ഇനി നീയൊരു ചിരിയായി മാറിയിരുന്നെങ്കില്‍,
ഈ നിമിഷം വരെയുള്ള നീയെന്ന ദുഃഖത്തെയും ഞാന്‍ പ്രണയിച്ചിരുന്നേനെ…..
ദുഃഖം
സ്വപ്നം
ആ സ്വപ്നം കാണാന്‍ വേണ്ടിയാണ് ഞാനിന്നുറങ്ങിയത്,
പക്ഷെ അതെ സ്വപ്നം കണ്ടുതന്നെയാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്
കാലന്
ആ കാലൊച്ചകേട്ടാണ് ഞാന്‍ മയങ്ങിയത് . സത്യം.
അയാള്‍ വരുന്നുണ്ടെന്നറിഞ്ഞ് ഞാന്‍ കണ്ണടയ്ക്കുകയായിരുന്നു അങ്ങനെ ഒരു ഭാഗ്യമുണ്ടെനിക്ക്,അരികില്‍ ഇരുട്ടുനിറഞ്ഞാല്‍ ഒന്നു കണ്ണടച്ചാല്‍ മാത്രം മതി എനിക്കുറങ്ങാന്‍.
അതുകൊണ്ടുതന്നെ ആ കാലൊച്ചകള്‍ എനിക്കരികിലെത്തും മുന്‍പേ ഞാന്‍ ഉറങ്ങികഴിഞ്ഞിരുന്നു.
“വിഡ്ഡിയാണ് നീ ,എന്നെ , ഈ കാലനുവേണ്ടി എന്നെന്നേക്കുമായി ഉറങ്ങാന്‍ മാത്രം വിധി നിന്നോട് കരുണ കാട്ടിയിട്ടില്ല”.
ജീവിതത്തിലാദ്യമായി ഉറക്കം പാതിവഴിക്കുപേക്ഷിച്ച് ഞാന്‍ കണ്ണുതുറന്നിരിക്കുന്നു!
ആശ്ചര്യമായിരുന്ന ആദ്യം,എങ്ങനെ ഞാന്‍ കണ്ണുതുറന്നെന്ന്?.
പക്ഷെ മനസ്സ്, ആ പ്രതിഭാസത്തിന്റെ പൊരുതേടി പോയില്ല,പകരം, കാലണ്റ്റെ പരിഹാസ വാക്കുകളെയാണ് ചികഞ്ഞെടുത്തത്.
അധികം വൈകാതെ മനസ്സ് മറുചോദ്യം കണ്ടെത്തി,
“പക്ഷെ എനിക്കുറപ്പാണ് ,തെക്കുനിന്നുതന്നെയാണ് നായ ഓളിയിട്ടത്,ആ കാലന് കോഴി എനിക്ക് വേണ്ടി തന്നെയാണ് കൂവിയത്”.
“നീ മറന്നുപോയിരുക്കുന്നു ,മരണം ഇന്നത്തെ മനുഷ്യന്റെ ഭ്രമമല്ല.അവരാരും എന്നെ കാത്തിരിക്കുന്നുമില്ല,ഞാന്‍ വീണ്ടുമാവര്‍ത്തിക്കുന്നു.വിഡ്ഡിയാണ് നീ ,കാലനെ കാത്തിരിക്കുന്ന പമ്പര വിഡ്ഡി”.
കാലൊച്ചകള്‍ അകന്ന് പോയി.
നിശബ്ദത!
എനിക്കുറക്കം വരുന്നില്ല,ഞാന്‍ കാതോര്‍ത്തു. നിശബ്ദത!
കാലന് കോഴിയും ,നായയും ഉറങ്ങിയിരിക്കുന്നു.
നായിക
പുതിയ കഥയെഴുതി തീര്‍ന്നിരിക്കുന്നു . പതിവ് ശൈലി തന്നെ, ഇടയ്ക്കിടക്ക് ഹൈലൈറ്റ് ചെയ്തുകൊണ്ടിരിക്കുന്ന സാങ്കല്പികമായ കുറെ സംഭാക്ഷണങ്ങള്‍, വളരെ പെട്ടന്ന് കടന്നു വരുന്ന പാരഗ്രാഫുകള്‍ , അവസാനം ഞാന്‍ തന്നെ നിഷ്കരുണം കൊലപെടുത്തുന്ന അതിലെ നായികയും .ഞാന്‍ ഒരു സാഡിസ്റ്റ് ആണെന്ന വിമര്‍ശനം പലകുറി കേട്ടിട്ടും ഞാന്‍ എന്റെ കഥകളെ തിരുത്താത്തതെന്തേ ?
ഇപ്പോള്‍ ഞാന്‍ പരതുകയാണ് , ഒരു പേരിന്, ഈ കഥയില്‍ അകാലത്തില്‍ പൊലിഞ്ഞുപോകുന്ന നായികയ്ക്ക് ചാര്‍ത്താന്‍.ഞാനങ്ങനെയാണ്, കഥയെക്കാള്‍ കൂടുതല്‍ ഞാന്‍ ചിന്തിച്ചിട്ടുണ്ടാവുക കഥാപാത്രങ്ങളുടെ പേരിനു വേണ്ടിയായിരിക്കും. ചിലപ്പോള്‍ പേര് കിട്ടിയില്ലെങ്കില്‍ ഞാന്‍ തന്നെ എന്നെ പ്രതിഷ്ട്ടിക്കും , നായകനായി. പക്ഷെ നായികയാണ് ഇപ്പോഴത്തെ പ്രശ്നം. അവളെ ഞാന്‍ എന്ത് വിളിക്കും ?
ആവര്‍ത്തനവിരസത പേരിലെങ്കിലും ഒഴിവാക്കാന്‍ വേണ്ടി എന്റെ പഴയ നായികമാരുടെ പേരുകള്‍ ഞാന്‍ പരിഗണിച്ചില്ല.
മാതൃഭൂമി ആഴ്ചപതിപ്പിന്റെ താളുകളിലൂടെ കണ്ണുകള്‍ ഓട്ടപ്രദിക്ഷണം നടത്തികഴിഞ്ഞു .ഇല്ല , കണ്ണുകളുടക്കുന്ന ഒരു പേരിനും മനസ്സ് സമ്മതം മൂളുന്നില്ല.’എന്താ ഇവര്‍ ഇന്ന് സൌന്ദര്യ പിണക്കത്തിലാണോ’?
കണ്ണടച്ചുകൊണ്ട് ഇരുട്ടിലേക്ക് മനസിനെ മുങ്ങാം കുഴിയിട്ട് പോവാന്‍ സ്വതന്ത്രമാക്കി , പേന കൊണ്ട് കടലാസ്സിനെ തൊടാതെ വായുവില്‍ പല പേരുകളും വരച്ചുകൊണ്ടിരുന്നു. ഈ ഒരു നിമിഷം എന്റെ ഉള്ളില്‍ ഒരു പേര് തെളിയേണ്ടതാണ്, പക്ഷെ ഇന്നെന്താ ഇങ്ങനെ? മനസ്സ് മൌന വ്രതത്തിലണ് . എന്റെ പുതിയ കഥയാണ് നിര്‍ജീവമായിരിക്കുന്നത് , അതും നിസ്സാരമായൊരു പേരിനു വേണ്ടി!
എഴുതിയ വലത്തേ കൈയ്യുകൊണ്ട് തന്നെ ഞാന്‍ ആ കഥയെ ചുരുട്ടി….അത് ഉരുണ്ട് ചെറുതായിട്ടും ഞാന്‍ എന്താ ബലം പരീക്ഷിച്ചു കൊണ്ടിരിന്നു . എന്റെ ഭാവന സഞ്ചരിച്ചു ജന്മം നല്കിയ, ചിന്തകള്‍ വിന്യസിച്ച ഒരായിരം വാക്കുകളാണ് അതേ സ്രഷ്ട്ടവിന്റെ കയ്യിലിരുന്നു വീര്‍പ്പുമുട്ടുന്നത്. പിന്നെ പറന്നു , മുറിയുടെ ഒരു മൂലയിലേക്ക് .ഞാന്‍ ജന്മം നല്കിയ ഒരുത്തിക്ക് , എന്റെ കഥയിലെ നായികയ്ക്ക് , എന്നോട് പേര് വെളിപ്പെടുത്താന്‍ മടിയാണെങ്കില്‍ എനിക്കവളെയും വേണ്ട.
ഉറക്കമെന്ന മരണസമാനമായ നിമിഷങ്ങളിലെപ്പോഴോ ഒരു സ്ത്രീ ശബ്ദം എന്റെ കാതില്‍ മന്ത്രിച്ചു .
” ശരിയാണ് , നീയാണ് എനിക്ക് ജന്മം നല്‍കിയത് , ഞാന്‍ നിന്റെ നായികയുമായിരിക്കാം , പക്ഷെ നീ എന്റെ കൊലയാളിയാണ് .ആ നിന്നോട് ഞാന്‍ എന്തിനെന്റെ പേര് പറയണം ?”
രാവിലെ കണ്ണു തുറന്നപ്പോള്‍ ആ കടലാസ് കക്ഷണം അവിടെ തന്നെ കിടക്കുന്നുണ്ടായിരുന്നു .ഞാന്‍ എടുത്തുനോക്കി …..എന്തോ , ഇന്നലത്തെ ക്കാള്‍ ഭാരമുണ്ടായിരുന്നു അതിന്. ഞാന്‍ തുറന്നു , പേനയെടുത്ത് ആ നായികയെ പുനരുജ്ജീവിപ്പിച്ചു .അപ്പോള്‍ വീണ്ടും ആ ശബ്ദം കേട്ടു
“എന്റെ ദു:ഖം കണ്ട് സഹതാപം തോന്നിയിട്ടല്ല , എന്റെ പേര് കിട്ടാന്‍ വേണ്ടി, ഈ കഥ മുഴുവനാക്കാന്‍ വേണ്ടിയാണ് നീയിതു ചെയ്തതെന്നെനിക്കറിയാം ”
ഞാന്‍ പേന അടച്ചുവെച്ചു.
പാതിരാത്രിയിലെ പ്രേമം
(മുന്‍കുറിപ്പ് : ഈ കഥ ഉദ്ഭവിച്ച കാലടി , മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത , കാലടി എന്ന കൊച്ചു ഗ്രാമം ആണ് )
ഇത് ബാലുവിന്റെ കഥയാണ് , പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കും …..പ്രണയിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും സ്വന്തം ജീവിതം കൊണ്ട് ബാലു രചിച്ച കഥ .
ഞങ്ങളുടെ നാട്ടില്‍….കാലടിയില്‍ ഈ സംഭവത്തിന്റെ വിശേഷങ്ങള്‍ ഇനിയും പറഞ്ഞു തീര്‍ന്നിട്ടില്ല …..
ഇപ്പൊ പ്രേമം എന്ന് കേള്‍ക്കുമ്പോ ഞങ്ങള്‍ കാലടിക്കാര്‍ക്ക് ബാലുവിന്റെ എലി പുന്നെല്ലു കണ്ട പോലുള്ള മുഖമാണ് മനസ്സില്‍തെളിയുക .
ബാലുവിന്റെ മാത്രമല്ല ,ഒരുപാടു പേരുടെ ജീവിതം മാറ്റിമറിച്ച ആ രാത്രി ഇങ്ങനെ തുടങ്ങുന്നു……
എന്നത്തേയും പോലെ കാലടി ഗ്രാമം നേരത്തെ ഉറങ്ങാന്‍ കിടന്നു. കണ്ടനകം ബിവറെജ് അന്ന് മുടക്കമായതിനാല്‍, രാത്രിയിലെ ഓളിയിടലുകളും , അട്ടഹാസങ്ങളും ഇല്ലാതെ നിശബ്ദമായി, പാതിരാത്രിയിലേക്ക് എല്ലാവരും കണ്ണടച്ചു. പക്ഷെ കണ്ണടച്ചു കിടന്നിട്ടും ഒരു കാലടിക്കാരന് മാത്രം ഉറങ്ങിയിട്ടില്ലായിരുന്നു,’ബാലു’.ഉറക്കം വരരുതേ എന്ന് തുപ്രന്‍ങ്കോട്ടപ്പനോട് പ്രാര്‍ത്ഥിച്ചു കിടക്കുകയായിരുന്നു അവന്.തലമുഴുവന്‍ മൂടിയിരുന്ന കമ്പിളി പുതപ്പു മാറ്റി അവന് മുറിയുടെ വാതില്‍ തുറന്നു.
