മനോഹരന് വെഡ്സ് മല്ലിക
മുന്‍ കുറിപ്പ് : അതെ ഇന്നാണ് അത് സംഭവിക്കുന്നത് . ഈ കല്യാണം മനോഹരന്റെ കുറെ തോന്നലുകളിലൂടെ , വാക്കുകളിലൂടെ നടക്കുകയാണ്. അങ്ങനെയുണ്ടായ കഥയാണിത്.
നിങ്ങള്‍ക്കറിയോ ? രാവിലെ എഴുന്നേറ്റപ്പോള്‍ തുടങ്ങിയ വിറയാണ്. എല്ലാരുടെ മുഖത്തും ആക്കിയ ഒരു ചിരിയുണ്ട്, അതോ ഇനി എനിക്ക് തോന്നണതാണോ?
രണ്ടു ദിവസമായി ടെന്‍ഷന്‍ തലയ്ക്കു അടിച്ചുകേറിയിട്ടുണ്ട്.
പ്രഭാത കൃത്യങ്ങളെല്ലാം കിറുകൃത്യമായിരുന്നു. ചായയും ഉപ്പുമാവും തിന്നാനുള്ള കുടുംബക്കാരുടേയും , അയല്‍വാസികളുടെയും ഒഴുക്ക് തുടങ്ങി. ജെനറെറ്ററും തൂക്കി സ്റ്റുഡിയോക്കാരും വന്നു . ഞാറാഴ്ച കല്യാണം വെച്ചാ ഇതാ പ്രശ്നം, ഒരു ജില്ലാ സമ്മേളനത്തിനുള്ള ആള്‍ക്കാരുണ്ടാവും. ഇവരുടെയൊക്കെ മുന്നിലിരുന്ന് കല്യാണം കഴിക്കണമല്ലോ എന്നോര്‍ക്കുമ്പോഴാ…….
ന്നെ പുറപ്പെടിപ്പിക്കല്‍ തുടങ്ങി. മള്‍ട്ടി മാനുവും, മുരളിയും , കഞ്ചുട്ടനും , ധൃതി നിസാറും…..തുടങ്ങി ഫുള്‍സെറ്റ് റൂമില്‍ കേറിയിട്ടുണ്ട്. കല്യാണം പ്രമാണിച്ച് ഞാന്‍ വാങ്ങിയ യാര്‍ഡിലി പൌഡറിന്റെയും, ബ്രൂട്ട് സ്പ്രേയുടെയുമൊക്കെ അടപ്പൂരുന്നതും കണ്ടു, കാലിയാവുന്നതും കണ്ടു, ഇവിടൊന്നും കിട്ടീല. സത്യത്തില്‍ ഇവര്‍ ആരെയാണ് പുറപ്പെടിപ്പിക്കുന്നത്?
മുറിയിലേക്ക് ദാ വരുന്നു ചേച്ചിയുടെ നാലില്‍ പഠിക്കുന്ന മോന്. പിന്നെ ചോദ്യം ,
“മാമാ, ഈ മണ്ഡപത്തില്‍ ഇരിക്കുമ്പോ തിയേറ്റരില്‍ ഇരിക്കണപോലെ അല്ലേ? എല്ലാരും സില്മേക്ക് നോക്കണ പോലെ മാമനെ തന്നെ നോക്കില്ലേ? അപ്പൊ മാമന് പേടിയാവില്ലേ ?”.
“ഇല്ലെടാ മോനെ, വ്യത്യാസണ്ട്. തിയേറ്ററാവുമ്പോ ആള്ക്കാര് കൂവും, ഇവിടെ അതുണ്ടാവില്ല.”
കണ്ടോ? നറുങ്ങ്പിറുങ്ങോള് വരെ വന്നു പേടിപ്പിക്കാന്‍ തുടങ്ങി, മനപ്പൂര്‍വ്വാ !
ദക്ഷിണ കൊടുക്കല്‍!
കുടുംബഭാരം നട്ടെല്ലിനേല്‍ക്കുന്ന സിറ്റുവേഷന്.
ഇതിനുമാത്രം കുടുംബക്കാര് എനിക്കുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. കുമ്പിട്ടു കാലു തൊട്ടു, മനുഷ്യന്റെ നടൂന്റെ ഡിസ്കിന് വിയര് ആന്‍ഡ് ടിയര്‍ ആയിക്കാണും. പണ്ട്കാലത്ത് കുടുംബാസൂത്രണം ഇല്ലാത്തതിന്റെ വേദന അനുഭവിക്കുന്നത് ഇപ്പോഴത്തെ തലമുറയാണ് !
വീട്ടില്‍ നിന്നിറങ്ങുമ്പോ, ഗൈറ്റിന്റവിടെ ദാ നില്ക്കുന്നു അലസന് രാജേഷും,ധൃതി നിസാറും !
