ശേഷം


എനിക്കു മുന്‍പേ പിറവിയായിരുന്നു

എനിക്കു ശേഷം മരണവും


കട്ട് പീസ്‌ കുട്ടന്‍


ഓന്‍ തന്നെയൊരു കഥയാണ്‌ , ഇതോന്റെ കഥയാണ്
ക്ലൈമാക്സിലെ കൊടും ട്വിസ്റ്റില്‍ ഓന്‍ ശശികുമാറും , ഓള് ശശികലയും ആവണ കഥ.
കൊല്ലം 2009, പിപ്പിരി ചളി ബാബൂന് മീശയും താടിയും ജോയിന്റായ കൊല്ലം !
പൊന്നാനി-കുറ്റിപ്പുറം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തി . ഒരു ശനിയാഴ്ച ……..

കുന്നത്ത് കുപ്പിപൊട്ടുന്ന സൌണ്ട് അരക്കിലോമീറ്റര്‍ അപ്പുറത്തുനിന്ന്‍ മണത്തറിഞ്ഞിട്ടാണ് സീനിലേക്ക്‌ കുട്ടന്‍റെ മാസ്സ് എന്‍ട്രി.
കുട്ടന്‍ ! പത്തില്‍ തോറ്റപ്പോ , നാടുവിട്ട് ബോംബെയില്‍ ചെന്ന് വീട്ടിലേക്കു ഫോണ്‍ ചെയ്ത് “ഞാനിനി ഇന്ത്യേക്കില്ല” ന്ന്‍ പറഞ്ഞ കുട്ടന്‍ ! ‘മകനേ തിരിച്ചുവരൂ’ എന്ന് കുട്ടന്റച്ഛന്‍ മാതൃഭൂമി കോഴിക്കോട് എഡിഷനില്‍ ( അന്ന് മലപ്പ്രം എഡിഷന്‍ കോട്ടക്കലില്‍ അടിച്ചു തുടങ്ങീട്ടില്ല) പരസ്യം ചെയ്തതിന്റെ രണ്ടാം നാള്‍ കുട്ടന്‍ നാട്ടിലെത്തി . കോഴിക്കോട് എഡിഷനിലെ പരസ്യം കണ്ടു, ബോംബയിലുള്ള കുട്ടന്‍, കൊങ്കണ്‍ റെയില്‍വേയുടെ സ്ഥലമെടുപ്പ് പോലും കഴിഞ്ഞിട്ടില്ലാത്ത അന്ത കാലത്ത് എങ്ങനെ നാട്ടിലെത്തി എന്നത് ഇപ്പളും ഒരു ചുരുളഴിയാത്ത രഹസ്യമാണ് . കുട്ടന്റച്ഛന്‍ വിചാരിക്കണത് ‘ഒക്കെ മാതൃഭൂമിയുടെ പവറാ’ ണെന്നാണ് . അതുകൊണ്ടാണ് മടങ്ങി വന്ന കുട്ടന് മേലെ അങ്ങാടീല് ടൈലര്‍ ഷാപ്പ് ഇട്ടുകൊടുത്ത്, അതിനു ‘മാതൃഭൂമി കട്ടിങ്ങ്സ്’ എന്ന് പേരിട്ടത് . ടൈലര്‍ഷാപ്പിനൊപ്പവും പ്രചരിപ്പിക്കുന്നുണ്ട് ഒരു സംസ്കാരം , അത് പിന്നെ പറയാം.

കുട്ടന്‍ ചെന്ന് നോക്കുമ്പോ ഫസ്റ്റ് റൌണ്ട് കഴിഞ്ഞിരുന്നു. തിരുമ്പണ കല്ല്‌മ്മെ തവള കുട്ട്യോള് ഇരിക്കണ മാരി ഇരിക്ക്യാണ്‌ ഭീകരനും, പിപ്പിരി ബാബുവും , വെപ്രാളം വിഭീഷും .

സാധനം കിളി സോഡയാണ്. അതെ കിളി സോഡ !! കുപ്പിടെ പുറത്ത് പറക്കണ കിളിയുടെ സ്റ്റിക്കറൊട്ടിച്ച സോഡ , അടിച്ചാല്‍ തലയില്‍ നിന്ന് കിളി പറക്കണ സോഡ ! വണ്‍ & ഓണ്‍ലി കിംഗ്‌ ഫിഷര്‍ ബിയര്‍ . അതിന്റെ വിജയ്‌ മല്യക്ക് പോലുമറിയാത്ത നാട്ടു ഭാഷയാണ്‌ കിളി സോഡ .

നാരങ്ങ സോഡ മണപ്പിച്ചാല്‍ വരെ പിപ്പിരിയാവണ പിപ്പിരി ബാബു നല്ല കിണ്ടിയാണ്, ജാതി കരച്ചില് .
വെപ്രാളം വിഭീഷ് സമാധാനിപ്പിക്കുന്നുണ്ടായിരുന്നു
“ഇയിങ്ങനെ മോങ്ങല്ലേ പിപ്പിര്യെ….പോലീസാരന്‍ ചെള്ളക്കിടണ ആദ്യത്തെ മനുഷ്യനൊന്നും അല്ലാലോ നീയ് ? അബദ്ധോക്കെ ഏതു പോലീസാരനും പറ്റും ”
” അയാളെ പോലീസിലിടുത്ത ആ പോലീസുകാരനാണ് അബദ്ധം പറ്റീത് . കള്ള പന്നി ” ഭീകരന്‍ ഒരു രക്ഷേ ഇല്ല , കട്ട കലിപ്പിലാണ്

സംഭവം കോണ്‍സ്റ്റബിള്‍ സുഗുണന്‍ ബബൂന്റെ ചിറിക്ക് തച്ചേന്റെ ഒന്നാം വാര്‍ഷികാണ് ഈ നടക്കണത്‌ . കിളിയടിക്കാന്‍ ഒരു കാരണം കാത്തിരിക്കുമ്പളാണ് ഇത് കത്തുന്നത് .കഴിഞ്ഞ കൊല്ലം ഇതേ ദിവസായിരുന്നു സുഗുണന്റെ കല്യാണം…. അന്ന് ടൈലര്‍ ഷാപ്പില്‍ കുട്ടന്‍റെ അസിസ്റ്റന്ടായിരുന്ന ബാബു, കല്യാണ ഷര്‍ട്ടിനു കുടുക്ക് വെക്കാന്‍ മറന്നു. സേഫ്ടി പിന്നുകൊണ്ട് കുത്തി നിര്‍ത്തിയ കല്യാണ ഷര്‍ട്ടുമിട്ട് വന്ന സുഗുണന്‍ സാര്‍ , താലി കെട്ടും മുന്‍പ് കല്യാണ പന്തലിലുണ്ടായിരുന്ന ബാബൂന്റെ ചിറിക്ക് കൊട്ടി . ആ ഗദ്ഗത നിമിഷത്തിന്റെ അയവിറക്കല്‍ , ഛെ ബിയറിറക്കലാണ് ഈ നടക്കണത്‌

കിളിപറത്താന്‍ തന്നെയും വിളിക്കാത്തതിന്റെ നീരസത്തിനോട് പോയി പണി നോക്കാന്‍ പറഞ്ഞ് കുട്ടന്‍ ഒരു കുപ്പിയെടുത്തു ചുടുക്കനെ മോന്തി , എന്നിട്ട് പിപ്പിരിയെ മൂപ്പിച്ചു കൊടുത്തു
“ന്നാലും ഷര്‍ട്ടിന്റെ ആറ് സുന വെക്കാന്‍ മറന്നേന് മുഖത്ത് തേമ്പിത് കൊറേ കൂടിപോയി ”
“ഇനിക്ക് അതിന് പ്രതികാരം ചെയ്യണം , ഇന്നെന്നെ ചെയ്യണം ” മോങ്ങല് പൌസ് ചെയ്ത് ബാബു പറഞ്ഞു

“ശര്യാ , മ്മക്കൊരു പണി കൊടുക്കണം ! എല്ലാ പോലീസാര്‍ക്കും ഇതൊരു പാഠം ആവണം “.
അവരെല്ലാരും ബാബുവിന്റെ പ്രതികാരത്തിനായി എന്തും ചെയ്യാനായി തയ്യാറായികഴിഞ്ഞിരുന്നു. അതിപ്പോ വെള്ളടി കമ്പനീന്ന് പറഞ്ഞാ അങ്ങനേണ്. രക്തബന്ധത്തിന് പോലും അത്രക്കങ്ങട് ഗുമ്മുണ്ടാവില്ല
“എന്ത് പണി കൊടുക്കും ?”

ആ ആലോചനയ്ക്കിടയിലാണ് ആറാം പ്രേമവും പോകാളിയ പുഷ്പന്‍ അങ്ങോട്ട്‌ നടന്നു വന്നത്
ചോദ്യം ഭീകരന്‍ ആണ് ഉന്നയിച്ചത്
“ഇയെന്താണ്ടാ അവാര്‍ഡ് സില്‍മേന്ന് സ്ഥലം മാറ്റം കിട്ടിയ നായകനെ പോലെ നടക്കണത്‌ ? ”

“നാളെ ഓള്‍ടെ കല്ല്യാണാടാ”

“ആരടെ ?”

“മ്മടെ കോണ്‍സ്റ്റബിള്‍ സുഗുണേട്ടന്റെ പെങ്ങള്ടെ ! ……ഓള്‍ക്കറിയോന്നറിയില്ല, ഞാന്‍ രണ്ടു കൊല്ലായിട്ട് ഓളെ കാര്യായിട്ട് പ്രേമിക്കുന്നുണ്ടായിരുന്നു ”
നാലുപേരുടെയും മോന്തകള്‍ കണ്ണേങ്കാവ് പൂരത്തിന് കുഴിമിന്നി തെളിഞ്ഞ മാരി തെളിഞ്ഞു.