പുറത്തേക്കിറങ്ങുമ്പോള്‍ ബാലു സമയം നോക്കി …..പന്ത്രണ്ടര , കൃത്യ സമയമാണ് . അച്ഛന് താളാത്മകമായി കൂര്‍ക്കം വലിച്ചു , അന്തം വിട്ടുറങ്ങുകയാണ്. ബാലു ഒരു കാര്യം ശ്രദ്ധിച്ചു , ആ കൂര്‍ക്കം വലി , മീന്കാരന്റെ MITകാലടി സെന്ററിലേക്കുള്ള കേറ്റം വലിക്കുന്നത് പോലുണ്ട് .മഹാ ബോര് ആണ് , സംഗതി തീരെ ഇല്ല . നാളെ രാവിലെ ഉപദേശിക്കാം, ഇന്നിപ്പോ സമയമില്ല .അച്ഛന്റെ കാല്‍തൊട്ടു വന്ദിച്ച് ശബ്ദമുണ്ടാക്കാതെ അവന് വാതില്‍തുറന്ന് പുറത്തേക്കിറങ്ങി .തദവസരത്തില്‍ അവന് ചെറിയൊരു പേടി .”വാതിലടക്കാന്‍ പറ്റില്ല ,ഇനി വല്ല കള്ളന്മാരും കയറുമോ ?, കേറുന്നെങ്ങെ കേറട്ടെ, ഇതിനെക്കാള്‍ വലിയ കര്യമൊന്നുമല്ലല്ലോ അത് .”
താന്‍ പോകുന്നത് ആരും കാണാതിരിക്കാന്‍ വേണ്ടി ബാലു ടോര്‍ച്ച് എടുത്തില്ല .വീടിന്റെ പിന്നാം പുറത്തുകൂടെ അവന് പാടത്തെക്കിറങ്ങി . സെവെന്‍സിന് കളിക്കാര്‍ ഇറങ്ങുന്നത് പോലെ, നിലം തൊട്ടു തലയില്‍ വെച്ച്, വാം അപ്പ് ഒക്കെ ചെയ്താണ് അളിയന് പാടത്തേക്കിറങ്ങിയത്
ഈ അര്‍ദ്ധരാത്രി , ചുള്ളന് പോണത് , നാലുവര്‍ഷമായി അവന് സ്നേഹിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടിലേക്കാണ് .” എന്തിനാ നമ്മുടെ ഈ കഥാനായകന് ഇപ്പൊ അവളുടെ വീട്ടിലേക്ക് പോണ്” എന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം .തോന്നിയാലും തോന്നിയില്ലെങ്കിലും അവന് പോവും . അവന് പോയെ പറ്റൂ , കാരണം നാളെ അവളുടെ കല്യാണമാണ്, അവന്റെ അശ്വതിയുടെ .രണ്ടു പേര്‍ക്കും കൂടി ഒളിച്ചോടാനാണെന്ന് ആരും ദയവായി തെറ്റിദ്ധരിക്കരുത് , കാരണം ബാലു നാലുവര്‍ഷമായി തന്നെ പ്രണയിക്കുന്ന കാര്യം പാവം അശ്വതിക്കറിയില്ല . നായകന് പറഞാലല്ലേ നായികയിതറിയൂ ? അവന് പേടിയായിരുന്നത്രേ ആ പോപുലര്‍ ഡയലോഗു മൊഴിയാന്‍ !!.
പക്ഷെ ഇന്ന് കഥ മാറിട്ടോ, അത് പറയാന്‍ വേണ്ടി മാത്രമാണ് അവനിന്ന് പോകുന്നത് , എല്ലാ ധൈര്യവും സംമ്പരിച്ചുകൊണ്ട് (ഒരു ഭംഗിക്ക് വേണ്ടി പറഞ്ഞതാട്ടോ , കാര്യാക്കണ്ട ).
“കല്യാണ തലേന്ന് ഒരു പെണ്ണിനോട് ഇഷ്ടമാണ് എന്ന് പറയാന്‍ പോവുക” അതെന്തിനാ ? എന്നും നിങ്ങള്‍ക്ക് തോന്നിയേക്കാം.
സത്യം പറയുന്നതുകൊണ്ട് വിഷമം തോന്നരുത് , നമ്മുടെ കഥാനായകന് ഒരു അരവട്ടനാണ്.
പാടത്തെ വെള്ളകെട്ടിലൂടെ ബാലു നടന്നു …..അവന്റെ മനസ്സ് അവളെ കാണാന്‍ വേണ്ടി തുടിക്കുകയായിരുന്നു , നാല് വര്‍ഷം നീണ്ട തന്റെ പ്രണയത്തിനാണ് ഇന്ന് പരിസമാപ്തി കുറിക്കുന്നത് .
കുമാരേട്ടന്റെ പട്ടി നീട്ടികുരച്ചു ….”ഹും , കാമുക ഹൃദയമെന്തെന്നറിയാത്ത പട്ടി”
“നീ അടുത്ത കന്നിമാസത്തിനു മുന്നേ ചവുമെടാ”. ബാലു പ്രാകി.
പട്ടി കാണാതിരിക്കാന്‍ വേണ്ടി അവന് ഓടി .
ദോഷം പറയരുതല്ലോ , നല്ല അടിപൊളി വീഴ്ചയായിരുന്നു .പെടഞ്ഞെണീറ്റു ബാലുചുറ്റും നോക്കി
“ഭാഗ്യം ആരും കണ്ടില്ല….”
വലതുകയ്യില്‍ നിന്ന് ചോര ഒലിക്കുന്നുണ്ടായിരുന്നു
“ഇതിന്റെയൊക്കെ വല്ല കാര്യൂണ്ടാര്‍ന്നോ ?നാല് കൊല്ലം ഉണ്ടായിരുന്നല്ലോ അപ്പൊ പറഞ്ഞ പോരായിരുന്നോ ?
പോട്ടെ , ഇന്ന് വൈകുന്നേരം അമ്മ പോയിരുന്നല്ലോ , അപ്പൊ പറഞ്ഞയച്ചാലും മതിയായിരുന്നു “
ബാലുവിന്റെ ഉള്ളില്‍ നിന്ന് ആരോ പറഞ്ഞു .
“മിണ്ടാതിരിക്കടാ “, ബാലു തന്നെ ആ അജ്ഞാതനെ വിരട്ടി.
ബാലു ഉദ്ദേശിച്ചുറപ്പിച്ചിരുന്നത് ഇതായിരുന്നു (ഓളെ കിട്ടില്ല എന്നറിഞ്ഞപ്പോ ഉണ്ടായ പൂതി എന്നും പറയാം ) .
“കല്യാണ തലേന്ന് രാത്രി ഒരാണ്‍കുട്ടി ജനാലയ്ക്കരികെ വന്ന് ഇഷ്ടമാണെന്നു പറയുംമ്പോഴുണ്ടാവുന്ന അവളുടെ അമ്പരപ്പ് , ലോകത്ത് ഇന്നേവരെ ഒരു പെണ്‍കുട്ടിയും അനുഭവിച്ചിട്ടില്ലാത്ത ഒരു നിസ്സഹായതാവസ്ഥ , കതിര്‍മണ്ഡപത്തില്‍, താലിക്കുവേണ്ടി തലകുനിക്കുംപോഴും അവനെ തന്നെ നോക്കുന്ന കണ്ണുകള്‍ “
അമ്പലകുളത്തില്‍ കുളിക്കുന്നതിനിടെയാണ് അവനീ പൊട്ടത്തരം ഞങ്ങളോട് എഴുന്നള്ളിച്ചത്. അതുകേട്ട ഞങ്ങളാരും വിചാരിച്ചിട്ടുണ്ടായിരുന്നില്ല അവനിതൊക്കെ കാട്ടികൂട്ടും എന്ന്.
ജീവിതതിലാദ്യമായാണ് ബാലു രാത്രി ഒറ്റയ്ക്ക് നടക്കുന്നത് ,ചെറിയൊരു പേടി തോന്നാതിരുന്നില്ല, അതും നടക്കുന്നത് കളത്തില്‍ പറമ്പിലൂടെയാണ്….പ്രേതത്തെ കണ്ടിട്ടുണ്ടെന്ന് ദൈവമില്ലാപാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മുരളിയേട്ടന് വരെ പറഞ്ഞിട്ടുള്ള കളത്തില്‍ പറമ്പിലൂടെ!!
ഒരു കാമുകന് ഇത്തരം സന്ദര്‍ഭത്തില്‍ ധൈര്യം കൈവിടാന്‍ പാടില്ല….അവന് മുന്നോട്ടു തന്നെ നടന്നു …..അല്ലെങ്കിലും പ്രണയം പൂത്തുലഞ്ഞു നില്കുമ്പോള് എന്ത് പേടി?
ചുണ്ടിലൂടെ മലയാള സിനിമയിലെ പ്രണയഗാനങ്ങളെല്ലാം ഒരാട്ടപ്രദിക്ഷണം നടത്തികഴിഞ്ഞു (പേടി തോന്നാതിരിക്കാനാണ് പട്ടു പാടിയത് എന്ന് കുബുദ്ദികള്‍ പറഞ്ഞേക്കും, വിശ്വസിക്കരുത് )
അവളുടെ വീട് എത്താറായി.
“ഒരു പാദസ്വര കിലുക്കം കേള്‍ക്കുന്നു…..വെള്ളിയാഴ്ചയാണ് , നാട്ടപാതിരയ്ക്ക് അതും കളത്തില്‍ പറമ്പിലാണ് നില്‍ക്കുന്നത്”. ഈ ലവ് സ്റ്റോറി യില്‍ ഇങ്ങനെയൊരു ക്ലൈമാക്സ് ഇഷ്ട്ടന് പ്രതീക്ഷിച്ചു കാണില്ല .
അതെ അടുത്തുവരികയാണ്….
“തൃപ്രങ്ങോട്ടപ്പാ…..പ്രേതങ്ങള്‍ക്ക് പ്രണയത്തിലെന്താ സ്ഥാനം” ?
തിരിഞ്ഞു ഓടാനുള്ള ബുദ്ധിപോലും നമ്മുടെ “റിലേ ” പോയ കഥാനായകന് തോന്നിയില്ല
പ്രേതം രണ്ടും കല്‍പ്പിച്ചുള്ള വരവാണ്, അരണ്ട വെളിച്ചത്തില്‍ ബാലു കണ്ടു , സെറ്റുമുണ്ടും മുല്ലപൂവുമണിഞ്ഞ, ബാഗും തൂക്കിയിറങ്ങിയ ‘യക്ഷി’ യെ !!
ഒരലര്‍ച്ച മാത്രമായിരുന്നു പിന്നെ നമ്മുടെ പ്രിയപ്പെട്ട കാമുകന് ബാക്കിവെച്ചത് …..ആകപാടെ കുറച്ചു ബോധം മാത്രം കൈമുതലായുള്ള ബാലു അതും കെട്ടു മലര്‍ന്നടിച്ചുവീണു. ആ അലര്‍ച്ച കേട്ട്,നാളത്തെ സദ്യയും സ്വപ്നം കണ്ടു കിടന്നുറങ്ങിയിരുന്ന ഞങ്ങള്‍ കാലടിക്കാര് മുഴുവനുമെണ്ണീച്ചു
രാവിലെ അവന്റെ കുഞ്ഞു ബോധം തെളിഞ്ഞപ്പോള്‍,ആ ഞെട്ടിക്കുന്ന സത്യം അവന്റെ നെഞ്ചിലേക്ക് ഞാന്‍ ചൂടോടെ കോരി ഒഴിച്ചു
“അത് നിന്റെ കാമുകിയായിരുന്നടാ……അശ്വതി ….