അവര്‍ അടുത്ത് വന്നിട്ട് പറഞ്ഞു,
“അളിയാ……….. നിന്നെ ഞങ്ങള്‍ക്കറിയാം, നിന്റെ മനസ്സ് ഞങ്ങള്‍ക്കറിയാം …… നിനക്ക് ഈ ടെന്‍ഷന്‍ താങ്ങാന്‍ പറ്റില്ല ……….വാ കുപ്പിയെടുക്കാം!” .
ആ പസ്റ്റ് ! വധൂ ഗൃഹത്തിലേക്കിറങ്ങുന്ന വരനോട് പറയാന്‍ പറ്റിയ ഇതിലും നല്ല ഡയലോഗില്ല.
“ഇങ്ങള് ന്നെ ഇങ്ങനെ സ്നേഹിക്കല്ലഡാ….ഞാന്‍ ചാവാന്‍ പോവൊന്നുമല്ലാലോ, കല്യാണം കഴിക്കാനല്ലേ പോണത് ?”.
“രണ്ടും ഒന്ന് തന്നേണ്, അതാ ഈ പറയണത്”.
വീണ്ടും ടെന്ഷനാക്കി, മനപ്പൂര്‍വ്വാ !
ഇനി ഈ ടെന്‍ഷന്‍ കാരണം താലിയെങ്ങാനും വേറാരുടെയെങ്കിലും കഴുത്തില്‍ കൊണ്ടോയി കെട്ടുമോ ആവോ, കണ്ടറിയണ്ടേരും.
ഈ ടെന്‍ഷന്‍ സഹിക്കാന്‍ പറ്റില്ല എന്നുറപ്പുള്ളോണ്ട്, മല്ലികേനേട്ട് ഒളിച്ചോടി രജിസ്റ്റര്‍ മേരേജ് കഴിച്ചാലോ എന്ന് വരെ ആലോചിച്ചതാ. ബട്ട് മൈ ഫാദര്‍ , കിണ്ടി പറമ്പില്‍ ശങ്കരന് ! തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ക്കായി വീട്ടില്‍ എലിമിനേഷന് റൌണ്ട് നടത്തായിരിക്കും. ആള്, നൂറിന്റെയും ഇരുന്നൂറിന്റെയും നോട്ട് കവറിലിട്ടു കൊടുത്ത്, നാട്ടിലെ സകല കല്യാണത്തിലും പാര്‍ട്ടിസിപ്പേറ്റു ചെയ്തിട്ടുണ്ട്. അതൊക്കെ എന്നെ കണ്ടിട്ടാണ്. അതൊക്കെ തിരിച്ചുകിട്ടാന്‍ കൂടി വേണ്ടിയാണല്ലോ ഞാന്‍ കെട്ടുന്നത് !
പെണ്ണിന്റെ വീടെത്തി, ക്യാമറാമാന് ഓടി കാറിന്റെ അടുത്ത് വന്നിട്ടു പറഞ്ഞു,
“ബോസേ ഇങ്ങള് , ഇറങ്ങുമ്പോ രണ്ടു കാലും ഒരുമിച്ച് നിലത്തേക്ക് വെച്ച് ഇറങ്ങണം”
“അതെന്തിനാ ?”
“യേയ്, ഇങ്ങള് ബിഗ് ബില്‍ മമ്മൂട്ടി അവതരിപ്പിച്ച ബിലാല്‍ ഇറങ്ങണത് കണ്ടിട്ടില്ലേ ?”
“മോനെ ….., അതിന് ന്റെ പേരിന്റെ അപ്പ്രത്ത്ള്ളത് ‘ജോണ്‍ കുരിശിങ്കല്‍’ എന്നല്ല, ‘ശങ്കരന് കിണ്ടിപറമ്പില്‍’ ന്നാ.”
ഓന് പോയി.
കാലു കഴുകല്‍. പെണ്ണിന് സ്വന്തം ആങ്ങളയില്ല, ഒരു വകേലാങ്ങളയാണ് കാലു കഴുകുന്നത്.
ഓന് കുറച്ച് നേരം വിസ്തരിച്ചു കഴുകട്ടെ. ങ്ങള്‍ക്കറിയോ? ഈ പഹയന്, പണ്ട് തൃത്താല ഗാനമേളയ്ക്ക് പോയിട്ട് ഞങ്ങള്‍ തല്ലുണ്ടാക്കിയപ്പോ, ന്റെ ചിറിക്ക് തച്ചിട്ടുണ്ട്. ഞാന്‍ ഓന്റെ പിന്നാലെ ഓടി പെരടിക്ക് പൊട്ടിച്ച്. പിന്നീട് അത് പറഞ്ഞ് പഞ്ചായത്താക്കി. ആ ഓന് കാല് കഴുകി തരുമ്പോ ഒരു സുഖം. നന്നായിട്ട് കഴുകടാ….