“ഇതിലും നല്ലൊരു ചാന്‍സില്ല , എങ്ങനൊക്കെ പണി കൊടുക്കാം ?”
“കല്യാണത്തിന് പോയി ഹലാക്കിലെ തീറ്റ തിന്നാം , മുടിപ്പിക്കണം ” ഭീകരന്റെ സജഷന്‍ വന്നു , ടച്ചിങ്ങ്സിനായി വാങ്ങിയ കോലുമുട്ടായി ഈമ്പികൊണ്ട് .
“വേണ്ട്രാ , എന്നൊക്കെ ഞാന്‍ ക്ഷണിക്കാത്ത കല്യാണത്തിന് പോയി തിന്നിട്ടുണ്ടോ , അന്നൊക്കെ ഇക്ക് വയറിളക്കം പിടിച്ചിട്ടുണ്ട് ” കുട്ടന്‍റെ കുമ്പസാരം .
“ന്നാ രാവിലെ പോയിട്ട് പായസ ചെമ്പ് കട്ട് കൊണ്ടരാ ?” വീണ്ടും ഭീകരന്‍ !
“ഭീകരാ……………!! (ബാസ്സ് കൂട്ടിയ ശബ്ദത്തോടെ പിപ്പിരി ചൂടായി ) , അണക്കീ തിന്നാ തിന്നാ ന്നൊരു വിചാരം മാത്രേ ഉള്ളൂ ?”
ഭീകരന്റെ മുഖത്തേക്ക് നിഷ്കളങ്കത തത്കാല്‍ എടുത്തു വന്നു ,
“എന്താന്നറിയില്ല , നിക്ക് ടെന്‍ഷന്‍ കേറ്യാ അപ്പൊ എന്തെങ്കിലും തിന്നണം ”
“ഈ നീയൊക്കെ അപ്പൊ വല്ല ഇന്റെര്‍വ്യൂവിനും പോയാ , അവടിരിക്കണോരെ വരെ പിടിച്ചു തിന്നൂലോ ”

അവസാനം ഒരു ദുല്‍മ് ഐഡിയ തെളിഞ്ഞത് പിപ്പിരിയുടെ തലേലാണ്
“മ്മക്ക് ……………….ഇന്ന് രാത്രി പോയിട്ട് കല്യാണ പെണ്ണ് കിടക്കണ മുറി പൂട്ടാം . രാവിലെ കല്യാണ കമ്മിറ്റിക്കാര് വാതില് തല്ലി പൊളിക്കണത് വിറ്റായിരിക്കും. സുഗുണന് അതിലും വലിയൊരു നാണക്കേട്‌ വരാനില്ല . ചെലപ്പോ മുഹൂര്‍ത്തം വരെ വൈകിപോവും ! ”

“ന്നാ അത് വേണ്ട , മുഹൂര്‍ത്തം വൈക്യാ, സദ്യേം വൈകും ! ” – ഭീകരന്‍

എല്ലാവരും ഭീകരന്റെ മുഖത്ത് നോക്കി പല്ല് ഞെരിച്ചോണ്ടിരിക്കുമ്പോ , വെപ്രാളം വിഭീഷ് ഒറ്റയ്ക്ക് ഭീകരന്റെ അടുത്തേക്ക് ചെന്ന് തോളില്‍ കൈ വെച്ച് പറഞ്ഞു……

“ഭീകരാ……നിന്നെ ഒന്നും പറഞ്ഞിട്ട് ഒരു കാര്യൂല്ല്യ , നിന്റെയൊക്കെ പോഷകാഹാര കാലത്ത് പോഷകം തന്നവനെ തല്ലണം ”

ഭീകരന്‍ തെറ്റ് തിരുത്തി

“ന്നാ ശരി, ആ മുറി മാത്രല്ല എല്ലാ മുറീം പൂട്ടാം !!”

“പുന്നാര ഭീകരാ…….ഭീകരത സൃഷ്ടിക്കല്ലേ. കല്യാണ വീടാണ് . തോനെ ആള്‍ക്കാരുണ്ടാവും , തോനെ അടീം കിട്ടും”
“അടി വിഷയാക്കണ്ട , പക്ഷെ ആര് ചെയ്യും ?”

എല്ലാവരും മുഖത്തോട് മുഖത്ത് നോക്കിയിരിക്കുമ്പോള്‍ അത് കേട്ടു
“മ്മീ ”

അതെ ചെമ്മീന്റെ മ്മീ !!
അതുകേട്ടു എല്ലാവരും നോക്കി ,പട്ടാളക്കാരനെത്ര ഉണ്ട കണ്ടതാ എന്ന ഭാവത്തില്‍ നില്‍ക്കുന്ന കട്ട് പീസ്‌ കുട്ടന്‍ !
കുട്ടനേതാച്ച്ട്ടാ ഐറ്റം . പണ്ട് സ്കൂളില്‍ മാജിക് ഷോ ഉണ്ടാവുമ്പോ ‘
ധൈര്യമുള്ളവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ സ്റ്റെജിലേക്ക് വരിക ‘ എന്ന് മജീഷ്യന്‍ വിളിച്ചു പറയുമ്പോ എല്ലാവരും കുട്ടന്റെ മുഖത്തേക്കാത്രേ നോക്കാ . ഇനി കുട്ടന്‍ എത്തീട്ടില്ലെങ്കില്‍ ഹെഡ് മാസ്റ്റര് വിളിച്ചു പറയൂത്രേ “മാജിക്കാരാ , കുട്ടന്‍ വന്നിട്ട് മതിട്ടോ ഈ ഐറ്റം ‘ ന്ന്‍
അങ്ങനെയുള്ള കുട്ടന്‍ ഇത് ഏറ്റെടുത്തി ട്ടുണ്ടെങ്കില്‍ പിന്നൊന്നും നോക്കാനില്ല .

“ഞാന്‍ പണ്ടവിടെ ആശാരി പണി എടുത്തിട്ടുണ്ട് . ഓള്‍ടെ മുറിക്ക് രണ്ടു സൈഡും ഓടാംപുളി ഉള്ള വാതിലാണ് . പൂട്ടാനൊരു പൂട്ട്‌ നമ്മള് കൊണ്ടോവണ്ടേരും” വിഭീഷ് പ്ലാന്‍ ചെയ്യാന്‍ തുടങ്ങി.
“പൂട്ടാന്‍ താക്കോല് വേണ്ടാത്ത ഒരു ഫോറിന്‍ പൂട്ട്‌ ക്ലബ്ബില്‍ കെടക്കണ്ട് . അത് മതി ”
കാര്യങ്ങളെല്ലാം പെട്ടെന്ന് സെറ്റായ സന്തോഷത്തില്‍ ബിവരേജില്‍ നിന്നും വീണ്ടും സാധനമിറങ്ങി .
അന്ന് കുന്നത്തെ പൊന്തകാട്ടില്‍ തോനെ കിളി പറന്നു .

സമയം: പുലര്‍ച്ചെ ഒന്നര , വേദി : ക്ലബ് പരിസരം
പോവാന്‍ നില്‍ക്കുന്ന കുട്ടന്റെ മുന്നില്‍ പുഷ്പന്റെയുള്ളിലെ കാമുകന്‍ പുറത്തു ചാടി
“ഓള് പാവാടാ , ഒച്ചയുണ്ടാക്കാതെ പൂട്ടീട്ട് പോരണം.നാളെ കല്യാണല്ലേ ,സുഖായി ഉറങ്ങിക്കോട്ടെ , ശല്ല്യപെടുത്തണ്ട ”
പുഷ്പന്‍ കണ്ണ് തുടച്ചു .

താക്കോലില്ലാത്ത ഫോറിന്‍ പൂട്ടുമായി ബൈക്കിന്റെ അടുത്തേക്ക് സ്ലോ മോഷനില്‍ നടക്കുന്ന കുട്ടനെ. പിപ്പിരി പിന്നില്‍ നിന്നും വിളിച്ചിട്ട് ചോദിച്ചു.
“കുട്ടാ……ഗുദാമിലെ ഏരിയേണ് ! അണക്ക് ഒറ്റയ്ക്ക് പോവാന്‍ പേടിയുണ്ടോ ? ഞാന്‍ വരണോ ? ”
കുട്ടന്‍ അതെ സ്ലോ മോഷനില്‍ ആന്റി ക്ലോക്ക് വൈസ് തിരി തിരിഞ്ഞു . ആ മുഖത്ത് പിപ്പിരിക്ക് കൊടുക്കാന്‍ ഒന്നര കിലോ പുച്ഛമുണ്ടായിരുന്നു , ഒരു ഡയലോഗും,
“നീയൊക്കെ ട്രൌസറിടാന്‍ പഠിക്കുന്ന കാലത്ത് ഞാനിവിടെ പാന്റിട്ട്‌ നടക്കുന്നുണ്ടായിരുന്നു ” punch !
ഭീകരന്‍ റ്റാറ്റ കൊടുത്തു , കുട്ടന്‍ പോയി .
“സൂപ്പര്‍ മാരിയോ രാജകുമാരീനെ രക്ഷിക്കാന്‍ പോണ പോലെ തുള്ളിച്ചാടി പോണുണ്ട് , എന്താവുംണാവോ ? ”
ബാക്കിയെല്ലാവരും ക്ലബ്ബില്‍ പോയി വാള് വെച്ചും വെക്കാതെയുമായി കിടന്നുറങ്ങി .