അവള് എടപാളിലെ ഒട്ടോര്‍ഷക്കാരന്‍ മധുന്റെ ഒപ്പം ഒളിച്ചോടാനുള്ള പോക്കായിരുന്നടാ….എന്തായാലും നീ കാരണം എല്ലാരുമറിഞ്ഞു, അവളെ പിടിച്ചു കൊണ്ടുവരികയും ചെയ്തു .
നിന്റെ പ്രേമും , അവരുടെ പ്രേമവും ഇപ്പൊ കാലടിക്കാര് മുഴുവനുമറിഞ്ഞു …
നീറ്റു വാ കല്യാണത്തിന് പോണ്ടേ?…പാലടയല്ല പ്രഥമനാണ് എന്നൊരു ന്യൂസ് കേട്ടു, വാ .
വിഷയമവതിരിപ്പിച്ചത് കുറച്ചു കടന്നു പോയോ എന്തോ?…………അവന് വല്ലാത്തൊരവസ്തയിലാണ്
ഉണ്ടാവാതിരിക്കോ ? അവന്റെ മാത്രമല്ലല്ലോ, മൂന്ന് ഹൃദയങ്ങളുടെ സ്വപ്നങ്ങളല്ലേ ഇന്നലെ നാട്ടപാതിരാക്ക് കല്ലത്തായത് .ടൈലര്‍ ‘കട്ട്പീസ്’ കുട്ടന് , ബ്ലാക്കിനു ടിക്കറ്റെടുത്ത്, വിനയന്റെ അതിശയന്‍ കണ്ടിട്ടിരുന്ന പോലെയാണ് അവന് അട്ടത്തേക്കു നോക്കിയിരിക്കണത്.പാവം .
കരി ദിനം ആഘോഷിക്കാനൊന്നും മിനക്കിടാതെ, ആ വിവാദ വിവാഹം വന്‍ വിജയമാക്കിതീര്‍ക്കാന്‍ ഞങ്ങളെല്ലാരും കുടുംബസമേതം പോയി .ബാലുവിനും ഏതാണ്ട് കല്യാണചെക്കന്റെ അതേ പരിഗണനയാണ് ലഭിച്ചത്.കല്യാണ കമ്മിറ്റിക്കാര് അവനെ സ്നേഹത്തോടെ സല്കരിച്ചു.അശ്വതിയുടെ അച്ഛന് പല്പ്പ്വേട്ടന് കാണിച്ച ആതിഥ്യ മര്യാദയും സ്നേഹവും ഈ അവസരത്തില്‍ ഞാന്‍ എടുത്തുപറയുന്നു .
കേട്ട ന്യൂസ് ശരിയായിരുന്നു. പ്രഥമന്‍ തന്നെയായിരുന്നു പായസം .അതു മത്സരിച്ചുകുടിക്കുംമ്പോഴാണ് മാന്തളിന്റെ ഈ ‘ഏന്‍ഡ് പഞ്ച്’;
“ന്നാലും ഇയ് പറഞ്ഞതെല്ലാം അക്ഷരം പ്രതി ശരിയായല്ലോ ……
കല്യാണതലേന്നത്തെ പ്രണയാഭ്യര്‍ത്ഥന ഓളിലുണ്ടാക്കിയ അമ്പരപ്പ് , ലോകത്ത് ഇന്നേവരെ ഒരു പെണ്‍കുട്ടിയും അനുഭവിച്ചിട്ടില്ലാത്ത നിസ്സഹായാവസ്ഥ , താലിക്കുവേണ്ടി തലനീട്ടുംമ്പോഴും അന്നെത്തന്നെ നോക്കികൊണ്ടിരുന്ന കണ്ണുകള്‍ ….എല്ലാം …..!!
മൌനം
‘അവളുടെ’ ഹൃദ്യമായ ഒരു പുഞ്ചിരിയുണ്ടാവും
എന്നെ വീണ്ടും വാചാലമാക്കുവാന്‍ പോന്ന പുഞ്ചിരി
അതിനാല്‍ എനിക്ക് മൌനമെന്തെന്നറിയില്ല”
ഗൌരി
“സ്വപ്നങ്ങള്‍ ഇന്നവസാനിക്കുകയാണ്, എണ്റ്റെ ജീവിതവും. നാളത്തെ പകല്‍ മുതല്‍ ഗൌരിയില്ല. ഞാന്‍ കണ്ട സ്വപ്നങ്ങള്‍ , എഴുതിതീര്ന്ന വാക്കുകള്‍, പിന് വിളിയാകന്ന ഓര്‍മ്മകള്‍ , എല്ലാം, ഇന്നവസാനിക്കു൦. ഈ തൂതപുഴ യുടെ തീരത്ത് , എന്നോടൊപ്പം അവയെല്ലാം എരിഞ്ഞടങ്ങും .പക്ഷെ ഒന്നുമാത്രം ചിലപ്പാള്‍ അവശേഷിച്ചേക്കാം , ഗൌരി എന്ന പേര്.
അവള് എവിടെയോ വായിച്ചതോര്‍ത്തു.
‘നമ്മുടെ ആയുസ്സ്, നമ്മളുടെ മരണം വരെയുള്ള കാലഘട്ടം മാത്രമല്ല, നമ്മളുടെ ഓര്‍മ്മകള്‍ മനസ്സില്‍ സൂക്ഷിക്കുന്നവരുടെ മരണം വരെകൂടിയുള്ളതാണ്.’
“അങ്ങനെയാണെങ്കില്‍ എത്ര പേര് , ന്നെ ഓര്‍ക്കും…….. ?ഒരുപാടു മുഖങ്ങള്‍ മനസ്സില്‍ തെളിയുന്നുണ്ട്…..പക്ഷെ ഒന്നുറപ്പാട്ടോ, ഋഷി യെന്നെയോര്‍ക്കില്ല.”
“ന്താ അപ്പെ ഇത്? മഴയല്ലെ വരണത്, വാ വീട്ടുപൂവ്വ്വാ””
“‘അപ്പേ’ ന് ണ്റ്റെ വിളിപേരൊന്നല്ലാട്ടോ, അമ്മവീട്ടുകാര്, തിരുവേഗപ്പുറത്തുകാര് , എല്ലാരെം അങ്ങെനെ വിളിക്കാ….ദേഷ്യപെടുമ്പഴുംകൂടി സ്നേഹം നിറഞ്ഞോഴുകുണ്ടാവും.”
“ഞാന്‍ വരാം അമ്മമ്മ നടന്നോളൂ”
“ഒര് സ്വപ്നണ്ടയിരുന്നൂട്ടോ നിക്ക്, ഇവിടുത്തെ ഒരു പുതുമഴ നനയുക എന്ന്, കുട്ടിയായിരിക്കൂമ്പോ നനഞ്ഞതാ. അമ്മ പറഞ്ഞത് കേട്ടിട്ടുണ്ട്, ഒരു പുതുമഴ പെയ്ത രാത്രീലാണ് ഞാന്‍ ജനിച്ചതെന്ന്, ഇന്ന് പുതുമഴപെയ്തൊഴിഞ്ഞ രാത്രിയില്‍ ഞാന്‍ തിരിച്ചുപോവും..”
പുഴയിലേക്കിറങ്ങി നില്ക്കുന്ന അമ്പലപടവുകള്‍ കയറവെ അമ്മമ്മ വീണ്ടും പറഞ്ഞു
“ഇവെടെനിന്ന് പനി പിടിക്കണ്ടാട്ടോ അപ്പേ”
“പനി, എനിക്കെന്നും പേടിയായിരുന്നു.പക്ഷെ ഇന്നത്തെ ദിവസം എന്താപ്പോ പറയാ…. ? മരണം കാത്തുകിടക്കുന്നവള്ക്കെന്ത് പനി!!”
മഴ തിമിര്‍ത്തുപെയ്യുകയാണ്….പുഴയിലെ മണല്‍തരികളെ ഒന്നോഴിയാതെ കുതിര്ത്തുകഴിഞ്ഞു.
“ഇതുപോലൊരു മഴ പെയ്യുമ്പോഴാ, ഋഷി എന്നോട് ആദ്യമായി “ഇഷ്ട്മാണ് ” എന്നെ പറയണത്.പിന്നെ, അതേ വാചകം , ദിവസവും അവനില്‍ നിന്നുതന്നെ ഒരുപാട് തവണ കേട്ടുമടുത്തു, അവസാനം അവന്‍തന്നെ അത് മാറ്റിപറഞ്ഞു , വളരെ നിസ്സാരമായി”
സമയം പത്തുമണി കഴിഞ്ഞിരിക്കൂന്നൂ, പുതുമഴ നനഞ്ഞ മണ്ണിണ്റ്റെ മണം ജനാലയിലൂടെ വരൂന്നൂണ്ടായിരുന്നു.
“പത്ത് മണി, ഞാന്‍ എണ്റ്റെ എല്ലാ കഥകളുമെഴുതിയിരുന്ന സമയാ ഇത്, എന്താന്നറിയില്ല, എണ്റ്റെ ചിന്തകള്‍ വിശാലമാവുന്നതും , വാക്ക്കള് ഒഴുകിയെത്തുന്നതും , ഈ സമയത്താ, അതോണെന്നേണ് എണ്റ്റെ ജീവിതത്തിലെ അവസാന വരികളെഴുതാനും ഞാനീ സമയം വരെ കാത്തിരുന്നത്.”
‘ഒരുപാട് ജീവിതാന്ഭവങ്ങളുള്ള ഒരാളാണ് നീയെന്ന് തോന്നുo നിണ്റ്റെ കഥകള്‍ വായിച്ചാല്‍’
ആത്മഹത്യാകുറിപ്പ് വെച്ചഴുതാനെടുത്ത ഡയറിയില്‍ , പ്രിയപ്പെട്ട കൂട്ടുകാരി , ശ്രീദേവി ഗൌരിയെക്കുറിച്ചെഴുതിയ വരികളായിരുന്നു അത് .
“അത്ര വല്യ ജീവിതാനുഭവങ്ങളൊന്നൂം ഉണ്ടായിട്ടില്ല്യാട്ടോ നിക്ക്, പക്ഷെ ഇത്രേം കാലം ജീവിച്ച ഈ ലോകത്ത്ന്ന്, എങ്ങോട്ടാ ഇപ്പൊ പോണ് ന്നറിയാത്ത ഈ നിമിഷങ്ങളുണ്ടാല്ലോ, ഭയങ്കര അനുഭവം തന്നെയാ.ഒരോ നിമിഷവും ഹൃദ്യയമിടിപ്പു കൂടാ……ആത്മഹത്യ ചെയ്യാനല്ലേ ഈ പോണേ….
“ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ നീണ്ട ജീവിതം തന്ന ഓര്‍മ്മകളോടും അനുഭവങ്ങളോടൂം ഉള്ള വിരക്തി കൊണ്ടല്ല….. എന്നെ സ്നേഹിക്കുന്നവരെ വിസ്മരിച്ചിട്ടുമല്ല…..പ്രണയം എന്ന നാട്യത്തോടുള്ള വിയോജനക്കുറിപ്പാണ് എണ്റ്റെ മരണം. . അത്രമേല്‍ പ്രണയിച്ചിരുന്നു ഞാന്‍ എണ്റ്റെ ഋഷിയെ. അവനില്ലത്ത ജീവിതം എനിക്കാകില്ല… മാപ്പ്”
ഇന്നലെയോക്കെ ഭയങ്കര പ്രതീക്ഷേര്ന്നു, ‘സാഹിത്യകാരി ‘ എന്ന വിളിപേരൊക്കെയുള്ള എണ്റ്റെ ആത്മഹത്യാകുറിപ്പിനെകുറിച്ച്, പക്ഷെ മരണത്തിണ്റ്റെ തൊട്ടുമുന്‍പുള്ള ഈ നിമിഷങ്ങളിലുണ്ടല്ലോ, ഒന്നും എഴുതാന്‍ പറ്റിണില്ല്യ. അവസാനം ഇതിലൊതൊക്കിയാതാട്ടോ.
