പാലക്കാട് – മംഗലാപുരം ഇന്‍റര്‍സിറ്റി ഉദ്ഘാടനം ചെയ്യാനായി തിരൂരിലേക്ക് ബസ്സ് കയറി. അവടെത്താനെടുത്ത 45 മിനുട്ടും ഞാന്‍ ഫേസ്ബുക്കിലും ട്വിറ്റെറിലും ഇടേണ്ട സ്റ്റാറ്റസിനെ കുറിച്ചാലോചനയിലായിരുന്നു. ഇംഗ്ലീഷല്ലേ ? ഗ്രാമര്‍ തെറ്റിയാല്‍ ക്ഷീണാണ്. പറ്റുമെങ്കില്‍ തീവണ്ടിടെ മുന്നില്‍ നിന്നൊരു ഫോട്ടോയുമെടുക്കണം ( 3.1 മെഗാ പിക്സല്‍ )

08:50
തിരൂര്‍ സ്റ്റേഷന്‍. ബസ്സിറങ്ങി ഓടിപെടഞ്ഞ് സ്റ്റേഷന്‍റെ ഉള്ളില്‍ ചെന്നപ്പോഴേക്കും, അലങ്കരിച്ചു വൃത്തികേടാക്കിയ തീവണ്ടി എത്തിയിരുന്നു. അവിടെ അടുത്ത വാഗണ്‍ ട്രാജഡി സൃഷ്ടിക്കാനുള്ള ആള്‍ക്കാരുണ്ട്. ഭാഗ്യത്തിന് ഒക്കെ തീവണ്ടി കാണാന്‍ വന്നവരായിരുന്നു. അല്ല , ഇതുപോലുള്ള ദിവസം യാത്ര ചെയ്യാനും വേണം ഒരു യോഗം (ജാഡ ജാഡ).

ഞാന്‍ മുന്നില്‍ കണ്ട കമ്പാര്‍ട്ട്മെന്റിലേക്കു ചാടികയറി.
തെന്താത്…. ലേഡീസ് ഹോസ്റ്റലില്‍ കേറിയ പോലുണ്ടല്ലോ !! മനസ്സില്‍ ലഡ്ഡു ഭരണിയോടക്കനെ പൊട്ടുകയായിരുന്നു, അമ്മാതിരി കളക്ഷനാ ഉള്ളില്‍ !! ഇതുഗ്രന്‍ സ്കീമാണല്ലോ ,ഇനി എന്നും ഇങ്ങനെതന്നെ വരണം .
“ഇത് ലേഡീസ് കമ്പാര്‍ട്ട്മെന്ടാ….”
പോയി, സകലതും പോയി. അക്കൂട്ടത്തിലെ ഏറ്റവും ഗ്ലാമറുള്ള പെണ്‍കുട്ടിയാണ് അത് പറഞ്ഞത്, അതാ കൂടുതല്‍ സങ്കടം.
പുറത്തെക്കിറങ്ങുമ്പോള്‍ ഞാന്‍ ഒന്നൂടെ തിരിഞ്ഞു നോക്കി, സങ്കടം കൂടി. അടുത്ത കമ്പാര്‍ട്ട്മെന്റിലേക്ക്……

പുതിയ വണ്ടിയാണെന്ന് പറഞ്ഞിട്ടെന്താ ? ഇന്ത്യന്‍ റെയില്‍വേടെ ട്രേഡ്മാര്‍ക്ക് നാറ്റം അതേപോലുണ്ട്. ഫോണ്‍ നമ്പരുകൊണ്ട് ചുമര്‍ ചിത്രകല തുടങ്ങിയിട്ടില്ല , ആശ്വാസം.
പെട്ടന്ന്‍ ആ കാഴ്ച ഞാന്‍ കണ്ടു , വെള്ള ചുരിദാറിട്ട ഒരു പെണ്‍കുട്ടി ഇരിക്കുന്നു , ഓപ്പോസിറ്റ് ഒരു കാലി സീറ്റും ! എന്‍റെ ടൈം !! ഒറ്റ കാഴ്ച്ചയില്‍ തന്നെ പ്രേമം തൊടങ്ങി. ഇരുന്നൂ…..

08:55
ഡ്രൈവര്‍ തീവണ്ടിയുടെ കിക്കറടിച്ചു, ഫസ്റ്റിട്ടു, ആക്സിലേട്ടറില്‍ ചവിട്ടി, വണ്ടി നീങ്ങി തുടങ്ങി. കന്നിയാത്രക്ക് പച്ചക്കൊടി വീശാന്‍ കൊണ്ഗ്രസ്സുകാരും മാര്‍ക്കിസ്റ്റുകാരുമൊക്കെയുണ്ടായിരുന്നു. ലീഗുകാര് ഇത് കണ്ട് ഉള്ളില്‍ ചിരിക്കുന്നുണ്ടാവും, ടീംസ് പച്ചക്കൊടിയല്ലേ വീശുന്നത്!! .
ഞാന്‍ ബാഗില്‍നിന്നും ‘ദ ഹിന്ദു’ എടുത്തു, കുട്ടി നോക്കി. ആണ്ട്രോയിഡ് ഫോണെടുത്തു പാട്ടുവെച്ചു, കുട്ടി ചിരിച്ചു.

കുട്ടി മാതൃഭൂമി ആഴ്ച പതിപ്പ് വായിക്കാണ്. ശിവനെ ….എന്റെ കയ്യിലുമുണ്ടല്ലോ അതുപോലൊരു കോപ്പി ! താനൂര് സ്റ്റേഷനെത്തുമ്പോ പുറത്തെടുത്ത്, കുട്ടീടെ മുഖത്ത് നോക്കി ലൈറ്റായിറ്റൊന്നു ചിരിക്കണം, കുട്ടി വീണു !

09:05
മൊബൈലില്‍ ഒരു പ്രേമ ഗാനം, ♪♪ മറന്നോ നീ നിലാവില്‍ നമ്മളാദ്യം….♪♪ അത് കേട്ടപ്പോഴാണ് മറന്നത് ഓര്‍മ്മ വന്നത്. സീസണ്‍ ടിക്കറ്റിന്റെ ഡേറ്റ് ഇന്നലെ തീര്‍ന്നിരിക്കുന്നു !
ട്വിസ്റ്റ് !!!
.
.
.
.
.
.
.

ഉദ്ഘാടന ദിവസം തന്നെ ടി.ടി.ഇ ക്ക് പണിയുണ്ടാക്കാനാണോ ഞാന്‍ മെനകെട്ടു വന്നത് ?
‘ന്നാലും ന്റെ അഹമ്മദിക്കാ…..ഇങ്ങനൊരു ദുല്‍മ് ഇങ്ങള് നീല പെയിന്റടിച്ച് ന്റെ അടുത്തിക്കെന്നെ വിട്ടല്ലോ ??’.
യാത്ര ക്യാന്‍സല്‍ ചെയ്ത് വീട്ടിലേക്ക്‌ തിരിച്ചു കേറാന്‍ നിന്ന ഈ പാവത്തിന്റെ പിറകില്‍ ഫ്രീക്കു‍സ്മാന് പള്‍സര്‍ നിര്‍ത്തി, വിളിച്ചു കേറ്റിയപ്പോഴേ അപകടം മണക്കേണ്ടതായിരുന്നു.ഓന്റെ എന്നുമില്ലാത്ത സ്നേഹം പ്രകടനം കണ്ടപ്പഴേ തിരിഞ്ഞോടേണ്ടതായിരുന്നു.

സീറ്റില്‍ നിന്നൊഴിയാന്‍ ഞാന്‍ തീരുമാനിച്ചു. ഇനി കഷ്ടകാലത്തിനു ടി.ടി.ഇ വന്നു പോക്കിയാലും (എന്റെ ഇന്നത്തെ സ്ഥിതി വെച്ച് നോക്കിയാല്‍ അത് സംഭവിച്ചിരിക്കും) കുട്ടി അതറിയരുത്, ഇമേജ് പോവും. ഞാന്‍ സീറ്റില്‍ നിന്നും നീക്കേണ്ട താമസം ഒരു യുവകോമളന്‍ അവിടേക്ക് ചാടി വീണു. പട്ടി, തെണ്ടി. ഓന്റെ കയ്യില്‍ ഐ ഫോണാ അതാ പേടി !
കുട്ടി അടുത്ത സ്റ്റോപ്പിലിറങ്ങണേന്നു പ്രാര്‍ഥിചിട്ടും കാര്യമില്ല, ഇനി കോഴിക്കോടെ സ്റ്റോപ്പുള്ളൂ. വേദന കടിച്ചമര്‍ത്തി ഞാന്‍ വാതിലിനടുത്തേക്ക് നടന്നു. കാലാകാലങ്ങളായി, ടിക്കറ്റെടുക്കാത്ത മഹാന്‍മാര്‍ക്കായി റിസേര്‍വ് ചെയ്തു വെച്ച സ്ഥലമാണല്ലോ അവിടം.

ഞാന്‍ അവിടെ നിക്കുന്നവരുടെയെല്ലാം മുഖത്തേക്ക് നോക്കി. എല്ലാത്തിന്റെയും മുഖത്ത് ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ പോണ പോലുള്ള കോണ്‍ഫിഡന്‍സുണ്ട്. അതോടെ കമ്പനിക്കാളെ കിട്ടില്ലെന്നുറപ്പായി.
അവിടെ നിന്ന് ഞാന്‍ മിനുട്ടുകളെണ്ണി.

09:40
കല്ലായി സ്റ്റേഷന്‍. നോക്കിയാ കാണുന്ന ദൂരത്ത് കോഴിക്കോട് സ്റ്റേഷന്‍.വണ്ടി സ്ലോ ആവുന്നു. ഞാന്‍ രക്ഷപെടാന്‍ ഇനി ഏതാനും മിനുട്ടുകള്‍ മാത്രം ബാക്കി.
അല്ലെങ്കിലും നല്ല കാര്യങ്ങള്‍ നടക്കാനാണല്ലോ മണിക്കൂറുകളും വര്‍ഷങ്ങളും വേണ്ടി വര്യാ. ഇതുപോലുള്ള പണി വരാന്‍ സെക്കണ്ടുകള്‍ തന്നെ ധാരാളമാണ്. കോട്ടിട്ട ആ രൂപം എന്‍റെ തൊട്ടടുത്ത്! ഒന്നര മാസമായി ഞാന്‍ കോഴിക്കോട്ടേക്ക് ഡെയിലി പോണു, ഇതിനിടയില്‍ ദൂരത്തു നിന്ന് പോലും ഈ സാധനത്തിനെ എനിക്ക് കാണാന്‍ കിട്ടിയിട്ടില്ല. ടുഡേ ഈസ് മൈ ഡേ!!

ഞാന്‍ കാലാവധി കഴിഞ്ഞ ടിക്കറ്റെടുത്ത് നീട്ടി. വില്ലന്റെ മുഖത്ത് ചിരി, ഹലാക്കിലെ ചിരി. വളരെ മയത്തിലാണ് തുടങ്ങിയത് .
“മോനെ, ഡേറ്റ് കഴിഞ്ഞതാണല്ലോ. ഉദ്ഘാടന ദിവസം തന്നെ ഓസിനു യാത്ര ചെയ്യാന്‍ നാണമില്ലേ ?”
അയാള്‍ക്ക് പതുക്കെ സംസാരിക്കാന്‍ അറിയില്ലായിരുന്നു. വളരെ പെട്ടന്ന് തന്നെ ഞാന്‍ കമ്പാര്‍ട്ട്മെന്റിലെ താരമായി മാറി. എല്ലാവരും ശ്രദ്ധിക്കുന്നു, കുട്ടി കൂടുതല്‍ ശ്രദ്ധിക്കുന്നു .
“ഒറ്റ ദിവസമല്ലേ, തെറ്റിയിട്ടുള്ളൂ ? ഇന്നാദ്യത്തെ ഓട്ടമല്ലേ , പ്ലീസ് സാര്‍ ….”
ഞാന്‍ അടവുകളോരോന്നായി പുറത്തെടുക്കാന്‍ തുടങ്ങി.
“ഫൈന്‍ അടക്കണം, 307 രൂപ.” കോട്ടിട്ട കാലന്‍ കട്ട സ്പിരിറ്റിലാ.
ഞാന്‍ കുട്ടിയെ നോക്കി, എല്ലാം കുട്ടി കേള്‍ക്കുന്നുണ്ട്. കേള്‍ക്കാത്തത് ഐഫോണുകാരന്‍ ഡബ്ബ് ചെയ്ത് പറഞ്ഞു കൊടുക്കുന്നു.
‘ഇന്ന്‍ ഈ കമ്പാര്‍ട്ട്മെന്റില്‍ രണ്ടു കൊലപാതകവും, ഒരു ആത്മഹത്യയും നടക്കും.’

09:45
വണ്ടി കോഴിക്കോടെത്തി.
‘ഇറങ്ങി ഓടിയാലോ ?’ എന്‍റെ ഉള്ളിലെ കുരുട്ടു ബുദ്ധിക്കാരന്‍ സജഷന്‍ വെച്ചു. പക്ഷെ ഉള്ളിലെ കാമുകന്‍ ആ സജഷന്‍ സ്പോട്ടില് തള്ളി, ‘കുട്ടി കണ്ടാല്‍ മോശാണ്’.
യാത്രക്കാര്‍ ഓരോരുത്തരായി ഇറങ്ങാന്‍ തുടങ്ങി. ഞങ്ങളുടെ കലാപരിപാടി കഴിഞ്ഞിട്ടില്ലായിരുന്നു.
“50,100,150…..”ഞാന്‍ ഒരറ്റത്ത് നിന്ന്‍ പിടിച്ചു തുടങ്ങി. പക്ഷെ ചങ്ങായി അടുക്കണില്ല
അപ്പോഴാണ്‌ അതുണ്ടായത്‌, അവളുണ്ട് എന്‍റെ മുഖത്തേക്ക് നോക്കി ആക്കിയൊരു ചിരിയും ചിരിച്ച് ഐഫോണ്‍ ചുള്ളന്റെ ഒപ്പം ഇറങ്ങി പോണു! ഹിന്ദുവും ആഴ്ചപതിപ്പും ഇല്ലാതെ അവന്‍ പണി പറ്റിച്ചിരിക്കുന്നു!! അതാണ്‌ അവസാനം.

പോക്കറ്റില്‍ നിന്നും മുന്നൂറ്റി പത്തു ഉറപ്പ്യ എടുത്ത് നീട്ടി, ഞാന്‍ ഏന്‍ഡ് ഡയലോഗടിച്ചു,
“ഇന്നാ, പൈസ കൊണ്ടോയി പെട്ടീലിട്ടോ. ഇങ്ങള് ഇതൊണ്ട് കല്ലത്താക്കീത് ഒരു പ്രേമാണ്, ഇങ്ങളോട് ദൈവം ചോയിച്ചോളും “
ബാക്കി വാങ്ങാതെ ഞാന്‍ പുറത്തേക്കു നടക്കുമ്പോഴും ഇഷ്ടന്‍ ആലോചിക്കുകയായിരുന്നു ഫൈനും പ്രേമവും തമ്മിലുള്ള ബന്ധം ഇന്ത്യന്‍ റെയില്‍വേയുടെ ഇതു നിയമത്തിലാണ് പറഞ്ഞിട്ടുള്ളത് എന്ന്.


രണ്ടാമക്ഷരം

എന്നെങ്കിലും ഒരു കഥയാവും എന്ന് കരുതി കാത്തിരിക്കുന്ന ഒരു കടലാസുകഷണം എന്നുമാ മേശപ്പുറത്ത് ഉണ്ടായിരുന്നു.അതിപ്പോള്‍ ചിരിക്കുന്നുണ്ടാവും, ഇന്ന് താനൊരു കഥയായി മാറും എന്നറിഞ്ഞിട്ട്. മുഴുമിപ്പിക്കാതെ വെച്ച ഒരു കഥയുണ്ട് ഇപ്പോഴതില്‍. ഒരേയൊരു വരി, അതിലുടക്കിയാണ് ഇന്നലെ രാത്രി ആ കഥ മുഴുമിപ്പിക്കാനാവാതെ മടക്കിവെച്ചത്. അതിനപ്പുറം കഥയാണ്‌, പക്ഷെ ആ വരി എത്ര ശ്രമിച്ചിട്ടും മുന്നില്‍ തെളിഞ്ഞില്ല

ഇനിയും പുലര്‍ന്നിട്ടില്ലാത്ത ആ രാത്രിയില്‍, മുറിയിലേക്ക് നടക്കുമ്പോള്‍ അയാള്‍ തിടുക്കപെടുന്നുണ്ടായിരുന്നു. ആ വരി കൂടി പെട്ടന്ന് എഴുതിച്ചേര്‍ക്കാന്‍ അയാളുടെ വിരലുകള്‍ വിറച്ചുകൊണ്ടിരുന്നു.
മുറിയിലെത്തിയയുടന്‍ ആ കടലാസുകഷണം എടുത്തുവെച്ച്, അയാള്‍ കസേരയില്‍ കിടന്നു. മനസ്സ് ഇനിയും പുറത്തേക്ക് തികട്ടിയിട്ടില്ലാത്ത ആ വരി ഓര്‍ത്തെടുക്കാന്‍ അയാള്‍ കണ്ണടച്ചു. പക്ഷെ മനസ്സ് അതു പറഞ്ഞു കൊടുത്തപ്പോഴേക്കും മൂന്നുമണിക്കൂറും, ഒരു പാക്കറ്റ് ‘ഗോള്‍ഡി’ന്റെ പുകയും ആ മുറിയില്‍ നിന്നും പുറത്തേക്ക് പോയികഴിഞ്ഞിരുന്നു.

ആ മുഖത്ത് ഒരു ചിരി തെളിഞ്ഞു. പതിയെ കണ്ണുകള്‍ തുറന്നു. അയാള്‍ ആ കടലാസു കഷണം കൈയ്യിലെടുത്തു. ഇല്ല പേന കാണുന്നില്ല !! സിരകളിലേക്കൊഴുകി വന്ന വാക്കുകള്‍ പൊടുന്നനെ നിലച്ചുപോയതു പോലെ തോന്നി അയാള്‍ക്ക് . ഒരാള്‍ക്ക് ജീവിക്കാനുള്ള വായു മാത്രം കഷ്ടിച്ചു കടന്നുവരുന്ന ആ ഒറ്റമുറിയില്‍, ഒരു ഷോട്ടിലൊതുങ്ങുന്ന അവിടുത്തെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അയാള്‍ പരതി. ഒരു കഥയ്ക്കോ കഥാപാത്രതിണോ വേണ്ടിയല്ല, തന്‍റെ കയ്യിലുണ്ടായിരുന്ന ഒരു പേനയ്ക്കുവേണ്ടിയാണ് വിഭ്രാന്തി ബാധിച്ചവനെ പോലെ അയാള്‍ തിരഞ്ഞുകൊണ്ടിരുന്നത്.
അയാള്‍ക്കറിയാമായിരുന്നു ആ വരികള്‍ അയാള്‍ക്ക്‌ വേണ്ടി കാത്തുനില്‍ക്കില്ലെന്ന്. കഴിവതുംവേഗം പകര്‍ത്തിയെഴുതണം, അല്ലെങ്കില്‍ ആ കഥ മുഴുവനായി തന്നെ തനിക്കു നഷ്ടപെട്ടേക്കാം.അയാള്‍ മുറിയിലെ ഓട്ടം നിര്‍ത്തിയ ക്ലോക്കിലേക്ക് നോക്കി,’രണ്ടു മണി’! എന്നിട്ട് ആ പേന തിരയാനായി അയാള്‍ പുറത്തേക്കോടി.വഴിയെവിടെയോ വീണുപോയതായിരിക്കും എന്ന് അയാള്‍ക്കുറപ്പായിരുന്നു.