പിറ്റേന്ന് ആദ്യം തല പൊങ്ങി വീട്ടില്‍ പോയ വെപ്രാളം വിബീഷ് , വെപ്രാളം പിടിച്ചു തിരിച്ചോടി വന്നു. എല്ലാവരെയും വിളിച്ചു ആ കാര്യം പറഞ്ഞു .
“കുട്ടന്‍റെ കല്യാണം കഴിഞ്ഞു !! ”
ഭീകരന്റെ വായില്‍ നിന്ന് ഒന്നേ വരാന്‍ ഉണ്ടായിരുന്നുള്ളൂ
“സദ്യേ ബിരിയാണ്യാ ??”
എല്ലാവരും പോസ്റ്റടിച്ചു നിക്കണ കണ്ടപ്പോഴാണ് അവന്‍റെ കുഞ്ഞു കുഞ്ഞു ബോധം മെല്ലെ തെളിഞ്ഞത്
“ങേ !! ഇന്നലെ രാത്രി മുറി പൂട്ടാന്‍ പോയ ഓന്‍ എപ്പളാ കല്യാണം കഴിച്ചേ ? ”
വിഭീഷ് കാര്യം വിശദമാക്കി ,
“രാവിലെ കല്യാണ പെണ്ണിന്റെ വാതില്‍ തുറക്കണില്ല . എല്ലാവരും കൂടി വാതില് പൊളിച്ചു അകത്തു നോക്ക്യപ്പോ മുറീല് കല്യാണപെണ്ണും കുട്ടനും !! കുട്ടനെ ആദ്യം പൊട്ടിച്ചു , പിന്നെ കെട്ടിച്ചു “.
ഐഡിയ കൊടുത്ത പിപ്പിരിയെ പുഷ്പന്‍, ആറാം ബോളും സിക്സറടിച്ച യുവരാജിനെ സ്റ്റുവര്‍ട്ട് ബോര്‍ഡ് നോക്കിയ പോലെ നോക്കി, എന്നിട്ടൊരെയൊരു വാക്കും,
“മനപ്പൂര്‍വ്വാ ”

ഗുണപാഠം : ഒരു മുറി, രണ്ടു സൈഡില്‍ നിന്ന് പൂട്ടാം


ആത്മം


ഒരപകടം പറ്റിയതോര്‍മ്മയുണ്ട്, കിടക്കുന്നതൊരാശുപത്രിയിലാണെന്ന തിരിച്ചറിവുമുണ്ട്. എല്ലാ മുറിവുകളും അവസാനിക്കുന്നതവിടെയാണല്ലോ…….കുറെ തുന്നികെട്ടലുകളുമായി ജീവിതത്തിലേക്ക്, അല്ലെങ്കില്‍ മണ്ണിലേക്ക്.
അതിനപ്പുറം ഒന്നുമറിയില്ല, ഞാന്‍ മരിച്ചോ എന്നുപോലും ഉറപ്പിക്കാനാവാത്ത അവസ്ഥ.ഒരു മൃതിഗന്ധം ചുറ്റും പരന്നിട്ടുള്ളത് എനിക്ക് ശ്വസിക്കാം .

“പേരെന്താ ?”
വിരിഞ്ഞ തെങ്ങിന്‍ പൂങ്കുലയുടെ നിറമുള്ള ഒരു പെണ്‍കുട്ടി, അല്ല ആ ഡോക്ടര്‍ ചോദിച്ചു.
പെരവള്‍ക്ക് പറഞ്ഞുകൊടുക്കണമെന്നാഗ്രഹമുണ്ട്, പക്ഷെ ഓര്‍ത്തെടുക്കാനാവുന്നില്ല.
എന്‍റെ പേര്, എന്‍റെ ഉള്ളിലെ ആഴങ്ങളിലെവിടെയോയാണ്
ആ ചോദ്യത്തിനോട്, അതിന്റെ മുഴക്കത്തോട്‌ അടിയറവു പറഞ്ഞ്, നിസ്സംഗമായും നിര്‍വ്വികാരമായും ഞാന്‍ കിടന്നു.
ഉമിനീരുവറ്റിയ എന്‍റെ വായ ഉത്തരമേകാത്തതുകൊണ്ട് അവള്‍ ആ മുറിയില്‍ നിന്ന് മായുന്നത്, കണ്ണുകളെനിക്ക് കാണിച്ചുതന്നു.

ഞാനോലോചിച്ചു, ‘എന്‍റെ മനസ്സിന് മറവിയേറ്റിരിക്കുന്നുവോ?’. അതറിയാന്‍ വേണ്ടി ഭൂതകാലം എന്നിലവശേഷിപ്പിച്ച ഓര്‍മ്മകളോ , അട്ടിമറിക്കപെട്ട എന്‍റെ സ്വപ്നങ്ങളോ എനിക്ക് ഓര്‍ത്തെടുക്കാന്‍ ശ്രമിക്കാമായിരുന്നു. പക്ഷെ ഞാന്‍ ചെയ്തത് വേറൊന്നാണ്‌ .
പലപ്പോഴായി ഞാനെഴുതി വെച്ച ഓരോ വരികളും ഞാന്‍ ഉരുവിടാന്‍ തുടങ്ങി. സാധ്യമാകുന്നുണ്ട് എനിക്ക് !!
വരികളോരോന്നും മുഴുവനാക്കാനും, അതടുക്കിവെച്ച് ആ കഥയുടെ അന്ത്യത്തിലേക്കെത്തിക്കാനും കഴിയുന്നുണ്ട് !
ഓരോ കഥയും ഓര്‍ത്തെടുക്കുമ്പോള്‍ എനിക്കൊന്നും പറ്റിയിട്ടില്ല എന്ന തോന്നല്‍ ശക്തമായികൊണ്ടിരിന്നു.

ആദ്യം പ്രണയമായിരുന്ന കഥകള്‍, പിന്നെ ഉന്മാദം മുറ്റി നിന്നിരുന്ന ചിന്തകളിലൂടെ മരണത്തെ പറഞ്ഞ കഥകള്‍, പിന്നീടെപ്പോഴോ ദിശയും, സത്തയും മാറ്റി, വായനകളെ ചിരിപ്പിക്കാന്‍ എഴുതിയ കഥകള്‍. ……ഒന്നൊഴിയാതെ ഞാന്‍ പറഞ്ഞു തീര്‍ത്തു. എനിക്ക് ചിരിയുണ്ടായി .
ആ ചിരികേട്ട് വേറൊരു ചിരിയുണര്‍ന്നു, എന്‍റെതല്ലാത്തൊരു ചിരി ആ മുറിയിലുണ്ടായിരുന്നു. അത് ആ പെണ്‍കുട്ടിയാണ്.
ഞാന്‍ ഞെട്ടി! അവള്‍ ആ മുറിവിട്ടു പോകുന്നത് ഞാന്‍ കണ്ടതാണ് . എന്‍റെ കണ്ണുകള്‍ എന്നോടാദ്യമായി നുണപറഞ്ഞിരിക്കുന്നു!!
“നിന്‍റെ പേരെനിക്കറിയാം ”
അവളതു പറഞ്ഞപ്പോഴാണ് എനിക്ക് തിരിച്ചറിവുണ്ടായത്. ഞാനെഴുതിയ കഥകള്‍ മാത്രമാണ് എനിക്ക് ഓര്‍ത്തെടുക്കാനായത്. അതുവെച്ചാണ് ഞാന്‍ അഹങ്കരിച്ചത്‌, എന്‍റെ ഓര്‍മ്മ നഷ്ടപെട്ടിട്ടില്ലെന്ന്‍… പക്ഷെ ഈ നിമിഷംവരേയും എനിക്കെന്‍റെ പേരോര്‍ത്തെടുക്കാനായിട്ടില്ല. എനിക്കെന്‍റെ പേരറിയണം, ഞാന്‍ ചോദിച്ചു ,
“എന്താ ?”
“നുണയന്‍ !”
അവള്‍ വീണ്ടും പറഞ്ഞു ,
“നുണയനാണ് നീ. കഥയെഴുതുന്നവരെല്ലാം നുണയന്മാരാണ്, എല്ലാ കഥകളും നുണകളാണ് ”
അവള്‍ ആ മുറിയില്‍ നിന്ന്‍ വീണ്ടും മായുന്നത് കണ്ണുകള്‍ വീണ്ടും കാണിച്ചു തന്നു .
വീണ്ടുമൊരു കഥയുണ്ടായി. അല്ല നുണ !