പന്തലിലേക്ക് ഞാന്‍ നടക്കുന്നത് വീഡിയോ എടുക്കുന്നതാണ് കാണേണ്ട കാഴ്ച ! ‘ബിഗ് ബി’ ഇറങ്ങിയശേഷം, എല്ലാ സ്റ്റുഡിയോകളിലും ഓരോ അമല്‍ നീരദുമാര്‍ ഉണ്ടാവും. മ്മള് നടക്കുമ്പോ നിലത്തു നിന്ന് മേലോട്ടെ അവര്‍ ക്യാമറ എടുക്കൂ. ഇടയ്ക്ക് ഉയരത്ത് കേറി താഴോട്ടെടുക്കും. സ്ലോ-മോഷന്‍ ആക്കാന്‍ സോഫ്റ്റ്വേര്‍ ഉള്ളതുകൊണ്ട് സ്ലോ മോഷനില്‍ നടക്കാന്‍ പറയാറില്ല, ഭാഗ്യം. ഇനി കല്യാണകാസറ്റ് എങ്ങാനും എഡിറ്റ് ചെയ്ത് നോണ്‍ ലീനിയര്‍ ആക്കി ഇറക്കുമോ ആവോ, അല്ല ഇപ്പൊ അതാണല്ലോ ട്രെന്‍ഡ് !
ആഹാ ! ബ്ലിങ്കന്‍ മാഷ് നേരത്തെതന്നെ ഹാജരായിട്ടുണ്ടല്ലോ !!
ബ്ലിങ്കന്‍ മാഷ്. സെക്കണ്ടുകളിടവിട്ട് കണ്ണുകള്‍ ബ്ലിങ്ക് ചെയ്തോണ്ടിരിക്കും, അങ്ങനെ വീണ പേരാണ് ബ്ലിങ്കന്‍ !
നാട്ടിലെ സകല കല്യാണത്തിനും ബ്ലിങ്കന്‍ മാഷ് ഹാജര്‍ വെച്ചിരിക്കും, വിളിക്കാത്ത കല്യാണമാണെങ്കില് തലേസം തന്നെ എത്തും. എല്ലാടത്തും കല്യാണ കമ്മിറ്റിക്കാരെക്കാള്‍ ആക്ടീവ് ആയി ഓടിനടന്നു കാര്യങ്ങള്‍ ചെയ്യും. ഏയ് വട്ടൊന്നുമല്ല , അത് മൂപ്പരുടെ ഒരു ഹോബി.
കണ്ട പാട് ന്നോട് ചോദിച്ചു, “മനോഹരാ ……പേടിയൊന്നുമില്ലാലോ ?”
ദാ പോയി ! ആകെയുണ്ടായിരുന്ന ധൈര്യം കൂടി ആ ചോദ്യത്തിന്റെ ഒപ്പം പോയി.
ഇയാള്‍ക്കിതിന്റെ വല്ല കാര്യൂണ്ടോ? എന്നുമില്ലാത്തൊരു കുശലാന്വേഷണം. മനപ്പൂര്‍വ്വാ !
മണ്ഡപത്തില്‍ ചെന്നിരുന്നു. പന്തലിലേക്ക് നോക്കാന്‍ തന്നെ പേടിയാവുന്നു . അമ്പത് പേര് തെകച്ചില്ലാത്ത ക്ലാസില്‍ ഒരു സെമിനാര്‍ എടുക്കാന്‍ പറഞ്ഞപ്പോ, ലീവെടുത്ത് രണ്ടാഴ്ച വീട്ടിലിരുന്ന ഞാനാ ഇപ്പ ആയിരത്തിച്ചില്ലാനും ആള്‍ക്കാരുടെ മുന്നിലിരിക്കുന്നത് !!
എല്ലാരുമെന്താ ന്നെ തന്നെ ഇങ്ങനെ നോക്കണത് ? ഇവര്‍ക്കൊക്കെ വേറെ എങ്ങടെങ്കിലും നോക്കികൂടെ ?
ഓരോരുത്തന്മാരുടെ നോട്ടം കണ്ടാല്‍ അവന്റെ ഭാര്യയെയാണ് ഞാന്‍ കെട്ടാന്‍ പോണത് എന്ന് തോന്നും.
ഈ കല്യാണ പന്തലില്‍ വെച്ചിരിക്കുന്ന ടിവിയിലൊക്കെ സീരിയല്‍ വെക്കണം, എന്നാ പിന്നെ പെണ്ണുങ്ങളൊക്കെ അതില്‍ നോക്കി ഇരുന്നോളും, ഇങ്ങോട്ടാരും നോക്കില്ല.
ഹൃദയമിടിപ്പ് നാലേ ഗുണം നൂറുമീറ്റര്‍ റിലേ ഓടാനുള്ള കാര്യപരിപാടികള്‍ കെടക്കുന്നതേ ഉള്ളൂ, താലികെട്ടല്‍, മാലയിടല്‍ , പുടവ കൊടുക്കല്‍, വട്ടം ചുറ്റല് , പാലും പഴവും കൊടുക്കല്‍………ശ്ശോ.