ഇടവേളകള്‍ നല്‍കി പെയ്യുന്ന ഒരു മഴ അപ്പോഴും പുറത്തു ഒറ്റയ്ക്ക് ബാക്കിയുണ്ടായിരുന്നു. അയാളുടെ നടത്തത്തിന്റെ വേഗത കൂടിവന്നു. വലിയങ്ങാടി, ബോംബെ ഹോട്ടല്‍, ബീച്ച് റോഡ്‌, പിന്നെ പേരറിയാത്ത ഒരുപാട് ഊടുവഴികള്‍ ……വഴികള്‍ നടന്നു തീര്‍ത്തുകൊണ്ടിരിക്കുമ്പോഴും ആ പേന മാത്രം അയാളില്‍ നിന്നകന്നുനിന്നു, ഇന്നലെ ആ വരി ചെയ്തതു പോലെ .

അയാള്‍ വ്യക്തമായി കേട്ടു. പിറകില്‍ നിന്നൊരു സ്ത്രീ ശബ്ദം!
“പേനയല്ലേ വേണ്ടത് ?ഞാന്‍ തരാം.”
അയാള്‍ ഞെട്ടിതിരിഞ്ഞുനോക്കി. തൊട്ടടുത്ത്‌ ഒരു സ്ത്രീരൂപം.
“ആരാ നീ …?”
“രണ്ടക്ഷരം.”
“വേശ്യ?”
“അല്ല. യക്ഷി!”
അതിനും രണ്ടക്ഷരംമാത്രം !! പക്ഷെ തനിക്കെന്തുകൊണ്ട് അതു ചോദിക്കാന്‍ തോന്നിയില്ല?? മനസ്സിന് സംശയം.

മുഖത്ത് നിഗൂഡതയൊളിപ്പിച്ച ഒരു ചിരിയുണ്ട്, ആഴമേറെയുള്ള കണ്ണുകളാണ്, ലഹരി സന്നിവേശിപ്പിച്ച ശരീരമാണ്. അയാള്‍ അവളുടെ അഴകളവുകള്‍ കണ്ണുകള്‍കൊണ്ട് തിട്ടപെടുത്തുകയായിരുന്നു.
തന്നില്‍ നിന്നും അവളിലേക്ക് പേരറിയാത്തൊരു ഊര്‍ജമൊഴുകുന്നതായി അയാളറിഞ്ഞു.

“എന്താ എന്നെയും വേണോ?”
ഒരു ചിരി മുഖവരയാക്കി അയാള്‍ മറുപടി പറഞ്ഞു, “ഞാന്‍ ഇതുവരെ നേടിയതൊക്കെയും ഐസിലിട്ട മീനുകളെ പോലുള്ള വേശ്യകളായിരുന്നെങ്കിലും, അവര്‍ക്കൊക്കെയും ചോരയും മാംസവും ഉണ്ടായിരുന്നു. അത് രണ്ടുമില്ലാത്ത ഒരു പെണ്ണിനെ എനിക്ക് വേണ്ട “.
“ഞാന്‍ പറഞ്ഞല്ലോ, ഞാന്‍ പെണ്ണല്ല, യക്ഷിയാണെന്ന്.”
“പക്ഷെ നിന്നെ കാണുന്നത് വരെ എനിക്ക് രണ്ടും ഒന്നായിരുന്നു.”
പെണ്ണെക്ഷി ചിരിച്ചു. വശ്യത !!

“യക്ഷിയായ നീയെങ്ങനെ ഇവിടെ വന്നു ?”
“വഴിതെറ്റി വന്നതാണ്, വഴികാണിച്ചു തരാന്‍ ആരെങ്കിലും വരുമെന്ന് കരുതി കാത്തുനിന്നതാണ്. അപ്പോഴാണ്‌ ഒരു പേന വീണുകിട്ടിയത്. പേന തരണമെങ്കില്‍ പക്ഷെ വഴി കാണിച്ചുതരണം.”
അയാള്‍ സമ്മതം മൂളി. പക്ഷെ എവിടേക്കാണെന്ന് ചോദിയ്ക്കാന്‍ അയാള്‍ മറന്നിരുന്നു.
യക്ഷി ആ പേന അയാള്‍ക്ക്‌ നേരെ നീട്ടി. അതു വങ്ങുമ്പോള്‍ ആ പരുക്കന്‍ വിരലുകള്‍ വിറച്ചില്ല.
കടുംചോപ്പുള്ള അവളുടെ അധരങ്ങള്‍ വീണ്ടും ചലിച്ചു, “നടന്നോ നിന്റെ മുറിയിലേക്ക്, പക്ഷെ തിരിഞ്ഞുനോക്കരുത്.”
“അപ്പൊ നിനക്ക് വഴിയറിയേണ്ടേ?”
“വഴി…..നീയെനിക്ക് കാണിച്ചു തന്നു കഴിഞ്ഞു”
അയാള്‍ തിരിഞ്ഞു നടന്നു. പേന വീണു പോവാതിരിക്കാന്‍ അയാള്‍ മുറുകെ പിടിച്ചിരുന്നു.
പിറകില്‍ നിന്നും ഒരിക്കല്‍കൂടിയാ സ്ത്രീ ശബ്ദം, “ഇനി നിന്റെ കഥകളില്‍ എന്നുമീ യക്ഷിയുണ്ടാവും “.
അയാള്‍ തിരിഞ്ഞു നോക്കാതെ വാക്ക് പാലിച്ചു.


സല്‍സമുക്ക്

[ഈ കഥയും അരങ്ങേറുന്നത് മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത്, കാലടി എന്ന ഗ്രാമത്തിലാണ് ]

അതെ സല്‍സമുക്ക് . കാലടി കണ്ടനകം റോഡില്‍ കാടുമൂടികിടക്കുന്ന പഴയ കല്ലുവെട്ടുംമടയുടെ അടുത്തുള്ള ആ വളവിനു കുറച്ചുകാലംമുന്നെ വരെ പേരൊന്നും ഉണ്ടായിരുന്നില്ല. ഓരോ സ്ഥലത്തിനും ആ പേരുവരുന്നത് ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടാണല്ലോ? പക്ഷെ , ഇവിടെ സംഭവിച്ചത് വേറെ ചിലതാണ് .

കഞ്ചന്‍ കുട്ടനാണു അതിന്‍റെ ആദ്യത്തെ ഇര.അന്ന് കണ്ടനകം ബീവറെജില്‍ നിന്നും രണ്ടു കുപ്പി സല്‍സ വാങ്ങി വരുന്ന വഴി , കഞ്ചന്‍റെ സൈക്കിള്‍ ആ വളവില്‍ വെച്ച് മറിഞ്ഞു, സല്‍സ പൊട്ടി.അന്ന്‍ കാലടിയില്‍ കഞ്ചനു കിട്ടിയത് , സല്‍സ കാത്തിരുന്ന സില്‍ബന്തികളുടെ സ്വീകരണമായിരുന്നു. കുപ്പി പൊട്ടിക്കാനിരുന്നവര്‍ കഞ്ചനെ പൊട്ടിച്ചു. പക്ഷെ കുറ്റം കഞ്ചന്‍റെയായിരുന്നില്ല, അതിനുശേഷവും അവിടെ വെച്ച് സല്‍സകുപ്പികള്‍ ഒന്നൊന്നായി പൊട്ടാന്‍ തുടങ്ങി.കാറില് വന്നാലും, നടന്നു വന്നാലും, ഓട്ടോല് വന്നാലും, ഇനി ഓടിവന്നാലും രക്ഷയില്ല, അവിടെയെത്തിയാല്‍ സല്‍സകുപ്പി പൊട്ടി സല്‍സ സല്‍സടെ പാട്ടിനു പോയിരിക്കും. അതില്‍പിന്നെ കണ്ടനകം ബീവറെജില്‍ നിന്നും സല്‍സവാങ്ങി ,ആ സല്‍സയോടുകൂടി കാലടി സെന്‍റെറില്‍ എത്തിയിട്ടില്ല. യുവകുടിയന്മാര്‍ മുതല്‍ റിട്ടയേര്‍ഡ് കുടിയന്മാര്‍ വരെ അതിനു ശ്രമിച്ചു, പക്ഷെ നടന്നില്ല. എത്ര മുറുക്കി പിടിച്ചാലും അവിടെ വെച്ച് കുപ്പി നിലത്തു വീഴും, ഇനി വല്ല വണ്ടിയിലാണ് വരുന്നതെങ്കിലോ , വണ്ടിയിടിക്കും, കുപ്പിപൊട്ടും. അങ്ങനെയാണ് പേരില്ലാത്ത ആ വളവ് ‘സല്‍സമുക്ക്’ എന്നറിയപെടാന്‍ തുടങ്ങിയത്.

കാലടിയിലെ കുടിയന്മാരും കുടിക്കാത്തവരും പിന്നെ ഊണിലും ഉറക്കത്തിലും ചിന്തിച്ചത് സല്‍സമുക്കിനെ കുറിച്ച് മാത്രമായിരുന്നു. കൂതറ OCR മുതല്‍ ഷിവാസ് റീഗല്‍ വരെ ഒരു വിരലില്‍ ബാലന്‍സ് ചെയ്തു സല്‍സമുക്കിലൂടെ കൊണ്ടുവരാം, നിലത്തുവീണാല്‍ പോലും പൊട്ടില്ല. വിജയ്‌ മല്ല്യയുടെ കിംഗ്‌ഫിഷര്‍ പോലും, കഥകേട്ടു കൈവിറക്കുന്നവരുടെ കയ്യിലിരുന്നു താഴെ വീഴാതെ കണ്ടനകത്തു നിന്നും കാലടിയിലെത്തും. പക്ഷെ സല്‍സ മാത്രം ……..സല്‍സ മാത്രം ഇവിടെ എത്തിയില്ല. കാലടിയിലെ സല്‍സ ഫാന്‍സ്‌ കുറ്റിപ്പുറം ‘സല്‍ക്കാര’യിലും ,എടപ്പാള്‍ ‘ദേവലോക’ത്തും പോയി നിര്‍വൃതിയടഞ്ഞു. പൊട്ടിപ്പോയ സല്‍സകുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്ന സല്‍സമുക്ക് കണ്ടാല്‍ , മദ്യവിരുദ്ധ സിമിതി ജില്ലാ പ്രസിഡണ്ട് വരെ കരഞ്ഞുപോവും .

നവംബര്‍ 6. അന്ന്, സല്‍സയൊഴുകാത്ത കാലടിയില്‍ കുഞ്ഞിരാമന്‍ കാലുകുത്തി. കഴിഞ്ഞ പ്രാവശ്യം ഉറപ്പിച്ചിട്ടു പോയ കല്യാണം കഴിക്കാന്‍, രണ്ടു മാസത്തെ ലീവിന് ഏറെ സന്തോഷത്തോടെയാണ് മുപ്പത്തിമൂന്നുകാരന്‍ കുഞ്ഞിരാമന്‍ കുവൈറ്റില്‍ നിന്നും ലീവിന് വന്നിട്ടുള്ളത്. വന്ന അന്ന് രാത്രി അത്താണിപാടത്ത്, നിയുക്തവരനും കൂട്ടുകാരും ഒത്തുകൂടി . ഇത്തിരി ജാടയോടെ കുഞ്ഞിരാമന്‍ അരയില്‍ കരുതിയിരുന്ന ഡ്യൂട്ടീഫ്രീ കവറിനുള്ളിലെ കുപ്പി പുറത്തെടുത്തു .
“ജോണി വാക്കര്‍ ബ്ലാക്ക്‌ ലേബല്‍ !! “
തൊരപ്പന്‍ അബുവും കുട്ടപ്പനുമൊക്കെ ചാടിവീണു കടിപിടി കൂടുന്ന രംഗം കാത്തുനിന്ന കുഞ്ഞിരാമന് തെറ്റി! കഞ്ചന്‍ കുട്ടനും, കിണ്ടി ശശിയും അതിലേക്കു നോക്കുന്നത് പോലുമില്ല!!
പൊളിച്ചുവെച്ച വായ അടച്ചു കുഞ്ഞിരാമന്‍ ചോദിച്ചു.
“അല്ലാ ഇങ്ങള്‍ക്കെന്തു പറ്റി?”
“ഇപ്പൊ കാലടീലെ ഏതു കുടിയന് നീയീ സാധനം കൊണ്ടു കൊടുത്താലും തിരിഞ്ഞു നോക്കില്ല “
“എന്തേ, എല്ലാരും എന്നെപോലെ കുടി നിര്‍ത്തിയാ? “
ഒരു മണ്ണുങ്കട്ട എന്തിനോവേണ്ടി നീട്ടിയെറിഞ്ഞു കുട്ടപ്പന്‍ ഉത്തരം പറഞ്ഞു,
“നിര്‍ത്തിയിട്ടില്ല ……നീ ഒരു കുപ്പി സല്‍സ ഇവടെ കൊണ്ട് വന്നു നോക്ക്, അതിനായി ഇവിടെ ചിലപ്പോ കൊലപാതകം വരെ നടക്കും .ഇപ്പൊ കാലടിയില്‍ ഒരു കുപ്പി സല്‍സക്ക് സ്വര്‍ണ്ണത്തേക്കാള്‍ വിലയാണ് .
“അയ്യേ, സല്‍സയോ ?”
ഇപ്പൊ കുഞ്ഞിരാമന് പുച്ഛം. സ്കൂളില്‍ പഠിക്കുമ്പോ ആരോ കുടിച്ചു വലിച്ചെറിഞ്ഞ കാലി സല്‍സ കുപ്പീല് വെള്ളമൊഴിച്ച് കുടിച്ചവനാ അളിയന്‍ .
“അതെ സല്‍സ….”
കാലടിയിലെ ‘സല്‍സവിലാസ’ങ്ങള്‍ കിണ്ടി ശശി കുഞ്ഞിരാമന് വിവരിച്ചു കൊടുത്തു .
എന്നിട്ട് പറഞ്ഞു,
“ഇവിടെ പൊട്ടാത്തോരു കുപ്പി സല്‍സയെത്താന്‍ ഗുരുവായൂര് ആനയൂട്ട്‌ വരെ നടത്തിയ ടീമ്സുണ്ട്. ഇപ്പൊ ഇവിടെല്ലാര്‍ക്കും സല്‍സ മതി .ഈ അവസ്ഥേല് അതുകുടിച്ചു കിട്ടണ കിക്ക് വേറൊന്നിനും തരാനും പറ്റില്ല.”

കുഞ്ഞിരാമന് ചിരി വന്നു ഒരു ഗ്രാമത്തിലെ കുടിയന്മാര്‍ മുഴുവന്‍ ഒരു ബ്രാണ്ടിക്കുപ്പിക്ക് വേണ്ടി കാത്തിരിക്കുന്നു!
“ചിരിക്കണ്ട കുഞ്ഞിരാമ …..ഇവിടെ പൊട്ടിയ സല്‍സ കുപ്പികള്‍ക്ക് കയ്യും കണക്കുമില്ല. നീ ആണാണെങ്കില്‍, കണ്ടനകത്തു നിന്ന് ഒരു കുപ്പി സല്‍സ വാങ്ങി കാലടി സെന്ററില്‍ എത്തിക്ക്‌, ഞങ്ങള്‍ക്ക് അത് മാത്രം മതി.”
തൊരപ്പന്‍ ഇത്തിരി ഗൌരവത്തോടെയാണ് പറഞ്ഞത് .

കുഞ്ഞിരാമന്‍ ആ വെല്ലുവിളി ഏറ്റെടുത്തു.
“പക്ഷെ ഒറ്റ കണ്ടീഷന്‍, ഇതില്‍ വിജയിക്കുന്ന തന്നെ ആരും ‘സല്‍സ കുഞ്ഞിരാമ, സല്‍സ കുഞ്ഞിരാമ എന്ന് വിളിക്കരുത് ‘ എന്‍റെ പഴയ പേരുതന്നെ വിളിച്ചാമതി, കൂമന്‍ കുഞ്ഞിരാമന്‍”
“ഓക്കേ ഏറ്റു”
വെറും രണ്ടര കിലോമീറ്റെര്‍, അതും ഇത്രശ്ശെ പോന്നൊരു കുപ്പിയുമായി വരാനെന്താ ഇത്ര പണി? എന്നാണ് അവന്‍ ചിന്തിച്ചത്. പക്ഷെ കുഞ്ഞിരാമനറിയില്ലായിരുന്നു, ഇന്ന് ഒരൊറ്റ കാലടിക്കാരനും അബോധാവസ്ഥയില്‍ ആ വെല്ലുവിളിക്കുമുന്നില്‍ ‘ഉം’ എന്ന് മൂളില്ല എന്ന് .

നവംബര്‍ 7, നാളെയാണ് കുഞ്ഞിരാമന്റെ കല്യാണം, പക്ഷെ ഇന്നാണ് അതിനേക്കാള്‍ വലിയ സുദിനം. ആ ധീരദൌത്യം ഏറ്റെടുത്ത കല്യാണചെക്കന്‍, ഇന്നാണ് സല്‍സ കാലടിയില്‍ എത്തിക്കാമെന്നു ഏറ്റിരിക്കുന്നത്.കല്യാണ പാര്‍ട്ടി ആ സല്‍സ പൊട്ടിച്ചാണ് തുടങ്ങുന്നത് .
ബീവറെജ് അടക്കാന്‍ നേരത്ത് , രാത്രി ഒന്‍പതു മണിയോട് കൂടിയാണ് കുഞ്ഞിരാമന്‍ കണ്ടനകത്ത്‌ എത്തിയത് .
“ഒരു സല്‍സ”
ജീവനക്കാര്‍ ഞെട്ടിത്തരിച്ചു നിന്നു, സഹക്യൂവന്മാര്‍ അടക്കം പറഞ്ഞു.അടിച്ചു പാമ്പായി കിടന്നിരുന്നവര്‍ വരെ ആ വീരനെ എണീറ്റ്‌ നിന്നു എത്തി നോക്കി .
ഓര്‍ക്കാപ്പുറത്ത് വേള്‍ഡ്കപ്പ്‌ ഫൈനല്‍ കളിയ്ക്കാന്‍ അവസരം കിട്ടിയ ശ്രീശാന്തിനെപോലെ കുഞ്ഞിരാമന്റെ ഹൃദയവും വിജൃംബിച്ചു. അതു വാങ്ങി പുറത്തേക്കു നടക്കുമ്പോള്‍ കുഞ്ഞിരാമന് തന്നോട് തന്നെ അസൂയ തോന്നി .

“രാമാ….നാളെ എപ്പഴാ മുഹൂര്‍ത്തം ?”
എല്‍ പി സ്കൂളില്‍ തന്നെ പഠിപ്പിച്ച ശേഖരന്‍ മാഷാണ് .
“ഒന്‍പതരയ്ക്ക് , മാഷ് വരില്ലേ “
“ഞാന്‍ നേരത്തെ എത്തില്ലേ. അല്ലാ എന്താപ്പ കയ്യില് ? കല്യാണ തലേന്നും വെള്ളമടിക്കാതെ ഉറക്കം വരില്ലേ ?
“അയ്യോ മാഷെ ,ഞാന്‍ കുടി നിര്‍ത്തിയിട്ടു അഞ്ചാറു കൊല്ലായി. ഇത് ഒരു കുപ്പി സല്‍സയാണ് കാലടീക്ക് കൊണ്ടാവാനാ . “
“എന്തത്താന്‍റെ കുഞ്ഞിരാമാ, അന്‍റെ തലയ്ക്കു ഓളണ്ടോ? നിനക്ക് സല്‍സമുക്കിനെക്കുറിച്ച് അറിയാഞ്ഞിട്ടാ. ഇതായിട്ടു അവിടേക്ക് പോണത് അപകടാണ്. ഈ കുപ്പി നീ ഇവിടെ കല്ലുമ്മെ എറിഞ്ഞു പൊട്ടിച്ചോ, എന്നാ നിനക്ക് ജീവനോടെയെങ്കിലും വീട്ടിലെത്താം.”

വിജൃംബിച്ചുകൊണ്ടിരുന്ന ആ ഹൃദയം പെട്ടെന്ന് സെവന്സില്‍ പെനാല്‍ട്ടി കിക്ക് തടുക്കാന്‍ നിക്കണ ഗോളീടെ പോലെ പെടച്ചു തുടങ്ങി. അവര്‍ക്ക് ചുറ്റും ആളുകൂടി, സല്‍സമുക്കിന്‍റെ ഭീകരത വിവരിച്ചു കൊടുക്കുമ്പോള്‍ ഒരു കുടിയന്റെയും നാവു കുഴഞ്ഞില്ല. കുഞ്ഞിരാമന് വേണ്ടേര്‍ന്നിലാന്നായി. അവന്‍ മാഷിനേം വിളിച്ചോണ്ട് അവിടുന്ന് നടന്നു.