കിടുക്കി സുന്ദരി


കഥ തുടങ്ങുന്നത് ഒരു ഫോണ്‍ കോളിലാണ്, ശ്രീകു എന്നു വിളിക്കപെടുന്ന ശ്രീകുമാര്‍ സുരേന്ദ്രന്‍ ബാഗ്ലൂരില്‍ നിന്ന്‍ നാട്ടിലെ ചങ്ങായി അര്‍ജുനെ വിളിക്കുന്ന ഫോണ്‍ കോളില്‍.
“സമ്മെയ്ച്ചളിയാ…….’ഒളിച്ചോടി രെജിസ്റെര്‍ മാര്യേജ് ചെയ്യാണ്’ന്ന്‍ ഫേസ്ബുക്കില് സ്റ്റാറ്റസ് അപ്ടേറ്റ്‌ ഇട്ട് ഒളിച്ചോടാന്‍ നിന്ന ഇയൊക്കെയാണ് യഥാര്‍ത്ഥ ഫേസ്ബുക്ക്‌ അഡിക്റ്റ്……ഇന്നിട്ടിപ്പോ എന്തായി ? അന്റെ പെണ്ണിനെ ഓള്‍ടെ വീട്ടാര് അന്റെ കൂടെയോടാന്‍ വിട്ടില്ലല്ലോ ?”
“ശ്രീകൂ…….ശവത്തില്‍ കുത്തല്ലടാ. ന്റെ അവസ്ഥ നിനക്കറിയാഞ്ഞിട്ടാ…….നീ നാട്ടിക്ക് വാ ”
“ഞാനവിടെ വന്നിട്ടെന്തിനാ ? ഇങ്ങള് രണ്ടാളും ഇനിയീ ജന്മത്തിലൊന്നാവാന്‍ പോണില്ല, എനിക്ക്യാണെങ്കെ നാളത്തേക്ക് കൊറേ പണിയൂണ്ട്, അവിടെ നിന്നെ സമാധാനിപ്പിക്കാന്‍ ടീംസ് ഒക്കെയില്ലേ ?”
“ഉം……..അറിഞ്ഞപാട് ല്ലാരും എത്തി, സമാധാനിപ്പിക്കാന്‍ . പക്ഷെ അപ്പളേക്കും ബിവരേജ് അടച്ചേര്‍ന്നു , ഇനി നാളെ രാവിലെ എടുക്കാന്നു പറഞ്ഞു.”
“അളിയാ……..രാത്രി പത്തുമണിക്ക് ഒരു ബസ്സുണ്ട്, ഏഴുമണിക്ക് കോഴിക്കോടെത്തും. ഒരു ഒമ്പതരയാവുമ്പോ ചങ്ങരംകുളം ടൌണില്‍ ബൈക്കേട്ട് വരാന്‍ മുത്തുവിനോട് പറയണം ”

ശ്രീകു റൂമില്‍ നിന്ന്‍ ബാഗെടുത്തെറങ്ങി. സഹമുറിയന്‍ വിജീഷാണ് ഡ്രോപ്പ് ചെയ്യാന്‍ പോണത്. അതെ വിജീഷ് , ‘വിജീഷിനു ഗ്ലാമര്‍ കുറവാണെന്ന്’ എല്ലാരും പറഞ്ഞപ്പോ , ഹീറോ ഹോണ്ട ഗ്ലാമര്‍ വാങ്ങി ‘വിജീഷിനു ഗ്ലാമറുണ്ട്’ എന്നു മാറ്റിപ്പറയിച്ച അതെ വിജീഷും അതേ ഗ്ലാമറുമാണ് ശ്രീകുവുമായി ബാഗ്ലൂര്‍ സാറ്റ് ലൈറ്റ് ബസ് സ്റ്റെഷനിലേക്ക് പോയ്കൊണ്ടിരിക്കുന്നത്.
പെട്ടന്ന് ഒരു അടാറ് സൈസ് പോലീസുകാരന്‍ സീനിലേക്ക്‌ ചാടി വീണു.
പിടിച്ച പാട് പോലീസുകാരന്‍ ഒരു തെറി വാക്യത്തില്‍ പ്രയോഗിച്ചു പറഞ്ഞു.
അനുഭൂതി !
പിന്നെ ശ്രീകുമാര്‍ സുരേന്ദ്രനിലെ സുരേന്ദ്രനെ വിളിച്ചു.
പുളകം !
പിന്നൊരു ഉപദേശവും, അതിന്റെ മലയാളം പരിഭാഷ താഴെ കൊടുക്കുന്നു
“ഈ ഹെല്‍മെറ്റ്‌ എന്നാല്‍ കോണ്ടം പോലെയാണ്, അതില്ലെങ്കെ പ്രശ്നമൊന്നുമില്ല, പക്ഷെ ആക്സിഡന്റ് പറ്റിയാ ചിന്തിക്കും ‘എടുക്കാര്‍ന്നു ന്ന്‍ ‘
കൂടുതല്‍ കേട്ട് നില്‍ക്കാന്‍ ആമ്പിയര്‍ ഇല്ലാത്തോണ്ട് ഇരുന്നൂറുര്‍പ്പ്യ കൊടുത്ത് ഒഴിവാക്കി .
കര്‍ണ്ണാടകയില്‍ ആയാലും കേരളത്തില്‍ ആയാലും പോലീസുകാരന്‍ പോലീസുകാരന്‍ തന്നേണ്.

മണി എട്ടര …..സാറ്റ് ലൈറ്റ് ബസ്റ്റാന്റ്. ഒരു ഡ്രൈവര്‍ അറിയാവുന്ന ഒച്ചയൊക്കെയുണ്ടാക്കി വിളിക്കുന്നത് ശ്രീകു കേട്ടു
“പാടം കാണാം പുഴ കാണാം കോഴിക്കോട് കോഴിക്കോട് കോഴിക്കോട് ……സീറ്റുണ്ട് പാട്ടുണ്ട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട്….കാണാന്‍ കൊള്ളാവുന്ന കണ്ടക്ടറുണ്ട്, അതിലും ഗ്ലാമറുള്ള ഡ്രൈവറുണ്ട് …..കോഴിക്കോട് കോഴിക്കോട് കോഴിക്കോട് ……”
കര്‍ണ്ണാടക RTC ബസ്സാണ് , മലയാളി ഡ്രൈവറും. ആള് നല്ല വീലാണ് അതിന്‍റെതാണീ വിളി.
ഡ്രൈവര്‍ ശ്രീകുവിനോട് ചോദിച്ചു
“ഏവുട്ത്തേക്കാ?”
“കോഴിക്കോട് ”
“ന്നാ ഇതില് പോന്നോ ”
“ഇതില് ജാസ്തി പൈസേവില്ലെ ?, ഞാന്‍ ആ കേരള ബസ്സില് പോന്നോളാം”
“മോനെ ഇത് രണ്ടും തമ്മില് പള്‍സറും അള്‍സറും പോലെ വ്യത്യാസണ്ട്……ഇതില് പോന്നാ ഒരു ബോണസ്സ് കൂടിയുണ്ട് ”
ഡ്രൈവര്‍ തന്റെ സീറ്റിന്റെ പിറകിലെ സീറ്റിലേക്ക് കൈചൂണ്ടി കാണിച്ചു, ശ്രീകു കണ്ടു !!
കിടുക്കി സുന്ദരി !! ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് .
ഡ്രൈവര്‍ സെക്കണ്ടിട്ടു, “മലയാളിയാണ്, കോഴിക്കോട്ടിക്കാണ് ടിക്കറ്റ്, ആ കുട്ട്യീടെ അടുത്ത് സീറ്റൂണ്ട്. പോരുന്നോ ?”
ശ്രീകുവിനു നാണം വന്നു, ഡ്രൈവര്‍ക്ക് ടിക്കറ്റൊത്തു.

ശ്രീകു ഉള്ളിലേക്ക് കയറി……..കുട്ടി കൊള്ളാം. അപ്പൊ,ആ ബസ്സിന്റെ വരാന്തയില്‍ വെച്ച് ശ്രീകു മനസ്സിലുറപ്പിച്ചു ….. മറ്റൊരുത്തനും അവളെ വിട്ടുകൊടുക്കില്ലാന്ന്‍ , ഈ മലയാളി കുട്ടി ഒന്റെയാ ന്ന്‍ ”
പക്ഷെ അവളെ വളക്കേണ്ടതെങ്ങനെയാണെന്ന് ഇതുവരെ പ്രേമിച്ചിട്ടില്ലാത്ത അവനു അറിയില്ലായിരുന്നു. അതിനവന്‍ എക്സ് പീരിയെന്‍സ്ട് ഗയ് മോനായിയെ വിളിച്ചു, ബി.ടെക് ഓട്ടോ മൊബൈല്‍ കഴിഞ്ഞു ഇവിടെ ജോലി ചെയ്യുന്ന ചങ്ങായി മോനായി .
“അളിയാ കിടുക്കി സുന്ദരി!”
“എത്ര മിനിറ്റുണ്ട്”
“പുന്നാരളിയാ….ഇത് 3 ജി.പി ക്ലിപ്പിന്റെ പേരല്ല…..കന്നടത്തില്‍ കിടുക്കി സുന്ദരിന്ന്‍ പറഞ്ഞാ ‘വിന്‍ഡോ ബ്യൂട്ടി’ എന്നാ അര്‍ഥം. അങ്ങനെയൊന്നു ഞാന്‍ നാട്ടീ പോണ ബസ്സില് ന്റെ അടുത്തുണ്ട് , നീ വേഗം ബാഗെടുത്ത് സാറ്റ് ലൈറ്റിലേക്ക് വാ, നീ വേണം ഞങ്ങളെ ഒന്നിപ്പിക്കാന്‍ ”
“നീ നാട്ടീ പോണ വിവരം നീ ഇതുവരെ എന്നെ അറിയിപ്പിച്ചോ ? ഇപ്പൊ ഒരുത്തീനെ കണ്ടപ്പോ ഞാന്‍ വേണം ലെ ? അല്ലെങ്ങിലും കറണ്ട് പോയാലെ ല്ലാരും മേയ്തിരി തപ്പൂ “, മോനായി ജാതി സെന്റി .
“എടാ ജീവിതത്തിലാദ്യായിട്ടു ഒരു പെണ്ണിനോട് പ്രേമം തോന്നീതാടാ …..എനിക്കിവളെ വേണം ”
“ശ്രീകോ ……നല്ലടി ചങ്ങരംകുളത്ത് കിട്ടില്ല്യെ? ഈ കന്നഡക്കാരുടെ അടീന്ന് പറഞ്ഞാ ഒരു മയൂല്ല്യാ , ഒരു വണ്ടി കൊണ്ടോയി ചാര്‍ത്ത്യെന് കഴിഞ്ഞാഴ്ച തല്ലു കിട്ടീതോര്‍മ്മല്ല്യെ ? മുമ്പ് പലതവണ തല്ലു കിട്ടീട്ടുണ്ടെങ്കിലും തല്ല് ഒരദ്ഭുതമാവുന്നത് ആദ്യായിട്ടായിരുന്നു , ഇക്കിനി വയ്യ ”
“ഏയ്‌…. ഇത് മലയാളി കുട്ട്യാ, നീ വാ……. മറ്റന്നാ ചാലിശ്ശേരി പൂരല്ലേ ? ഇവളേം വളച്ച് പൂരോം കണ്ടിങ്ങു പോരാം, ടിക്കറ്റ് എന്റെ വക ”
അതേറ്റു .മോനായി വരാമെന്ന് സമ്മതിച്ചു, ന്നാലും അവസാനം ഇതുകൂടെ ചോദിച്ചു ,
“ന്നാലും ഇത്ര പെട്ടന്ന്‍ നിനക്ക് പ്രേമം തുടങ്ങിയാ ?”
ശ്രീകു നാണത്തോടെ പറഞ്ഞു “എടാ ഒരു പെണ്ണിനോട് പ്രേമം തുടങ്ങാന്‍ ഒരു സിഗറെറ്റ് കത്തിക്കണ ടൈം കൂടി വേണ്ട”
“അത് ശരിയാ, പക്ഷെ ആ സിഗറെറ്റൊരു പൊകയാവും, പെണ്ണ് മ്മളെ പോകയാക്കും ”