ഇടതുകൈതണ്ടയില്‍ നിന്ന് രക്തമൊഴുകുകയാണ്…. കിടക്കവിരി ചുവന്നുതുടങ്ങി
“ഞാന്‍ എല്ലാവരോടും പറഞ്ഞു നടന്നിട്ടുണ്ട്, എണ്റ്റെ ബ്ലഡ് ഗ്രൂപ്പും, ആറ്റിറ്റൂടും ഒന്നാണെന്ന്…ബി പൊസിറ്റിവ്, അത് രണ്ടുമാണിപ്പോള്‍ ഒഴുകിപോണത്.ഒരു നിമിഷം കണ്ണൂകളടച്ച്കൊണ്ടു ചെയ്തു….ഋഷി മാത്രമേ എണ്റ്റെ മനസ്സില്‍ ഉണ്ടായിരുന്നൂള്ളൂ, അല്ലെങ്കില്‍ എനിക്കതിന് പറ്റി ല്ല ,സത്യം.
മേശപ്പുറത്തുവെച്ചിരുന്ന മോബൈല്‍ ബെല്ലടിക്കുന്നു….ഋഷി!!
“ഈശ്വരാ….ഋഷിയാണ് വിളിക്കുന്നത്….
ഞാന്‍ ചിലപ്പോ അവണ്റ്റെ ശബ്ദം കേട്ടുകൊണ്ട് മരിച്ചേക്കാം…
ചിലപ്പോ അതേ ശബ്ദം കേട്ടുകൊണ്ട് ഇനിയുള്ള ജീവിതം ജീവിച്ചേക്കാം….
പക്ഷെ……
മിനറല്‍ വാട്ടര്‍
മുംബൈ സി എസ് ടി റെയില്‍വൈ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ളാഫോമില്‍ എത്തിയ വിദര്‍ഭ എക്സ്പ്രസ്സില്‍ ജനാലയ് ക്കരികെ ഇരിക്ക്കയായിരുന്നു കീര്‍ത്തി.
അരികിലൂടെമിനറല്‍ വാട്ടര്‍ നിറച്ച കുപ്പികള്‍ വില്‍ക്ക്ന്ന ഒരാളെ അവള് കണ്ടു. ചൂടപ്പം പോലെ അവയെല്ലാം വിറ്റുതീരുകയാണ്.
തണ്റ്റെ കൂട്ടുകാരന് അന്വ്വര് ഒരിക്കല്‍ പറഞ്ഞ വാചകം അവള് ഓര്‍ത്തെടുത്തു.
“ഒരു ലിറ്റര്‍ കുടിവെള്ളത്തിന് , മണ്ണെണ്ണയേക്കള്‍ വിലനല്‍കേണ്ട ഒരു രാജ്യത്താണ് നമ്മള് ജീവിക്കുന്നത്”
കീര്‍ത്തിക്ക് ഭാഗ്യത്തിന് ഒരു ബോട്ടില്‍ കിട്ടി.
താന്‍ ഇന്നേ വരെ കുടിച്ച എല്ലാ വെള്ളത്തിനെക്കളും സ്വാദ് തോന്നി ആ കുപ്പിയിലെ വെള്ളത്തിന്ന്.
കുടിച്ച്കഴിഞ്ഞ് കുപ്പി അടയ്ക്കാനൊരുങ്ങവെ അവള് അതിണ്റ്റെ ലേബലിലേക്ക് അലക്ഷ്യമായി ഒന്ന് നോക്കി
‘നിള’
ഒര്മ്മകളിലേക്ക് ള്ള ഒരു മടക്കയാത്രായിരുന്ന് അവള്‍ക്കാ രണ്ടക്ഷാരം. അപ്പോഴാണവള്‍ ഒന്നോര്‍ത്തത്, ഈ മഹാനഗരത്തിണ്റ്റെ ഒഴുക്കില്‍ താനലിഞ്ഞുച്ചേര്‍ന്നിട്ട് അഞ്ചു വര്‍ഷമായി….
“താനെന്ത് ചെയ്യുകയായിരുന്നു , ഇത്രയും നാള്?”
അവള്‍ക്ക്തന്നെ ആ ചോദ്യത്തിന് ഉത്തരമുണ്ടായില്ല.
നിളാതീരത്തെ എഞ്ചിനീറിംഗ് കോളേജില്‍ പഠിക്കവെ, വിരസമായ ക്ളാസ്മുറികളില്‍, കൂട്ടുകാരെക്കാള്‍ അവള് സ്നേഹിച്ചത് നിളയെയാണ്, സ്വപ്നങ്ങള്‍ കാണാനും , ചിന്തിക്കാനുമൊക്കെ നോക്കിയത് നിളയിലേക്കയിരുന്നു , മനസ്സ് വിങ്ങിയ നേരങ്ങളിലെല്ലാം അവളെ സാന്ത്വനിപ്പിച്ചതും നിളയായിരുന്നു.
“എന്നിട്ടുo ഞാന്‍ ഈ അഞ്ചുവര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും തണ്റ്റെ പ്രിയപ്പെട്ട പുഴയെക്കുറിച്ചോര്‍ക്കാത്തതെന്തേ??
ആ ചോദ്യം കീര്‍ത്തിയെ കോണ്ടെത്തിച്ചത് കുറ്റിപ്പുറത്ത് , നിളാതീരത്തായിരുന്നു.
നിള മാറിയിരിക്കുന്നു , ഒരുപാട് .അലതല്ലി ഇരച്ഛൊഴുകിയിരുന്ന തണ്റ്റെ നിള ഇപ്പോള്‍ കേഴുകയാണ്…..ഒന്നൊഴുകാന്‍ പോലും ശേഷിയില്ലാത്ത നിള, ഒരു വീശുമ്പോള്‍ മാത്രം ഇളക്കമേല്‍ക്കുന്ന ഒരിറ്റു വെള്ളവുമായി.
ഈ നാടിന് , മണലിനേക്കാള്‍ വില വെള്ളത്തിന് ഉണ്ട് എന്ന തിരിച്ചറിവ് ഇത് വരെയായിട്ടില്ല……
ദൂരെ അവസാന മണല്‍ ലോറികള്‍ വരിവരിയായി ക്കുന്നുണ്ടായിരുന്നു , അവളുടെ ശരീരത്തെ ഇനിയും ഊറ്റുവാന്‍.
അവിടെ കിടന്നിരുന്ന ഒരു മണല്‍ച്ചാക്കിന്മുകളില്‍ അവളിരുന്നു, കണ്ണിമവെട്ടാതെ , ഒരു നീര്‍ച്ചാലായി പരിണമിച്ച ഭാരതപുഴയിലേക്ക് നോക്കിയിരുന്നു.
ഒഴുക്ക്നിലച്ച നിളയുടെ തേങ്ങല്‍ അവളുടെ കാതുകളില്‍ വന്നലച്ചു.ആ കാറ്റിന് ഒരുപാടു സങ്കടങ്ങള്‍ അവളോട് പങ്ക് വെക്കാന്ണ്ടായിരുന്നു.പക്ഷെ അവള് ആ ഞെട്ടലില്‍ നിന്ന് മുക്തയാവാതെ പകച്ചുനില്‍ക്ക്കയായിരുന്നു.തണ്റ്റെ പുഴക്ക് സ്വപ്നത്തില്‍ പോലും ഇങ്ങനെയൊര് ചിത്രം കല് പ്പിച്ചു നല്കാന് അവള്‍ക്കാവുമായിരുന്നില്ല.
തണ്റ്റെ മകനോളം പോന്ന ഒരു കുട്ടി അവളിരുന്നിടത്തേക്ക് വന്ന്, അവളിരുന്ന മണല്‍ച്ചാക്ക് ചൂണ്ടിപറഞ്ഞു
“ഇത്മ്മ്ന്ന് നീച്ചേ….. ഇതെണ്റ്റെ ചാക്കാ”
ആ നിളാതീരത്ത്പെട്ടെന്ന് അനാഥതമാക്കപെട്ടതു പോലെ തോന്നി അവള്‍ക്ക്.
അവന് ആ ചാക്ക് തലയിലേ നടന്നകലവെ അതില്‍നിന്ന് വെള്ളമിറ്റുന്ന്ണ്ടായിരുന്നു
“അതെണ്റ്റെ കണ്ണീരാണ് ” നിള അവളോട് പറഞ്ഞു.
” ഞാന്‍ കുടിച്ച ആ മിനറല്‍ വാട്ടറിന് പക്ഷെ മധുരമായിരുന്നല്ലോ???”
നിമിത്തം
“വിധി സമ്മാനിക്കുന്ന മുറിപ്പാടുകള്‍ , അതെത്ര ആഴമേറിയതായാലും, നാം നമ്മിലേക്ക് തന്നെ ഒതുക്കിവെക്കുo,കാലം എന്ന പ്രഹേളികയെ കൂട്ടുപിടിച്ച്.”
അരവിന്ദന് സ്വന്തം ജീവിതത്തക്കുറിച്ച് കോറിയിട്ട വരികളാണിവ . സ്നേഹം നല്‍കാതകന്ന അമ്മയും , പിതൃത്വം എന്ന വാക്ക് അര്‍ഥശൂന്യമാക്കിയ അച്ഛനും , പ്രണയം നടിച്ച പ്രണയിനിയും, തന്നെ നോക്കി ആര്‍ത്തുചിരിച്ചുകൊണ്ടിരുന്ന സമൂഹവും ,എല്ലാം, അരവിന്ദനെ മുറിവേല്‍പ്പിച്ച സത്യങ്ങളായിരുന്നു.
മായ്ച്ചുകളഞ്ഞൊരു ഭൂതകാലം. അനിവാര്യതയായിരുന്നു, വിരഹവും വേദനയുമില്ലാത്ത ഭാവി ജീവിച്ചുതീര്‍ക്കുവാന്‍. പക്ഷെ , പിന്നെയും തോല്‍വികള്‍ തന്നെയായിരുന്നു,അരവിന്ദന് കൂട്ടിരുന്നത്, പാര്‍വ്വതിയുടെ കാര്യത്തിലും.
പാര്‍വ്വതി,ജീവിതമെന്തന്നു പഠിപ്പിച്ച ഏതാനും ദിവസങ്ങള്‍ക്കൊടുവില്‍ , തന്നെയും മകളെയും തനിച്ചാക്കി മരണം കൊണ്ടുപോയ ജീവിതസഖി.
റീജ്യണല്‍ ക്യാന്‍സര്‍ സെണ്റ്ററിലെ ശീതീകരിച്ച മുറിയിലും അരവിന്ദന് വിയര്‍ക്കുകയായിരുന്നു.
“അച്ഛാ നമ്മളെന്തിനാ ഇവിടെ വന്നിരിക്കുന്നേ”
ബയോപ്സിയൂടെ റിസല്‍ട്ട് കാത്തിരിക്കുകയാണെന്ന് പറഞ്ഞാല്‍ , മുന്നിലിരിക്കുന്ന തന്റെ അഞ്ചുവയസ്സുകാരി മകള്‍ക്ക് മനസിലാവില്ല, അച്ചന് ക്യാന്‍സര്‍ ഉണ്ടോ ,ഇല്ലയ്യോ എന്ന് ഉറപ്പിക്കാന്‍ വന്നതാണ് എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ അവള് പ്രതികരിച്ചേക്കുo,
‘അമ്മക്ക് വന്ന അസുഖം എന്ന്’,പക്ഷെ അരവിന്ദന് ഉത്തരം പറഞ്ഞില്ല.
അയാളുടെ കാതുകളില്‍ രണ്ടുവര്‍ഷങ്ങള്‍ക്കപ്പുറം പാര്‍വ്വതി അവസാനമായി പറഞ്ഞ വാക്കുകള്‍ മുഴങ്ങുന്നുണ്ടായിരുന്നു.