“മാഷെ , എനിക്കതവിടെ എത്തിച്ചേ പറ്റൂ , പക്ഷെ ഇപ്പൊ പേടിയാവുന്നു , എന്താചെയ്യാ ?”
“നീ കുറച്ചടിച്ചോ,KSRTC വര്‍ഷാപ്പിന്‍റെ പിന്നില്‍ വാറ്റുണ്ട്, അവിടെ ഒരു ‘കാട്ടുതീ’ കിട്ടും, ധൈര്യത്തിന് ബെസ്റ്റാ”
കുഞ്ഞിരാമന്‍ ജീവിതത്തിലാദ്യമായി മാഷെ തൊഴുതു, എന്നിട്ട് നേരെ വിട്ടു, കാട്ടുതീ കുടിക്കാന്‍ .

പക്ഷെ അകത്തു കയറ്റിയ ധൈര്യം കുറച്ചു കൂടി പോയി. നല്ല കിണ്ടിയായിട്ടാണ് കുഞ്ഞിരാമന്‍ തന്‍റെ യമഹ എഫ് സിയില്‍ കയറിയത്. ആരോ സ്റ്റാര്‍ട്ടാക്കികൊടുത്തു. ബോധമില്ലെങ്കിലും, ഗള്‍ഫിലെ ഓര്‍മ്മയില്‍ വലതുവശത്തുകൂടിയാണ് വണ്ടിയോടിക്കുന്നത് എങ്കിലും, ഒരു കൈ അരയിലെ സല്സയുടെ മോളില്‍തന്നെയായിരുന്നു.

എല്‍പി സ്കൂള്കഴിഞ്ഞപ്പോ വണ്ടി ഓഫായി.കുഞ്ഞിരാമന് സല്‍സമുക്കിന്‍റെ ‘കളികള്‍’ മണത്തു. കിക്കായ കുഞ്ഞിരാമന്‍ കിക്കറടിക്കാന്‍തുടങ്ങി, 3,9,17…. രക്ഷയില്ല, ആഞ്ഞടിച്ചിട്ടും വണ്ടി സ്റ്റാര്‍ട്ടാവുന്നില്ല. കുഞ്ഞിരാമന്‍ വിട്ടില്ല, ബൈക്കവിടെ വെച്ച് കാലടിയിലേക്ക് നടക്കാന്‍ തുടങ്ങി.
“സല്‍സ മുക്ക് നടന്നു താണ്ടിയാല്‍ വെയിറ്റ് കൂടുകയേ ഉള്ളൂ “

പതിനൊന്നരയായി, മാലപ്പടക്കവും നോട്ടുമാലയുമായി കാത്തുനില്‍ക്കുകയാണ് കുഞ്ഞിരാമന്‍റെ കമ്പനിക്കാര്‍. ഉറക്കം വേണ്ടെന്നു വെച്ച് മറ്റു കുടിയന്മാര്‍ കൂടി കാലടി സെന്ററില്‍ എത്തിച്ചേര്‍ന്നു. ഇന്ന് ഞങ്ങളുടെ ‘സല്‍സശാപം’ മാറും , ഇതുവരെ തങ്ങളെ കളിയാക്കിയിരുന്ന തവനൂരിലെയും എടപ്പാളിലെയും കുടിയന്മാരുടെ മുന്നിലൂടെ ഇനി തല ഉയര്‍ത്തി പിടിച്ചു നടക്കാം.
“ശശിയേ……..പിന്നിക്കോക്ക്യാ, ഓണതലേന്ന് ബീവറെജിലുള്ളതിനേക്കാള്‍ ആളുണ്ട്, മ്മടെ സല്‍സ നാട്ടാര് കൊണ്ടോവോ ?”. കുട്ടപ്പന് പേടി
“അവന്‍ സല്‍സ കൊണ്ടുവരുന്നത് നമ്മക്ക് കുടിക്കാനാ, അത് നമ്മള് തന്നെ കുടിക്കേം ചെയ്യും.”കുട്ടപ്പന് സന്തോഷമായി.
എട്ടില്‍ പഠിക്കുമ്പോ അറിയാതെ (ഇനി അറിഞ്ഞിട്ടാണോ എന്ന് അറിയില്ല ) ലേഡീസ് ടോയ് ലെറ്റില്‍ കയറിയ പ്രിന്‍സിപ്പാളെ പൂട്ടിയിട്ടു കൂവിയവനാണ് കുഞ്ഞിരാമന്‍. അവന്റെ ആ ധൈര്യത്തിന്റെ വിശ്വാസ്യതയാണ് ആ കൂടി നില്‍ക്കുന്ന ജനക്കൂട്ടം.

പക്ഷെ, കുഞ്ഞിരാമനെ കാത്തിരുന്നവരുടെ നെഞ്ചുകളിലേക്ക് തീകോരിയിട്ടുകൊണ്ട് ആ ന്യൂസ് ഫ്ലാഷായി .
“കുഞ്ഞിരാമന്‍ ബോധമില്ലാതെ സല്‍സ മുക്കില്‍ കിടക്കുന്നു “
“അപ്പൊ സല്‍സ?” അതെ, അവിടെ കൂടിനിക്കുന്നവര്‍ക്കറിയേണ്ടത് സല്‍സയെകുറിച്ചായിരുന്നു, അവനെ കുറിച്ചല്ല .
‘രതി നിര്‍വ്വേത’ത്തില്‍ പണ്ട് ജയഭാരതി (ഇപ്പൊ ശ്വേത മേനോനും ) കിടക്കണ പോലെയാണ് മണവാളന്‍ ഓഫായി കിടക്കുന്നത്. പൊട്ടിയ കുപ്പിയില്‍ നിന്ന് അവസാന തുള്ളി സല്‍സയും മണ്ണിലേക്ക് ഒഴുകി കഴിഞ്ഞിരുന്നു .

പിറ്റേന്ന്, തന്‍റെ കല്യാണ ദിവസം ഉച്ചക്ക് ഒന്നരയ്ക്കാണ് എടപ്പാള്‍ ആസ്പത്രീല്‍ വെച്ച് കല്യാണ ചെക്കന്‍റെ ബോധം തെളിയുന്നത്. കണ്ണ് തുറന്നത് ക്ലോക്കിലെക്കായിരുന്നു.
“കല്യാണം?” കുഞ്ഞിരാമന്‍ ചോദിച്ചു
“കഴിഞ്ഞു, കഴിഞ്ഞു ……..അതെ മുഹൂര്‍ത്തത്തില്‍ തന്നെ ഓളെ വേറാരോ കെട്ടി “കഞ്ചന്‍ എടുത്തടിച്ചപോലെ മറുപടി കൊടുത്തു .
പക്ഷെ തൊരപ്പന്‍ കുറച്ചു സീരിയസ് ആയിട്ടാണ് ബാക്കി പറഞ്ഞത് .
“കല്യാണതലേന്ന് പോലും വെള്ളമടിച്ചു വഴീക്കിടക്കണ ഒരു കള്ളുകുടിയനെ അവര്‍ക്ക് വേണ്ട എന്ന് പറഞ്ഞു “
കുഞ്ഞിരാമന്‍ നാലു പേരുടെ മുഖത്തേക്കും നോക്കി, ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു ,
“നിങ്ങളൊക്കെ കാരണാ എന്‍റെ കല്യാണം മുടങ്ങീത്”
കുട്ടപ്പാന്‍റെ കണ്ട്രോളുപോയി,” എടാ കള്ളുകുടിയാ…….അന്നോട്‌ ഞങ്ങള് പറഞ്ഞോ കാട്ടുതീ പോയി മോന്താന്‍ ? എന്നിട്ട് കുറ്റം ഞങ്ങള്‍ക്ക്.” സല്‍സ കിട്ടാത്ത ദേഷ്യമാണ് കുട്ടപ്പന് .
തൊരപ്പന്‍ കുഞ്ഞിരമാനോട് മയത്തില്‍ ചോദിച്ചു,
“അല്ലടാ …..നീയെന്തിനാ നടന്നു വന്നെ? ബൈക്കില്‍ വന്ന ചിലപ്പോ സല്‍സ കാലടീല് എത്തിയേനെ, നിന്‍റെ കല്യാണവും ചിലപ്പോ നടന്നേര്‍ന്നു”
“വരണവഴി ബൈക്ക് ഓഫായി, അരമണിക്കൂറ് നിന്ന കിക്കറടിച്ചിട്ടും വണ്ടി സ്റ്റാര്‍ട്ടായില്ല”
അത് കേട്ടതോടുകൂടി തൊരപ്പനും അലറി, “സല്‍സകുഞ്ഞിരാമാ, യമഹ കിക്കറില്ലാതെ ഇറക്കുന്ന എഫ് സിയുടെ ഏതു കിക്കറാടാ നീ അരമണിക്കൂറടിച്ചത് ?”

വാല്‍കക്ഷണം:
1. പാവം സല്‍സമുക്കിനു , കല്യാണം മുടക്കി എന്ന പേര് കൂടി സല്‍സ കുഞ്ഞിരാമന്‍ കാരണം ചാര്‍ത്തികിട്ടി .

2. സല്‍സകുഞ്ഞിരാമന്‍റെ പെണ്ണിനെ കെട്ടിയത്, ഒരു ബീവറെജ് ജീവനക്കാരന്‍ തന്നെയായിരുന്നു എന്ന് പിന്നീടറിഞ്ഞു. എന്ത് ചെയ്യാനാ? ……..വിധി, ഇപ്പോഴത്തെ മലയാള സിനിമ പോലെയാണ്, ഫുള്ള് ട്വിസ്റ്റാ!

3. ലീവ് പെട്ടന്ന് മതിയാക്കി തിരിച്ചുപോകുമ്പോ, സല്‍സ മുക്കില്‍ കാറു നിര്‍ത്തിച്ചു, പൊട്ടികിടക്കുന്ന സല്‍സ കുപ്പികളിലേക്കു നോക്കി സല്‍സകുഞ്ഞിരാമന്‍ കുറച്ചുനേരം കരഞ്ഞു എന്ന് ഡ്രൈവര്‍ ബഷീറിക്ക പറഞ്ഞറിഞ്ഞു.
“കുഞ്ഞിരാമേട്ടന്‍ ആരെയോര്‍ത്താണാവോ കരഞ്ഞത് , പെണ്ണിനെയോ അതോ സല്‍സയെയോ ?”


ശ്യൂന്യം നിശബ്ദം

എന്‍റെ നിഴലിനെ കാണാനില്ല!
ഞാന്‍ കാത്തുനിന്നു.പിന്നെ തിരിഞ്ഞുനടന്നു.
എവിടെയെങ്കിലും വഴിയറിയാതെ അവള്‍ എന്നെ കാത്തു നില്‍ക്കുന്നുണ്ടാവും.
എന്‍റെ തെറ്റാണ്‌, ഇടയ്ക്ക് തിരിഞ്ഞുനോക്കേണ്ടതായിരുന്നു അവളിലേക്ക്.

ഇരുട്ടുപ്രാപിച്ച ഒരിടവഴിയില്‍ ഞാനെത്തി.ചുറ്റും ഒരായിരം നിഴലുകള്‍ എന്നെ വലം വെച്ചു.
ഞാന്‍ കണ്ടുനിന്നു, കുറേനേരം.
ഞാന്‍ തേടുന്ന ആ രൂപം അതിലുണ്ട് എന്നെനിക്കറിയാം.
പക്ഷെ എനിക്കിപ്പോഴും തിരിച്ചറിയാനായിട്ടില്ല, അതിലെന്‍റെ നിഴലേതാണെന്ന്.
ഞാനവളെ എന്നിലേക്കു തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചു.
നിശബ്ദതയെ വിളിക്കാനാണ്‌ ഞാന്‍ ശബ്ദംമുണ്ടാക്കേണ്ടത്.
പക്ഷെ എന്തു വിളിക്കണം? എന്‍റെ നിഴലിന്‍റെ പേര്‌ എനിക്കറിയില്ല!
അപ്പോഴും ആ നിഴലുകള്‍ നിശബ്ദമായി എന്നെ പ്രകോപിപ്പിച്ചുകൊണ്ടേയിരുന്നു
ഞാന്‍ തിരിച്ചറിഞ്ഞു, നിശബ്ദതയാണ്‌ ഏറ്റവും ഭയാനകമായ ശബ്ദം.

നിഴലില്ലാതെ എനിക്ക് ജീവിക്കാനാവില്ല.എനിക്കൊരു നിഴലിനെവേണം
ചുറ്റും അലയുന്ന അസഖ്യം നിഴലുകളിലൊന്നിനെ കടന്നുപിടിച്ച്, തിരിഞ്ഞുനോക്കാതെ ഞാനോടി, വെളിച്ചത്തിലേക്ക്.
പക്ഷെ എനിക്കുറപ്പായിരുന്നു, അതെന്‍റെ നിഴലല്ല എന്ന്.
കുതറികൊണ്ടിരിക്കുന്ന ആ നിഴലിനെ എന്നോടടുപ്പിച്ച്, കിതച്ചുകൊണ്ട് ഞാന്‍ വെളിച്ചംകണ്ടു.
പക്ഷെ, അപ്പോഴും നിഴലില്ലാതെ ജീവിക്കുന്ന ഒരുപാടുപേരുടെ നിഴലുകള്‍ ആ ഇടവഴിയില്‍ ബാക്കിയായിരുന്നു


മരണാനന്തരം

ഞാന്‍ മരിച്ചു.
ആരും കരഞ്ഞില്ല.
വാഴയിലയ്ക്ക് ആളു പോയെങ്കിലും, എന്‍റെ നീളമുള്ള വാഴയില കിട്ടിയില്ല.
പിന്നെ കുറേപേര്‍ക്ക് വേണ്ടത് ഒരു മാവായായിരുന്നു,എനിക്ക് ചിതയൊരുക്കാന്‍. അക്കൂട്ടര്‍ പറമ്പിലേക്കിറങ്ങിനോക്കി,മാവും കണ്ടില്ല.
പക്ഷെ, ഇന്നലെ ‘ജീവനോടെയുള്ള ഞാന്‍’എഴുതിയ ഒരു കുറിപ്പുകണ്ടു.
“നാളെ… ഞാന്‍ മരിക്കും….
തെക്കേമുറിയിലെ താക്കോലുകളഞ്ഞുപോയ അലമാറ കുത്തിത്തുറക്കണം.അതില്‍ നിറയെ ഞാനെഴുതി മുഴുമിപ്പിക്കാതെവെച്ച കഥകളാണ്‌.ആ കടലാസുകെട്ടുകള്‍ പുറത്തെടുത്ത് അതുകൊണ്ടെനിക്കൊരു ചിതയൊരുക്കണം.ഞാന്‍ എരിഞ്ഞടങ്ങേണ്ടത് ആ തീയിലാവണം.”
ആരോ അതു ചെയ്തു.
കണ്ടുനിന്നവരാരും തടയാന്‍ പോയില്ല.”മാവു ലാഭം!”
എന്‍റെ ചിത കത്തിത്തുടങ്ങി.
അന്തരീക്ഷത്തില്‍, കാലങ്ങളായി ആ വെള്ളകടലാസുകളില്‍ ഞാന്‍ ഒഴുക്കിക്കളഞ്ഞിരുന്ന മഷിയുടെ ഗന്ധം പരന്നു. സാമ്പ്രാണിപുകയ്ക്ക് മണമില്ലാതായി.

ആ കടലാസുകൂംമ്പാരത്തില്‍ ഞാന്‍ വേവുമ്പോള്‍ എല്ലാവരും ഒരു കരച്ചില്‍ കേട്ടു.
അതെന്‍റെതായിരുന്നില്ല, എന്നെ പൊതിഞ്ഞുകിടന്ന എന്‍റെ കഥാപാത്രങ്ങളുടേതായിരുന്നു. ഞാന്‍ ജീവന്‍ കൊടുത്തിട്ടും വളര്‍ത്താതിരുന്ന ഭ്രൂണങ്ങളുടെ അവസാനത്തെ കരച്ചില്‍.
ഇതിനുമുന്‍പും അവര്‍ കരഞ്ഞിട്ടുണ്ട്.
എത്രയോ രാത്രികളില്‍, കാലുകള്‍ മേശപ്പുറത്തേക്കു നീട്ടിവെച്ച്, പുതിയ കഥയുടെ ബീജത്തിനായി കണ്ണടയ്ക്കുമ്പോള്‍, ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നു ഇതേ കരച്ചില്‍.
ആ കരച്ചില്‍ എനിക്കൊരാസക്തിയായിരുന്നു. മരിച്ചിട്ടും ഞാനടിമപെട്ടിരിക്കുന്ന ലഹരി! അതുകൊണ്ടാണെന്‍റെ ചിത ഇങ്ങനെയായത്.

ആ കരച്ചില്‍ നിലവിളികളായി.
ആ നിലവിളികേട്ട ആരോഒരാള്‍ ചിതയിലേക്ക് വെള്ളമൊഴിച്ചു.
എന്‍റെ ചിത കെട്ടു.
കരിയാന്‍ തുടങ്ങിയ എന്‍റെ കഥാപാത്രങ്ങളെയെല്ലാം അയാള്‍ എന്നോട് ചോദിക്കാതെ വാരിയെടുത്തുകൊണ്ടുപോയി.
കൂടിനിന്നവര്‍ കഷ്ടം വെച്ച് പിരിഞ്ഞുപോയി. പാതിവെന്ത ഞാന്‍ മാത്രം ബാക്കിവന്നു.
ചോര വറ്റിയ, മാംസം കരിഞ്ഞുതീരാത്ത, എന്‍റെ ശവം ആ നനഞ്ഞ മണ്ണില്‍ ഒറ്റയ്ക്ക് കിടക്കുമ്പോള്‍, ദൂരെ ആ കഥാപാത്രങ്ങള്‍ ചിരിക്കുന്നതു ഞാന്‍ കേട്ടു.
അവര്‍ക്കീ കാഴ്ച്ച ഒരു ലഹരിയായിയിരുന്നിരിക്കണം.


കാലന്‍

ആ കാലൊച്ചകേട്ടാണ്‌ ഞാന്‍ മയങ്ങിയത്‌ . സത്യം.

അയാള്‍ വരുന്നുണ്ടെന്നറിഞ്ഞ്‌ ഞാന്‍ കണ്ണടയ്‌ക്കുകയായിരുന്നു അങ്ങനെ ഒരു ഭാഗ്യമുണ്ടെനിക്ക്‌,അരികില്‍ ഇരുട്ടുനിറഞ്ഞാല്‍ ഒന്നു കണ്ണടച്ചാല്‍ മാത്രം മതി എനിക്കുറങ്ങാന്‍.

അതുകൊണ്ടുതന്നെ ആ കാലൊച്ചകള്‍ എനിക്കരികിലെത്തും മുന്‍പേ ഞാന്‍ ഉറങ്ങികഴിഞ്ഞിരുന്നു.

“വിഡ്ഡിയാണ്‌ നീ ,എന്നെ , ഈ കാലനുവേണ്ടി എന്നെന്നേക്കുമായി ഉറങ്ങാന്‍ മാത്രം വിധി നിന്നോട്‌ കരുണ കാട്ടിയിട്ടില്ല”.

ജീവിതത്തിലാദ്യമായി ഉറക്കം പാതിവഴിക്കുപേക്ഷിച്ച്‌ ഞാന്‍ കണ്ണുതുറന്നിരിക്കുന്നു!

ആശ്ചര്യമായിരുന്ന ആദ്യം,എങ്ങനെ ഞാന്‍ കണ്ണുതുറന്നെന്ന്‌?.