ശരിക്കും കല്യാണം ലളിതമായിരിക്കണം. ‘സന്ദേശ’ത്തില്‍ ശ്രീനിവാസന് പറയണപോലെ ഒരു രക്തഹാരം അങ്ങോട്ട്, ഒരു രക്തഹാരം ഇങ്ങോട്ട്, കണ്ടിരിക്കുന്നവരുടെ ജയ് വിളി. അത് മതിയാര്‍ന്നു.
ന്റെ പെണ്ണ് വന്നു.
ങ്ങേ !! അന്ന് ഞാന്‍ പെണ്ണുകണ്ട് പോയ പെണ്ണ് തന്നെയാണോ ഇത് ? ബ്യൂട്ടിപാര്‍ലറ്കാരുടെ ഓരോ വികൃതികളേ !
“ആ ഇളക്ക താലി ഒരു മൂന്നുപവന്‍ കാണും , ആ കടകവള ഒന്നരപവനേ ഉണ്ടാവൂ.”
പെണ്ണുങ്ങളുടെ സൈഡില്‍ നിന്ന് കലപിലകള്‍ തുടങ്ങി. കണ്ണ് കൊണ്ട് സ്വര്‍ണം അളക്കാനുള്ള ഒരു പ്രത്യേകതരം കഴിവ് ദൈവം അവര്‍ക്ക് കൊടുത്തിട്ടുണ്ടല്ലോ.
മല്ലിക വന്ന് അടുത്തിരുന്നു , വിറ കൂടി.
പിന്നെ മൊബൈല്‍ ക്യാമറാമാന്മാരുടെ ബഹളമാണ്. അഞ്ഞൂറ് ഉര്‍പ്പ്യക്ക് മൊബൈല്‍ ഇറക്കിയ അംബാനിയുടെ തന്തക്കു വിളിച്ചുപോവും. പക്ഷെ കൂട്ടത്തില്‍ ഒരു വ്യത്യസ്ഥനുണ്ടായിരുന്നു അവനെ ഞാന്‍ തിരിച്ചറിഞ്ഞു. ഓണപതിപ്പിന് വെള്ള പെയിന്റെടിച്ച വലുപ്പത്തിലുള്ള ഒരു സാധനത്തിലാണവന്റെ പോട്ടോ പിടുത്തം.
“കുട്ടാ, എന്താടാ ഇത്”
ഓന് ഗമ കൂടി. “ഏട്ടാ ഇതാണ് ടാബ് ലെറ്റ്”.
“ഓ, അയികോട്ടെ”.
ഏതു കല്യാണത്തിലും ഇങ്ങനെ ഒരു കുരുപ്പിനെ കാണാന്‍ കിട്ടും. ഷോ കാണിച്ച് ആള്‍ക്കാരുടെ ശ്രദ്ധ നേടാന്‍ വെമ്പുന്ന ടീംസ്.
അതെ, ഞാന്‍ ആ കാഴ്ച കണ്ടു! എന്റെ അടുത്തേക്ക് വരുന്ന സുന്ദരനും, ബേജാറപ്പുവും! നാട്ടിലെ മെയിന്‍ കല്യാണാ ഘോഷ കമ്മറ്റിക്കാരാണ്. ഏതു കല്യാണവും ആഘോഷിച്ചലമ്പാക്കി കയ്യില്‍ത്തരും. ഇന്നലെ കുപ്പി വാങ്ങികൊടുത്ത്, ഇന്ന് അലമ്പുണ്ടാക്കാതിരിക്കാന്‍ ഞാന്‍ മുന്‍കരുതല്‍ എടുത്തിട്ടുണ്ട്. പക്ഷെ താലി കെട്ടുമ്പോള്‍ ഗുണ്ട് പൊട്ടിക്കും എന്നവര്‍ പറഞ്ഞിട്ടുണ്ട്. അത് കുഴപ്പമില്ല.
“മനോരാ, ഞങ്ങള്‍ക്കിന്നും കുപ്പി വേണം, പൈസട്ക്ക്”.
“പുന്നാര സുന്ദരാ……ഇന്നലെ ഞാന്‍ എടപ്പാള്‍ സല്‍ക്കാരേന്ന്‍ വാങ്ങി നിങ്ങടെ അണ്ണാക്കി ല്‍ ക്ക് കമുത്തി തന്നത് അവില് മില്‍ക്ക് അല്ലാലോ, റമ്മല്ലേ ?”.
“പോര ഇന്നും വേണം, അതും സ്മിര്‍നോഫ് വേണം”.
ഇംഗ്ലീഷില്‍, ‘എ’യും ‘ബി’യും കഴിഞ്ഞാല്‍ ‘സി’യാണെന്നു വരെ അറിയാത്ത സുന്ദരനാണ് പറയുന്നത് സമീര്‍നോഫ്!!
റം ഒഴികെ മറ്റെന്തു മണത്താലും, വാള് വെക്കണ സുന്ദരന്‍ ഇന്ന് സ്മിര്‍നോഫ് തന്നെ വേണം. മനപ്പൂര്‍വ്വാ !