പതിനഞ്ചു മിനുട്ടിനുള്ളില്‍ മോനായി ഹാജര്‍ രേഖപെടുത്തി. പുറത്തു കാത്തുനിന്നിരുന്ന ശ്രീകുവിന്റെ അടുത്ത് വന്നു. അവന്‍ ചൂണ്ടി കാണിച്ചു കൊടുത്തു, കിടുക്കി സുന്ദരി!
കണ്ടപാട് മോനായി ശ്രീകുവിനോട് ചോദിച്ചു
“അതാണോ അന്റെ മൊതല് ?”
“ഉം….. ”
“വേറെ ഒന്നിനേം കിട്ടീലേ ?”
“ഇക്കിതുമതി …..ബാഗ്ലൂരില്‍ ഹീലില്ലാത്ത ചെരുപ്പും ലൂസ് ചുരിദാറും ഇട്ടൊരു മലയാളീനെ കാണുന്നത് തന്നെ ആദ്യായിട്ടാണ്‌, പോരാത്തേന് ഓള് ഇതേവരെ ഫോണ്‍ കയ്യിലെടുത്തിട്ടില്ല . ഇത്രേം നേരായിട്ടും മൊബൈല്‍ എടുത്തിട്ടില്ലെങ്കില്‍ ഒന്നുറപ്പാണ് ഓള്‍ക്ക് വേറെ ലൈനില്ല .”
ഈ സംസാരം കേട്ടു കൊണ്ടുനിന്നിരുന്ന ഡ്രൈവര്‍ അടുത്തേക്ക് വന്നു ചോദിച്ചു “നീയാണോ വളച്ചു കൊടുക്കാന്‍ വന്ന ആള് ?”
മോനായിക്ക് ആ ചോദ്യം ഡൈജസ്റ്റായില്ല “ഞാന്‍ ചെലപ്പോ വളയ്ക്കും, വളച്ചിട്ടു കിട്ടിയില്ലെങ്കെ പൊട്ടിച്ചു വിളക്കിച്ചേര്‍ക്കും, അതൊരു കഴിവാണ് ഇങ്ങള്‍ക്ക്‌ പറഞ്ഞാ മനസ്സിലാവില്ല .”
“പിന്നെ ……ഇത്രേം വല്യ ബസ്സ്‌ വളയ്ക്കണ ഈ എനിക്കാണ് അതിന്റെ ഉള്ളിളിരിക്കണ ആ പെണ്ണിനെ വളയ്ക്കാന്‍ പണി ”
യോ ! ഡ്രൈവറും മോശമില്ലല്ലോ .
ശ്രീകു ഇടങ്കോലിട്ട് മോനായിയുടെ ചെവിട്ടിലോതി
“അളിയാ ഇമ്മാതിരി ഐ റ്റ ങ്ങളോട് വെല്ലുവിളിക്കാന്‍ നിന്ന് അലമ്പാക്കരുത് , ഈ ബസ് ഡ്രൈവര്‍മാര്‍ക്ക് പെണ്ണുങ്ങളെ വളയ്ക്കാന്‍ ഫേസ് ബുക്കും , മൊബൈലുമൊന്നും വേണ്ട , സ്റ്റീറിങ്ങ് മാത്രം മതി .”
മോനായി രംഗം ശാന്തമാക്കി . അയാളുടെ തോളില്‍ തട്ടിയിട്ടു പറഞ്ഞു ,
“തമാശക്കാരാ…..തമാശക്കാരാ ……ഇങ്ങള് ഡ്രൈവര്‍ ആവേണ്ട ആളല്ല, ഒരു കിളി ആവേണ്ട ആളായിരുന്നു ”

ബസ്സിന്റെ വാതില്‍ക്കല്‍ വെച്ച് മോനായി ശ്രീകുവിനു ഗെയിം പ്ലാന്‍ പറഞ്ഞു കൊടുത്തു
“വണ്ടി മൈസൂരെത്തുമ്പഴേക്കും ഓളെ പരിചയപെടണം, ഗുണ്ടല്‍പേട്ട് ബ്രേക്ക് ചവുട്ടുമ്പൊളേക്കും കട്ട ഫ്രെണ്ടായിട്ടുണ്ടാവണം, ബത്തേരി കടക്കുമ്പോ ഓള്‍ടെ ഫോണ്‍ നമ്പര് അന്റെ കയ്യിലിരിക്കണം, താമരശ്ശേരി ചുരമിറങ്ങുമ്പോ ‘ഇഷ്ടാണ്’ ന്ന്‍ പറയണം, കോഴിക്കോടെത്തുമ്പോ ഒള് അന്റെവണം.”
“അപ്പൊ ഉറങ്ങണ്ടേ ?”
“ന്നാ ഇയ് ഇക്കുള്ള സീറ്റില്‍ കെടന്നു ഉറങ്ങിക്കോ ……ഞാന്‍ ഓള്‍ടെ അടുത്തിരിക്കാം ”
“വേണ്ട…………ഞാന്‍ തന്നെ ഇരുന്നോളാം.”

2+2 സീറ്റുള്ള സെമി സ്ലീപ്പര്‍ ബസ്സാണ്. ശ്രീകുവിന്റെ സൈഡിലെ സീറ്റില്‍ തന്നെ മോനായി ഇരുന്നു. അവന്‍ എന്നിട്ട് മെസ്സേജ് അയച്ചു ‘സ്റ്റാര്‍ട്ട്’.
മെസ്സേജ് കണ്ട പാട് ശ്രീകു തുടങ്ങി “എന്താ പേര് ”
“ശ്രീ ലക്ഷ്മി”
ശ്രീകു ഇടത്തോട്ട് തിരിഞ്ഞു മോനായിയോടു പറഞ്ഞു
“ശ്രീലക്ഷ്മിന്നാത്രേ ”
“സ്ഥലം ചോദിക്ക്”
“സ്ഥലം ചോദിച്ചു ശ്രീകു വീണ്ടും തിരിഞ്ഞു
“തിരൂരാത്രേ”
“ഉം……ട്രാന്സ്ഫോമറിനു ഇപ്പളും ‘കറണ്ടും പെട്ടി’ന്ന്‍ പറയണ മ്മടെ അസ്കറിന്റെ നാട്ടാരിയല്ലേ ? പ്രൊസീഡ്…”
വണ്ടി ഓടാന്‍ തുടങ്ങി….അവന്‍ ഇപ്പളും പരിചയപെട്ടുകൊണ്ടിരിക്കാണ്. പൊടുന്നനെ വഴിയരികില്‍ ബസ്സ്‌ നിര്‍ത്തി, തുടയുടെ മോളില്‍ പാന്റിട്ട ഒരുത്തന്‍ (ലോ വെയ്സ്റ്റ് , ലോ വെയ്സ്റ്റ് ) വന്നു ബസ്സില്‍ കേറി. കയ്യില്‍ ഗാലക്സി എസ് 3. ദേവ്യേ……തക്കാളിപെട്ടിക്ക് നമ്പര്‍ ലോക്കോ ?

അപ്പൊ തന്നെ ശ്രീലക്ഷ്മിയുടെ ആ ഡയലോഗ് വന്നു ……
“അപ്പളേ….മുന്നില് കണ്ടക്ടറുടെ അടുത്ത് സീറ്റുണ്ട്, ഒന്ന് മാറി ഇരിക്ക്യോ….ഇതെന്റെ ഫ്രണ്ടാ ”
ട്വിസ്റ്റ്‌ ! ട്വിസ്റ്റ്‌ കം ട്രാജെടി !
അല്ലെങ്കിലും ഇപ്പൊ മലയാളികളുടെ അവസ്ഥ ഇപ്പളത്തെ മലയാള സിനിമ പോലെ തന്നേണ്, ഫുള്ള് ട്വിസ്ടാ….
പ്രേമം പോകാളിയ ശ്രീകു ബാഗെടുത്ത്‌ മുന്നിലേക്ക്‌ നടക്കുമ്പോ ഡ്രൈവറുടെ മുഖത്തേക്ക് നോക്കി, ശ്രീകുവിന്റെ വള കല്ലത്തായെങ്കിലും മൂപ്പരാളിപ്പളും വണ്ടി വളച്ചു കൊണ്ടേയിരിക്കുകയാണ് ”
സീറ്റിലിരുന്നപ്പോ വീണ്ടും മെസ്സേജ്….
‘ഗുഡ് നൈറ്റ്‌ , സ്വീറ്റ് ഡ്രീംസ്‌ , മോനായി ‘
ശ്രീകു തിരിഞ്ഞു നോക്കി ,
അപ്പര്‍ത്തിരിക്കണവന്റെ തോളില്‍ ചാരി വായും പൊളിച്ചു മോനായി ജാതി ഉറക്കം, ശ്രീലക്ഷ്മിയും മറ്റവനും ഇരുന്ന് ചിരിച്ചുകൊണ്ട് വര്‍ത്താനം പറയുന്നു.
ശോകം !
അവള്‍ അവന്റെ കൈ ചേര്‍ത്ത് പിടിച്ചിരിക്കുന്നു
ശോകത്തിന്മേല്‍ ശോകം !!

