(കോളേജിലെ മലയാളം കഥാരചന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ എണ്റ്റെ കഥ)
എന്തുകൊണ്ട് ഞാന്‍? എന്ന ചിന്ത ഒരിക്കല്‍ പോലും നമ്മുടെ ഉള്ളില്‍ മുളച്ചിട്ടില്ല. എന്തുകൊണ്ട് അവള്, അല്ലെങ്കില്‍ അവന് ?എന്ന് ചിന്തിക്കാന്‍ നമുക്ക് വളരെ ഇഷ്ടമാണുതാനും. എന്തുകൊണ്ട് അതിനുമപ്പുറത്തേക്ക് ,നമ്മെക്കുറിച്ചു തന്നെ വിലയിരുത്താന്‍ ഒരാളും ധൈര്യപെടുന്നില്ല,ഇത്രയേ ഉള്ളു നമ്മുടെ ആത്മധൈര്യം?”
ആദ്യമായി അവളെ കണ്ടപ്പോള്‍ ഈ വാക്കുകള്‍ കേട്ടപ്പോള്‍,ഞാന്‍ അത്ഭുതം കൂറി,എങ്ങനെ ഒരു പെണ്‍കുട്ടി ഇത്ര വ്യത്യസ്തമായി ചിന്തിക്കുന്നുവെന്ന്. പക്ഷെ , അടുത്തറിഞ്ഞപ്പോള്‍ എണ്റ്റെ ആശ്ചര്യത്തിണ്റ്റെ മുഖപടം അലിഞ്ഞില്ലാതാവുകയായിരുന്നു.
അവളങ്ങനെയായിരുന്നു,അതുപോലെതന്നെയായിരുന്നു അവളുടെ ഒരോ വാക്കുകളും,നമുക്കൊരിക്കലും പിടിതരില്ല.
എന്തോ, മറ്റുള്ളവരെ പോലെ ആ വാക്കുകളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ എനിക്ക് തോന്നിയില്ല .
“ഒരൊറ്റ സ്നാപ്പിലൊതുങ്ങുന്ന ജീവിതമായിരുന്നെങ്കില്‍ എന്ത് രസമാവുമായിരുന്നു. ഒരു സ്വപ്നത്തിണ്റ്റെ ദൈര്‍ഘൃം മാത്രമുള്ള ജീവിതം,അതൊരു സ്വപ്നം തന്നെയാ,ഇത്രേം നീളമുള്ള ജീവിതം ഒരിക്കലെങ്കിലും മടുക്കാത്തവരായി ആരുമുണ്ടാവില്ല”.
ആ വാക്കുകള്‍ ഒരു തുടക്കമായിരുന്നു,എണ്റ്റെ മനസ്സ് ചിന്തിക്കുന്നത് അവള്‍ക്ക് വാക്കുകളായി കോറിയിടാന്‍ സാധിക്കുമായിരുന്നു.എണ്റ്റെ ചിന്തകള്‍ക്കധീതമായ അവളുടെ വാക്കുകളേക്കാള്‍ ,എന്നെ അവളിലേക്കടുപ്പിച്ചത് ,എണ്റ്റെ മനസ്സിനോടൊത്ത് സഞ്ചരിക്കുന്ന അവളെയായിരുന്നു.
“ഓരോ ജീവിതത്തിനും ഒരുപാട് സ്വപ്നങ്ങളുണ്ടാവും,
ഓരോ സ്വപ്നത്തിനും ഒരുപാട് അര്‍ഥങ്ങളും
പക്ഷെ ,നമ്മള് ഒരൊറ്റ നിര്‍വ്വചനത്തിലൊതുക്കും ,
അതാണ് നമ്മുടെ ഏവും വലിയ തെറ്റ്”.
ആ ഒരു നിര്‍വ്വചനത്തിനതീധമായി പലപ്പോഴും ഞാന്‍ ചിന്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്,പക്ഷെ കഴിയുന്നില്ല.’മനുഷ്യസഹജമാണെന്ന’ വിലയിരുത്തലായിരുന്നു പിന്നീട്.
“ഏകാന്തത,ഒരു സത്യമാണ്.ആര്‍ക്കും അതിനെതിരെ മുഖം തിരിച്ച് നിലക്കാനാവില്ല.കാരണം,നിദ്ര എന്നത് എല്ലാവരും ഇഷ്ട്പെടുന്ന ഒരു ഏകാന്തതയാണ്.എല്ലാം മറന്ന് ,നിദ്രയുടെ ലോകത്തേക്ക് കണ്ണടച്ച് നടന്നടുക്കുമ്പോള്‍,നാം ഏകനാണ്.ആരും ഇഷ്ടപെട്ട്പോകും”.