“അര്‍ബുദം എന്ന മഹാമാരിക്ക് ഇത്രയും വേദനയുണ്ടെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല.വാസതവത്തില്‍ പ്രിയപെട്ടവരില്‍ നിന്ന് അകലും എന്ന ഉറപ്പാണ് അര്‍ബുദത്തിണ്റ്റെ ഏവും വലിയ വേദന”
പക്ഷെ അന്നീ വാക്കുകള്‍ കരഞ്ഞു കൊണ്ട് പറഞ്ഞ് മകളെ ഏല്പ്പിക്കന് അവള്‍ക്ക് എന്റെ ഈ കൈകളുണ്ടായിരുന്നു. പക്ഷെ എനിക്ക്…………….. ?
അരവിന്ദന് മകളുടെ കൈയ്യില്‍ ഒന്ന് കൂടി മുറുകെ പിടിച്ചു.
ഒരു മുട്ടുവേദനയായിരുന്നു തുടക്കം, പേരറിയാത്ത ഒരുപാടു ടെസ്റ്റുകള്ക്കൊടുവില് ക്യാന്‍സറിന്റെ സാധ്യത ഡോക്ടര്‍ പറഞ്ഞപ്പോഴും , പരിശോധനയ്ക്കായി എല്ലിനുള്ളില്‍ നിന്ന് മജ്ജ കുത്തിയെടുത്തപ്പോഴും അരവിന്ദന് കരഞ്ഞിട്ടില്ലായിരുന്നു.
പാര്‍വ്വതി മരിച്ച ദിവസം പ്രതിജ്ഞയെടുത്തതാണ് , വേദനിപ്പിക്കാന്‍ വേണ്ടി മാത്രം തന്നെ ജീവിപ്പിക്കുന്ന ഈശ്വരന് മുന്നില്‍, ഇനി ഞാന്‍ കരയില്ല എന്ന്.
ഒരു വിശ്വാസമായിരുന്നു അതിന് പിന്നില്‍. ഇതിനുമപ്പുറത്തേക്ക് തന്നെ വേദനിപ്പിക്കാന്‍ കഴിയില്ല എന്ന വിശ്വാസം,പക്ഷെ വിധി വീണ്ടും വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്.
“അരവിന്ദന്”, നഴ്സിണ്റ്റെ വിളി അരവിന്ദന്റെ ചിന്തകളെ മുറിച്ചു.
യുഗങ്ങള്ക്കപ്പുറത്തുനിന്ന് ആരോ വിളിക്കുന്നതുപോലെ തോന്നി അരവിന്ദന്. അയാള്‍ ഡോക്ടരുടെ മുറിയിലേക്ക് നടന്നു.
“ഇനിയെനിക്ക് ചിരിച്ചുകൊണ്ട് റിസല്‍ട്ട് പറയാം , അരവിന്ദന് ക്യാന്‍സര്‍ ഇല്ല. ഒരുപാട് വേദനിപ്പിച്ചു , ശരീരത്തിനെയും മനസ്സിനെയും അല്ലെ?
ചിലപ്പോ, തന്നെ ഇപ്പൊ ഇവിടെയൊന്ന് കൊണ്ടുവരണം എന്ന് ഈശ്വരന് വിചാരിച്ചുകാണും. എന്തായാലും ഇനി ഇങ്ങോട്ട് വരാനുള്ള നിര്‍ഭാഗ്യം ഉണ്ടാവാതിരിക്കട്ടെ.”
അരവിന്ദന് കരയാതിരിക്കാനായില്ല.പിന്നെയൊരു നിശ്വാസമായിരുന്നു….ജീവന് തിരിച്ച് കിട്ടിയവന്റെ നിശ്വാസം. ലോകം കീഴടക്കിവന്റെ സന്തോഷത്തോടെ.
മകളെയും കൊണ്ട് പുറത്തേക്ക് നടക്കുമ്പോള്‍ വീല്‍ചെയറിലിരുന്നു തന്നെ നോക്കുന്ന കണ്ണുകള്‍ അരവിന്ദന് പരിചയമുണ്ടായിരുന്നു. കണ്പീലികളും പുരികവും വരെ റേഡിയേഷന് കൊഴിച്ചുകളഞ്ഞിരുന്നെങ്കിലും, അരവിന്ദന് ആ കണ്ണുകളിലെ തിളക്കം തിരിച്ചറിഞ്ഞു,
അതെ , നിത്യ. പ്രണയം നടിച്ച തണ്റ്റെ പ്രണയിനി!
അവള് കരയുന്നുണ്ടായിരുന്നു.
എന്താ ഇവിടെ എന്ന് അവളോടു ചോദിക്കേണ്ട കാര്യം ഇല്ലായിരുന്നു,മരണത്തിന്റെ മണമുള്ള ഈ ചുവരുകള്‍ക്കിടയില്‍ ജീവിതവുമായി മല്ലിടുന്നവര്‍ മാത്രമേ തന്റെ മുന്നിലുള്ളൂ , നിത്യയടക്കം.
“ഭാര്യ എവിടെ ?”
“നിന്റെ അസുഖം തന്നെയായിരുന്നു അവള്‍ക്കും , പക്ഷെ അവള് ചികിത്സക്ക് പിടികൊടുത്തില്ല.രണ്ടു വര്‍ഷമായ് മരിച്ചിട്ട്”
“നിന്റെ ഭര്‍ത്താവ് ?”
നിത്യ ഒന്നു ചിരിച്ചു.”ഈ അസുഖം സമ്മാനിച്ചത് ഒരു തിരിച്ചറിവുകൂടിയായിരുന്നു , ഈ ലോകത്ത് അരവിന്ദനോളം എന്നെ സ്നേഹിച്ചവരാരുമില്ലെന്ന്.. മരണവേദനയ്ക്ക് വിട്ടുകൊടുക്കാതെ എന്നെ ചേര്‍ത്തുപിടിക്കേണ്ട അയാള്‍ ഡൈവോര്‍സ് എന്ന വേദനകൂടി തന്നു”
മുന്‍പൊരിക്കല്‍ വര്‍ഷങ്ങളോളം നീണ്ട വേദന സമ്മനിച്ച അവളുടെ ശബ്ദം ആകെ മാറിയിരിക്കുന്നു. അതില്‍ ഒരു ക്ഷമാപണത്തേക്കാള്‍ പ്രതീക്ഷയുടെ കണികയാണ് നിഴലിച്ചിരുന്നത്.
“എല്ലാം അരവിന്ദനോട് ചെയ്തതിന്റെ ഫലങ്ങളാവും . അതെ, അങ്ങനെ വിശ്വസിക്കാന്‍ തന്നെയാണെനിക്കിഷ്ട്ടം.
“അതിന് ഞാന്‍ നിന്നെ ഒരിക്കല്‍ പോലും ശപിച്ചിട്ടില്ലല്ലോ”
ഒരിക്കല്‍ തന്നെ ഭ്രമിപ്പിച്ച, പിന്നീട് വേദനിപ്പിച്ച അതേ മുഖം ആ ഒരു മറുപടിയില്‍ തെളിയുന്നത് അരവിന്ദന് കണ്ടു
“അപ്പൊ, ആ പഴയ സ്നേഹം എന്നോടിപ്പോഴും ഉണ്ടൊ”
അരവിന്ദന് ഒന്ന് ചിരിച്ചു.
” ഞാന്‍ വരാം ”
തിരിച്ചു നടക്കുമ്പോള്‍ , തന്റെ മകള്‍ നിത്യയെ തിരിഞ്ഞുനോക്കുന്നത് അയാള്‍ കണ്ടു.നിത്യ അവളെ നോക്കി ചിരിച്ചു, അവള് തിരിച്ചും.
“വിധി നല്കിയ മുറിപ്പാടുകളുണക്കാന്‍ , വിധി തന്നെ മരുന്നും കരുതിവെച്ചിട്ടുണ്ടാവും, അതിന് ക്യാന്‍സര്‍ തന്നെയൊരു നിമിത്തമായെന്ന് മാത്രം.”
കാമുകി
“ഞാന്‍ പ്രണയിക്കുകയായിരുന്നു നിന്നെ, ഇത്രയും കാലം, സത്യം”
കാമുകനെ കാത്തിരിക്കുന്ന ഒരു പ്രണയലേഖനം, ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറവും ആ പുസ്തകത്താളില്‍ അനക്കമില്ലാതിരിക്കുന്നു!
അത്ഭുതമായിരുന്നു എനിക്ക്, ഇത്രയും കാലം ആ പ്രണയലേഖനം ഈ പുസ്തകതാളില്‍ ഒരുവിരല്‍ സ്പര്‍ശം പോലുമേല്‍ക്കാതെ കിടന്നതില്‍.
ഞാന്‍ പുറംചട്ട ഒന്നു കൂടി മറിച്ചുനോക്കി, അതെ ,അതുതന്നെ ഞാന്‍ വായിക്കാനേറെ കൊതിച്ചിരുന്ന ‘ഖസാക്കിണ്റ്റെ ഇതിഹാസം’.
പിന്നെ എണ്റ്റെ ഉള്ളില്‍ ഒരു ചോദ്യമായിരുന്നു,
‘ഇരുപതു വര്‍ഷത്തിനിടയില്‍ ഈ ലൈബ്രറിയില്‍ വിശപ്പടക്കാന്‍ വന്നവരില്‍ ഒരാള്‍ പോലും ഈ പുസ്തകം മറിച്ചുനോക്കാതെ പടിയിറങ്ങിയതെന്തേ?’
തെറ്റാണ് ,മറ്റൊരാളുടെ പ്രണയലേഖനം വായിക്കുന്നത്.
പക്ഷെ , ഇന്നേവരെ ഒരു പ്രണയലേഖനം പൊലും എന്നെ അഭിസംഭോധന ചെയ്തിട്ട് ഇറങ്ങിയിട്ടില്ലാത്തതിനാല്‍ ഒരു കൌതുകം, ഞാന്‍ വായിച്ചുതുടങ്ങി.
“ഞാന്‍ പ്രണയിക്കുകയായിരുന്നു നിന്നെ, ഇത്രയും കാലം,സത്യം. നീ എനിക്ക് പിന്നില്‍ നിണ്റ്റെ പ്രണയം വെളിപെടുത്തിയ നിമിഷം മുതല്‍,ഞാന്‍ അതിലേറെ പ്രണയം എന്റെ മനസ്സിലൊളിച്ചുവെച്ചു.
നിണ്റ്റെ ഹൃദയം മിടിക്കുന്നത് എനിക്ക് വേണ്ടിയാണെന്ന് നീ പറഞ്ഞപ്പോഴും ,എണ്റ്റെ ഹൃദയസ്പന്ദനം നീ കേള്‍ക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു.
ഇന്ന്,കോളേജ് ജീവിതത്തിലെ ഈ അവസാന ദിനത്തില്‍ ,ഞാന്‍ നിന്നോട് ഈ പുസ്തകം വായിക്കാന്‍ പറഞ്ഞാലുടന്‍ നീയിതു തേടി വരുമെന്നെനിക്കറിയാം. നേരിട്ടു പറയാന്‍ വയ്യാത്തതുകൊണ്ടാണ്.
ഈ പ്രണയകാവ്വ്യത്തിലെ കോടാനുകോടി വാക്കുകളെ സാക്ഷിനിര്‍ത്തി, നീ കൊതിച്ച ആ വാക്ക് നിണ്റ്റെ കാമുകിയിതാ പറയുന്നു.
“എനിക്കിഷ്ടമാണ്”, വൈകുന്നേരം കോളേജിലെ ദേവദാരുവിന് കീഴില്‍ ഞാന്‍ കാത്തിരിക്കുന്നുണ്ടാവും” .
എന്ന് നിണ്റ്റെ സ്വന്തം കാമുകി.”
അവള് ഒളിപ്പിച്ചുവെച്ച പ്രണയം ,അവനീ നിമിഷം വരെയും അറിഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ അതിവിടെ കാണുമായിരുനില്ല.
തിരിച്ചുകിട്ടാത്ത പ്രണയം സൂക്ഷിക്കുന്ന അവണ്റ്റെ ഹൃദയം പോലെ, അവസാന നിമിഷം വെളിപ്പെടുത്തിയ പ്രണയത്തിന് ഉത്തരം കിട്ടാതിരിക്കുന്ന അവളുടെ ഹൃദയം പൊലെ ,
എണ്റ്റെ ഹൃദയവും വിങ്ങി.