മൈസൂര്‍ , ഗുണ്ടല്‍ പേട്ട് , ബത്തേരി …..സ്ഥലങ്ങള്‍ എല്ലാം കടന്നു പോയി. സൈഡ് ബെഞ്ചില്‍ ഇരിക്കണ ശ്രീകുവിനെന്തു ഗെയിം പ്ലാന്‍ ?
അവന്‍ ശനിയാഴ്ച ഗാന്ധി ജയന്തി വന്നതറിഞ്ഞ കുടിയന്മാരെ പോലെ ഇരുന്ന് .
ബസ്സില്‍ അവനും ഡ്രൈവറും മാത്രം ഉറങ്ങാതിരിക്കുന്നു. ഡ്രൈവര്‍ ഇടയ്ക്കിടയ്ക്ക് അരയില്‍ നിന്ന്‍ കുപ്പിയെടുത്ത് വായിലേക്ക് കമുത്തുന്നുണ്ട് .
ഡ്രൈവര്‍ ശ്രീകുവിനെ സമാധാനിപ്പിച്ചു
“പോട്ടെടാ…….ഇതിലും വലുത് അന്നെ തേടി വരും ”

പുലര്‍ച്ചെ മൂന്നര.വണ്ടി താമരശ്ശേരി ചുരം എത്താറായപ്പോള്‍ ഡ്രൈവറുടെ മുഖത്തൊരു ബേജാറ്.
ശ്രീകു ചോദിച്ചു “എന്താ ?”
“ബ്രേക്ക് ചവുട്ടീട്ട് കിട്ടണില്ല”
ഇതിലും വലുത് വരും ന്ന്‍ പറഞ്ഞപ്പോ ഇത്രേം വലുത് വരുംന്ന്‍ ശ്രീകുവും വിചാരിച്ചില്ല. ‘വാരണം ആയിരം’ ആക്കാന്‍ വന്നിട്ട് ‘എങ്കെയും എപ്പോതും’ ആയല്ലോ !
അവന്‍ ഓടി പോയി മോനായിയെ വിളിച്ചു
“ഡാ ….വണ്ടിടെ ബ്രേക്ക്‌ പോയി, നമ്മളിപ്പോ മരിക്കും ”
ആഹാ …..ഉറക്കത്തില്‍ നിന്ന് വിളിച്ചു നീപ്പിച്ചിട്ട് അടിക്കാന്‍ പറ്റിയ ഇതിലും നല്ലൊരു ഡയലോഗില്ല
“പട്ടി ചെറ്റേ……ഉറങ്ങുമ്പോ മരിക്കല്ലെടാ അതിന്റെ സുഖം , ഒന്നുമറിയണ്ടല്ലോ ”
“നീച്ചു വാ ……..നീ ഓട്ടോ മൊബൈല്‍ എഞ്ചിനീയര്‍ അല്ലെ ? ഈ യന്ത്രങ്ങളുടെ പ്രവര്‍ത്തനമൊക്കെ അറിയുന്നുണ്ടാവുമല്ലോ ”
“ഞാന്‍ പോളീ ടെക്നിക്കില്‍ അല്ല ബി.ടെക് പഠിച്ചത് , എഞ്ചിനീറിംഗ് കോളേജിലാ…”
“പിന്നെ ഇയ് നാലുകൊല്ലം ബി.ടെക്കിനു പോയിട്ട് എന്താ പഠിച്ചേ ?”
“ബിയര്‍ ബോട്ടില് കടിച്ചു പൊട്ടിക്കാനും, കാറ്റത്ത് സിഗരെട്റ്റ് കത്തിക്കാനും ”
വൊവ്. എപിക് !
ശ്രീകു വീണ്ടും ചോദിച്ചു
“നിനക്കിപ്പോ പെട്ടെന്നെന്തെങ്കിലും ചെയ്യാന്‍ പറ്റോ ?””
“മൂത്രോഴിക്കാം ”
ശ്രീകുവിന്റെ കലിപ്പ് നോട്ടം , മോനായിയുടെ കൈ ചൂണ്ടി റിപ്ലൈ ,
“നോക്കണ്ട ശ്രീകോ …..അന്റെ ഒരൊറ്റാള്‍ടെ ദുല്മിലാണ് ഇതൊക്കെ ഉണ്ടായത് ”

രണ്ടു പേരും മുന്നിലെത്തി ,ശ്രീകു ഡ്രൈവര്‍ക്ക് ബുദ്ധി ഉപദേശിച്ചു കൊടുത്തു ,
“താമരശ്ശേരി ചുരാണ് വരാന്‍ പോണത് , അതിന്റെ മുന്നേ വണ്ടി നിര്‍ത്തണം ……ഇങ്ങളാ മരത്തില്‍മ്മെ ഇടിപ്പിച്ചു വണ്ടി നിര്‍ത്തിം ”
ഡ്രൈവര് ശ്രീകുവിന്റെ മുഖത്തേക്ക് ഒരേട്ടെ പത്തു സൈസ് നോട്ടം നോക്കിയിട്ട് പറഞ്ഞു,
“ഞാന്‍ ഹനുമാനല്ല ………..സുലൈമാനാ ”
ശ്രീകു നിലവിളിച്ചു “പടച്ചോനെ…….ഞാനിപ്പോ ചാവൊല്ലോ ”
മോനായി, “അതിന്റെ ആളല്ലേ…..ഇയ് അന്റെ ആള്‍ക്കാരേനെ ആരെയെങ്കിലും വിളിക്ക് ”
“ഇത്തരം സന്ദര്‍ഭങ്ങളില്‍ അന്റെ ഇന്റെ ന്നൊന്നും ഇല്ല , അങ്ങട് വിളിക്ക്യെന്നെ”
ശ്രീകുവിന്റെ കുഞ്ഞു കാഞ്ഞ ബുദ്ധി തെളിഞ്ഞു “വണ്ടിയിപ്പോ സ്പീഡ് കൊറവാ…..മ്മക്ക് ഡോര്‍ തുറന്ന്‍ പുറത്തിക്ക് ചാടാടാ ”
ആദ്യം മോനായി ചാടി. പിന്നെ ഡ്രൈവറെയും ഉറങ്ങികിടന്നിരുന്ന ശ്രീലക്ഷ്മിയെയും ഓനെയും നോക്കി ഒരു ചിരി ചിരിച്ചിട്ട് ശ്രീകുവും ചാടി. ‘പ്രതികാരം …….എല്ലാരോടും പ്രതികാരം ‘

കോഴിക്കോട് മെഡിക്കല്‍ കോളേജ് . കഷ്വാലിറ്റി വാര്‍ഡില്‍ രണ്ടു പേരും അടുപ്പിച്ച് കിടന്നു പരസ്പരം നോക്കി.
രണ്ടു കാലിലും പ്ലാസ്റ്ററിട്ട് കെട്ടിത്തൂക്കി വായുവില്‍ ‘V’ എന്നെഴുതിയിട്ടായിരിന്നു മോനായിയുടെ കിടപ്പ്.
ശ്രീകുവിന്റെ മുഖത്താണ് മെയിന്‍ പരുക്ക് . സ്വിമ്മിംഗ് പൂളിലേക്ക് ഡൈവ് ചെയ്യാണ മാര്യാണ് അവന്‍ ബസ്സീന്നു ചാടിയത് എന്ന് തോന്നണു .
മോനായിക്ക് ആ മുഖത്തേക്ക് നോക്കിയപ്പോ ചിരി വന്നു
പല്ലിനു ക്ലിപ്പിട്ട പെണ്ണിനെ ഫ്രഞ്ച് കിസ്സ്‌ കടിച്ചമാരിണ്ട് അവന്റെ മുഖം !
പക്ഷെ രണ്ടുപേര്‍ക്കും സന്തോഷം …..അതിസാഹസികമായി മരണത്തില്‍ നിന്നും രക്ഷപെട്ടല്ലോ !