പക്ഷെ മനസ്സ്‌, ആ പ്രതിഭാസത്തിന്‍റെ പൊരുതേടി പോയില്ല,പകരം, കാലണ്റ്റെ പരിഹാസ വാക്കുകളെയാണ്‌ ചികഞ്ഞെടുത്തത്‌.

അധികം വൈകാതെ മനസ്സ്‌ മറുചോദ്യം കണ്ടെത്തി,

“പക്ഷെ എനിക്കുറപ്പാണ്‌ ,തെക്കുനിന്നുതന്നെയാണ്‌ നായ ഓളിയിട്ടത്‌,ആ കാലന്‍ കോഴി എനിക്ക്‌ വേണ്ടി തന്നെയാണ്‌ കൂവിയത്‌”.

“നീ മറന്നുപോയിരുക്കുന്നു ,മരണം ഇന്നത്തെ മനുഷ്യന്‍റെ ഭ്രമമല്ല.അവരാരും എന്നെ കാത്തിരിക്കുന്നുമില്ല,ഞാന്‍ വീണ്ടുമാവര്‍ത്തിക്കുന്നു.വിഡ്ഡിയാണ്‌ നീ ,കാലനെ കാത്തിരിക്കുന്ന പമ്പര വിഡ്ഡി”.

കാലൊച്ചകള്‍ അകന്ന്‌ പോയി.

നിശബ്ദത!

എനിക്കുറക്കം വരുന്നില്ല,ഞാന്‍ കാതോര്‍ത്തു. നിശബ്ദത!

കാലന്‍ കോഴിയും ,നായയും ഉറങ്ങിയിരിക്കുന്നു.


നായിക

പുതിയ കഥയെഴുതി തീര്‍ന്നിരിക്കുന്നു . പതിവ് ശൈലി തന്നെ, ഇടയ്ക്കിടക്ക് ഹൈലൈറ്റ് ചെയ്തുകൊണ്ടിരിക്കുന്ന സാങ്കല്പികമായ കുറെ സംഭാക്ഷണങ്ങള്‍, വളരെ പെട്ടന്ന് കടന്നു വരുന്ന പാരഗ്രാഫുകള്‍ , അവസാനം ഞാന്‍ തന്നെ നിഷ്കരുണം കൊലപെടുത്തുന്ന അതിലെ നായികയും .ഞാന്‍ ഒരു സാഡിസ്റ്റ് ആണെന്ന വിമര്‍ശനം പലകുറി കേട്ടിട്ടും ഞാന്‍ എന്‍റെ കഥകളെ തിരുത്താത്തതെന്തേ ?

ഇപ്പോള്‍ ഞാന്‍ പരതുകയാണ് , ഒരു പേരിന്‌, ഈ കഥയില്‍ അകാലത്തില്‍ പൊലിഞ്ഞുപോകുന്ന നായികയ്ക്ക് ചാര്‍ത്താന്‍.ഞാനങ്ങനെയാണ്, കഥയെക്കാള്‍ കൂടുതല്‍ ഞാന്‍ ചിന്തിച്ചിട്ടുണ്ടാവുക കഥാപാത്രങ്ങളുടെ പേരിനു വേണ്ടിയായിരിക്കും. ചിലപ്പോള്‍ പേര് കിട്ടിയില്ലെങ്കില്‍ ഞാന്‍ തന്നെ എന്നെ പ്രതിഷ്ട്ടിക്കും , നായകനായി. പക്ഷെ നായികയാണ് ഇപ്പോഴത്തെ പ്രശ്നം. അവളെ ഞാന്‍ എന്ത് വിളിക്കും ?

ആവര്‍ത്തനവിരസത പേരിലെങ്കിലും ഒഴിവാക്കാന്‍ വേണ്ടി എന്‍റെ പഴയ നായികമാരുടെ പേരുകള്‍ ഞാന്‍ പരിഗണിച്ചില്ല.

മാതൃഭൂമി ആഴ്ചപതിപ്പിന്‍റെ താളുകളിലൂടെ കണ്ണുകള്‍ ഓട്ടപ്രദിക്ഷണം നടത്തികഴിഞ്ഞു .ഇല്ല , കണ്ണുകളുടക്കുന്ന ഒരു പേരിനും മനസ്സ് സമ്മതം മൂളുന്നില്ല.’എന്താ ഇവര്‍ ഇന്ന്‍ സൌന്ദര്യ പിണക്കത്തിലാണോ’?

കണ്ണടച്ചുകൊണ്ട് ഇരുട്ടിലേക്ക് മനസിനെ മുങ്ങാം കുഴിയിട്ട് പോവാന്‍ സ്വതന്ത്രമാക്കി , പേന കൊണ്ട് കടലാസ്സിനെ തൊടാതെ വായുവില്‍ പല പേരുകളും വരച്ചുകൊണ്ടിരുന്നു. ഈ ഒരു നിമിഷം എന്‍റെ ഉള്ളില്‍ ഒരു പേര് തെളിയേണ്ടതാണ്, പക്ഷെ ഇന്നെന്താ ഇങ്ങനെ? മനസ്സ് മൌന വ്രതത്തിലണ് . എന്‍റെ പുതിയ കഥയാണ് നിര്‍ജീവമായിരിക്കുന്നത് , അതും നിസ്സാരമായൊരു പേരിനു വേണ്ടി!

എഴുതിയ വലത്തേ കൈയ്യുകൊണ്ട് തന്നെ ഞാന്‍ ആ കഥയെ ചുരുട്ടി….അത് ഉരുണ്ട് ചെറുതായിട്ടും ഞാന്‍ എന്താ ബലം പരീക്ഷിച്ചു കൊണ്ടിരിന്നു . എന്റെ ഭാവന സഞ്ചരിച്ചു ജന്മം നല്‍കിയ, ചിന്തകള്‍ വിന്യസിച്ച ഒരായിരം വാക്കുകളാണ് അതേ സ്രഷ്ട്ടവിന്റെ കയ്യിലിരുന്നു വീര്‍പ്പുമുട്ടുന്നത്. പിന്നെ പറന്നു , മുറിയുടെ ഒരു മൂലയിലേക്ക് .ഞാന്‍ ജന്മം നല്‍കിയ ഒരുത്തിക്ക് , എന്‍റെ കഥയിലെ നായികയ്ക്ക് , എന്നോട് പേര് വെളിപ്പെടുത്താന്‍ മടിയാണെങ്കില്‍ എനിക്കവളെയും വേണ്ട.

ഉറക്കമെന്ന മരണസമാനമായ നിമിഷങ്ങളിലെപ്പോഴോ ഒരു സ്ത്രീ ശബ്ദം എന്‍റെ കാതില്‍ മന്ത്രിച്ചു .

” ശരിയാണ് , നീയാണ് എനിക്ക് ജന്മം നല്‍കിയത് , ഞാന്‍ നിന്‍റെ നായികയുമായിരിക്കാം , പക്ഷെ നീ എന്‍റെ കൊലയാളിയാണ് .ആ നിന്നോട് ഞാന്‍ എന്തിനെന്‍റെ പേര് പറയണം ?”

രാവിലെ കണ്ണു തുറന്നപ്പോള്‍ ആ കടലാസ് കക്ഷണം അവിടെ തന്നെ കിടക്കുന്നുണ്ടായിരുന്നു .ഞാന്‍ എടുത്തുനോക്കി …..എന്തോ , ഇന്നലത്തെ ക്കാള്‍ ഭാരമുണ്ടായിരുന്നു അതിന്. ഞാന്‍ തുറന്നു , പേനയെടുത്ത് ആ നായികയെ പുനരുജ്ജീവിപ്പിച്ചു .അപ്പോള്‍ വീണ്ടും ആ ശബ്ദം കേട്ടു

“എന്‍റെ ദു:ഖം കണ്ട് സഹതാപം തോന്നിയിട്ടല്ല , എന്‍റെ പേര് കിട്ടാന്‍ വേണ്ടി, ഈ കഥ മുഴുവനാക്കാന്‍ വേണ്ടിയാണ് നീയിതു ചെയ്തതെന്നെനിക്കറിയാം “

ഞാന്‍ പേന അടച്ചുവെച്ചു.


പാതിരാത്രിയിലെ പ്രേമം

(മുന്‍കുറിപ്പ് : ഈ കഥ ഉദ്ഭവിച്ച കാലടി , മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത , കാലടി എന്ന കൊച്ചു ഗ്രാമം ആണ് )
ഇത് ബാലുവിന്‍റെ കഥയാണ് , പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കും …..പ്രണയിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും സ്വന്തം ജീവിതം കൊണ്ട് ബാലു രചിച്ച കഥ .
ഞങ്ങളുടെ നാട്ടില്‍….കാലടിയില്‍ ഈ സംഭവത്തിന്‍റെ വിശേഷങ്ങള്‍ ഇനിയും പറഞ്ഞു തീര്‍ന്നിട്ടില്ല …..
ഇപ്പൊ പ്രേമം എന്ന്‍ കേള്‍ക്കുമ്പോ ഞങ്ങള്‍ കാലടിക്കാര്‍ക്ക് ബാലുവിന്‍റെ എലി പുന്നെല്ലു കണ്ട പോലുള്ള മുഖമാണ് മനസ്സില്‍തെളിയുക .
ബാലുവിന്‍റെ മാത്രമല്ല ,ഒരുപാടു പേരുടെ ജീവിതം മാറ്റിമറിച്ച ആ രാത്രി ഇങ്ങനെ തുടങ്ങുന്നു……

എന്നത്തേയും പോലെ കാലടി ഗ്രാമം നേരത്തെ ഉറങ്ങാന്‍ കിടന്നു. കണ്ടനകം ബിവറെജ് അന്ന് മുടക്കമായതിനാല്‍, രാത്രിയിലെ ഓളിയിടലുകളും , അട്ടഹാസങ്ങളും ഇല്ലാതെ നിശബ്ദമായി, പാതിരാത്രിയിലേക്ക്‌ എല്ലാവരും കണ്ണടച്ചു. പക്ഷെ കണ്ണടച്ചു കിടന്നിട്ടും ഒരു കാലടിക്കാരന്‍ മാത്രം ഉറങ്ങിയിട്ടില്ലായിരുന്നു,’ബാലു’.ഉറക്കം വരരുതേ എന്ന് തുപ്രന്‍ങ്കോട്ടപ്പനോട് പ്രാര്‍ത്ഥിച്ചു കിടക്കുകയായിരുന്നു അവന്‍.തലമുഴുവന്‍ മൂടിയിരുന്ന കമ്പിളി പുതപ്പു മാറ്റി അവന്‍ മുറിയുടെ വാതില്‍ തുറന്നു.
പുറത്തേക്കിറങ്ങുമ്പോള്‍ ബാലു സമയം നോക്കി …..പന്ത്രണ്ടര , കൃത്യ സമയമാണ്‌ . അച്ഛന്‍ താളാത്മകമായി കൂര്‍ക്കം വലിച്ചു , അന്തം വിട്ടുറങ്ങുകയാണ്. ബാലു ഒരു കാര്യം ശ്രദ്ധിച്ചു , ആ കൂര്‍ക്കം വലി , മീന്‍കാരന്റെ MITകാലടി സെന്‍ററിലേക്കുള്ള കേറ്റം വലിക്കുന്നത് പോലുണ്ട് .മഹാ ബോര്‍ ആണ് , സംഗതി തീരെ ഇല്ല . നാളെ രാവിലെ ഉപദേശിക്കാം, ഇന്നിപ്പോ സമയമില്ല .അച്ഛന്റെ കാല്‍തൊട്ടു വന്ദിച്ച് ശബ്ദമുണ്ടാക്കാതെ അവന്‍ വാതില്‍തുറന്ന് പുറത്തേക്കിറങ്ങി .തദവസരത്തില്‍ അവന് ചെറിയൊരു പേടി .”വാതിലടക്കാന്‍ പറ്റില്ല ,ഇനി വല്ല കള്ളന്മാരും കയറുമോ ?, കേറുന്നെങ്ങെ കേറട്ടെ, ഇതിനെക്കാള്‍ വലിയ കര്യമൊന്നുമല്ലല്ലോ അത് .”
താന്‍ പോകുന്നത് ആരും കാണാതിരിക്കാന്‍ വേണ്ടി ബാലു ടോര്‍ച്ച് എടുത്തില്ല .വീടിന്‍റെ പിന്നാം പുറത്തുകൂടെ അവന്‍ പാടത്തെക്കിറങ്ങി . സെവെന്‍സിന് കളിക്കാര്‍ ഇറങ്ങുന്നത് പോലെ, നിലം തൊട്ടു തലയില്‍ വെച്ച്, വാം അപ്പ്‌ ഒക്കെ ചെയ്താണ് അളിയന്‍ പാടത്തേക്കിറങ്ങിയത്
ഈ അര്‍ദ്ധരാത്രി , ചുള്ളന്‍ പോണത് , നാലുവര്‍ഷമായി അവന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടിലേക്കാണ് .” എന്തിനാ നമ്മുടെ ഈ കഥാനായകന്‍ ഇപ്പൊ അവളുടെ വീട്ടിലേക്ക് പോണ്” എന്ന്‍ നിങ്ങള്‍ക്ക് തോന്നിയേക്കാം .തോന്നിയാലും തോന്നിയില്ലെങ്കിലും അവന്‍ പോവും . അവന് പോയെ പറ്റൂ , കാരണം നാളെ അവളുടെ കല്യാണമാണ്, അവന്‍റെ അശ്വതിയുടെ .രണ്ടു പേര്‍ക്കും കൂടി ഒളിച്ചോടാനാണെന്ന് ആരും ദയവായി തെറ്റിദ്ധരിക്കരുത് , കാരണം ബാലു നാലുവര്‍ഷമായി തന്നെ പ്രണയിക്കുന്ന കാര്യം പാവം അശ്വതിക്കറിയില്ല . നായകന്‍ പറഞാലല്ലേ നായികയിതറിയൂ ? അവന് പേടിയായിരുന്നത്രേ ആ പോപുലര്‍ ഡയലോഗു മൊഴിയാന്‍ !!.
പക്ഷെ ഇന്ന്‍ കഥ മാറിട്ടോ, അത് പറയാന്‍ വേണ്ടി മാത്രമാണ് അവനിന്ന് പോകുന്നത് , എല്ലാ ധൈര്യവും സംമ്പരിച്ചുകൊണ്ട് (ഒരു ഭംഗിക്ക് വേണ്ടി പറഞ്ഞതാട്ടോ , കാര്യാക്കണ്ട ).
“കല്യാണ തലേന്ന്‍ ഒരു പെണ്ണിനോട് ഇഷ്ടമാണ് എന്ന്‍ പറയാന്‍ പോവുക” അതെന്തിനാ ? എന്നും നിങ്ങള്‍ക്ക് തോന്നിയേക്കാം.
സത്യം പറയുന്നതുകൊണ്ട് വിഷമം തോന്നരുത് , നമ്മുടെ കഥാനായകന്‍ ഒരു അരവട്ടനാണ്.

പാടത്തെ വെള്ളകെട്ടിലൂടെ ബാലു നടന്നു …..അവന്‍റെ മനസ്സ് അവളെ കാണാന്‍ വേണ്ടി തുടിക്കുകയായിരുന്നു , നാല് വര്‍ഷം നീണ്ട തന്‍റെ പ്രണയത്തിനാണ് ഇന്ന്‍ പരിസമാപ്തി കുറിക്കുന്നത് .
കുമാരേട്ടന്റെ പട്ടി നീട്ടികുരച്ചു ….”ഹും , കാമുക ഹൃദയമെന്തെന്നറിയാത്ത പട്ടി”
“നീ അടുത്ത കന്നിമാസത്തിനു മുന്നേ ചവുമെടാ”. ബാലു പ്രാകി.
പട്ടി കാണാതിരിക്കാന്‍ വേണ്ടി അവന്‍ ഓടി .

ദോഷം പറയരുതല്ലോ , നല്ല അടിപൊളി വീഴ്ചയായിരുന്നു .പെടഞ്ഞെണീറ്റു ബാലുചുറ്റും നോക്കി
“ഭാഗ്യം ആരും കണ്ടില്ല….”
വലതുകയ്യില്‍ നിന്ന്‍ ചോര ഒലിക്കുന്നുണ്ടായിരുന്നു
“ഇതിന്‍റെയൊക്കെ വല്ല കാര്യൂണ്ടാര്‍ന്നോ ?നാല് കൊല്ലം ഉണ്ടായിരുന്നല്ലോ അപ്പൊ പറഞ്ഞ പോരായിരുന്നോ ?
പോട്ടെ , ഇന്ന്‍ വൈകുന്നേരം അമ്മ പോയിരുന്നല്ലോ , അപ്പൊ പറഞ്ഞയച്ചാലും മതിയായിരുന്നു “
ബാലുവിന്‍റെ ഉള്ളില്‍ നിന്ന്‍ ആരോ പറഞ്ഞു .
“മിണ്ടാതിരിക്കടാ “, ബാലു തന്നെ ആ അജ്ഞാതനെ വിരട്ടി.

ബാലു ഉദ്ദേശിച്ചുറപ്പിച്ചിരുന്നത് ഇതായിരുന്നു (ഓളെ കിട്ടില്ല എന്നറിഞ്ഞപ്പോ ഉണ്ടായ പൂതി എന്നും പറയാം ) .
“കല്യാണ തലേന്ന്‍ രാത്രി ഒരാണ്‍കുട്ടി ജനാലയ്ക്കരികെ വന്ന്‍ ഇഷ്ടമാണെന്നു പറയുംമ്പോഴുണ്ടാവുന്ന അവളുടെ അമ്പരപ്പ് , ലോകത്ത് ഇന്നേവരെ ഒരു പെണ്‍കുട്ടിയും അനുഭവിച്ചിട്ടില്ലാത്ത ഒരു നിസ്സഹായതാവസ്ഥ , കതിര്‍മണ്ഡപത്തില്‍, താലിക്കുവേണ്ടി തലകുനിക്കുംപോഴും അവനെ തന്നെ നോക്കുന്ന കണ്ണുകള്‍ “
അമ്പലകുളത്തില്‍ കുളിക്കുന്നതിനിടെയാണ് അവനീ പൊട്ടത്തരം ഞങ്ങളോട് എഴുന്നള്ളിച്ചത്. അതുകേട്ട ഞങ്ങളാരും വിചാരിച്ചിട്ടുണ്ടായിരുന്നില്ല അവനിതൊക്കെ കാട്ടികൂട്ടും എന്ന്‍.

ജീവിതതിലാദ്യമായാണ് ബാലു രാത്രി ഒറ്റയ്ക്ക് നടക്കുന്നത് ,ചെറിയൊരു പേടി തോന്നാതിരുന്നില്ല, അതും നടക്കുന്നത് കളത്തില്‍ പറമ്പിലൂടെയാണ്….പ്രേതത്തെ കണ്ടിട്ടുണ്ടെന്ന്‍ ദൈവമില്ലാപാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മുരളിയേട്ടന്‍ വരെ പറഞ്ഞിട്ടുള്ള കളത്തില്‍ പറമ്പിലൂടെ!!
ഒരു കാമുകന്‍ ഇത്തരം സന്ദര്‍ഭത്തില്‍ ധൈര്യം കൈവിടാന്‍ പാടില്ല….അവന് മുന്നോട്ടു തന്നെ നടന്നു …..അല്ലെങ്കിലും പ്രണയം പൂത്തുലഞ്ഞു നില്‍കുമ്പോള്‍ എന്ത് പേടി?
ചുണ്ടിലൂടെ മലയാള സിനിമയിലെ പ്രണയഗാനങ്ങളെല്ലാം ഒരാട്ടപ്രദിക്ഷണം നടത്തികഴിഞ്ഞു (പേടി തോന്നാതിരിക്കാനാണ് പട്ടു പാടിയത് എന്ന് കുബുദ്ദികള്‍ പറഞ്ഞേക്കും, വിശ്വസിക്കരുത് )
അവളുടെ വീട് എത്താറായി.