“മനോരാ……അണക്ക് ഭാര്യേം കൊണ്ട് അറബാനയില് വീട്ടില്ക്ക് പോണോ ?”
“വേണ്ട”.
പോക്കറ്റില്‍ നിന്ന് ആയിരം ഉര്‍പ്പ്യേം അവരും ഒരുമിച്ചു പോയി.
കല്യാണത്തിന്റെ കാര്യ പരിപാടികള്‍ തുടങ്ങി. സത്യത്തില്‍ ഈ കല്യാണം എന്നാല്‍ ക്യാമറാമാന്മാരുടെ കലയാണ് .അത് തിരകഥയെഴുതി സംവിധാനം ചെയ്യുന്നത് ഓനാണ്. എപ്പോ താലി കെട്ടണം, എങ്ങനെ കെട്ടണം എന്ന് ഓന് പറയും, മ്മള് കേക്കണം. ഇനി കേട്ട്യീത് ശരിയായില്ലെങ്കില്‍ ഓന് വീണ്ടും കെട്ടാന്‍ പറയും, അതും മ്മള് ചെയ്യണം. അപ്പൊ മ്മളാരാ? നായകനല്ല, അതിനു മൂന്നക്ഷരമില്ലേ? ഇതിന് രണ്ടക്ഷരം, സസി !
താലികെട്ടല്‍.
ഇന്നേ വരെ ഒരു ചെക്കനും മര്യാദയ്ക്ക് താലി കെട്ടീട്ടുണ്ടാവില്ല. വിറച്ചു വിറച്ചു കൈ അറിയാതെ പൊങ്ങി പോകുന്നതാണ്. കഴുത്തിന്റെ അടുത്തു കൊണ്ടെത്തിച്ചാ മതി . കെട്ടലൊക്കെ പിന്നില്‍ നില്ക്കുന്ന അമ്മായിമാരും നാത്തൂന്മാരും ചെയ്തോളും.
……………..ഠേ……………………….. ഗുണ്ട് പൊട്ടിയതും, അതുകേട്ട് അവന്റെ കയ്യില്‍ നിന്നും ടാബ് ലെറ്റ് നിലത്തു വീണതും ഒരുമിച്ചായിരുന്നു.
നിലത്തുവീഴുമ്പോള്‍ ട്യൂബ് ലൈറ്റ് പോലെ പൊട്ടി ചിതറുന്നതുകൊണ്ടാണോ ഇതിനെ ‘ടാബ് ലെറ്റ്’ എന്ന് വിളിക്കുന്നത്? എന്തായാലും നന്നായി, ആ ഹലാക്കിലെ അവുലോസുണ്ട കൊണ്ട് കൊറച്ചൊന്നുമല്ല ഓന് മെയിനായത് .
എല്ലാം കഴിഞ്ഞു പാലും പഴവും രുചിച്ചു കൊണ്ടിരിക്കുമ്പോ കളക്ഷനെ കുറിച്ച് ചേച്ചിയോട് ആരാഞ്ഞു.
“മനോഹരാ, കളക്ഷന്‍ പറ്റെ മോശാടാ, കവറൊന്നും തീരെ കിട്ട്യീട്ടില്ല. കിട്ടിയ പ്രസന്റെഷനുകളുടെ വലുപ്പം കണ്ടിട്ട് വല്യ പ്രതീക്ഷ വെക്കാതിരിക്കുന്നതാ നല്ലത് എന്ന് തോന്നണു.”
ഈശ്വരാ……..എന്റെ കല്യാണം ഒരു ബോക്സ് ഓഫീസ് പരാജയമാവുമോ ?
മല്ലികയോട് ചോദിച്ചു,
“തന്റെ സൈഡില്‍ എങ്ങനുണ്ട് കളക്ഷന്‍?”
“ഇവിടുത്തെ കാര്യം അതിലും വിറ്റാ………..കല്യാണ കത്തില്‍ അച്ഛന് ഒരു വെയിറ്റ് കിട്ടാന്‍ വേണ്ടി ‘No presents, just your presence’ എന്നെഴുതി. ആള്ക്കാര് അത് കേള്‍ക്കാന്‍ കാത്തിരിക്ക്യേര്ന്നു.”
“അപ്പൊ, ഇന്ന് കല്യാണം പുറപ്പെടുമ്പോ, പെണ്ണിന് പകരം പെണ്ണിന്റെ അച്ഛനായിരിക്കുമല്ലോ കരയുന്നത് !”
സദ്യയുണ്ണാന്‍ പോകുമ്പോളുണ്ട്, മീശ പോലും മുളയ്ക്കാത്ത ഒരുത്തന് മറ്റോനോട് ആവലാതി പറയുന്നു .
“പണ്ടൊക്കെ കല്യാണത്തിന് മുറുക്കാന്റെ ഒപ്പം സിഗറെറ്റ് വെക്കണ പതിവുണ്ടാര്‍ന്നു, മ്മള് വലി തുടങ്ങിയപ്പോ അതും നിര്‍ത്തി !”.