കുറച്ചു കഴിഞ്ഞ് അരക്കിലോ സവര്‍ജിലുമായി ഒരാള്‍ കാണാന്‍ വന്നു.
ഡ്രൈവര്‍ ……സുലൈമാന്‍ ഡ്രൈവര്‍ !
‘ബ്രേക്ക് പോയ വണ്ടിയോടിച്ച ഇയാള്ക്കൊന്നും പറ്റ്യീലെ?’ ന്ന ഭാവത്തില്‍ ശ്രീകു മോനായിയെ നോക്കി
“ബ്രേക്ക് വന്ന്ണ്ടാവും.” മോനായി പറഞ്ഞുകൊടുത്തു
ആ ഡ്രൈവര്‍ മുഖത്ത് കുറ്റബോധം പ്ലാസ്റ്ററൊട്ടിച്ചു വെച്ചിട്ടുണ്ട് . ഹിറ്റ്ലര്‍ സില്മേല് സോമേട്ടന് തോന്നിയതിനേക്കാള്‍ കുറ്റബോധം . സംശയം സുലൈമാന്‍ തന്നെ തീര്‍ത്തു,
“ഞാന്‍ അടിച്ചു പിപ്പിരിയായിരുന്നല്ലോ ………”
“ഉം”
“സത്യത്തില്‍ വണ്ടിടെ ബ്രേക്ക് പോയിട്ടുണ്ടായിരുന്നില്ല ……മറിഞ്ഞു കിടന്നിരുന്ന ന്റെ ഹവായി ചെരുപ്പിലാര്‍ന്നു ഞാന്‍ ബ്രേക്കിന് പകരം ചവിട്ടിയിരുന്നത് , സോറി ”
.
.
.
.
.
.
.
ശ്രീകുവിന്റെ മേത്തിക്ക് ശരിക്കൊന്നു നോക്കി , സ്വയം മൊത്തത്തിലൊന്നു നോക്കി, മോനായി ശ്രീകുവിനോട് ഒന്നേ ചോദിച്ചുള്ളൂ
“നമ്മളിലാരാ വല്ല്യേ ശശി ? “


22 Male മലപ്പുറം


ഒരൂസം. കൃത്യായിട്ട് പറഞ്ഞാ മേയ് പന്ത്രണ്ടാന്തി. വൈന്നേരം കൊട്ടക്കുന്ന്‍ വായനോക്കാന്‍ പോയിട്ട് കോലൈസ് ഈമ്പി കൊണ്ടിരിക്കുമ്പളാണ് ഷാജഹാന്‍ ആ സംഭവമറിഞ്ഞത് ‘ജോലി കിട്ടി’.
കൂടെയുള്ള ടീമ്സിനോട് ഷാജഹാന്‍ കാര്യം പറഞ്ഞു കണ്ണോന്നടച്ചു തുറന്നപ്പോ ഒരു ഹോട്ടലിലെത്തിയിരുന്നു.
ഭീകരന്‍റെ ആ തീറ്റ കണ്ടപ്പോ ഷാജഹാന് ഒന്ന് ഉപദേശിക്കാതിരിക്കാന്‍ തോന്നീല.
“അളിയാ………ശത്രുക്കള് ട്രീറ്റ്‌ തരുമ്പപ്പോലും ഇങ്ങനെ തിന്നരുത് .”
“ഉം…………..” കനത്തിലൊന്നിരുത്തി മൂളീട്ട് ഭീകരന്‍ അടുത്ത ഷവായി ഓഡറീതു.

ജോലികിട്ടിയ കാര്യം ഷാജഹാന്‍ നാട്ടിലാദ്യം പറഞ്ഞത്, മെയിന്‍ ചങ്ങായി കൂസനോടാണ്. അതെ കൂസന്‍ ……ലോകത്ത് ഒന്നിനെയും കൂസലില്ലാത്ത അതേ കൂസനോട്. കൂസന്‍ അതിനും തന്റെ മാസ്റര്‍ പീസ്‌ ഡയലോഗടിച്ചു.
“ഈ ബാഗ്ലൂരൊക്കെ എന്നാ ഇണ്ടായെ? “.
പിന്നെ പറഞ്ഞത് അബൂട്ടിക്കാനോടാര്‍ന്നു.
“മോനെ …..ബാങ്ങ്ലൂരാണ്, പോയിട്ട് വലീം വെള്ളടീം ഒന്നും തൊടങ്ങാന്‍ നിക്കണ്ട ”
ഷാജഹാന്‍ മൊമെന്റില് റിപ്ലെ കൊടുത്തു,
“ഇല്ല അബൂട്ടിക്ക ഞാന്‍ ഇനിയൊന്നും തൊടങ്ങാന്‍ പോണില്ല ”
‘അല്ലെങ്കിലും ഒരേ സംഭവം രണ്ടു പ്രാവശ്യം തൊടങ്ങാന്‍ പറ്റോ ?’ (ആത്മഗധം)

പിറ്റത്തെ ഞാറാഴ്ച മലപ്പുറത്ത്‌ നിന്ന്‍ മൂന്നുമണിക്കാര്‍ന്നു KSRTC. യാത്രയാക്കാന്‍ കുഴിയും, മിന്നലും , ഭീകരനും , തോന്യാസനും അടങ്ങുന്ന അലമ്പ് കമ്മിറ്റി വന്ന്. പോവാന്‍ നേരം തോന്യാസന് എന്നുമില്ലാത്തൊരു സ്നേഹം ! ഷാജഹാനെ കെട്ടിപിടിച്ച് കരച്ചിലോടു കരച്ചില്‍. ആ കര അഞ്ഞൂറുര്‍പ്പ്യ പറ്റിക്കാനുള്ള സ്കീമായിരുന്നെന്ന് ഷാജഹാനു പിന്നെയാണ് കത്തിയത്. പൈസ പോയപ്പോ കരച്ചിലും പോയി.
ഡ്രൈവര്‍ വണ്ടിടെ സെല്ഫടിച്ചു, കിട്ടി. വണ്ടിയോടി , കഴിച്ചിലായി.

രാത്രി പന്ത്രണ്ടരയ്ക്ക് ബാഗ്ലൂര്‍ മെജസ്റ്റിക്കിലെത്തി. പ്ലസ്റ്റൂന് ഒപ്പം പഠിച്ച അനൂപ് മടിവാളയിലാണ് താമസം. അതുതന്നെയാണ് ഷാജഹാന്റെ ലക്‌ഷ്യം. ഇരുപതു കി.മി അല്ലേ ദൂരമുള്ളൂ, ഒട്ടോര്‍ഷ വിളിച്ചേക്കാം എന്ന് ഷാജഹാനും തോന്നി.

ഒട്ടോര്‍ഷയില്‍, ആദ്യമായിട്ട് കാണുന്ന ബാഗ്ലൂരിന്റെ രാത്രി സൌന്ദര്യം നുണഞ്ഞു കൊണ്ടിരിക്കെ എത്തിയ വിവരമറിയി ക്കാന്‍ ഷാജഹാന്‍ കൂസനെ വിളിച്ചു,
“കൂസാ……ഞാനിവിടെത്യടാ. ഇപ്പൊ ഒരു കിടിലന്‍ ഫ്ലൈ ഓവറിന്റെ മോളിക്കൂടെ പൊയികൊണ്ടിരിക്കാണ്”
കൂസന്റെ വായേന്ന്‍ ഒന്നേ വരാനുണ്ടായിരുന്നുള്ളൂ,
“അല്ല ഷാജഹാനേ…… ഈ ഫ്ലെ ഓവറൊക്കെ എന്നാ ഇണ്ടായെ ?”
ഷാജഹാന്‍ ഫോണ്‍ വെച്ചു.
മടിവാള എത്തി. ഓട്ടോര്‍ഷക്കാരന്‍ കന്നഡത്തില്‍ പറഞ്ഞു , “അഞ്ഞൂറ്ററുപത്”!
വിരിഞ്ഞു !….. കൊട വിരിഞ്ഞു !!
‘മ്മക്ക് രണ്ടാള്‍ക്കും ഗാന്ധിജി ഒപ്പല്ലേ എട്ടോ സ്വാതന്ത്ര്യം വാങ്ങി തന്നത്, ആ പരിഗണന യെങ്കിലും കാണിച്ചൂടെ ?’ എന്ന് അറിയാവുന്ന തമിഴിയില്‍ ആ കന്നഡക്കാരനോട് ഷാജഹാന്‍ പറഞ്ഞു നോക്കി. രക്ഷയില്ല.
പോയി…….പൈസയും ഒട്ടോര്‍ഷക്കാരനും ഒപ്പം പോയി.
“ഏയ്…… ഗാന്ധിജി കണ്ട സ്വപ്നങ്ങളൊന്നും നടക്കാന്‍ പോണില്ല ”

റൂമെത്തി, കണ്ടപാട് അനൂപിനെ കെട്ടിപിടിച്ച് ഷാജഹാന്‍ പറഞ്ഞു ,
“എട ഒടിയാ……അണക്കൊരു മാറ്റൂല്ല്യാലോ ”
“ഇനിക്ക് മാറ്റല്യെങ്കിലും ഞങ്ങള് വന്നേനേഷം ഈ സ്ട്രീറ്റിനു കൊറേ മാറ്റങ്ങളുണ്ടായി”
“എന്ത് മാറ്റം ?”
” അപ്പ്രത്തെ കോണ്‍വേന്റിന്‍റെ ജനലിനു കര്‍ട്ടന്‍ വന്നു, ഇവിടുത്തെ ചേച്ചിമാര് ഡ്രസ്സ് തിരുമ്പല് നിര്‍ത്തി പുറത്ത് ഡ്രൈ ക്ലീനി ങ്ങിനു കൊടുക്കാന്‍ തുടങ്ങി, ഒപ്പോസിറ്റ് വീട്ടിലെ മൊഞ്ചത്തി രാവിലത്തെ ജോഗ്ഗിംഗ് നിര്‍ത്തി വീട്ടില് ത്രെഡ്മില്ല് വാങ്ങി…..”
“മതിയളിയാ നിര്‍ത്ത്”

രണ്ടു മണിയായിട്ടും റൂമിലുള്ള മൂന്നെണ്ണത്തിന്റെ ഫോണിലൂടെയുള്ള ‘കുറുകല്‍’ കഴിഞ്ഞിട്ടില്ലായിരുന്നു.
“രാത്രി ലൈനിനോട് ഇങ്ങനെ പതുക്കെ സംസാരിച്ചു ശീലായിട്ടാ ഈ ജനരേഷന്റെ ഒച്ച പോയത് ” ഒടിയന്റെ പുത്യേ കണ്ടുപിടുത്തം