“ഒരു പാദസ്വര കിലുക്കം കേള്‍ക്കുന്നു…..വെള്ളിയാഴ്ചയാണ് , നാട്ടപാതിരയ്ക്ക് അതും കളത്തില്‍ പറമ്പിലാണ് നില്‍ക്കുന്നത്”. ഈ ലവ് സ്റ്റോറി യില്‍ ഇങ്ങനെയൊരു ക്ലൈമാക്സ്‌ ഇഷ്ട്ടന്‍ പ്രതീക്ഷിച്ചു കാണില്ല .
അതെ അടുത്തുവരികയാണ്….
“തൃപ്രങ്ങോട്ടപ്പാ…..പ്രേതങ്ങള്‍ക്ക് പ്രണയത്തിലെന്താ സ്ഥാനം” ?
തിരിഞ്ഞു ഓടാനുള്ള ബുദ്ധിപോലും നമ്മുടെ “റിലേ ” പോയ കഥാനായകന് തോന്നിയില്ല
പ്രേതം രണ്ടും കല്‍പ്പിച്ചുള്ള വരവാണ്, അരണ്ട വെളിച്ചത്തില്‍ ബാലു കണ്ടു , സെറ്റുമുണ്ടും മുല്ലപൂവുമണിഞ്ഞ, ബാഗും തൂക്കിയിറങ്ങിയ ‘യക്ഷി’ യെ !!
ഒരലര്‍ച്ച മാത്രമായിരുന്നു പിന്നെ നമ്മുടെ പ്രിയപ്പെട്ട കാമുകന്‍ ബാക്കിവെച്ചത് …..ആകപാടെ കുറച്ചു ബോധം മാത്രം കൈമുതലായുള്ള ബാലു അതും കെട്ടു മലര്‍ന്നടിച്ചുവീണു. ആ അലര്‍ച്ച കേട്ട്,നാളത്തെ സദ്യയും സ്വപ്നം കണ്ടു കിടന്നുറങ്ങിയിരുന്ന ഞങ്ങള്‍ കാലടിക്കാര്‍ മുഴുവനുമെണ്ണീച്ചു

രാവിലെ അവന്‍റെ കുഞ്ഞു ബോധം തെളിഞ്ഞപ്പോള്‍,ആ ഞെട്ടിക്കുന്ന സത്യം അവന്റെ നെഞ്ചിലേക്ക് ഞാന്‍ ചൂടോടെ കോരി ഒഴിച്ചു
“അത് നിന്‍റെ കാമുകിയായിരുന്നടാ……അശ്വതി ….
അവള് എടപാളിലെ ഒട്ടോര്‍ഷക്കാരന്‍ മധുന്‍റെ ഒപ്പം ഒളിച്ചോടാനുള്ള പോക്കായിരുന്നടാ….എന്തായാലും നീ കാരണം എല്ലാരുമറിഞ്ഞു, അവളെ പിടിച്ചു കൊണ്ടുവരികയും ചെയ്തു .
നിന്‍റെ പ്രേമും , അവരുടെ പ്രേമവും ഇപ്പൊ കാലടിക്കാര് മുഴുവനുമറിഞ്ഞു …
നീറ്റു വാ കല്യാണത്തിന് പോണ്ടേ?…പാലടയല്ല പ്രഥമനാണ് എന്നൊരു ന്യൂസ്‌ കേട്ടു, വാ .

വിഷയമവതിരിപ്പിച്ചത് കുറച്ചു കടന്നു പോയോ എന്തോ?…………അവന്‍ വല്ലാത്തൊരവസ്തയിലാണ്
ഉണ്ടാവാതിരിക്കോ ? അവന്റെ മാത്രമല്ലല്ലോ, മൂന്ന്‍ ഹൃദയങ്ങളുടെ സ്വപ്നങ്ങളല്ലേ ഇന്നലെ നാട്ടപാതിരാക്ക് കല്ലത്തായത് .ടൈലര്‍ ‘കട്ട്പീസ്‌’ കുട്ടന്‍ , ബ്ലാക്കിനു ടിക്കറ്റെടുത്ത്, വിനയന്റെ അതിശയന്‍ കണ്ടിട്ടിരുന്ന പോലെയാണ്‌ അവന്‍ അട്ടത്തേക്കു നോക്കിയിരിക്കണത്.പാവം .

കരി ദിനം ആഘോഷിക്കാനൊന്നും മിനക്കിടാതെ, ആ വിവാദ വിവാഹം വന്‍ വിജയമാക്കിതീര്‍ക്കാന്‍ ഞങ്ങളെല്ലാരും കുടുംബസമേതം പോയി .ബാലുവിനും ഏതാണ്ട് കല്യാണചെക്കന്‍റെ അതേ പരിഗണനയാണ് ലഭിച്ചത്.കല്യാണ കമ്മിറ്റിക്കാര്‍ അവനെ സ്നേഹത്തോടെ സല്‍കരിച്ചു.അശ്വതിയുടെ അച്ഛന്‍ പല്പ്പ്വേട്ടന്‍ കാണിച്ച ആതിഥ്യ മര്യാദയും സ്നേഹവും ഈ അവസരത്തില്‍ ഞാന്‍ എടുത്തുപറയുന്നു .

കേട്ട ന്യൂസ്‌ ശരിയായിരുന്നു. പ്രഥമന്‍ തന്നെയായിരുന്നു പായസം .അതു മത്സരിച്ചുകുടിക്കുംമ്പോഴാണ്‌ മാന്തളിന്റെ ഈ ‘ഏന്‍ഡ് പഞ്ച്’;
“ന്നാലും ഇയ് പറഞ്ഞതെല്ലാം അക്ഷരം പ്രതി ശരിയായല്ലോ ……
കല്യാണതലേന്നത്തെ പ്രണയാഭ്യര്‍ത്ഥന ഓളിലുണ്ടാക്കിയ അമ്പരപ്പ് , ലോകത്ത് ഇന്നേവരെ ഒരു പെണ്‍കുട്ടിയും അനുഭവിച്ചിട്ടില്ലാത്ത നിസ്സഹായാവസ്ഥ , താലിക്കുവേണ്ടി തലനീട്ടുംമ്പോഴും അന്നെത്തന്നെ നോക്കികൊണ്ടിരുന്ന കണ്ണുകള്‍ ….എല്ലാം …..!!


ഗൌരി

“സ്വപ്നങ്ങള്‍ ഇന്നവസാനിക്കുകയാണ്‌, എണ്റ്റെ ജീവിതവും. നാളത്തെ പകല്‍ മുതല്‍ ഗൌരിയില്ല. ഞാന്‍ കണ്ട സ്വപ്നങ്ങള്‍ , എഴുതിതീര്‍ന്ന വാക്കുകള്‍, പിന്‍ വിളിയാകന്ന ഓര്‍മ്മകള്‍ , എല്ലാം, ഇന്നവസാനിക്കു൦. ഈ തൂതപുഴ യുടെ തീരത്ത്‌ , എന്നോടൊപ്പം അവയെല്ലാം എരിഞ്ഞടങ്ങും .പക്ഷെ ഒന്നുമാത്രം ചിലപ്പാള്‍ അവശേഷിച്ചേക്കാം , ഗൌരി എന്ന പേര്‌.

അവള്‍ എവിടെയോ വായിച്ചതോര്‍ത്തു.
‘നമ്മുടെ ആയുസ്സ്‌, നമ്മളുടെ മരണം വരെയുള്ള കാലഘട്ടം മാത്രമല്ല, നമ്മളുടെ ഓര്‍മ്മകള്‍ മനസ്സില്‍ സൂക്ഷിക്കുന്നവരുടെ മരണം വരെകൂടിയുള്ളതാണ്‌.’
“അങ്ങനെയാണെങ്കില്‍ എത്ര പേര്‍ , ന്നെ ഓര്‍ക്കും…….. ?ഒരുപാടു മുഖങ്ങള്‍ മനസ്സില്‍ തെളിയുന്നുണ്ട്‌…..പക്ഷെ ഒന്നുറപ്പാട്ടോ, ഋഷി യെന്നെയോര്‍ക്കില്ല.”

“ന്താ അപ്പെ ഇത്‌? മഴയല്ലെ വരണത്‌, വാ വീട്ടുപൂവ്വ്വാ”"
“‘അപ്പേ’ ന്‌ ണ്റ്റെ വിളിപേരൊന്നല്ലാട്ടോ, അമ്മവീട്ടുകാര്‍, തിരുവേഗപ്പുറത്തുകാര്‍ , എല്ലാരെം അങ്ങെനെ വിളിക്കാ….ദേഷ്യപെടുമ്പഴുംകൂടി സ്നേഹം നിറഞ്ഞോഴുകുണ്ടാവും.”
“ഞാന്‍ വരാം അമ്മമ്മ നടന്നോളൂ”

“ഒര്‌ സ്വപ്നണ്ടയിരുന്നൂട്ടോ നിക്ക്‌, ഇവിടുത്തെ ഒരു പുതുമഴ നനയുക എന്ന്‌, കുട്ടിയായിരിക്കൂമ്പോ നനഞ്ഞതാ. അമ്മ പറഞ്ഞത്‌ കേട്ടിട്ടുണ്ട്‌, ഒരു പുതുമഴ പെയ്ത രാത്രീലാണ്‌ ഞാന്‍ ജനിച്ചതെന്ന്‌, ഇന്ന്‌ പുതുമഴപെയ്തൊഴിഞ്ഞ രാത്രിയില്‍ ഞാന്‍ തിരിച്ചുപോവും..”

പുഴയിലേക്കിറങ്ങി നില്‍ക്കുന്ന അമ്പലപടവുകള്‍ കയറവെ അമ്മമ്മ വീണ്ടും പറഞ്ഞു
“ഇവെടെനിന്ന്‌ പനി പിടിക്കണ്ടാട്ടോ അപ്പേ”
“പനി, എനിക്കെന്നും പേടിയായിരുന്നു.പക്ഷെ ഇന്നത്തെ ദിവസം എന്താപ്പോ പറയാ…. ? മരണം കാത്തുകിടക്കുന്നവള്‍ക്കെന്ത്‌ പനി!!”

മഴ തിമിര്‍ത്തുപെയ്യുകയാണ്‌….പുഴയിലെ മണല്‍തരികളെ ഒന്നോഴിയാതെ കുതിര്‍ത്തുകഴിഞ്ഞു.
“ഇതുപോലൊരു മഴ പെയ്യുമ്പോഴാ, ഋഷി എന്നോട്‌ ആദ്യമായി “ഇഷ്ട്മാണ്‌ ” എന്നെ പറയണത്‌.പിന്നെ,  അതേ വാചകം , ദിവസവും അവനില്‍ നിന്നുതന്നെ ഒരുപാട് തവണ കേട്ടുമടുത്തു, അവസാനം അവന്‍തന്നെ  അത് മാറ്റിപറഞ്ഞു , വളരെ നിസ്സാരമായി”

സമയം പത്തുമണി കഴിഞ്ഞിരിക്കൂന്നൂ, പുതുമഴ നനഞ്ഞ മണ്ണിണ്റ്റെ മണം ജനാലയിലൂടെ വരൂന്നൂണ്ടായിരുന്നു.
“പത്ത്‌ മണി, ഞാന്‍ എണ്റ്റെ എല്ലാ കഥകളുമെഴുതിയിരുന്ന സമയാ ഇത്‌, എന്താന്നറിയില്ല, എണ്റ്റെ ചിന്തകള്‍ വിശാലമാവുന്നതും , വാക്ക്കള്‍ ഒഴുകിയെത്തുന്നതും , ഈ സമയത്താ, അതോണെന്നേണ്‌ എണ്റ്റെ ജീവിതത്തിലെ അവസാന വരികളെഴുതാനും  ഞാനീ സമയം വരെ കാത്തിരുന്നത്‌.”

‘ഒരുപാട്‌ ജീവിതാന്‌ഭവങ്ങളുള്ള ഒരാളാണ്‌ നീയെന്ന് തോന്നുo നിണ്റ്റെ കഥകള്‍ വായിച്ചാല്‍’
ആത്മഹത്യാകുറിപ്പ് വെച്ചഴുതാനെടുത്ത ഡയറിയില്‍ , പ്രിയപ്പെട്ട കൂട്ടുകാരി , ശ്രീദേവി ഗൌരിയെക്കുറിച്ചെഴുതിയ വരികളായിരുന്നു അത് .
“അത്ര വല്യ ജീവിതാനുഭവങ്ങളൊന്നൂം ഉണ്ടായിട്ടില്ല്യാട്ടോ  നിക്ക്‌, പക്ഷെ ഇത്രേം കാലം ജീവിച്ച ഈ ലോകത്ത്ന്ന്, എങ്ങോട്ടാ ഇപ്പൊ പോണ്‌ ന്നറിയാത്ത ഈ നിമിഷങ്ങളുണ്ടാല്ലോ, ഭയങ്കര അനുഭവം തന്നെയാ.ഒരോ നിമിഷവും ഹൃദ്യയമിടിപ്പു കൂടാ……ആത്മഹത്യ ചെയ്യാനല്ലേ ഈ പോണേ….

“ഇരുപത്തിയൊന്ന്‌ വര്‍ഷങ്ങള്‍ നീണ്ട ജീവിതം തന്ന ഓര്‍മ്മകളോടും അനുഭവങ്ങളോടൂം ഉള്ള വിരക്തി കൊണ്ടല്ല…..     എന്നെ സ്നേഹിക്കുന്നവരെ വിസ്മരിച്ചിട്ടുമല്ല…..പ്രണയം എന്ന നാട്യത്തോടുള്ള വിയോജനക്കുറിപ്പാണ് എണ്റ്റെ മരണം. . അത്രമേല്‍ പ്രണയിച്ചിരുന്നു ഞാന്‍ എണ്റ്റെ ഋഷിയെ. അവനില്ലത്ത ജീവിതം എനിക്കാകില്ല… മാപ്പ്‌”

ഇന്നലെയോക്കെ ഭയങ്കര പ്രതീക്ഷേര്‍ന്നു, ‘സാഹിത്യകാരി ‘ എന്ന വിളിപേരൊക്കെയുള്ള എണ്റ്റെ ആത്മഹത്യാകുറിപ്പിനെകുറിച്ച്‌, പക്ഷെ മരണത്തിണ്റ്റെ തൊട്ടുമുന്‍പുള്ള ഈ നിമിഷങ്ങളിലുണ്ടല്ലോ, ഒന്നും എഴുതാന്‍ പറ്റിണില്ല്യ. അവസാനം ഇതിലൊതൊക്കിയാതാട്ടോ.

ഇടതുകൈതണ്ടയില്‍ നിന്ന്‌ രക്തമൊഴുകുകയാണ്‌…. കിടക്കവിരി ചുവന്നുതുടങ്ങി

“ഞാന്‍ എല്ലാവരോടും പറഞ്ഞു നടന്നിട്ടുണ്ട്‌, എണ്റ്റെ ബ്ലഡ്‌ ഗ്രൂപ്പും, ആറ്റിറ്റൂടും ഒന്നാണെന്ന്‌…ബി പൊസിറ്റിവ്, അത്‌ രണ്ടുമാണിപ്പോള്‍ ഒഴുകിപോണത്‌.ഒരു നിമിഷം കണ്ണൂകളടച്ച്‌കൊണ്ടു ചെയ്തു….ഋഷി മാത്രമേ എണ്റ്റെ മനസ്സില്‍ ഉണ്ടായിരുന്നൂള്ളൂ, അല്ലെങ്കില്‍ എനിക്കതിന്‌ പറ്റി ല്ല ,സത്യം.

മേശപ്പുറത്തുവെച്ചിരുന്ന മോബൈല്‍ ബെല്ലടിക്കുന്നു….ഋഷി!!

“ഈശ്വരാ….ഋഷിയാണ്‌ വിളിക്കുന്നത്‌….

ഞാന്‍ ചിലപ്പോ അവണ്റ്റെ ശബ്ദം കേട്ടുകൊണ്ട്‌ മരിച്ചേക്കാം…

ചിലപ്പോ അതേ ശബ്ദം കേട്ടുകൊണ്ട്‌ ഇനിയുള്ള ജീവിതം ജീവിച്ചേക്കാം….

പക്ഷെ……



മിനറല്‍ വാട്ടര്‍

മുംബൈ സി എസ്‌ ടി റെയില്‍വൈ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ളാഫോമില്‍ എത്തിയ വിദര്‍ഭ എക്സ്പ്രസ്സില്‍ ജനാലയ്‌ ക്കരികെ ഇരിക്ക്കയായിരുന്നു കീര്‍ത്തി.

അരികിലൂടെമിനറല്‍ വാട്ടര്‍ നിറച്ച കുപ്പികള്‍ വില്‍ക്ക്ന്ന ഒരാളെ അവള്‍ കണ്ടു. ചൂടപ്പം പോലെ അവയെല്ലാം വിറ്റുതീരുകയാണ്‌.

തണ്റ്റെ കൂട്ടുകാരന്‍ അന്വ്വര്‍ ഒരിക്കല്‍ പറഞ്ഞ വാചകം അവള്‍ ഓര്‍ത്തെടുത്തു.

“ഒരു  ലിറ്റര്‍ കുടിവെള്ളത്തിന്‌ , മണ്ണെണ്ണയേക്കള്‍ വിലനല്‍കേണ്ട ഒരു രാജ്യത്താണ്‌ നമ്മള്‍ ജീവിക്കുന്നത്‌”

കീര്‍ത്തിക്ക്‌ ഭാഗ്യത്തിന്‌ ഒരു ബോട്ടില്‍ കിട്ടി.

താന്‍ ഇന്നേ വരെ കുടിച്ച എല്ലാ വെള്ളത്തിനെക്കളും സ്വാദ് തോന്നി ആ കുപ്പിയിലെ വെള്ളത്തിന്ന്.

കുടിച്ച്കഴിഞ്ഞ്‌  കുപ്പി അടയ്ക്കാനൊരുങ്ങവെ അവള്‍ അതിണ്റ്റെ ലേബലിലേക്ക്‌ അലക്ഷ്യമായി ഒന്ന് നോക്കി

‘നിള’

ഒര്‍മ്മകളിലേക്ക്‌ ള്ള ഒരു മടക്കയാത്രായിരുന്ന് അവള്‍ക്കാ രണ്ടക്ഷാരം. അപ്പോഴാണവള്‍ ഒന്നോര്‍ത്തത്‌, ഈ മഹാനഗരത്തിണ്റ്റെ ഒഴുക്കില്‍ താനലിഞ്ഞുച്ചേര്‍ന്നിട്ട്‌ അഞ്ചു വര്‍ഷമായി….

“താനെന്ത്‌ ചെയ്യുകയായിരുന്നു , ഇത്രയും നാള്‍?”

അവള്‍ക്ക്തന്നെ ആ ചോദ്യത്തിന്‌ ഉത്തരമുണ്ടായില്ല.

നിളാതീരത്തെ എഞ്ചിനീറിംഗ്‌ കോളേജില്‍ പഠിക്കവെ, വിരസമായ ക്ളാസ്മുറികളില്‍,  കൂട്ടുകാരെക്കാള്‍ അവള്‍ സ്നേഹിച്ചത്‌ നിളയെയാണ്‌, സ്വപ്‌നങ്ങള്‍ കാണാനും  , ചിന്തിക്കാനുമൊക്കെ നോക്കിയത്‌ നിളയിലേക്കയിരുന്നു ,  മനസ്സ്‌ വിങ്ങിയ നേരങ്ങളിലെല്ലാം അവളെ സാന്ത്വനിപ്പിച്ചതും നിളയായിരുന്നു.

“എന്നിട്ടുo ഞാന്‍ ഈ അഞ്ചുവര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും തണ്റ്റെ പ്രിയപ്പെട്ട പുഴയെക്കുറിച്ചോര്‍ക്കാത്തതെന്തേ??

ആ ചോദ്യം കീര്‍ത്തിയെ കോണ്ടെത്തിച്ചത്‌ കുറ്റിപ്പുറത്ത്‌ , നിളാതീരത്തായിരുന്നു.

നിള മാറിയിരിക്കുന്നു , ഒരുപാട് .അലതല്ലി ഇരച്ഛൊഴുകിയിരുന്ന തണ്റ്റെ നിള ഇപ്പോള്‍ കേഴുകയാണ്‌…..ഒന്നൊഴുകാന്‍ പോലും ശേഷിയില്ലാത്ത നിള, ഒരു വീശുമ്പോള്‍ മാത്രം ഇളക്കമേല്‍ക്കുന്ന  ഒരിറ്റു വെള്ളവുമായി.