“എന്താ?” ഒരു ചിരിയോടെ ലൈബ്രേറിയന്‍ ചോദിച്ചു.
“ഒരു കത്ത് ,ഈ പുസ്തകത്തിനുള്ളില്‍”.
“കത്തല്ല, പ്രണയലേഖനം അല്ലേ?”. ഞാന്‍ തലയാട്ടി.
“അതെടുക്കണ്ട,അവിടെയിരുന്നോട്ടെ ,വര്‍ഷങ്ങളായി അതവിടെയിരിക്കുകയാണ് .
“അപ്പോ, ഇതുവരെയാരും?”
ആ പുസ്തകത്തിണ്റ്റെ അവസാനം നോക്ക്”. ഇരുപതുവര്‍ഷങ്ങള്‍ക്കിടയില്‍, പലപ്പോഴായി ആശംസയെഴുതി തിരികെ വെച്ച മുന്നൂറ്റിയമ്പത്തിയെട്ടു പേരുകള്‍!
എണ്റ്റെ ചൊദ്യത്തിനുള്ള ഉത്തരം അക്കമിട്ട് നിരത്തിയിട്ടുണ്ടായിരുന്നു,358.
“നിന്നെ പോലെ ഈ പുസ്തകം വായിക്കാന്‍ കൊതിച്ച് വന്ന ഇവരാരും തന്നെ ഈ പുസ്തകമെടുത്തിട്ടില്ല. വിങ്ങുന്ന മനസ്സും ,വിറക്കുന്ന വിരലുകളുമായി ആശംസ എഴുതി തിരികെ വെച്ചു, ഞാനടക്കം, മുന്നൂറ്റിയമ്പത്തിയെട്ട് വ്യക്തികള്‍! വര്‍ഷങ്ങളായി , ആ പ്രണയലേഖനം കാത്തിരിക്കുകയാണ്,അവളുടെ കാമുകനെ”. ലൈബ്രേറിയന്‍ തിരിഞ്ഞുനടന്നു.
ഞാന്‍ ആ ഒരിക്കല്‍ കൂടി നോക്കി. എനിക്ക് കേള്‍ക്കാം, ആ പ്രണയലേഖനത്തിലെ ഓരോ വാക്കുകളിലുമുള്ള ആ കാമുകിയുടെ ഹൃദയമിടിപ്പുകള്‍.
“പ്രണയം ,നിശബ്ദയാണ് ,പങ്കുവെക്കാന്‍ വാക്കുകളോ ,സ്വപ്നങ്ങളോ ,നിമിഷങ്ങളോ ഇല്ലാതെ തന്നെ വാചാലമാകുന്ന നിശ്ബ്ദത”
പ്രണയ സാക്ഷാത്കാരം നേര്‍ന്നുകൊണ്ട്,
359. ദീപുപ്രദീപ്
20/09/2009
സഞ്ചയനം
“ദീപൂ,എടാ നീക്കടാ “
കാര്‍ത്തികിണ്റ്റെ ശബ്ദമാണതെന്ന് പാതിമയക്കത്തില്‍ ഞാനറിഞ്ഞു.
സമയം നോക്കി, നാലുമണി കഴിഞ്ഞിട്ടേയുള്ളൂ,ഞാന്‍ തിരിഞ്ഞുകിടന്നു.
അവന് വിടാനുള്ള ഭാവമില്ല,”വേഗം കുളിച്ച് വാടാ,ഇപ്പോ തന്നെ ഒരു സ്ഥലം വരെ പോകാന്‍ഉണ്ട്. അവണ്റ്റെ ഭാവം കണ്ടപ്പോള്‍ സമ്മതിക്കാതിരിക്കാന്‍ തോന്നിയില്ല.
കുറ്റിപ്പുറം പാലത്തിലൂടെ അഞ്ചുമണിയുടെ തണുത്തകാറ്റ് ഒരുപൊടിപോലും വിടാതെ മുഖത്തടിക്കൂമ്പോഴാണ് ഞാന്‍ അവനോട് ചോദിച്ചത്.
“എവിടേക്കാടാ ഈ സമയത്ത്”?.
“ഞാന്‍ ഇന്ന് പുലര്‍ച്ചെ തിരുന്നാവായ നിളാതീരത്ത് നവാമുകുന്ദക്ഷേത്രത്തില്‍ നില്ക്ക്ന്നതായി ഒരു സ്വപ്നം കണ്ടു. ഇപ്പോള്‍ നമ്മള് ആ സ്വപനത്തിണ്റ്റെ വഴിയേയാണ് യാത്ര ചെയ്യുന്നത്. ”
എനിക്ക് എണ്റ്റെ ഉറക്കം പോയതിണ്റ്റെ ദേഷ്യമായിരുന്നു “നീ ഒറ്റ്യ് ക്കല്ലെ നിളാതീരത്ത് നിന്നിരുന്നുന്നത്, പിന്നെന്തിനാ ഈ നേരത്ത് എന്നെ പിടിച്ചുകൊണ്ടുവന്നത്?
അവന് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു,” സാധാരണ ഇമ്മാതിരി ഭ്രാന്തൊക്കെ നീയല്ലേ ചെയ്യാറ്,പക്ഷെ നീയിങ്ങനെ പോകുമ്പോ ഒറ്റ്യ് ക്ക് പോകുo ,കൂട്ടിന് ളുണ്ടല്ലോ,നിണ്റ്റെ ആത്മാവ്.ഞാന്‍ നിന്നെകൂട്ടി പോകുന്നു അത്രമാത്രം.
“തിരുനാവായ വളരെ അടുത്തല്ലെ. എന്താ ഇന്ന്, ഈ സമയത്ത് തന്നെ പോകണം എന്നൊരുവാശി?”
“നിനക്കെ ഇത്തരം ഭ്രാന്തൊക്കെ പറഞ്ഞുമനസ്സിലക്കിതരണ്ട കാര്യമില്ലല്ലോ.അവിടേ എന്തോ എനിക്കായി കരുതിവെച്ചിട്ടുണ്ട്,ഇപ്പോള്‍ തന്നെ പോകണം.’എന്തിന് വേണ്ടിയാണ് ഞാന്‍ ആ സ്വപ്നം കണ്ടത്?’ ആ ചോദ്യത്തിണ്റ്റെ ഉത്തരം തേടിയാണ് ഈ യാത്ര. അതിണ്റ്റെ ഉത്തരം അവിടുന്നേ കിട്ടൂ, അത് പറഞ്ഞുതരാന്‍ നിനക്കല്ലാതെ മറ്റര്‍ക്കു0 കഴിയുകയുമ്മില്ല”
ഞാന്‍ പിന്നെ ഒന്നുo ചോദിച്ചില്ല. “ഒഴുക്ക്നിലച്ച നിളയുടെ തീരത്ത് ,നവാമുകുന്ദനെ തൊഴുതുവന്നിറങ്ങി നില്‍ക്ക്മ്പോള്‍ , അവന് ഇനി എന്തു ചെയ്യണം എന്ന ഭാവത്തില്‍ എണ്റ്റെ മുഖത്തേക്ക് നോക്കി.
“നിന്നെ ഇവിടേക്ക് വിളിച്ചയാള്‍ നിന്നെ തേടിവരു ,നമുക്ക് കാത്തിരിക്കാം”. ആല്മരച്ചോട്ടില് അവന് പുഴയിലേക്ക് നോക്കിയിരിക്കുമ്പോള്‍ , ഞാന്‍ അവനെ കുറിച്ച് ചിന്തിച്ചുകാര്ത്തിക്,ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കണ്ട ഒരു പെണ് കുട്ടിയെ ആറുവര്‍ഷമായി പ്രണയിക്കുന്നവന്.അവളെകുറിച്ച് ഒന്നു0 അറിയില്ലെങ്കിലും വേരോരു പെണ്‍കുട്ടിയെയും സ്വീകരിക്കാന്‍ അവന് തയ്യാറല്ല, ഒരുപാടു തവണ സ്വപനത്തില്‍ കാണാറുള്ള അവളെ മാത്രമേ വിവാഹം കഴിക്കൂ എന്ന തീരുമാനത്തില്‍ ഓരോ നിമിഷവും അവളെ തേടികൊണ്ടിരിക്കുകയാണ് അവന്.ഇവന് ഇങ്ങനെ ചാടിപുറപ്പെടണമെങ്കില് ഇന്നലെ ആ സ്വപ്നത്തില്‍ അവളെ കൂടെ കണ്ടിരുന്നിരിക്കണം.
“”ദീപൂ നോക്കെടാ,അവള്”.ഇവളാണ് എന്നെ ഇവിടേക്ക് വിളിച്ചത്”ഞാന്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ഭാവമായിരുന്നു അവണ്റ്റെ മുഖത്ത്, പുഴയില്‍ ബലിയിട്ട് മുങ്ങിനിവരുന്ന ആ പെണ്‍കുട്ടിയെ ചൂണ്ടികാണിക്കുമ്പോള്‍.
“ഇന്ന് ഞാന്‍ അവളെ പരിചയപെടും , ഇനി കാണാതിരിക്കാന്‍ എനിക്ക് വയ്യ. ”
അവളും അവളോടൊപ്പമുള്ളവരുo കല്പടവുകള് കയറിവന്നത് ഞങ്ങളുടെ അടുത്തേക്കയിരുന്നു.
അവണ്റ്റെ വിശ്വാസം ശരിയായിരുന്നു,ഈ ലോകത്ത് ഒരാള്‍ക്ക്, ഒരുപെണ്‍കുട്ടി ജനിച്ചിട്ടുണ്ട്.അവളെ കണ്ടെത്താന്‍ കഴിഞ്ഞാല്‍,അതാണ് ജീവിതത്തിലെ ഏവും വലിയ ഭാഗ്യം.ഇന്നാണ് അവണ്റ്റെ ജീവിതത്തിലെ ആ ദിനം.ഞാന്‍ മനസ്സിലോര്‍ത്തൂ.
അവന് അവളോടൊന്ന് ചിരിച്ചു.പക്ഷെ അവള് അത് കണ്ടില്ല . അവരുടെ കൂട്ടത്തിലെ ഒര് സ്ത്രീ മാത്രമാണ് ഞങ്ങളെ ശ്രദ്ധിച്ചത്.
“കുട്ടിയെ പരിചയമുണ്ടോ”?
“ഉം , എവിടെയോ വെച്ച് കണ്ടിട്ടുണ്ട്.”
“അത് ഇവളെതന്നെ ആയികൊള്ളണം എന്നില്ല,ഇവളുടെ ചേച്ചി ഗ്രീഷ്മയും ഇവളുടെ അതേ പോലെയാണ്. കണ്ടാല്‍ ഒരു വ്യത്യാസവും ഇല്ല”.
“ഗ്രീഷ്മ ……. എവിടെ?”
അവര്‍ ഒന്നൂം പറഞ്ഞില്ല.
ഞങ്ങള്‍ അവളുടെ മുഖത്തേക്ക് നോക്കി. നിറഞ്ഞ മിഴികളോടെ ആ കുട്ടി പുഴയില്‍ ഒഴുക്കിയ ആ പിണ്ടത്തിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു.
“ഇന്ന് ,സഞ്ചയനമാണ് . ചേച്ചിയുടെ ആത്മാവാണ് ആ പോകുന്നത്”
അവള് കരഞ്ഞുകൊണ്ട് ഓടി. കാര്‍ത്തികിണ്റ്റെ കണ്ണുകളില്‍ നനവ് പടരുന്നത് ഞാന്‍ കണ്ടു.
നീണ്ട മൌനത്തിന് ശേഷം അവന് എന്നോട് ചോദിച്ചു
“ഞാന്‍ കണ്ടത്,പ്രണയിച്ചിരുന്നത് ആരെയായിരുന്നു, ഗ്രീഷമയെയോ അതോ നമ്മള് കണ്ട ഈ കുട്ടിയെയോ?”.