ഉറക്കം എന്നെ പിടികൂടുന്നതിന് തൊട്ടുമുന്‍പായിരിക്കും, ഞാന്‍ ഏവും ഇഷ്ടപെടുന്ന ആ ശബ്ദം എണ്റ്റെ കാതുകളില്‍ വന്നലയ്ക്കുക.എന്നിട്ട് ഇത്പോലൊരു മുഖവരയോടെ,ഏകാന്തതയുടെ ലോകത്തേക്ക് എന്നെ പറഞ്ഞയക്കാതെ അവള് പിടിച്ച്നിര്‍ത്തും.ഞാന്‍ ചിന്തിച്ചിട്ടുണ്ട് ,പലതവണ ,എങ്ങനെ അവള് നിദ്രയെ ഇത്ര വിദ്ഗ്ദമായി കബളിപ്പിച്ച് എണ്റ്റെ അരികിലെത്തുന്നുവെന്ന്.പക്ഷെ അവളുടെ ഓരോ ചലനങ്ങളിലും ഒളിച്ചിരിക്കുന്ന നിഗൂഡതകളുടെ കൂട്ടത്തിലേക്ക് ഒന്നുകൂടി.അത്ര മാത്രം.
“ദീപു,നമ്മുടെ ആത്മാവിന് പുറത്തിറങ്ങാന്‍ സാധിക്കുമെങ്കില്‍, എണ്റ്റെ ആത്മാവ് ആദ്യം വരുന്നത് നിണ്റ്റെയടുത്തേക്കാവും, ഞാന്‍ പറയാന്‍ ബാക്കിവെച്ച കാര്യങ്ങള്‍ പറയാന്‍”.
ഈ വാക്കുകള്‍, മുമ്പെങ്ങോ കേട്ടുമറന്നതു പോലെ.പക്ഷെ എപ്പോള്‍?എവിടെ നിന്ന്?ഓര്‍മിക്കാനാവുന്നില്ല.അതെയെന്ന് തലയാട്ടി ഞാന്‍ വീണ്ടും ആലോചിച്ചു.
“നീ അവളെ ഇത്രക്ക് സ്നേഹിക്കുന്നുണ്ടെങ്കില്‍,എന്താ അവളോട് പറയാത്തത്?”. എണ്റ്റെ അമ്മയുടെ ചോദ്യം.
എവിടെയാണെങ്കിലും എനിക്കുനേരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഒരുപാടൊരുപാട് പറയുകയും ,എഴുതിക്കുട്ടുകയും ചെയ്യുന്ന എണ്റ്റെ ഭാവനസമ്പുഷ്ടിയെയും, വാക്ചാരുത്യയെയും വാഴ്ത്തുന്ന എണ്റ്റെ കൂട്ടുകാര്‍ അറിഞ്ഞിട്ടുണ്ടാവില്ല.ജീവിതത്തിലാദ്യമായി ആ ചോദ്യത്തിനുമുന്നില്‍ നിന്നും വാക്കുകളില്ലാതെ ഞാന്‍ ഒഴിഞ്ഞുമാറി.
‘എന്തുകൊണ്ട് അവള്’?,അതായിരുന്നു പിന്നെ എന്നില്‍ മുളച്ച ചോദ്യം.ഏകാന്തതയെ താലോലിക്കുന്ന എണ്റ്റെ മനസ്സില്‍ അവള് നിറഞ്ഞുനിന്ന് ഏകാന്തസ്വപ്നത്തിന് പുതിയ ഭാവം രചിച്ചുകൊണ്ടേയിരുന്നു.”
പറയണം,എണ്റ്റെ മനസ്സ് മന്ത്രിച്ചു,ഞാന്‍ തീര്‍ച്ചപെടുത്തി.
“എന്നിലെ എന്നെ ,കണ്ടു ഞാന്‍ നിന്നില്‍”,എന്ന ഗാനം ഞാന്‍ അവളുടെ കാതില്‍ മെല്ലെ മന്ത്രിച്ചു.