ഈ നാടിന്‌ , മണലിനേക്കാള്‍ വില വെള്ളത്തിന്‌ ഉണ്ട്‌ എന്ന തിരിച്ചറിവ്‌ ഇത്‌ വരെയായിട്ടില്ല……

ദൂരെ അവസാന മണല്‍ ലോറികള്‍ വരിവരിയായി ക്കുന്നുണ്ടായിരുന്നു , അവളുടെ ശരീരത്തെ ഇനിയും ഊറ്റുവാന്‍.

അവിടെ കിടന്നിരുന്ന ഒരു മണല്‍ച്ചാക്കിന്‌മുകളില്‍ അവളിരുന്നു, കണ്ണിമവെട്ടാതെ , ഒരു നീര്‍ച്ചാലായി പരിണമിച്ച ഭാരതപുഴയിലേക്ക്‌ നോക്കിയിരുന്നു.

ഒഴുക്ക്നിലച്ച നിളയുടെ തേങ്ങല്‍ അവളുടെ കാതുകളില്‍ വന്നലച്ചു.ആ കാറ്റിന്‌ ഒരുപാടു സങ്കടങ്ങള്‍ അവളോട്‌ പങ്ക്‌ വെക്കാന്‌ണ്ടായിരുന്നു.പക്ഷെ അവള്‍ ആ ഞെട്ടലില്‍ നിന്ന് മുക്തയാവാതെ പകച്ചുനില്‍ക്ക്കയായിരുന്നു.തണ്റ്റെ പുഴക്ക്‌ സ്വപ്നത്തില്‍ പോലും ഇങ്ങനെയൊര്‌ ചിത്രം കല്‍ പ്പിച്ചു നല്‍കാന്‍ അവള്‍ക്കാവുമായിരുന്നില്ല.

തണ്റ്റെ മകനോളം പോന്ന ഒരു കുട്ടി അവളിരുന്നിടത്തേക്ക്‌ വന്ന്, അവളിരുന്ന മണല്‍ച്ചാക്ക്‌ ചൂണ്ടിപറഞ്ഞു

“ഇത്‌മ്മ്ന്ന് നീച്ചേ….. ഇതെണ്റ്റെ ചാക്കാ”

ആ നിളാതീരത്ത്പെട്ടെന്ന് അനാഥതമാക്കപെട്ടതു പോലെ തോന്നി അവള്‍ക്ക്‌.

അവന്‍ ആ ചാക്ക്‌ തലയിലേ നടന്നകലവെ അതില്‍നിന്ന് വെള്ളമിറ്റുന്ന്ണ്ടായിരുന്നു

“അതെണ്റ്റെ കണ്ണീരാണ്‌ ” നിള അവളോട്‌ പറഞ്ഞു.

” ഞാന്‍ കുടിച്ച ആ മിനറല്‍ വാട്ടറിന്‌ പക്ഷെ മധുരമായിരുന്നല്ലോ???”



നിമിത്തം

“വിധി സമ്മാനിക്കുന്ന  മുറിപ്പാടുകള്‍ , അതെത്ര ആഴമേറിയതായാലും, നാം നമ്മിലേക്ക്‌ തന്നെ ഒതുക്കിവെക്കുo,കാലം എന്ന പ്രഹേളികയെ കൂട്ടുപിടിച്ച്‌.”

അരവിന്ദന്‍ സ്വന്തം ജീവിതത്തക്കുറിച്ച്‌ കോറിയിട്ട വരികളാണിവ . സ്നേഹം നല്‍കാതകന്ന അമ്മയും , പിതൃത്വം എന്ന വാക്ക്‌ അര്‍ഥശൂന്യമാക്കിയ അച്ഛനും , പ്രണയം നടിച്ച പ്രണയിനിയും, തന്നെ നോക്കി ആര്‍ത്തുചിരിച്ചുകൊണ്ടിരുന്ന സമൂഹവും ,എല്ലാം, അരവിന്ദനെ മുറിവേല്‍പ്പിച്ച സത്യങ്ങളായിരുന്നു.

മായ്ച്ചുകളഞ്ഞൊരു ഭൂതകാലം. അനിവാര്യതയായിരുന്നു, വിരഹവും വേദനയുമില്ലാത്ത ഭാവി ജീവിച്ചുതീര്‍ക്കുവാന്‍. പക്ഷെ , പിന്നെയും തോല്‍വികള്‍ തന്നെയായിരുന്നു,അരവിന്ദന്‌ കൂട്ടിരുന്നത്‌,  പാര്‍വ്വതിയുടെ കാര്യത്തിലും.

പാര്‍വ്വതി,ജീവിതമെന്തന്നു പഠിപ്പിച്ച ഏതാനും ദിവസങ്ങള്‍ക്കൊടുവില്‍ , തന്നെയും മകളെയും തനിച്ചാക്കി മരണം കൊണ്ടുപോയ ജീവിതസഖി.

റീജ്യണല്‍ ക്യാന്‍സര്‍ സെണ്റ്ററിലെ ശീതീകരിച്ച മുറിയിലും അരവിന്ദന്‍ വിയര്‍ക്കുകയായിരുന്നു.

“അച്ഛാ നമ്മളെന്തിനാ ഇവിടെ വന്നിരിക്കുന്നേ”

ബയോപ്സിയൂടെ റിസല്‍ട്ട്‌ കാത്തിരിക്കുകയാണെന്ന് പറഞ്ഞാല്‍ , മുന്നിലിരിക്കുന്ന തന്‍റെ അഞ്ചുവയസ്സുകാരി മകള്‍ക്ക്‌  മനസിലാവില്ല, അച്ചന്‌ ക്യാന്‍സര്‍ ഉണ്ടോ ,ഇല്ലയ്യോ എന്ന് ഉറപ്പിക്കാന്‍ വന്നതാണ്‌ എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ അവള്‍ പ്രതികരിച്ചേക്കുo,

‘അമ്മക്ക്‌ വന്ന അസുഖം എന്ന്’,പക്ഷെ അരവിന്ദന്‍ ഉത്തരം പറഞ്ഞില്ല.

അയാളുടെ കാതുകളില്‍ രണ്ടുവര്‍ഷങ്ങള്‍ക്കപ്പുറം പാര്‍വ്വതി അവസാനമായി പറഞ്ഞ വാക്കുകള്‍ മുഴങ്ങുന്നുണ്ടായിരുന്നു.

“അര്‍ബുദം എന്ന മഹാമാരിക്ക്‌ ഇത്രയും വേദനയുണ്ടെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല.വാസതവത്തില്‍ പ്രിയപെട്ടവരില്‍ നിന്ന് അകലും എന്ന ഉറപ്പാണ്‌ അര്‍ബുദത്തിണ്റ്റെ ഏവും വലിയ വേദന”

പക്ഷെ അന്നീ വാക്കു‍കള്‍ കരഞ്ഞു കൊണ്ട്‌ പറഞ്ഞ്‌ മകളെ ഏല്‍പ്പിക്കന്‍ അവള്‍ക്ക് എന്‍റെ ഈ കൈകളുണ്ടായിരുന്നു. പക്ഷെ എനിക്ക്‌…………….. ?

അരവിന്ദന്‍ മകളുടെ കൈയ്യില്‍ ഒന്ന് കൂടി മുറുകെ പിടിച്ചു.

ഒരു മുട്ടുവേദനയായിരുന്നു തുടക്കം, പേരറിയാത്ത ഒരുപാടു ടെസ്റ്റുകള്‍ക്കൊടുവില്‍ ക്യാന്‍സറിന്‍റെ സാധ്യത ഡോക്ടര്‍ പറഞ്ഞപ്പോഴും , പരിശോധനയ്‌ക്കായി എല്ലിനുള്ളില്‍ നിന്ന് മജ്ജ കുത്തിയെടുത്തപ്പോഴും അരവിന്ദന്‍ കരഞ്ഞിട്ടില്ലായിരുന്നു.

പാര്‍വ്വതി മരിച്ച ദിവസം പ്രതിജ്ഞയെടുത്തതാണ്‌ , വേദനിപ്പിക്കാന്‍ വേണ്ടി മാത്രം തന്നെ ജീവിപ്പിക്കുന്ന ഈശ്വരന്‌ മുന്നില്‍, ഇനി ഞാന്‍ കരയില്ല എന്ന്.

ഒരു വിശ്വാസമായിരുന്നു  അതിന്‌ പിന്നില്‍. ഇതിനുമപ്പുറത്തേക്ക്‌ തന്നെ വേദനിപ്പിക്കാന്‍ കഴിയില്ല എന്ന വിശ്വാസം,പക്ഷെ വിധി വീണ്ടും വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്‌.

“അരവിന്ദന്‍”, നഴ്സിണ്റ്റെ വിളി അരവിന്ദന്‍റെ ചിന്തകളെ മുറിച്ചു.

യുഗങ്ങള്‍ക്കപ്പുറത്തുനിന്ന് ആരോ വിളിക്കുന്നതുപോലെ തോന്നി അരവിന്ദന്‌. അയാള്‍ ഡോക്ടരുടെ മുറിയിലേക്ക് നടന്നു.

“ഇനിയെനിക്ക്‌ ചിരിച്ചുകൊണ്ട്‌ റിസല്‍ട്ട്‌ പറയാം , അരവിന്ദന്‌ ക്യാന്‍സര്‍ ഇല്ല. ഒരുപാട്‌ വേദനിപ്പിച്ചു , ശരീരത്തിനെയും മനസ്സിനെയും അല്ലെ?

ചിലപ്പോ, തന്നെ ഇപ്പൊ ഇവിടെയൊന്ന് കൊണ്ടുവരണം എന്ന് ഈശ്വരന്‍ വിചാരിച്ചുകാണും. എന്തായാലും ഇനി ഇങ്ങോട്ട്‌ വരാനുള്ള നിര്‍ഭാഗ്യം ഉണ്ടാവാതിരിക്കട്ടെ.”

അരവിന്ദന്‌ കരയാതിരിക്കാനായില്ല.പിന്നെയൊരു   നിശ്വാസമായിരുന്നു….ജീവന്‍ തിരിച്ച്‌ കിട്ടിയവന്‍റെ നിശ്വാസം. ലോകം കീഴടക്കിവന്‍റെ സന്തോഷത്തോടെ.

മകളെയും കൊണ്ട്‌ പുറത്തേക്ക്‌ നടക്കുമ്പോള്‍ വീല്‍ചെയറിലിരുന്നു തന്നെ നോക്കുന്ന കണ്ണുകള്‍ അരവിന്ദന്‌ പരിചയമുണ്ടായിരുന്നു. കണ്‍പീലികളും പുരികവും വരെ റേഡിയേഷന്‍ കൊഴിച്ചുകളഞ്ഞിരുന്നെങ്കിലും, അരവിന്ദന്‌ ആ കണ്ണുകളിലെ തിളക്കം തിരിച്ചറിഞ്ഞു,

അതെ , നിത്യ. പ്രണയം നടിച്ച തണ്റ്റെ പ്രണയിനി!

അവള്‍ കരയുന്നുണ്ടായിരുന്നു.

എന്താ ഇവിടെ എന്ന് അവളോടു ചോദിക്കേണ്ട കാര്യം ഇല്ലായിരുന്നു,മരണത്തിന്‍റെ മണമുള്ള ഈ ചുവരുകള്‍ക്കിടയില്‍ ജീവിതവുമായി മല്ലിടുന്നവര്‍ മാത്രമേ തന്‍റെ മുന്നിലുള്ളൂ , നിത്യയടക്കം.

“ഭാര്യ എവിടെ ?”

“നിന്‍റെ അസുഖം തന്നെയായിരുന്നു അവള്‍ക്കും , പക്ഷെ അവള്‍ ചികിത്സക്ക് പിടികൊടുത്തില്ല.രണ്ടു വര്‍ഷമായ് മരിച്ചിട്ട്”

“നിന്‍റെ ഭര്‍ത്താവ് ?”

നിത്യ ഒന്നു ചിരിച്ചു.”ഈ അസുഖം സമ്മാനിച്ചത്‌ ഒരു തിരിച്ചറിവുകൂടിയായിരുന്നു , ഈ ലോകത്ത് അരവിന്ദനോളം എന്നെ സ്നേഹിച്ചവരാരുമില്ലെന്ന്.. മരണവേദനയ്‌ക്ക്‌ വിട്ടുകൊടുക്കാതെ എന്നെ ചേര്‍ത്തുപിടിക്കേണ്ട അയാള്‍ ഡൈവോര്‍സ്‌ എന്ന വേദനകൂടി തന്നു”

മുന്‍പൊരിക്കല്‍ വര്‍ഷങ്ങളോളം നീണ്ട വേദന സമ്മനിച്ച അവളുടെ ശബ്ദം ആകെ മാറിയിരിക്കുന്നു. അതില്‍ ഒരു ക്ഷമാപണത്തേക്കാള്‍ പ്രതീക്ഷയുടെ കണികയാണ്‌ നിഴലിച്ചിരുന്നത്‌.

“എല്ലാം അരവിന്ദനോട്‌ ചെയ്തതിന്‍റെ ഫലങ്ങളാവും . അതെ, അങ്ങനെ വിശ്വസിക്കാന്‍ തന്നെയാണെനിക്കിഷ്ട്ടം.

“അതിന്‌ ഞാന്‍ നിന്നെ ഒരിക്കല്‍ പോലും ശപിച്ചിട്ടില്ലല്ലോ”
ഒരിക്കല്‍ തന്നെ ഭ്രമിപ്പിച്ച, പിന്നീട് വേദനിപ്പിച്ച അതേ മുഖം ആ ഒരു മറുപടിയില്‍ തെളിയുന്നത് അരവിന്ദന്‍ കണ്ടു

“അപ്പൊ, ആ പഴയ സ്നേഹം എന്നോടിപ്പോഴും ഉണ്ടൊ”

അരവിന്ദന്‍ ഒന്ന് ചിരിച്ചു.
” ഞാന്‍ വരാം “

തിരിച്ചു നടക്കുമ്പോള്‍ , തന്‍റെ മകള്‍ നിത്യയെ തിരിഞ്ഞുനോക്കുന്നത്‌ അയാള്‍ കണ്ടു.നിത്യ അവളെ നോക്കി ചിരിച്ചു, അവള്‍ തിരിച്ചും.

“വിധി നല്‍കിയ മുറിപ്പാടുകളുണക്കാന്‍ , വിധി തന്നെ മരുന്നും കരുതിവെച്ചിട്ടുണ്ടാവും, അതിന്‌ ക്യാന്‍സര്‍ തന്നെയൊരു നിമിത്തമായെന്ന് മാത്രം.”


കാമുകി

“ഞാന്‍ പ്രണയിക്കുകയായിരുന്നു നിന്നെ, ഇത്രയും കാലം, സത്യം”

കാമുകനെ കാത്തിരിക്കുന്ന ഒരു പ്രണയലേഖനം, ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറവും ആ പുസ്തകത്താളില്‍ അനക്കമില്ലാതിരിക്കുന്നു!

അത്ഭുതമായിരുന്നു എനിക്ക്‌, ഇത്രയും കാലം ആ പ്രണയലേഖനം ഈ പുസ്തകതാളില്‍ ഒരുവിരല്‍ സ്പര്‍ശം പോലുമേല്‍ക്കാതെ കിടന്നതില്‍.

ഞാന്‍ പുറംചട്ട ഒന്നു കൂടി മറിച്ചുനോക്കി, അതെ ,അതുതന്നെ ഞാന്‍ വായിക്കാനേറെ കൊതിച്ചിരുന്ന ‘ഖസാക്കിണ്റ്റെ ഇതിഹാസം’.

പിന്നെ എണ്റ്റെ ഉള്ളില്‍ ഒരു ചോദ്യമായിരുന്നു,

‘ഇരുപതു വര്‍ഷത്തിനിടയില്‍ ഈ ലൈബ്രറിയില്‍ വിശപ്പടക്കാന്‍ വന്നവരില്‍ ഒരാള്‍ പോലും ഈ പുസ്തകം മറിച്ചുനോക്കാതെ പടിയിറങ്ങിയതെന്തേ?’

തെറ്റാണ്‌ ,മറ്റൊരാളുടെ  പ്രണയലേഖനം വായിക്കുന്നത്‌.

പക്ഷെ , ഇന്നേവരെ ഒരു പ്രണയലേഖനം പൊലും എന്നെ അഭിസംഭോധന ചെയ്തിട്ട്‌ ഇറങ്ങിയിട്ടില്ലാത്തതിനാല്‍ ഒരു കൌതുകം, ഞാന്‍ വായിച്ചുതുടങ്ങി.

“ഞാന്‍ പ്രണയിക്കുകയായിരുന്നു നിന്നെ, ഇത്രയും കാലം,സത്യം. നീ എനിക്ക്‌ പിന്നില്‍ നിണ്റ്റെ പ്രണയം വെളിപെടുത്തിയ നിമിഷം മുതല്‍,ഞാന്‍ അതിലേറെ പ്രണയം എന്റെ മനസ്സിലൊളിച്ചുവെച്ചു.

നിണ്റ്റെ ഹൃദയം മിടിക്കുന്നത്‌ എനിക്ക്‌ വേണ്ടിയാണെന്ന് നീ പറഞ്ഞപ്പോഴും ,എണ്റ്റെ ഹൃദയസ്പന്ദനം നീ കേള്‍ക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു.

ഇന്ന്,കോളേജ്‌ ജീവിതത്തിലെ ഈ അവസാന ദിനത്തില്‍ ,ഞാന്‍ നിന്നോട്‌ ഈ പുസ്തകം വായിക്കാന്‍ പറഞ്ഞാലുടന്‍ നീയിതു തേടി വരുമെന്നെനിക്കറിയാം. നേരിട്ടു പറയാന്‍ വയ്യാത്തതുകൊണ്ടാണ്‌.

ഈ പ്രണയകാവ്വ്യത്തിലെ കോടാനുകോടി വാക്കുകളെ സാക്ഷിനിര്‍ത്തി, നീ കൊതിച്ച ആ വാക്ക്‌ നിണ്റ്റെ കാമുകിയിതാ പറയുന്നു.

“എനിക്കിഷ്ടമാണ്‌”, വൈകുന്നേരം കോളേജിലെ ദേവദാരുവിന്‌ കീഴില്‍ ഞാന്‍ കാത്തിരിക്കുന്നുണ്ടാവും” .

എന്ന് നിണ്റ്റെ സ്വന്തം കാമുകി.”

അവള്‍ ഒളിപ്പിച്ചുവെച്ച പ്രണയം ,അവനീ നിമിഷം വരെയും അറിഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ അതിവിടെ കാണുമായിരുനില്ല.

തിരിച്ചുകിട്ടാത്ത പ്രണയം സൂക്ഷിക്കുന്ന അവണ്റ്റെ ഹൃദയം പോലെ, അവസാന നിമിഷം വെളിപ്പെടുത്തിയ പ്രണയത്തിന്‌ ഉത്തരം കിട്ടാതിരിക്കുന്ന  അവളുടെ ഹൃദയം പൊലെ ,എണ്റ്റെ ഹൃദയവും വിങ്ങി.

“എന്താ?” ഒരു ചിരിയോടെ ലൈബ്രേറിയന്‍ ചോദിച്ചു.

“ഒരു കത്ത്‌ ,ഈ പുസ്തകത്തിനുള്ളില്‍”.

“കത്തല്ല, പ്രണയലേഖനം അല്ലേ?”. ഞാന്‍ തലയാട്ടി.

“അതെടുക്കണ്ട,അവിടെയിരുന്നോട്ടെ ,വര്‍ഷങ്ങളായി അതവിടെയിരിക്കുകയാണ്‌ .

“അപ്പോ, ഇതുവരെയാരും?”

ആ പുസ്തകത്തിണ്റ്റെ അവസാനം നോക്ക്‌”. ഇരുപതുവര്‍ഷങ്ങള്‍ക്കിടയില്‍, പലപ്പോഴായി ആശംസയെഴുതി തിരികെ വെച്ച മുന്നൂറ്റിയമ്പത്തിയെട്ടു പേരുകള്‍!