അവടെ ഡയലോഗടിക്കാതെ പോവാന്‍ തോന്നിയില്ല,
“മോനെ , അങ്ങനെ ഓസിന് കിട്ടി ശീലിച്ചതോണ്ടാ മലയാളികള്‍ ഇങ്ങനെ കുടിയന്മാരും, വലിക്കാരും ആയത്”
ഇലയിട്ട ശേഷം സദ്യ വിളമ്പാന്‍ വേണ്ടി വേണ്ടി കാത്തു നില്‍ക്കുമ്പോഴാണ് എനിക്കാ അതിബുദ്ധി തോന്നിയത്.
“മല്ലികേ ….. സാധാരണ ആദ്യരാത്രി പറയുന്ന കാര്യം നമുക്കിപ്പഴേ പറഞ്ഞവസാനിപ്പിക്കാം, എന്നാപിന്നെ രാത്രി സമയം കളയണ്ടല്ലോ, ഏത് !”
“എന്താ?”.
“ഒരു കുട്ട്യേനെ ഒക്കത്ത് വെച്ച് നിക്കണ ആ പച്ച സാരിയെ കണ്ടോ?”
“ഉം”.
“ഓളും ഞാനും അഞ്ചു കൊല്ലം പ്രേമത്തിലായിരുന്നു. പിന്നെ ഒള് ഓള്‍ടെ പാട്ടിനു പോയി.
ഇനി മല്ലിക പറ, മല്ലികയ്ക്ക് ആരോടെങ്കിലും പ്രേമം ഉണ്ടായിരുന്നോ?”
മൌനം …….
“പറ മല്ലികേ ……ഇങ്ങനെ നാണിച്ചാലോ? നമ്മള് രണ്ടുപേരും ഒരു ജീവിതം തുടങ്ങാണ്, അപ്പൊ പരസ്പരം എല്ലാം അറിഞ്ഞിരിക്കണം. ഞാന്‍ എന്റെ കാര്യം ഓപ്പണായി പറഞ്ഞില്ലേ?”
മല്ലിക പറഞ്ഞു തുടങ്ങി.
“ക്യാമറയ്ക്ക് ലൈറ്റ് അടിച്ചു കൊടുക്കുന്ന ആ ചെക്കനെ കണ്ടോ? എന്നോട് ആദ്യായിട്ട് ഇഷ്ടാണ് എന്ന് പറയുന്നത് അവനാണ്”.
“മണ്ടന്‍”.
കായ വറുത്തതും ശര്‍ക്കര ഉപ്പേരിയും വന്നു
“എനിക്ക് ആദ്യത്തെ ലവ് ലെറ്റര്‍ കിട്ടുന്നത് ഇവന്റെ കയ്യീന്നാ”.
“പൊട്ടന്”.
അച്ചാര്‍ വന്നു
“എനിക്ക് ഏറ്റവും കൂടുതല്‍ റീ ചാര്‍ജ് ചെയ്ത് തന്നിട്ടുള്ളത് ഈ ഏട്ടനാ”.
“വിഡ്ഢി”.
പുളിയിഞ്ചി വന്നു
“എന്റെ ദേഹത്ത് ആദ്യായിട്ട് തൊട്ടത് ഇയാളാ…..”.
.
.
.
.
.
.
.
.
പിന്നെ അവിയല്‍ വന്നു,
കാളന് വന്നു ,
ഓലന്‍ വന്നു ,
കിച്ചടിയും, പച്ചടിയും , തോരനും വന്നു .
ഇടയ്ക്ക് ചോറും സാമ്പാറും പപ്പടവും വന്നിരുന്നു, അവര്‍ പക്ഷെ ലിസ്റ്റില്‍ ഇല്ലാത്തവരായിരുന്നു.
രസം വന്നു, മോര് വന്നു, രണ്ടു കൂട്ടം പായസവും വന്നു.
വയറു നിറഞ്ഞു.
April 4th, 2012 at 1:22 AM
ആദ്യം കമന്റ്റ്… ഇനിവായിക്കാം.
April 4th, 2012 at 1:36 AM
രസം വന്നു, മോര് വന്നു, രണ്ടു കൂട്ടം പായസവും വന്നു.
വയറു നിറഞ്ഞു. :))))))
April 4th, 2012 at 1:54 AM
ഹഹാ… സൂപ്പർ!! കഴിഞ്ഞ പോസ്റ്റ് വായിച്ചതിന്റെ ഓർമ്മയിലാ ഓടി വന്നു വായിച്ചത്.. ആ പ്രതീക്ഷ തെറ്റിച്ചില്ല.. എനിക്കിഷ്ടായി.. ഇടക്കൊക്കെ നന്നായി ചിരിച്ചു, അഭിനന്ദനങ്ങൾ!!
April 4th, 2012 at 2:03 AM
Super super 🙂
April 4th, 2012 at 2:15 AM
മനോഹരാ പെണ്ണ് സോഷ്യലാ അല്ലെ ??