“നീ പ്രണയിച്ചത് ഇവളെയായാണ്” ഞാന്‍ ഉത്തരം പറഞ്ഞു.
അവന് എന്നോട് ‘എങ്ങനെ മനസ്സിലായി’ എന്ന് ചോദിക്കുമെന്ന് ഞാന്‍ കരുതി ,എന്തോ അതുണ്ടായില്ല.അവന് എന്നെ വിശ്വാസമായിരുന്നു.
“ഈ വേര്‍പാടിണ്റ്റെ വേദന മറക്കാന്‍ നിണ്റ്റെ സാമിപ്യം ഇവള്‍ക്ക് അനിവാര്യമാണ്. ആതാണ് നിന്നെ ഇന്ന് തന്നെ ഒരു സ്വപ്നത്തിലൂടെ ഇവിടേക്കെത്തിച്ചത്. ഈ ഒരവസ്ഥയില്‍ അഡ്രസ്സ് ചോദിക്കാന്‍ പറ്റില്ല,നീ പോയി വണ്ടിയുടെ നംബര് എഴുതി വാ,ബാക്കി പിന്നെ നോക്കാം”
നേരത്തെ വന്ന കണ്ണീര് മാഞ്ഞിരിക്കുന്നു ,അവണ്റ്റെ മുഖത്ത്. അവന് അവിടേക്ക് നടന്നു,ഒരു ചിരിയോടെ.
അതെ ആ ചിരിക്ക് വേണ്ടിയാണ് ഞാന്‍ ആ സത്യം മറച്ചത്.അവനോട് ആ വാക്കുകള്‍ പറയുമ്പോഴും,ഈ നിമിഷവും, ചേച്ചിയെ യാത്രയാക്കി നടന്ന്പോകുന്ന ആ കുട്ടിയെയല്ല ഞാന്‍ നോക്കിയത്, ദൂരൈയ് ക്കൊഴുകിമറയുന്ന ആ പിണ്ടത്തെയാണ്.വേറെ ഏതോലോകത്തേക്ക് പോകുന്ന ആ ആത്മാവ് അവനെ അവസാനമായൊന്ന് കാണാന്‍ വിളിച്ചതാവും, ഒരു സ്വപനത്തിണ്റ്റെ രൂപത്തില്‍. അതാണ് ആ സ്വപ്നത്തിണ്റ്റെ അര്‍തം.
ഇപ്പോള്‍ എണ്റ്റെ മനസ്സാണ് വിങ്ങുന്നത്.
ആ ആത്മാവിണ്റ്റെ , എണ്റ്റെ കാര്‍ത്തികിണ്റ്റെ നഷ്ടപെട്ട നിശബ്ദ പ്രണയത്തെക്കുറിച്ചോര്‍ത്ത്.
ഞാന്‍ നിളയിലേക്കിറങ്ങി , ആ ആത്മാവിനോടായി പറഞ്ഞു “എനിക്ക് അവനെ വേദനിപ്പിക്കാന്‍ വയ്യ, നിന്നെയാണ് അവന് പ്രണയിച്ചിരുന്നതെന്ന് അവന് ഒരിക്കലും അറിയുകയുമില്ല.മാപ്പ്”
ഞാന്‍ തിരിഞ്ഞു നടക്കവെ, എണ്റ്റെ അരികിലെത്തുവാന്‍ വേണ്ടി മാത്രം ,നിളയിലൂടെ ഒര് കാറ്റ് വന്നു. അതില്‍ , ആ ആത്മാവിണ്റ്റെ ശബ്ദം ഞാന്‍ കേട്ടു, ഞാന്‍ മാത്രം.
“നന്ദി”
ഒരു പ്രണയത്തിന്റെ പിന്‍വിളി
നിശബ്ദമായ ഒരോര്‍മ്മപെടുത്തലായിരുന്നു ഈ ശിവരാത്രിയും, എനിക്ക്.സ്വാതിയെക്കുറിച്ച്,മൂന്ന് വര്‍ഷം നീണ്ട പ്രണയത്തെക്കുറിച്ച്,അതിന്റെ വേദനയെക്കുറിച്ച്…….
സ്വാതി! രണ്ടായിരത്തിനാല് മൈയ് 20ന് കണ്ടതുമുതല്‍ ഞാന്‍ പ്രണയിക്കാന്‍ തുടങ്ങിയ പെണ്‍കുട്ടി.പിന്നീട് മൂന്ന് വര്‍ഷം നീണ്ട മൌനാനുരാഗത്തിന് ശേഷം, രണ്ടായിരത്തിയേഴ് ഫെബ്രവരി പതിനാറിന് ,ഇതുപോലൊരു ശിവരാത്രി ദിവസം ഞാന്‍ അവളോട് എന്റെ പ്രണയം വെളിപെടുത്തി.
അന്ന്,”ഇഷ്ടമല്ല” എന്ന ഒരൊറ്റ വാക്കിന് ഇത്രയേറെ ദുഃഖം നല്‍കാനാവുമെന്ന് ഞാനറിഞ്ഞു.
അതിനുശേഷം അവളില്ലാതെ ,അവളെകാണാതെ, കടന്നുപോയ മൂന്നുവര്ഷങ്ങള്ക്ക്ശേഷം, പ്രണയം നാന്ദികുറിച്ച ,വെളിപെടുത്തിയ ,അവസാനിച്ച അതേ സ്ഥലത്താണ് ഞാന്‍ തിരികെവന്ന് നില്‍ക്കുന്നത്.
എന്റെ പ്രണയം നിലച്ച അതെ ആല്മരച്ചോട്ടില് ഞാന്‍ നിന്നു,ക്ഷേത്രത്തിലെ തിരക്കുകള്‍ക്കിടയില്‍ ഞാന്‍ തിരഞ്ഞത് സ്വാതിയെയായിരുന്നു…..കൊഴിഞ്ഞുപോയ പ്രണയകാലത്തെ എന്റെ നായികയെ….
ഞാന്‍ പ്രാര്തിച്ചത് ഒന്ന് മാത്രമായിരുന്നു.
“സ്വാതിയെ ഒന്ന് കാണിച്ചുതരണേ”.
എന്നെ കൊതിപ്പിച്ച അവളുടെ കണ്ണുകളിലെ തിളക്കം അസ്തമിച്ചിട്ടില്ല,ചുണ്ടുകളിലെ വശ്യത കൂടിയിട്ടേയുള്ളൂ,എന്നെ ഭ്രമിപ്പിച്ച ആ ചിരി അവള് കരുതിവെച്ചിട്ടുണ്ടായിരുന്നു.
അവള് എന്നെ കണ്ടിരിക്കുന്നു .
കാണണം എന്ന് മാത്രമേ ഞാനു൦ കൊതിച്ചിരുന്നുള്ളൂ,സത്യം. പക്ഷെ, അവള് എന്റെ അരികിലേക്ക് വരുമെന്ന് ഞാന്‍ കരുതിയില്ല.
ഒരു ചിരി ഞാന്‍ അവള്‍ക്ക് നല്കാന് കരുതിവെച്ചിട്ടുണ്ടായിരുന്നു,സമ്മാനിക്കാതിരിക്കാന്‍ തോന്നിയില്ല.
മൂന്നുവര്‍ഷത്തെ നിശബ്ദത അവള് തന്നെയാണ് ഭേദിച്ചത്.
“ദീപു ,അതിനുശേഷം നിന്നെക്കുറിച്ചോര്‍ക്കാത്ത ദിവസങ്ങളുണ്ടായിട്ടില്ല എന്റെ ജീവിതത്തില്‍.അന്ന് നിന്റെ മനസ്സ് നീറിയതെങ്ങനെയാണെന്ന് ,കഴിഞ്ഞ മൂന്ന് വര്‍ഷമായി ഓരോ നിമിഷവും ഞാന്‍ അറിയുകയായിരുന്നു.
ദീപു, നിന്റെ പ്രണയത്തിന് അന്ന് ഞാന്‍ നല്കിയ മറുപടി തെറ്റായിരുന്നു,
എനിക്കിഷ്ടമാണ് നിന്നെ.”
ഈയൊരൊറ്റ വാക്കിനായിരുന്നു അക്കാലത്ത് ഞാന്‍ ഏറെ കൊതിച്ചിരുന്നത്.പക്ഷെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ വാക്കുകള്‍!…….
അവള് പണ്ട് ഒരറ്റവാക്കിലായിരുന്നു എനിക്ക് മറുപടി തന്നത്, പക്ഷെ എനിക്കൊരുപാട് വാക്കുകള്‍ വേണ്ടിവന്നു .
“നിന്നെ പ്രണയിക്കാന്‍ വേണ്ടി മാത്രം ഞാന്‍ തുടങ്ങിയ എന്റെ ദിനങ്ങള്‍,നിന്നെ ഹൃദയത്തോട് ചേര്‍ത്തുവെച്ച് ഉറങ്ങാതെ വെളുപ്പിച്ച രാത്രികള്‍,നിന്നെക്കുറിച്ചെഴുതിയ വരികള്‍,വരച്ചുവെച്ച സ്വപ്നങ്ങള്‍, ഒന്നും ഞാന്‍ എന്റെ ഓര്‍മ്മകളില്‍ നിന്ന് മായ്ച്ചിട്ടില്ല,പക്ഷെ നിന്നെ മറന്നു കഴിഞ്ഞ ഒരു മനസ്സിനോടാണ് നീയിതുപറയുന്നത്.
വൈകിപോയി സ്വാതീ………… നമ്മള് പരസ്പരം പ്രണയിച്ചു,പക്ഷെ ഒരൊ നിമിഷം പോലും , നമ്മളിലൊരാള്‍ പ്രണയിക്കുമ്പോള്‍ മറ്റരാള്‍ക്ക് തിരിച്ച് പ്രണയിക്കാനുള്ള ഭാഗ്യം വിധി എഴുതിവെച്ചിട്ടില്ല.എന്നോട് ക്ഷമിക്കണം”.
“പ്രതികാരമാണോ ?”ആ നെഞ്ചു വിങ്ങുന്നത് ഞാന്‍ അറിഞ്ഞു.
“നീ തിരിച്ചറിയാതെ പോയ എന്റെ പ്രണയം തന്നെയാണ് നിന്നോടുള്ള എന്റെ പ്രതികാരം”
ഞാന്‍ തിരിഞ്ഞു നടക്കുമ്പോള്‍ അവള് കരയുന്നതെനിക്ക് കേള്‍ക്കാമായിരുന്നു.
അവള്
(കോളേജിലെ മലയാളം കഥാരചന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ എണ്റ്റെ കഥ)
എന്തുകൊണ്ട് ഞാന്‍? എന്ന ചിന്ത ഒരിക്കല്‍ പോലും നമ്മുടെ ഉള്ളില്‍ മുളച്ചിട്ടില്ല. എന്തുകൊണ്ട് അവള്, അല്ലെങ്കില്‍ അവന് ?എന്ന് ചിന്തിക്കാന്‍ നമുക്ക് വളരെ ഇഷ്ടമാണുതാനും. എന്തുകൊണ്ട് അതിനുമപ്പുറത്തേക്ക് ,നമ്മെക്കുറിച്ചു തന്നെ വിലയിരുത്താന്‍ ഒരാളും ധൈര്യപെടുന്നില്ല,ഇത്രയേ ഉള്ളു നമ്മുടെ ആത്മധൈര്യം?”
ആദ്യമായി അവളെ കണ്ടപ്പോള്‍ ഈ വാക്കുകള്‍ കേട്ടപ്പോള്‍,ഞാന്‍ അത്ഭുതം കൂറി,എങ്ങനെ ഒരു പെണ്‍കുട്ടി ഇത്ര വ്യത്യസ്തമായി ചിന്തിക്കുന്നുവെന്ന്. പക്ഷെ , അടുത്തറിഞ്ഞപ്പോള്‍ എണ്റ്റെ ആശ്ചര്യത്തിണ്റ്റെ മുഖപടം അലിഞ്ഞില്ലാതാവുകയായിരുന്നു.