എണ്റ്റെ ചൊദ്യത്തിനുള്ള ഉത്തരം അക്കമിട്ട്‌ നിരത്തിയിട്ടുണ്ടായിരുന്നു,358.

“നിന്നെ പോലെ ഈ പുസ്തകം വായിക്കാന്‍ കൊതിച്ച്‌ വന്ന ഇവരാരും തന്നെ ഈ പുസ്തകമെടുത്തിട്ടില്ല. വിങ്ങുന്ന മനസ്സും ,വിറക്കുന്ന വിരലുകളുമായി ആശംസ എഴുതി തിരികെ വെച്ചു, ഞാനടക്കം, മുന്നൂറ്റിയമ്പത്തിയെട്ട്‌ വ്യക്തികള്‍! വര്‍ഷങ്ങളായി , ആ പ്രണയലേഖനം കാത്തിരിക്കുകയാണ്‌,അവളുടെ കാമുകനെ”. ലൈബ്രേറിയന്‍ തിരിഞ്ഞുനടന്നു.

ഞാന്‍ ആ ഒരിക്കല്‍ കൂടി നോക്കി. എനിക്ക് കേള്‍ക്കാം, ആ പ്രണയലേഖനത്തിലെ ഓരോ വാക്കുകളിലുമുള്ള ആ കാമുകിയുടെ ഹൃദയമിടിപ്പുകള്‍.

“പ്രണയം ,നിശബ്ദയാണ്‌ ,പങ്കുവെക്കാന്‍ വാക്കുകളോ ,സ്വപ്നങ്ങളോ ,നിമിഷങ്ങളോ ഇല്ലാതെ തന്നെ വാചാലമാകുന്ന നിശ്ബ്ദത”

പ്രണയ സാക്ഷാത്കാരം നേര്‍ന്നുകൊണ്ട്‌,

359.  ദീപുപ്രദീപ്‌

20/09/2009


സഞ്ചയനം

“ദീപൂ,എടാ നീക്കടാ “

കാര്‍ത്തികിണ്റ്റെ ശബ്ദമാണതെന്ന്‌ പാതിമയക്കത്തില്‍ ഞാനറിഞ്ഞു.

സമയം നോക്കി, നാലുമണി കഴിഞ്ഞിട്ടേയുള്ളൂ,ഞാന്‍ തിരിഞ്ഞുകിടന്നു.

അവന്‌ വിടാനുള്ള ഭാവമില്ല,”വേഗം കുളിച്ച്‌ വാടാ,ഇപ്പോ തന്നെ ഒരു സ്ഥലം വരെ പോകാന്‍ഉണ്ട്‌. അവണ്റ്റെ ഭാവം കണ്ടപ്പോള്‍ സമ്മതിക്കാതിരിക്കാന്‍ തോന്നിയില്ല.

കുറ്റിപ്പുറം പാലത്തിലൂടെ അഞ്ചുമണിയുടെ തണുത്തകാറ്റ് ഒരുപൊടിപോലും വിടാതെ മുഖത്തടിക്കൂമ്പോഴാണ്‌ ഞാന്‍ അവനോട്‌ ചോദിച്ചത്‌.
“എവിടേക്കാടാ ഈ സമയത്ത്‌”?.

“ഞാന്‍ ഇന്ന്‌ പുലര്‍ച്ചെ തിരുന്നാവായ നിളാതീരത്ത്‌ നവാമുകുന്ദക്ഷേത്രത്തില്‍ നില്‍ക്ക്ന്നതായി ഒരു സ്വപ്നം കണ്ടു. ഇപ്പോള്‍ നമ്മള്‍ ആ സ്വപനത്തിണ്റ്റെ വഴിയേയാണ്‌ യാത്ര ചെയ്യുന്നത്‌. “

എനിക്ക്‌ എണ്റ്റെ ഉറക്കം പോയതിണ്റ്റെ ദേഷ്യമായിരുന്നു ”നീ ഒറ്റ്യ്‌ ക്കല്ലെ നിളാതീരത്ത്‌ നിന്നിരുന്നുന്നത്‌, പിന്നെന്തിനാ ഈ നേരത്ത്‌ എന്നെ പിടിച്ചുകൊണ്ടുവന്നത്‌?

അവന്‍ ചിരിച്ചുകൊണ്ട്‌ മറുപടി പറഞ്ഞു,” സാധാരണ ഇമ്മാതിരി ഭ്രാന്തൊക്കെ നീയല്ലേ ചെയ്യാറ്‌,പക്ഷെ നീയിങ്ങനെ പോകുമ്പോ ഒറ്റ്യ്‌ ക്ക്‌ പോകുo ,കൂട്ടിന്‌ ളുണ്ടല്ലോ,നിണ്റ്റെ ആത്മാവ്‌.ഞാന്‍ നിന്നെകൂട്ടി പോകുന്നു അത്രമാത്രം.

“തിരുനാവായ വളരെ അടുത്തല്ലെ. എന്താ ഇന്ന്, ഈ സമയത്ത്‌ തന്നെ പോകണം എന്നൊരുവാശി?”

“നിനക്കെ ഇത്തരം ഭ്രാന്തൊക്കെ പറഞ്ഞുമനസ്സിലക്കിതരണ്ട കാര്യമില്ലല്ലോ.അവിടേ എന്തോ എനിക്കായി കരുതിവെച്ചിട്ടുണ്ട്‌,ഇപ്പോള്‍ തന്നെ പോകണം.’എന്തിന്‌ വേണ്ടിയാണ്‌ ഞാന്‍ ആ സ്വപ്നം കണ്ടത്‌?’ ആ ചോദ്യത്തിണ്റ്റെ ഉത്തരം തേടിയാണ്‌ ഈ യാത്ര. അതിണ്റ്റെ ഉത്തരം അവിടുന്നേ കിട്ടൂ, അത്‌ പറഞ്ഞുതരാന്‍ നിനക്കല്ലാതെ മറ്റര്‍ക്കു0 കഴിയുകയുമ്മില്ല”

ഞാന്‍ പിന്നെ ഒന്നുo ചോദിച്ചില്ല. “ഒഴുക്ക്നിലച്ച നിളയുടെ തീരത്ത്‌ ,നവാമുകുന്ദനെ തൊഴുതുവന്നിറങ്ങി നില്‍ക്ക്മ്പോള്‍ , അവന്‍ ഇനി എന്തു ചെയ്യണം എന്ന ഭാവത്തില്‍ എണ്റ്റെ മുഖത്തേക്ക്‌ നോക്കി.

“നിന്നെ ഇവിടേക്ക്‌ വിളിച്ചയാള്‍ നിന്നെ തേടിവരു ,നമുക്ക്‌ കാത്തിരിക്കാം”. ആല്‍മരച്ചോട്ടില്‍ അവന്‍ പുഴയിലേക്ക്‌ നോക്കിയിരിക്കുമ്പോള്‍ , ഞാന്‍ അവനെ കുറിച്ച്‌ ചിന്തിച്ചുകാര്‍ത്തിക്‌,ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കണ്ട ഒരു പെണ്‍ കുട്ടിയെ ആറുവര്‍ഷമായി പ്രണയിക്കുന്നവന്‍.അവളെകുറിച്ച്‌ ഒന്നു0  അറിയില്ലെങ്കിലും വേരോരു പെണ്‍കുട്ടിയെയും സ്വീകരിക്കാന്‍ അവന്‍ തയ്യാറല്ല, ഒരുപാടു തവണ സ്വപനത്തില്‍ കാണാറുള്ള അവളെ മാത്രമേ വിവാഹം കഴിക്കൂ എന്ന തീരുമാനത്തില്‍ ഓരോ നിമിഷവും അവളെ തേടികൊണ്ടിരിക്കുകയാണ്‌ അവന്‍.ഇവന്‍ ഇങ്ങനെ ചാടിപുറപ്പെടണമെങ്കില്‍ ഇന്നലെ ആ സ്വപ്നത്തില്‍ അവളെ കൂടെ കണ്ടിരുന്നിരിക്കണം.

“”ദീപൂ നോക്കെടാ,അവള്‍”.ഇവളാണ്‌ എന്നെ ഇവിടേക്ക്‌ വിളിച്ചത്‌”ഞാന്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ഭാവമായിരുന്നു അവണ്റ്റെ മുഖത്ത്‌, പുഴയില്‍ ബലിയിട്ട്‌ മുങ്ങിനിവരുന്ന ആ പെണ്‍കുട്ടിയെ ചൂണ്ടികാണിക്കുമ്പോള്‍.

“ഇന്ന് ഞാന്‍ അവളെ പരിചയപെടും , ഇനി കാണാതിരിക്കാന്‍ എനിക്ക്‌ വയ്യ. “

അവളും അവളോടൊപ്പമുള്ളവരുo  കല്‍പടവുകള്‍ കയറിവന്നത്‌ ഞങ്ങളുടെ അടുത്തേക്കയിരുന്നു.

അവണ്റ്റെ വിശ്വാസം ശരിയായിരുന്നു,ഈ ലോകത്ത്‌ ഒരാള്‍ക്ക്‌, ഒരുപെണ്‍കുട്ടി ജനിച്ചിട്ടുണ്ട്‌.അവളെ കണ്ടെത്താന്‍ കഴിഞ്ഞാല്‍,അതാണ്‌ ജീവിതത്തിലെ ഏവും വലിയ ഭാഗ്യം.ഇന്നാണ്‌ അവണ്റ്റെ ജീവിതത്തിലെ ആ ദിനം.ഞാന്‍ മനസ്സിലോര്‍ത്തൂ.

അവന്‍ അവളോടൊന്ന്‌ ചിരിച്ചു.പക്ഷെ അവള്‍ അത്‌ കണ്ടില്ല . അവരുടെ കൂട്ടത്തിലെ ഒര്‌ സ്ത്രീ മാത്രമാണ്‌ ഞങ്ങളെ ശ്രദ്ധിച്ചത്‌.

“കുട്ടിയെ പരിചയമുണ്ടോ”?

“ഉം , എവിടെയോ വെച്ച്‌ കണ്ടിട്ടുണ്ട്‌.”

“അത്‌ ഇവളെതന്നെ ആയികൊള്ളണം എന്നില്ല,ഇവളുടെ ചേച്ചി ഗ്രീഷ്മയും ഇവളുടെ അതേ പോലെയാണ്‌. കണ്ടാല്‍ ഒരു വ്യത്യാസവും ഇല്ല”.

“ഗ്രീഷ്മ ……. എവിടെ?”

അവര്‍ ഒന്നൂം പറഞ്ഞില്ല.

ഞങ്ങള്‍ അവളുടെ മുഖത്തേക്ക്‌ നോക്കി. നിറഞ്ഞ മിഴികളോടെ ആ കുട്ടി പുഴയില്‍ ഒഴുക്കിയ ആ പിണ്ടത്തിലേക്ക്‌ നോക്കി നില്‍ക്കുകയായിരുന്നു.

“ഇന്ന്‌ ,സഞ്ചയനമാണ്‌ . ചേച്ചിയുടെ ആത്മാവാണ്‌ ആ പോകുന്നത്‌”

അവള്‍ കരഞ്ഞുകൊണ്ട്‌ ഓടി. കാര്‍ത്തികിണ്റ്റെ കണ്ണുകളില്‍ നനവ്‌ പടരുന്നത്‌ ഞാന്‍ കണ്ടു.

നീണ്ട മൌനത്തിന്‌ ശേഷം അവന്‍ എന്നോട്‌ ചോദിച്ചു

“ഞാന്‍ കണ്ടത്‌,പ്രണയിച്ചിരുന്നത്‌ ആരെയായിരുന്നു, ഗ്രീഷമയെയോ അതോ നമ്മള്‍ കണ്ട ഈ കുട്ടിയെയോ?”.

“നീ പ്രണയിച്ചത്‌ ഇവളെയായാണ്‌” ഞാന്‍ ഉത്തരം പറഞ്ഞു.

അവന്‍ എന്നോട്‌ ‘എങ്ങനെ മനസ്സിലായി’ എന്ന്‌ ചോദിക്കുമെന്ന്‌ ഞാന്‍ കരുതി ,എന്തോ അതുണ്ടായില്ല.അവന്‌ എന്നെ വിശ്വാസമായിരുന്നു.

“ഈ വേര്‍പാടിണ്റ്റെ വേദന മറക്കാന്‍ നിണ്റ്റെ സാമിപ്യം ഇവള്‍ക്ക്‌ അനിവാര്യമാണ്‌. ആതാണ്‌ നിന്നെ ഇന്ന്‌ തന്നെ ഒരു സ്വപ്നത്തിലൂടെ ഇവിടേക്കെത്തിച്ചത്‌. ഈ ഒരവസ്‌ഥയില്‍ അഡ്രസ്സ്‌ ചോദിക്കാന്‍ പറ്റില്ല,നീ പോയി വണ്ടിയുടെ നംബര്‍ എഴുതി വാ,ബാക്കി പിന്നെ നോക്കാം”

നേരത്തെ വന്ന കണ്ണീര്‍ മാഞ്ഞിരിക്കുന്നു ,അവണ്റ്റെ മുഖത്ത്‌. അവന്‍ അവിടേക്ക്‌ നടന്നു,ഒരു ചിരിയോടെ.

അതെ ആ ചിരിക്ക്‌ വേണ്ടിയാണ്‌ ഞാന്‍ ആ സത്യം മറച്ചത്‌.അവനോട്‌ ആ വാക്കുകള്‍ പറയുമ്പോഴും,ഈ നിമിഷവും, ചേച്ചിയെ യാത്രയാക്കി നടന്ന്പോകുന്ന ആ കുട്ടിയെയല്ല ഞാന്‍ നോക്കിയത്‌, ദൂരൈയ്‌ ക്കൊഴുകിമറയുന്ന ആ പിണ്ടത്തെയാണ്‌.വേറെ ഏതോലോകത്തേക്ക്‌ പോകുന്ന ആ ആത്മാവ്‌ അവനെ അവസാനമായൊന്ന്‌ കാണാന്‍ വിളിച്ചതാവും, ഒരു സ്വപനത്തിണ്റ്റെ രൂപത്തില്‍. അതാണ്‌ ആ സ്വപ്നത്തിണ്റ്റെ അര്‍തം.

ഇപ്പോള്‍ എണ്റ്റെ മനസ്സാണ്‌ വിങ്ങുന്നത്‌.

ആ ആത്മാവിണ്റ്റെ , എണ്റ്റെ കാര്‍ത്തികിണ്റ്റെ നഷ്ടപെട്ട നിശബ്ദ പ്രണയത്തെക്കുറിച്ചോര്‍ത്ത്‌.

ഞാന്‍ നിളയിലേക്കിറങ്ങി , ആ ആത്മാവിനോടായി പറഞ്ഞു “എനിക്ക്‌ അവനെ വേദനിപ്പിക്കാന്‍ വയ്യ, നിന്നെയാണ്‌ അവന്‍ പ്രണയിച്ചിരുന്നതെന്ന്‌ അവന്‍ ഒരിക്കലും അറിയുകയുമില്ല.മാപ്പ്‌”

ഞാന്‍ തിരിഞ്ഞു നടക്കവെ, എണ്റ്റെ അരികിലെത്തുവാന്‍ വേണ്ടി മാത്രം ,നിളയിലൂടെ ഒര്‌ കാറ്റ് വന്നു. അതില്‍ , ആ ആത്മാവിണ്റ്റെ ശബ്ദം ഞാന്‍ കേട്ടു, ഞാന്‍ മാത്രം.

“നന്ദി”


ഒരു പ്രണയത്തിന്‍റെ പിന്‍വിളി

നിശബ്ദമായ ഒരോര്‍മ്മപെടുത്തലായിരുന്നു ഈ ശിവരാത്രിയും, എനിക്ക്‌.സ്വാതിയെക്കുറിച്ച്‌,മൂന്ന്‌ വര്‍ഷം നീണ്ട പ്രണയത്തെക്കുറിച്ച്‌,അതിന്‍റെ വേദനയെക്കുറിച്ച്‌…….

സ്വാതി! രണ്ടായിരത്തിനാല്‌ മൈയ്‌ 20ന്‌ കണ്ടതുമുതല്‍ ഞാന്‍ പ്രണയിക്കാന്‍ തുടങ്ങിയ പെണ്‍കുട്ടി.പിന്നീട്‌ മൂന്ന്‌ വര്‍ഷം നീണ്ട മൌനാനുരാഗത്തിന്‌ ശേഷം, രണ്ടായിരത്തിയേഴ്‌ ഫെബ്രവരി പതിനാറിന്‌ ,ഇതുപോലൊരു ശിവരാത്രി ദിവസം ഞാന്‍ അവളോട്‌ എന്‍റെ പ്രണയം വെളിപെടുത്തി.

അന്ന്,”ഇഷ്ടമല്ല” എന്ന ഒരൊറ്റ വാക്കിന്‌ ഇത്രയേറെ ദുഃഖം നല്‍കാനാവുമെന്ന്‌ ഞാനറിഞ്ഞു.

അതിനുശേഷം അവളില്ലാതെ ,അവളെകാണാതെ, കടന്നുപോയ മൂന്നുവര്‍ഷങ്ങള്‍ക്ക്ശേഷം, പ്രണയം നാന്ദികുറിച്ച ,വെളിപെടുത്തിയ ,അവസാനിച്ച അതേ സ്ഥലത്താണ്‌ ഞാന്‍ തിരികെവന്ന്‌ നില്‍ക്കുന്നത്‌.

എന്‍റെ പ്രണയം നിലച്ച അതെ ആല്‍മരച്ചോട്ടില്‍ ഞാന്‍ നിന്നു,ക്ഷേത്രത്തിലെ തിരക്കുകള്‍ക്കിടയില്‍ ഞാന്‍ തിരഞ്ഞത്‌ സ്വാതിയെയായിരുന്നു…..കൊഴിഞ്ഞുപോയ പ്രണയകാലത്തെ എന്‍റെ നായികയെ….
ഞാന്‍ പ്രാര്‍തിച്ചത്‌ ഒന്ന്‌ മാത്രമായിരുന്നു.
“സ്വാതിയെ ഒന്ന്‌ കാണിച്ചുതരണേ”.

എന്നെ കൊതിപ്പിച്ച അവളുടെ കണ്ണുകളിലെ തിളക്കം അസ്തമിച്ചിട്ടില്ല,ചുണ്ടുകളിലെ വശ്യത കൂടിയിട്ടേയുള്ളൂ,എന്നെ ഭ്രമിപ്പിച്ച ആ ചിരി അവള്‍ കരുതിവെച്ചിട്ടുണ്ടായിരുന്നു.

അവള്‍ എന്നെ കണ്ടിരിക്കുന്നു .

കാണണം എന്ന്‌ മാത്രമേ ഞാനു൦ കൊതിച്ചിരുന്നുള്ളൂ,സത്യം. പക്ഷെ, അവള്‍ എന്‍റെ അരികിലേക്ക്‌ വരുമെന്ന്‌ ഞാന്‍ കരുതിയില്ല.

ഒരു ചിരി ഞാന്‍ അവള്‍ക്ക്‌ നല്‍കാന്‍ കരുതിവെച്ചിട്ടുണ്ടായിരുന്നു,സമ്മാനിക്കാതിരിക്കാന്‍ തോന്നിയില്ല.

മൂന്നുവര്‍ഷത്തെ നിശബ്ദത അവള്‍ തന്നെയാണ് ഭേദിച്ചത്.
“ദീപു ,അതിനുശേഷം നിന്നെക്കുറിച്ചോര്‍ക്കാത്ത ദിവസങ്ങളുണ്ടായിട്ടില്ല എന്‍റെ ജീവിതത്തില്‍.അന്ന്‌ നിന്‍റെ മനസ്സ്‌ നീറിയതെങ്ങനെയാണെന്ന്‌ ,കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി ഓരോ നിമിഷവും ഞാന്‍ അറിയുകയായിരുന്നു.
ദീപു, നിന്‍റെ പ്രണയത്തിന്‌ അന്ന്‌ ഞാന്‍ നല്‍കിയ മറുപടി തെറ്റായിരുന്നു,
എനിക്കിഷ്ടമാണ്‌ നിന്നെ.”