April 4th, 2012 at 2:17 AM
മനോഹരാ പെണ്ണ് സോഷ്യലാ അല്ലെ ??
April 4th, 2012 at 2:23 AM
ഹ്മം മനപ്പൂര്‍വ്വാ ! 😀 😀
April 4th, 2012 at 7:49 AM
ഭാഗ്യം. ഇനി കല്യാണകാസറ്റ് എങ്ങാനും എഡിറ്റ് ചെയ്ത് നോണ്‍ ലീനിയര്‍ ആക്കി ഇറക്കുമോ ആവോ, അല്ല ഇപ്പൊ അതാണല്ലോ ട്രെന്‍ഡ് !…..
കലക്കിഷ്ടാ….
April 4th, 2012 at 8:15 AM
Oru kalyaanathe chutipati oru paadu nurungu kaazhchakal kandu! Nalla vaayanaanubhavam. Kidilan aayittund.
April 4th, 2012 at 8:46 AM
പൊതുവേ കല്യാണം കഴിക്കാന്‍ പോകുന്ന ഒരാളായത് കൊണ്ട് വളരെ ഇഷ്ടപ്പെട്ടു
April 4th, 2012 at 9:24 AM
Super Ending!! Wishes!
April 4th, 2012 at 9:31 AM
പല അലവലാതി ലിങ്കുകള്‍ പോലെയുള്ള ഒരു ലിങ്ക് എന്നേ കരുതിയുള്ളൂ ട്വിറ്ററില്‍ നിന്നും Redirect ചെയ്തു വരുമ്പോള്‍, പക്ഷെ ഇത് കലക്കി!!
April 4th, 2012 at 10:09 AM
ഇതിനുമാത്രം കുടുംബക്കാര് എനിക്കുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. കുമ്പിട്ടു കാലു തൊട്ടു, മനുഷ്യന്റെ നടൂന്റെ ഡിസ്കിന് വിയര് ആന്‍ഡ് ടിയര്‍ ആയിക്കാണും. പണ്ട്കാലത്ത് കുടുംബാസൂത്രണം ഇല്ലാത്തതിന്റെ വേദന അനുഭവിക്കുന്നത് ഇപ്പോഴത്തെ തലമുറയാണ് !
“മോനെ ….., അതിന് ന്റെ പേരിന്റെ അപ്പ്രത്ത്ള്ളത് ‘ജോണ്‍ കുരിശിങ്കല്‍’ എന്നല്ല, ‘ശങ്കരന് കിണ്ടിപറമ്പില്‍’ ന്നാ.”
കണ്ണ് കൊണ്ട് സ്വര്‍ണം അളക്കാനുള്ള ഒരു പ്രത്യേകതരം കഴിവ് ദൈവം അവര്‍ക്ക് കൊടുത്തിട്ടുണ്ടല്ലോ.
ഏതു കല്യാണത്തിലും ഇങ്ങനെ ഒരു കുരുപ്പിനെ കാണാന്‍ കിട്ടും. ഷോ കാണിച്ച് ആള്‍ക്കാരുടെ ശ്രദ്ധ നേടാന്‍ വെമ്പുന്ന ടീംസ്.
രസം വന്നു, മോര് വന്നു, രണ്ടു കൂട്ടം പായസവും വന്നു.
വയറു നിറഞ്ഞു.
Kalakki. Enikku istapettathu ellam quote cheyam ennu vechapo.. its a long list.. athu kondu evide nirthunnu ketto he he.
Was expecting a twist.. and as usual you did not fail!… superb ayittundu ketto! Humor is your Forte!
This is my first comment.. Ill be watching this space to read more.
Take care,
Merin
April 4th, 2012 at 10:27 AM
എന്നെ ഇങ്ങനെ ചിരിപ്പിക്കാതെടെയ് , എനിക്കറിയാം മനപ്പൂര്‍വ്വാ ! 😀
വീണ്ടും ഒരു സൂപ്പര്‍ പോസ്റ്റ് .
April 4th, 2012 at 10:32 AM
സൂപ്പര്‍ ഡാ സൂപ്പര്‍…
(അവസാനം തൈരുകൂട്ടി അല്പം ചോറുകൂടെ കഴിക്കാം എന്ന് അവള് പറഞ്ഞോ?) 🙂
May 29th, 2012 at 3:27 AM
haha
April 4th, 2012 at 11:31 AM
നാടുവിടല്‍ പ്രമാണിച്ചുള്ള കഥ കലക്കീട്ട്ണ്ട്. പൊളിച്ചടുക്കി. 🙂
വ്ലാങ്കൂര് ചെന്നിട്ട് എഴുത്ത് നിര്‍ത്തരുത്. ഇമ്മാതിരി സാധനങ്ങള്‍ ഇനീം എഴുതണം.
April 4th, 2012 at 11:49 AM
മുകളില്‍ കമന്റിട്ട തെണ്ടി അമേരിക്കയിലേക്ക് നാട് കടത്തപ്പെട്ട തെണ്ടിയാണെന്ന് കരുതിക്കൊണ്ട് എന്റെ സ്വന്തം കമന്റ് താഴെ…..