അവളുടെ ചുണ്ടില്‍ നാണം വന്നെത്തിയില്ല,നീലകടകണ്ണുകള്‍ വിടര്‍ന്നില്ല,കാല് വിരലുകള്‍ നിലത്ത് വൃത്തം വരയ് ക്കാനൊരുമ്പെട്ടില്ല.എങ്കിലും നുണക്കുഴികള്‍ വിടര്‍ന്ന അവളുടെ മനോഹര മന്ദഹാസത്തിനിടക്ക് ,മനസ്സ് ഒരുവേള ചിന്തയിലാണ്ടു പോകുന്നത് ഞാന്‍ കണ്ടു.ആ ഒരു മന്ദഹാസത്തിന് .ഏതൊരു ആണ്ക്കുട്ടിയും കൊടുക്കുന്ന ഒരര്‍ഥം,എണ്റ്റെ ഹൃദയവും കൊടുത്തേനെ.പക്ഷെ മുന്നില്‍ നില്‍ക്കുന്നത് അവളാണ്.ഹൃദയം അതിണ്റ്റെ വാതായനങ്ങള്‍ തുറക്കാന്‍ പോയില്ല.
അര്‍ബുദം എന്ന മഹാമാരിക്ക് ഇത്രയും വേദനയുണ്ടെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല.വാസതവത്തില്‍ പ്രിയപെട്ടവരില്‍ നിന്ന് അകലും എന്ന ഉറപ്പാണ് അര്‍ബുദത്തിണ്റ്റെ ഏവും വലിയ വേദന”.വിറയ്ക്കുന്ന എണ്റ്റെ കൈ നെഞ്ചോട് ചേര്‍ത്ത് അവള് പറഞ്ഞു നിര്‍ത്തി.
എണ്റ്റെ പ്രണയത്തിനൂള്ള അവളുടെ ഉത്തരം ആ വാക്കുകളിലുണ്ടായിരുന്നു.മനസ്സ് വിങ്ങിപൊട്ടുകയായിരുന്നു.എണ്റ്റെ കണ്ണുകളിലെത്തിയ കണ്ണീരിന് അവളുടെ ചുണ്ടിലെ മന്ദഹാസം കണ്ട് പുറത്തേക്കൊഴുകാന്‍ തോന്നിയില്ല.
“കോടികണക്കിന് മനുഷ്യര്‍ ഉള്ള ഈ ലോകത്ത് ,എണ്റ്റെ മനസ്സ് പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ മാത്രമല്ലെ ഉള്ളൂ.മനസ്സ് ജീവിതം മതിയാക്കാന്‍ പറഞ്ഞു,ഞാന്‍ ചെയ്തു”. അവള് എനിക്കു സമ്മാനിച്ച അവസാനത്തെ വാക്കുകള്‍.
അവളുടെ കൈതണ്ടയിലെ രക്തത്തിണ്റ്റെ ഒഴുക്ക് നിലച്ചിരിക്കുന്നു.മരവിച്ച മുഖത്ത് അവളുടെ മന്ദഹാസം മായാതെ കിടപ്പുണ്ടായിരുന്നു. എന്നെ സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിച്ച,പിന്നീട് സ്വപ്നത്തിണ്റ്റെ മാധുര്യത്തേക്കാള്‍ എത്രെയോ കയ്പ്പാണ് കണ്ണീരിനെന്ന് എന്നെ പഠിപ്പിച്ച അതേ മന്ദഹാസം!
ഇപ്പോഴും ,രാത്രികളില്‍ കാറ്റിന് എണ്റ്റെ അരികിലെത്തുമ്പോള്‍ അവളുടെ ഭാവം കൈവരുo.മഴയേല്‍ക്കുന്ന ഇലത്തുമ്പ് എനിക്ക് സമ്മാനിക്കൂന്നത് അവളുടെ ചിരിയാണ്,നിലാവ് പെയ്തിറങ്ങുമ്പോള്‍ പൂക്കള്‍ക്ക് അവളുടെ മണമാണ്.കണ്ണടച്ചാല്‍ ,അവള് എന്നോട് പറയാന്‍ ബാക്കിവെച്ചതെല്ലാമാണ് സ്വപ്നങ്ങളായി എണ്റ്റെ മുന്നിലെത്തുന്നത്.
അതെ,അവള് ജീവിക്കുന്നു,എന്നിലെ ഞാനായി, എണ്റ്റെ ഉള്ളില്‍…..
Like this:
Like Loading...