ഈയൊരൊറ്റ വാക്കിനായിരുന്നു അക്കാലത്ത്‌ ഞാന്‍ ഏറെ കൊതിച്ചിരുന്നത്‌.പക്ഷെ വര്‍ഷങ്ങള്‍ക്ക്‌ ശേഷമുള്ള ഈ വാക്കുകള്‍!…….

അവള്‍ പണ്ട് ഒരറ്റവാക്കിലായിരുന്നു എനിക്ക് മറുപടി തന്നത്, പക്ഷെ എനിക്കൊരുപാട് വാക്കുകള്‍ വേണ്ടിവന്നു .
“നിന്നെ പ്രണയിക്കാന്‍ വേണ്ടി മാത്രം ഞാന്‍ തുടങ്ങിയ എന്‍റെ ദിനങ്ങള്‍,നിന്നെ ഹൃദയത്തോട്‌ ചേര്‍ത്തുവെച്ച്‌ ഉറങ്ങാതെ വെളുപ്പിച്ച രാത്രികള്‍,നിന്നെക്കുറിച്ചെഴുതിയ വരികള്‍,വരച്ചുവെച്ച സ്വപ്നങ്ങള്‍, ഒന്നും ഞാന്‍ എന്‍റെ ഓര്‍മ്മകളില്‍ നിന്ന്‌ മായ്ച്ചിട്ടില്ല,പക്ഷെ നിന്നെ മറന്നു കഴിഞ്ഞ ഒരു മനസ്സിനോടാണ്‌ നീയിതുപറയുന്നത്‌.
വൈകിപോയി സ്വാതീ………… നമ്മള്‍ പരസ്പരം പ്രണയിച്ചു,പക്ഷെ ഒരൊ നിമിഷം പോലും , നമ്മളിലൊരാള്‍ പ്രണയിക്കുമ്പോള്‍ മറ്റരാള്‍ക്ക്‌ തിരിച്ച്‌ പ്രണയിക്കാനുള്ള ഭാഗ്യം വിധി എഴുതിവെച്ചിട്ടില്ല.എന്നോട്‌ ക്ഷമിക്കണം”.

“പ്രതികാരമാണോ ?”ആ നെഞ്ചു വിങ്ങുന്നത് ഞാന്‍ അറിഞ്ഞു.

“നീ തിരിച്ചറിയാതെ പോയ എന്‍റെ പ്രണയം തന്നെയാണ് നിന്നോടുള്ള എന്‍റെ പ്രതികാരം”

ഞാന്‍ തിരിഞ്ഞു നടക്കുമ്പോള്‍ അവള്‍ കരയുന്നതെനിക്ക്‌ കേള്‍ക്കാമായിരുന്നു.


അവള്‍

(കോളേജിലെ മലയാളം കഥാരചന മത്സരത്തില്‍ ഒന്നാം സ്‌ഥാനം നേടിയ എണ്റ്റെ കഥ)

എന്തുകൊണ്ട്‌ ഞാന്‍? എന്ന ചിന്ത ഒരിക്കല്‍ പോലും നമ്മുടെ ഉള്ളില്‍ മുളച്ചിട്ടില്ല. എന്തുകൊണ്ട്‌ അവള്‍, അല്ലെങ്കില്‍ അവന്‍ ?എന്ന്‌ ചിന്തിക്കാന്‍ നമുക്ക്‌ വളരെ ഇഷ്ടമാണുതാനും. എന്തുകൊണ്ട്‌ അതിനുമപ്പുറത്തേക്ക്‌ ,നമ്മെക്കുറിച്ചു തന്നെ വിലയിരുത്താന്‍ ഒരാളും ധൈര്യപെടുന്നില്ല,ഇത്രയേ ഉള്ളു നമ്മുടെ ആത്മധൈര്യം?”

ആദ്യമായി അവളെ കണ്ടപ്പോള്‍ ഈ വാക്കുകള്‍ കേട്ടപ്പോള്‍,ഞാന്‍ അത്ഭുതം കൂറി,എങ്ങനെ ഒരു പെണ്‍കുട്ടി ഇത്ര വ്യത്യസ്തമായി ചിന്തിക്കുന്നുവെന്ന്‌. പക്ഷെ , അടുത്തറിഞ്ഞപ്പോള്‍ എണ്റ്റെ ആശ്ചര്യത്തിണ്റ്റെ മുഖപടം അലിഞ്ഞില്ലാതാവുകയായിരുന്നു.

അവളങ്ങനെയായിരുന്നു,അതുപോലെതന്നെയായിരുന്നു അവളുടെ ഒരോ വാക്കുകളും,നമുക്കൊരിക്കലും പിടിതരില്ല.

എന്തോ, മറ്റുള്ളവരെ പോലെ ആ വാക്കുകളില്‍ നിന്ന്‌ ഒഴിഞ്ഞുമാറാന്‍ എനിക്ക്‌ തോന്നിയില്ല .

“ഒരൊറ്റ സ്നാപ്പിലൊതുങ്ങുന്ന ജീവിതമായിരുന്നെങ്കില്‍ എന്ത്‌ രസമാവുമായിരുന്നു. ഒരു സ്വപ്നത്തിണ്റ്റെ ദൈര്‍ഘൃം മാത്രമുള്ള ജീവിതം,അതൊരു സ്വപ്നം തന്നെയാ,ഇത്രേം നീളമുള്ള ജീവിതം ഒരിക്കലെങ്കിലും മടുക്കാത്തവരായി ആരുമുണ്ടാവില്ല”.

ആ വാക്കുകള്‍ ഒരു തുടക്കമായിരുന്നു,എണ്റ്റെ മനസ്സ്‌ ചിന്തിക്കുന്നത്‌ അവള്‍ക്ക്‌ വാക്കുകളായി കോറിയിടാന്‍ സാധിക്കുമായിരുന്നു.എണ്റ്റെ ചിന്തകള്‍ക്കധീതമായ അവളുടെ വാക്കുകളേക്കാള്‍ ,എന്നെ അവളിലേക്കടുപ്പിച്ചത്‌ ,എണ്റ്റെ മനസ്സിനോടൊത്ത്‌ സഞ്ചരിക്കുന്ന അവളെയായിരുന്നു.

“ഓരോ ജീവിതത്തിനും ഒരുപാട്‌ സ്വപ്നങ്ങളുണ്ടാവും,

ഓരോ സ്വപ്നത്തിനും ഒരുപാട്‌ അര്‍ഥങ്ങളും

പക്ഷെ ,നമ്മള്‍ ഒരൊറ്റ നിര്‍വ്വചനത്തിലൊതുക്കും ,

അതാണ്‌ നമ്മുടെ ഏവും വലിയ തെറ്റ്”.

ആ ഒരു നിര്‍വ്വചനത്തിനതീധമായി പലപ്പോഴും ഞാന്‍ ചിന്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌,പക്ഷെ കഴിയുന്നില്ല.’മനുഷ്യസഹജമാണെന്ന’ വിലയിരുത്തലായിരുന്നു പിന്നീട്‌.

“ഏകാന്തത,ഒരു സത്യമാണ്‌.ആര്‍ക്കും അതിനെതിരെ മുഖം  തിരിച്ച്‌ നിലക്കാനാവില്ല.കാരണം,നിദ്ര എന്നത്‌ എല്ലാവരും ഇഷ്ട്പെടുന്ന ഒരു ഏകാന്തതയാണ്‌.എല്ലാം മറന്ന് ,നിദ്രയുടെ ലോകത്തേക്ക്‌  കണ്ണടച്ച്  നടന്നടുക്കുമ്പോള്‍,നാം ഏകനാണ്‌.ആരും ഇഷ്ടപെട്ട്പോകും”.

ഉറക്കം എന്നെ പിടികൂടുന്നതിന്‌ തൊട്ടുമുന്‍പായിരിക്കും, ഞാന്‍ ഏവും ഇഷ്ടപെടുന്ന ആ ശബ്ദം എണ്റ്റെ കാതുകളില്‍ വന്നലയ്‌ക്കുക.എന്നിട്ട്‌ ഇത്പോലൊരു മുഖവരയോടെ,ഏകാന്തതയുടെ ലോകത്തേക്ക്‌ എന്നെ പറഞ്ഞയക്കാതെ അവള്‍ പിടിച്ച്നിര്‍ത്തും.ഞാന്‍ ചിന്തിച്ചിട്ടുണ്ട്‌ ,പലതവണ ,എങ്ങനെ അവള്‍ നിദ്രയെ ഇത്ര വിദ്ഗ്ദമായി കബളിപ്പിച്ച്‌ എണ്റ്റെ അരികിലെത്തുന്നുവെന്ന്‍.പക്ഷെ അവളുടെ ഓരോ ചലനങ്ങളിലും ഒളിച്ചിരിക്കുന്ന നിഗൂഡതകളുടെ കൂട്ടത്തിലേക്ക്‌ ഒന്നുകൂടി.അത്ര മാത്രം.

“ദീപു,നമ്മുടെ ആത്മാവിന്‌ പുറത്തിറങ്ങാന്‍ സാധിക്കുമെങ്കില്‍, എണ്റ്റെ ആത്മാവ്‌ ആദ്യം വരുന്നത്‌ നിണ്റ്റെയടുത്തേക്കാവും, ഞാന്‍ പറയാന്‍ ബാക്കിവെച്ച കാര്യങ്ങള്‍ പറയാന്‍”.

ഈ വാക്കുകള്‍, മുമ്പെങ്ങോ കേട്ടുമറന്നതു പോലെ.പക്ഷെ എപ്പോള്‍?എവിടെ നിന്ന്?ഓര്‍മിക്കാനാവുന്നില്ല.അതെയെന്ന് തലയാട്ടി ഞാന്‍ വീണ്ടും ആലോചിച്ചു.

“നീ അവളെ ഇത്രക്ക്‌ സ്നേഹിക്കുന്നുണ്ടെങ്കില്‍,എന്താ അവളോട്‌ പറയാത്തത്‌?”. എണ്റ്റെ അമ്മയുടെ ചോദ്യം.

എവിടെയാണെങ്കിലും എനിക്കുനേരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക്‌ ഒരുപാടൊരുപാട്‌ പറയുകയും ,എഴുതിക്കുട്ടുകയും ചെയ്യുന്ന എണ്റ്റെ ഭാവനസമ്പുഷ്ടിയെയും, വാക്ചാരുത്യയെയും വാഴ്ത്തുന്ന എണ്റ്റെ കൂട്ടുകാര്‍ അറിഞ്ഞിട്ടുണ്ടാവില്ല.ജീവിതത്തിലാദ്യമായി ആ ചോദ്യത്തിനുമുന്നില്‍ നിന്നും വാക്കുകളില്ലാതെ ഞാന്‍ ഒഴിഞ്ഞുമാറി.

‘എന്തുകൊണ്ട്‌ അവള്‍’?,അതായിരുന്നു പിന്നെ എന്നില്‍ മുളച്ച ചോദ്യം.ഏകാന്തതയെ താലോലിക്കുന്ന എണ്റ്റെ മനസ്സില്‍ അവള്‍ നിറഞ്ഞുനിന്ന് ഏകാന്തസ്വപ്നത്തിന്‌ പുതിയ ഭാവം രചിച്ചുകൊണ്ടേയിരുന്നു.”

പറയണം,എണ്റ്റെ മനസ്സ്‌ മന്ത്രിച്ചു,ഞാന്‍ തീര്‍ച്ചപെടുത്തി.

“എന്നിലെ എന്നെ ,കണ്ടു ഞാന്‍ നിന്നില്‍”,എന്ന ഗാനം ഞാന്‍ അവളുടെ കാതില്‍ മെല്ലെ മന്ത്രിച്ചു.

അവളുടെ ചുണ്ടില്‍ നാണം വന്നെത്തിയില്ല,നീലകടകണ്ണുകള്‍ വിടര്‍ന്നില്ല,കാല്‍ വിരലുകള്‍ നിലത്ത്‌ വൃത്തം വരയ്‌ ക്കാനൊരുമ്പെട്ടില്ല.എങ്കിലും നുണക്കുഴികള്‍ വിടര്‍ന്ന അവളുടെ മനോഹര മന്ദഹാസത്തിനിടക്ക്‌ ,മനസ്സ്‌ ഒരുവേള ചിന്തയിലാണ്ടു പോകുന്നത്‌ ഞാന്‍ കണ്ടു.ആ ഒരു മന്ദഹാസത്തിന്‌ .ഏതൊരു ആണ്‍ക്കുട്ടിയും കൊടുക്കുന്ന ഒരര്‍ഥം,എണ്റ്റെ ഹൃദയവും കൊടുത്തേനെ.പക്ഷെ മുന്നില്‍ നില്‍ക്കുന്നത് അവളാണ്‌.ഹൃദയം അതിണ്റ്റെ വാതായനങ്ങള്‍ തുറക്കാന്‍ പോയില്ല.

അര്‍ബുദം എന്ന മഹാമാരിക്ക്‌ ഇത്രയും വേദനയുണ്ടെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല.വാസതവത്തില്‍ പ്രിയപെട്ടവരില്‍ നിന്ന് അകലും എന്ന ഉറപ്പാണ്‌ അര്‍ബുദത്തിണ്റ്റെ ഏവും വലിയ വേദന”.വിറയ്ക്കുന്ന എണ്റ്റെ കൈ നെഞ്ചോട്‌ ചേര്‍ത്ത്‌ അവള്‍ പറഞ്ഞു നിര്‍ത്തി.

എണ്റ്റെ പ്രണയത്തിനൂള്ള അവളുടെ ഉത്തരം ആ വാക്കുകളിലുണ്ടായിരുന്നു.മനസ്സ്‌ വിങ്ങിപൊട്ടുകയായിരുന്നു.എണ്റ്റെ കണ്ണുകളിലെത്തിയ കണ്ണീരിന്‌ അവളുടെ ചുണ്ടിലെ മന്ദഹാസം കണ്ട്‌ പുറത്തേക്കൊഴുകാന്‍ തോന്നിയില്ല.

“കോടികണക്കിന്‌ മനുഷ്യര്‍ ഉള്ള ഈ ലോകത്ത്‌ ,എണ്റ്റെ മനസ്സ്‌ പറയുന്നത്‌ കേള്‍ക്കാന്‍ ഞാന്‍ മാത്രമല്ലെ ഉള്ളൂ.മനസ്സ്‌ ജീവിതം മതിയാക്കാന്‍ പറഞ്ഞു,ഞാന്‍ ചെയ്തു”. അവള്‍ എനിക്കു സമ്മാനിച്ച അവസാനത്തെ വാക്കുകള്‍.

അവളുടെ കൈതണ്ടയിലെ രക്തത്തിണ്റ്റെ ഒഴുക്ക്‌ നിലച്ചിരിക്കുന്നു.മരവിച്ച മുഖത്ത്‌ അവളുടെ മന്ദഹാസം മായാതെ കിടപ്പുണ്ടായിരുന്നു. എന്നെ സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിച്ച,പിന്നീട്‌ സ്വപ്നത്തിണ്റ്റെ മാധുര്യത്തേക്കാള്‍ എത്രെയോ കയ്പ്പാണ് കണ്ണീരിനെന്ന് എന്നെ പഠിപ്പിച്ച അതേ മന്ദഹാസം!

ഇപ്പോഴും ,രാത്രികളില്‍ കാറ്റിന്‌ എണ്റ്റെ അരികിലെത്തുമ്പോള്‍ അവളുടെ ഭാവം കൈവരുo.മഴയേല്‍ക്കുന്ന ഇലത്തുമ്പ്‌ എനിക്ക്‌ സമ്മാനിക്കൂന്നത്‌ അവളുടെ ചിരിയാണ്‌,നിലാവ്‌ പെയ്തിറങ്ങുമ്പോള്‍ പൂക്കള്‍ക്ക്‌ അവളുടെ മണമാണ്‌.കണ്ണടച്ചാല്‍ ,അവള്‍ എന്നോട്‌ പറയാന്‍ ബാക്കിവെച്ചതെല്ലാമാണ്‌ സ്വപ്നങ്ങളായി എണ്റ്റെ മുന്നിലെത്തുന്നത്‌.

അതെ,അവള്‍ ജീവിക്കുന്നു,എന്നിലെ ഞാനായി, എണ്റ്റെ ഉള്ളില്‍…..


ബ്ളോഗ്‌

“സ്വപ്നങ്ങളുടെ കുത്തൊഴുക്കില്‍ എണ്റ്റെ ഓര്‍മ്മകള്‍ ഒലിച്ചുപോയപ്പോള്‍,

ആ ഓര്‍മകള്‍ സ്വപ്നങ്ങളായി,

എണ്റ്റെ സ്വപ്നങ്ങള്‍ ഓര്‍മകളും”.

ബ്ളോഗ്ഗില്‍ പോസ്റ്റ്‌ ചെയ്യാനുള്ള പുതിയ ‘ഭ്രാന്തന്‍ ചിന്ത’ ,വരമൊഴിയില്‍ ടെപ്പ്‌ ചെയ്ത്‌ തീരാറാവുമ്പോഴാണ്‌ ഒരു മെയില്‍ വന്നത്‌ ,ബ്ളോഗ്ഗിലേക്ക്‌ ഉള്ള പുതിയ കമണ്റ്റ്‌.

‘അവള്‍’ കമണ്റ്റിണ്റ്റെ കാര്യത്തില്‍ ദരിദ്രയാണ്‌.അതുകൊണ്ട്‌ ,അപ്രൂവ്‌ ചെയ്തിട്ടാണ്‌ വായിച്ച്‌ നോക്കിയത്‌.

“ഭ്രാന്താണല്ലേ?”

എണ്റ്റെ ബ്ളോഗ്‌ വായിച്ചവരുടെ കൂട്ടത്തില്‍ ആദ്യമായി ഒരാള്‍ എന്നെ മനസ്സിലാക്കിയിരിക്കുന്നു.

റിപ്ളെ ചെയ്യാതിരിക്കാന്‍ തോന്നിയ്യില്ല.

“തിരിച്ചറിവില്ലാത്ത നിമിഷങ്ങളില്‍ ,ഇത്തരം ചില ഓര്‍മ്മപെടുത്തലുകള്‍ നല്ലതാണ്‌,നന്ദി”.


നഷ്ടം

നഷ്ടപെടലിണ്റ്റെ വേദനയില്‍ നിന്നാണ്‌ ഞാന്‍ എഴുതിതുടങ്ങിയത്‌.

ഇന്ന്‌, എഴുതികൂട്ടിയ കടലാസുകൂംബാരങ്ങള്‍ക്കിടയില്‍ ഞാന്‍ പരതി,എന്താണ്‌ അന്നെനിക്ക്‌ നഷ്ടപെട്ടത്‌ എന്ന്‌ അറിയാന്‍.

സമയവവും വാക്കുകളും എത്രെയേറെ ചലിച്ചിരിക്കുന്നു  എന്ന് ഇപ്പോഴാണ്‌ തിരിച്ചറിയുന്നത്‌

എഴുതിതീര്‍ന്ന വാക്ക്‌കള്‍ക്ക്‌ മീതെ അതിണ്റ്റെ സ്രഷ്ടാവ്‌ ഓടി നടന്നു, ഉള്ളില്‍ ഒരൊ റ്റ ചോദ്യവുമായി,

“എന്താണ്‌ അന്നെനിക്ക്‌ നഷ്ടപെട്ടത്‌?”

പക്ഷെ ,എനിക്ക്‌ ഉത്തരം കിട്ടിയില്ല.

ഒരൊഴിഞ്ഞ കടലാസ്‌ തപ്പിയെടുത്ത്‌ ഞാന്‍ എഴുതി,”അല്ലെങ്കിലും നഷ്ടപെട്ടത്‌ തിരിച്ച്‌ കിട്ടിയാല്‍  പിന്നെഎന്തെഴുതാന്‍?”.


Follow

Get every new post delivered to your Inbox.

Join 301 other followers