? എല്ലാരും സില്മേക്ക് നോക്കണ പോലെ മാമനെ തന്നെ നോക്കില്ലേ? അപ്പൊ മാമന് പേടിയാവില്ലേ ?”.
ദക്ഷിണ കൊടുക്കല്‍!
കുടുംബഭാരം നട്ടെല്ലിനേല്‍ക്കുന്ന സിറ്റുവേഷന്.
പണ്ട്കാലത്ത് കുടുംബാസൂത്രണം ഇല്ലാത്തതിന്റെ വേദന അനുഭവിക്കുന്നത് ഇപ്പോഴത്തെ തലമുറയാണ് !
മണ്ഡപത്തില്‍ ചെന്നിരുന്നു. പന്തലിലേക്ക് നോക്കാന്‍ തന്നെ പേടിയാവുന്നു . അമ്പത് പേര് തെകച്ചില്ലാത്ത ക്ലാസില്‍ ഒരു സെമിനാര്‍ എടുക്കാന്‍ പറഞ്ഞപ്പോ, ലീവെടുത്ത് രണ്ടാഴ്ച വീട്ടിലിരുന്ന ഞാനാ ഇപ്പ ആയിരത്തിച്ചില്ലാനും ആള്‍ക്കാരുടെ മുന്നിലിരിക്കുന്നത് !!
ഇതിലും ഭേദം ഈ പോസ്റ്റ് മുഴുവന്‍ ഞാനിവിടെ പോസ്റ്റുന്നതാ, എല്ലാം ഒന്നിന്നൊന്ന് മെച്ചം….
April 4th, 2012 at 10:19 PM
vayaru niranjittu purathekku onnum varanilla mashe…………kalakkeend
April 5th, 2012 at 8:30 AM
ഇനി കല്യാണകാസറ്റ് എങ്ങാനും എഡിറ്റ് ചെയ്ത് നോണ്‍ ലീനിയര്‍ ആക്കി ഇറക്കുമോ ആവോ, അല്ല ഇപ്പൊ അതാണല്ലോ ട്രെന്‍ഡ് !
ഹി ഹി…
April 6th, 2012 at 12:48 AM
പെടപ്പ്… 🙂 🙂 ആശംസകള്‍..
April 6th, 2012 at 11:10 AM
പ്രദീപേ,
ഓരോ പോസ്റ്റ് കഴിയുന്തോറും നന്നായി നന്നായി വരുന്നുണ്ട്… ധൈര്യമായി ഈ ലൈനില്‍ അങ്ങട് പിടിച്ചോ… പൊളിക്കും!
April 28th, 2012 at 2:30 PM
അളിയാ കലക്കി……..
May 28th, 2012 at 3:15 PM
അളിയാ കലക്കി…കിടിലം…ആ സസി ആക്കിയതാണ് കിടിലം..ങ്ങളെ ഒടുക്കത്തെ ഫാവനയാണ് ട്ടോ…
May 29th, 2012 at 2:16 PM
വയറു നിറഞ്ഞു.
May 29th, 2012 at 2:45 PM
നീയെട്ന്നായിതല്ലം ഒപ്പിക്കുന്നെയ്യ്… നന്ന്നായിനു കെട്ട്വാ….!!!
May 29th, 2012 at 3:04 PM
ഇഷ്ട്ടായി…. വയറു നിറഞ്ഞു
May 29th, 2012 at 3:18 PM
കലക്കി മറിച്ചു… ഗൂഗിൾ പ്ലസിൽ ലിങ്കിടുന്നുണ്ട്. ആളുകൾ വരട്ടെ.
May 29th, 2012 at 5:03 PM
സൂപ്പർ!
May 29th, 2012 at 5:20 PM
രസകരമായ വായനാനുഭവം ….സസ്നേഹം
May 29th, 2012 at 6:32 PM
വർഷങ്ങൾക്ക് ശേഷമാ ഏതേലും ബ്ലോഗിൽ ഒരു കമന്റിടുന്നത് 🙂
ഒരു വാക്ക് പറയാതെ പോകാൻ പറ്റുന്നില്ല.. 🙂
ചിരിപ്പിച്ചു.. അവസാനം ശരിക്ക് തകർത്തു! ഉഗ്രൻ.. 🙂
തുടരൂ…
May 29th, 2012 at 9:01 PM
വല്ലാതെ ചിരിച്ചുപോയി വിവാഹരംഗങ്ങള്‍ വായിച്ചപ്പോള്‍. അവസാനം ഇത്രയേറെ വിഭവങ്ങള്‍ വന്നത് വേണ്ടിയിരുന്നില്ല. അത് ബോറായി എന്ന് പറയാതെ വയ്യ
June 3rd, 2012 at 11:20 PM
Kidilan mashe..:)
July 14th, 2012 at 11:44 AM
കിടിലന്‍
സൂപ്പര്‍ ക്ലൈമാക്സ്