അവളങ്ങനെയായിരുന്നു,അതുപോലെതന്നെയായിരുന്നു അവളുടെ ഒരോ വാക്കുകളും,നമുക്കൊരിക്കലും പിടിതരില്ല.
എന്തോ, മറ്റുള്ളവരെ പോലെ ആ വാക്കുകളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ എനിക്ക് തോന്നിയില്ല .
“ഒരൊറ്റ സ്നാപ്പിലൊതുങ്ങുന്ന ജീവിതമായിരുന്നെങ്കില്‍ എന്ത് രസമാവുമായിരുന്നു. ഒരു സ്വപ്നത്തിണ്റ്റെ ദൈര്‍ഘൃം മാത്രമുള്ള ജീവിതം,അതൊരു സ്വപ്നം തന്നെയാ,ഇത്രേം നീളമുള്ള ജീവിതം ഒരിക്കലെങ്കിലും മടുക്കാത്തവരായി ആരുമുണ്ടാവില്ല”.
ആ വാക്കുകള്‍ ഒരു തുടക്കമായിരുന്നു,എണ്റ്റെ മനസ്സ് ചിന്തിക്കുന്നത് അവള്‍ക്ക് വാക്കുകളായി കോറിയിടാന്‍ സാധിക്കുമായിരുന്നു.എണ്റ്റെ ചിന്തകള്‍ക്കധീതമായ അവളുടെ വാക്കുകളേക്കാള്‍ ,എന്നെ അവളിലേക്കടുപ്പിച്ചത് ,എണ്റ്റെ മനസ്സിനോടൊത്ത് സഞ്ചരിക്കുന്ന അവളെയായിരുന്നു.
“ഓരോ ജീവിതത്തിനും ഒരുപാട് സ്വപ്നങ്ങളുണ്ടാവും,
ഓരോ സ്വപ്നത്തിനും ഒരുപാട് അര്‍ഥങ്ങളും
പക്ഷെ ,നമ്മള് ഒരൊറ്റ നിര്‍വ്വചനത്തിലൊതുക്കും ,
അതാണ് നമ്മുടെ ഏവും വലിയ തെറ്റ്”.
ആ ഒരു നിര്‍വ്വചനത്തിനതീധമായി പലപ്പോഴും ഞാന്‍ ചിന്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്,പക്ഷെ കഴിയുന്നില്ല.’മനുഷ്യസഹജമാണെന്ന’ വിലയിരുത്തലായിരുന്നു പിന്നീട്.
“ഏകാന്തത,ഒരു സത്യമാണ്.ആര്‍ക്കും അതിനെതിരെ മുഖം തിരിച്ച് നിലക്കാനാവില്ല.കാരണം,നിദ്ര എന്നത് എല്ലാവരും ഇഷ്ട്പെടുന്ന ഒരു ഏകാന്തതയാണ്.എല്ലാം മറന്ന് ,നിദ്രയുടെ ലോകത്തേക്ക് കണ്ണടച്ച് നടന്നടുക്കുമ്പോള്‍,നാം ഏകനാണ്.ആരും ഇഷ്ടപെട്ട്പോകും”.
ഉറക്കം എന്നെ പിടികൂടുന്നതിന് തൊട്ടുമുന്‍പായിരിക്കും, ഞാന്‍ ഏവും ഇഷ്ടപെടുന്ന ആ ശബ്ദം എണ്റ്റെ കാതുകളില്‍ വന്നലയ്ക്കുക.എന്നിട്ട് ഇത്പോലൊരു മുഖവരയോടെ,ഏകാന്തതയുടെ ലോകത്തേക്ക് എന്നെ പറഞ്ഞയക്കാതെ അവള് പിടിച്ച്നിര്‍ത്തും.ഞാന്‍ ചിന്തിച്ചിട്ടുണ്ട് ,പലതവണ ,എങ്ങനെ അവള് നിദ്രയെ ഇത്ര വിദ്ഗ്ദമായി കബളിപ്പിച്ച് എണ്റ്റെ അരികിലെത്തുന്നുവെന്ന്.പക്ഷെ അവളുടെ ഓരോ ചലനങ്ങളിലും ഒളിച്ചിരിക്കുന്ന നിഗൂഡതകളുടെ കൂട്ടത്തിലേക്ക് ഒന്നുകൂടി.അത്ര മാത്രം.
“ദീപു,നമ്മുടെ ആത്മാവിന് പുറത്തിറങ്ങാന്‍ സാധിക്കുമെങ്കില്‍, എണ്റ്റെ ആത്മാവ് ആദ്യം വരുന്നത് നിണ്റ്റെയടുത്തേക്കാവും, ഞാന്‍ പറയാന്‍ ബാക്കിവെച്ച കാര്യങ്ങള്‍ പറയാന്‍”.
ഈ വാക്കുകള്‍, മുമ്പെങ്ങോ കേട്ടുമറന്നതു പോലെ.പക്ഷെ എപ്പോള്‍?എവിടെ നിന്ന്?ഓര്‍മിക്കാനാവുന്നില്ല.അതെയെന്ന് തലയാട്ടി ഞാന്‍ വീണ്ടും ആലോചിച്ചു.
“നീ അവളെ ഇത്രക്ക് സ്നേഹിക്കുന്നുണ്ടെങ്കില്‍,എന്താ അവളോട് പറയാത്തത്?”. എണ്റ്റെ അമ്മയുടെ ചോദ്യം.
എവിടെയാണെങ്കിലും എനിക്കുനേരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഒരുപാടൊരുപാട് പറയുകയും ,എഴുതിക്കുട്ടുകയും ചെയ്യുന്ന എണ്റ്റെ ഭാവനസമ്പുഷ്ടിയെയും, വാക്ചാരുത്യയെയും വാഴ്ത്തുന്ന എണ്റ്റെ കൂട്ടുകാര്‍ അറിഞ്ഞിട്ടുണ്ടാവില്ല.ജീവിതത്തിലാദ്യമായി ആ ചോദ്യത്തിനുമുന്നില്‍ നിന്നും വാക്കുകളില്ലാതെ ഞാന്‍ ഒഴിഞ്ഞുമാറി.
‘എന്തുകൊണ്ട് അവള്’?,അതായിരുന്നു പിന്നെ എന്നില്‍ മുളച്ച ചോദ്യം.ഏകാന്തതയെ താലോലിക്കുന്ന എണ്റ്റെ മനസ്സില്‍ അവള് നിറഞ്ഞുനിന്ന് ഏകാന്തസ്വപ്നത്തിന് പുതിയ ഭാവം രചിച്ചുകൊണ്ടേയിരുന്നു.”
പറയണം,എണ്റ്റെ മനസ്സ് മന്ത്രിച്ചു,ഞാന്‍ തീര്‍ച്ചപെടുത്തി.
“എന്നിലെ എന്നെ ,കണ്ടു ഞാന്‍ നിന്നില്‍”,എന്ന ഗാനം ഞാന്‍ അവളുടെ കാതില്‍ മെല്ലെ മന്ത്രിച്ചു.
അവളുടെ ചുണ്ടില്‍ നാണം വന്നെത്തിയില്ല,നീലകടകണ്ണുകള്‍ വിടര്‍ന്നില്ല,കാല് വിരലുകള്‍ നിലത്ത് വൃത്തം വരയ് ക്കാനൊരുമ്പെട്ടില്ല.എങ്കിലും നുണക്കുഴികള്‍ വിടര്‍ന്ന അവളുടെ മനോഹര മന്ദഹാസത്തിനിടക്ക് ,മനസ്സ് ഒരുവേള ചിന്തയിലാണ്ടു പോകുന്നത് ഞാന്‍ കണ്ടു.ആ ഒരു മന്ദഹാസത്തിന് .ഏതൊരു ആണ്ക്കുട്ടിയും കൊടുക്കുന്ന ഒരര്‍ഥം,എണ്റ്റെ ഹൃദയവും കൊടുത്തേനെ.പക്ഷെ മുന്നില്‍ നില്‍ക്കുന്നത് അവളാണ്.ഹൃദയം അതിണ്റ്റെ വാതായനങ്ങള്‍ തുറക്കാന്‍ പോയില്ല.
അര്‍ബുദം എന്ന മഹാമാരിക്ക് ഇത്രയും വേദനയുണ്ടെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല.വാസതവത്തില്‍ പ്രിയപെട്ടവരില്‍ നിന്ന് അകലും എന്ന ഉറപ്പാണ് അര്‍ബുദത്തിണ്റ്റെ ഏവും വലിയ വേദന”.വിറയ്ക്കുന്ന എണ്റ്റെ കൈ നെഞ്ചോട് ചേര്‍ത്ത് അവള് പറഞ്ഞു നിര്‍ത്തി.
എണ്റ്റെ പ്രണയത്തിനൂള്ള അവളുടെ ഉത്തരം ആ വാക്കുകളിലുണ്ടായിരുന്നു.മനസ്സ് വിങ്ങിപൊട്ടുകയായിരുന്നു.എണ്റ്റെ കണ്ണുകളിലെത്തിയ കണ്ണീരിന് അവളുടെ ചുണ്ടിലെ മന്ദഹാസം കണ്ട് പുറത്തേക്കൊഴുകാന്‍ തോന്നിയില്ല.
“കോടികണക്കിന് മനുഷ്യര്‍ ഉള്ള ഈ ലോകത്ത് ,എണ്റ്റെ മനസ്സ് പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ മാത്രമല്ലെ ഉള്ളൂ.മനസ്സ് ജീവിതം മതിയാക്കാന്‍ പറഞ്ഞു,ഞാന്‍ ചെയ്തു”. അവള് എനിക്കു സമ്മാനിച്ച അവസാനത്തെ വാക്കുകള്‍.
അവളുടെ കൈതണ്ടയിലെ രക്തത്തിണ്റ്റെ ഒഴുക്ക് നിലച്ചിരിക്കുന്നു.മരവിച്ച മുഖത്ത് അവളുടെ മന്ദഹാസം മായാതെ കിടപ്പുണ്ടായിരുന്നു. എന്നെ സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിച്ച,പിന്നീട് സ്വപ്നത്തിണ്റ്റെ മാധുര്യത്തേക്കാള്‍ എത്രെയോ കയ്പ്പാണ് കണ്ണീരിനെന്ന് എന്നെ പഠിപ്പിച്ച അതേ മന്ദഹാസം!
ഇപ്പോഴും ,രാത്രികളില്‍ കാറ്റിന് എണ്റ്റെ അരികിലെത്തുമ്പോള്‍ അവളുടെ ഭാവം കൈവരുo.മഴയേല്‍ക്കുന്ന ഇലത്തുമ്പ് എനിക്ക് സമ്മാനിക്കൂന്നത് അവളുടെ ചിരിയാണ്,നിലാവ് പെയ്തിറങ്ങുമ്പോള്‍ പൂക്കള്‍ക്ക് അവളുടെ മണമാണ്.കണ്ണടച്ചാല്‍ ,അവള് എന്നോട് പറയാന്‍ ബാക്കിവെച്ചതെല്ലാമാണ് സ്വപ്നങ്ങളായി എണ്റ്റെ മുന്നിലെത്തുന്നത്.
അതെ,അവള് ജീവിക്കുന്നു,എന്നിലെ ഞാനായി, എണ്റ്റെ ഉള്ളില്‍…..
ഉറക്കം
“നാളെയുടെ സ്വപ്നങ്ങള്‍ എന്നെ ഉറങ്ങാന്‍ കൊതിപ്പിക്കുന്നു,
ഇന്നലെയുടെ ഓര്‍മ്മകള്‍ എന്റെ ഉറക്കം കെടുത്തുന്നു”
നിഴല്‍
എണ്റ്റെ നിഴല്‍ എന്നോടൊപ്പം എപ്പോഴും ഉണ്ടാവുമെന്ന് ഞാന്‍ അഹങ്കരിച്ചിരൂന്നൂ,
പക്ഷെ ഇരൂട്ടില്‍ അവനൂം എന്നെ തനിച്ചാക്കി മറഞ്ഞുപോയി