കമ്പനി ദൂരേയിനകൊണ്ട് ആ റൂമീന്ന്‍ പോയി വരല് നടക്കില്ല. ഒടിയന്‍ അനൂപ്‌ റൂം തപ്പി നടക്കുന്ന ഓന്റെ ഒരു കോളേജ് മേറ്റിനെ വിളിച്ചു ഷാജഹാന് സെറ്റാക്കികൊടുത്തു, ഒരു കൊയ്ലാണ്ടിക്കാരന്‍ ബിലാല്‍.
നാലൂസം കഴിഞ്ഞ് ഒരു ഉച്ചതിരിഞ്ഞേനേഷം ഷാജഹാന്‍ ഇറങ്ങി, ബിലാലിന്റൊപ്പം റൂം തെണ്ടിനടക്കാന്‍ .
മടിവാള ബസ്റ്റോപ്പിലെത്തി ഓനെ വിളിച്ചു .
ബിലാല്‍ ഫോണെടുത്ത് ലാന്ഡ് മാര്‍ക്ക് പറഞ്ഞു കൊടുത്തു.
“ഇയ് ഗോപാലന്‍ മാളിന്റെ മുന്നില്‍ വന്ന്‍ നിക്ക് ”
ഷാജഹാന് ചിരി വന്നു “ഗോപാലന്‍ മാളോ? ”
ബിലാല്‍ തിരിച്ചു ചോദിച്ചു “പിന്നെ…..ഗോപാലന്‍ ഗോപാലന്റെ പൈസക്ക് ഉണ്ടാക്കിയ മാളിനു പിന്നെ ‘കുഞ്ഞികാദര്‍ മാള്‍ ‘ ന്ന്‍ പേരിടാന്‍ പറ്റോ ?” പോയന്റ്.
“ഉം ശരി. ഇവിടുന്നു എത്ര കിലോമീറ്റര് ഇണ്ടാവും ”
“അഞ്ച്”
അപ്പൊ ഒരു ഏഴു മിനിറ്റോണ്ട് എത്ത്ണ്ടാവും ലേ ?
“ഉം….എത്തും എത്തും, അതിന് ഇയ് നാട്ടീന്ന് തൃശ്ശൂര്‍-കോഴിക്കോട് ലിമിറ്റഡ് സ്റ്റോപ്പിന്റെ ഡ്രൈവറെ ഇങ്ങട്ട് കൊടുന്ന്‍ ബസ്സിന്റെ ചാവി കയ്യില്‍ കൊടുക്കണ്ടേരും”
ഷാജഹാന്റെ സംശയം മാറി.

ബസ്സിലിരിക്കുമ്പൊ ഒരു കോള്‍……കൂസന്‍!
“എടാ കൂസാ…….ബാഗ്ലൂര് സംഭവാട്ടോ. ഇപ്പൊ ഞാന്‍ പോണ ബസ്സില് ന്റെ അടുത്തിരിക്കുന്നത് പെണ്‍കുട്ടി ഇട്ടിരിക്കുന്നതെ ഒരു ഷോര്‍ട്ട്സാ !! ”
അതേ കൂസന്‍, അതേ ഡയലോഗസ്.
“അല്ല ഷാജഹാനേ……ഈ ഷോര്‍ട്ട്സൊക്കെ എന്നാ ഇണ്ടായെ?”
ഷാജഹാന് ഒരറ്റത്ത് നിന്ന്‍ ചൊറിഞ്ഞു വന്നു
“അറിയില്ല , ഞാന്‍ ഓളോട് ചോദിച്ച് മിസ്സടിക്കാം” ഷാജഹാന്‍ ഫോണ്‍ വെച്ച്.

ഗോപാലന്‍ മാളിന്റെ മുന്നിലെത്തി. മണിക്കൂറൊന്നായി ….ബിലാലിനെ കാണാനില്ല. ഷാജഹാന്‍ കായില്ലാതെ കോയി വാങ്ങാന്‍ പോയോനെ പോലെ നിന്ന്. ഒരു പട്ടിയും വന്നില്ല എന്ന് പറയാന്‍ പറ്റില്ല ഒരു പട്ടിയും രണ്ടു നായ്ക്കളും വന്നു, പിന്നാലെ ഓനും വന്നു.
പച്ച പള്‍സറില്‍, ഐസും മഞ്ഞ ഷര്‍ട്ടുമിട്ട് വരുന്ന താരം ! സീന്‍ .
വീടിന്റെ മൂലോട് കമുത്തി വെച്ച പോലെ ഓന്റെ മുടി നിക്ക്ണ്ട്. സ്പൈക്ക് സ്പൈക്ക് !
ഷാജഹാന്‍ ചോദിച്ചു ” എന്തേ ലേറ്റായെ?’
“വരണ വഴിക്ക് ഒരാക്സിഡനറു പറ്റി”
“കയ്യിമ്മെ മുറിയൊക്കെ ആയിട്ടുണ്ടല്ലോ , എങ്ങനേ പറ്റ്യേ?”
ബിലാല്‍ ആ സംശയവും തീര്‍ത്തു “പശൂന് ഇന്ടിക്കേറ്ററില്ലാലോ …….അങ്ങനെ പറ്റിയതാ . പിന്നെ വണ്ടി മറിയുമ്പോ സ്ലോ മോഷനില്‍ വീഴാന്‍ ഞാന്‍ അമല്‍ നീരദിന്റെ നായകനൊന്നുമല്ലാലോ. വന്ന്‍ വണ്ടീ കേറ്”

അങ്ങനെ ആ യാത്ര തുടങ്ങി …….
ഷാജു കുശലം തൊടങ്ങി, “ബാഗ്ലൂര് വന്നിട്ടിപ്പോ രണ്ടു മാസായെന്ന്‍ അനൂപ്‌ പറഞ്ഞു, എങ്ങനെയുണ്ട് ബാഗ്ലൂര്‍ ”
ബിലാലിന്റെ മുഖത്തേക്ക് പുച്ഛം വണ്ടി വിളിച്ചു വന്നു
“ഹും…..ബാഗ്ലൂര് ! ടെഡിബിയര്‍ പിടിച്ചു നടക്കേണ്ട പ്രായത്തില് ഫോസ്റ്റെര്‍സ് ബിയര്‍ പിടിച്ചു നടക്കുന്ന ചെക്കന്മാരും, സ്ലീവ് ലെസ്സ് പോയിട്ട് സ്ലീ പോലുമില്ലാത്ത പെങ്കുട്ട്യോളും ”
ഷാജഹാന്‍ പിന്നൊന്നും ചോദിച്ചില്ല. ഒനാള് ജഗലാണ്.

റൂം നെരങ്ങല് തൊടങ്ങി. ഒരു റൂം കണ്ടിറങ്ങിയപ്പോ ബിലാല്‍ ഷാജഹാന്റെ മുഖത്തേക്ക് നോക്കി.
ഷാജഹാന്‍ അഭിപ്രായം പറഞ്ഞു
“എനിക്ക് പറ്റീല. നിക്ക് ഒറ്റ കണ്ടീഷനേ ഉള്ളൂ. റൂമ് ചെറുതാണെങ്കിലും കക്കൂസ് വിശാലമായിരിക്കണം”.
“അതെന്താ ഇങ്ങള് കക്കൂസിലാണോ വണ്ടി പാര്‍ക്ക്‌ ചെയ്യാറ് ?”
ഗോള്‍ ! ഒന്നെ.
“അല്ല , ഞാനത്യാവശ്യം കവിതയൊക്കെ എഴുതുന്ന ഒരുത്തനാ. എനിക്ക് പല കവിതകളും വന്നിട്ടുള്ളത് ടോയ് ലെറ്റില്‍ വെച്ചാണ്.”
“അണക്ക് ടോയ് ലെറ്റില്‍ പോയാ കവിതയാണോ വരാറ്?”
വീണ്ടും ഗോള്‍ !! രണ്ടേ .
“അല്ല ബിലാലെ , അവിടെ വെച്ചാണ് എനിക്ക് പല ചിന്തകളും കിട്ടീട്ടുള്ളത്‌ എന്നാ ഉദ്ദേശിച്ചേ ?”
“പക്ഷെ ഷാജഹാനേ …..ഇനിക്ക് ടോയ്ലെറ്റില്‍ നിന്നും കിട്ടീട്ടുള്ളത് കൊറേ തെറികളും , കുറച്ചു ഫോണ്‍ നമ്പറുകളുമാണ്, ഇയ് മുണ്ടാണ്ട് വാടാ”
പടച്ചോനെ …..ഇവന്‍ ഇങ്ങനെയാണ് എന്നതിന്റെ ഒരു സൂചന പോലും ഒടിയന്‍ തന്നില്ലാലോ. ഇവന്റൊപ്പമുള്ള ബാഗ്ലൂര്‍ ലൈഫ് ജ്വലിക്കും !!

വണ്ടീലിരുന്ന്‍ ഷാജഹാന്‍ വീണ്ടും പറഞ്ഞു തൊടങ്ങി .
ബിലാലേ….ഞാന്‍ ബാഗ്ലൂര്‍ വന്നിട്ട് നാലൂസായി. ഇതേ വരെ ടോയ് ലെറ്റില്‍ പോയിട്ടില്ല ”
“എന്താ വല്ല നേര്‍ച്ചയും ഉണ്ടോ?, വല്ല ഹോസ്പിറ്റലിലും പോയി ഡോക്ടറെ കാണടാ ചെക്കാ ”
“അയ്യോ , 22FK ഇറങ്ങിയ ശേഷം ഹോസ്പിറ്റലില്‍ പോവാനേ പേടിയാ.ഇപ്പൊ നഴ്സുമാര് പഞ്ഞി എടുത്താ വരെ ഹാര്‍ട്ട്‌ ബീറ്റ് സ്പ്രിന്റോടും. വരുമ്പോ വരട്ടെ ”
“പറഞ്ഞത് നന്നായി, ഇനി ഇയ് ബാക്കിലിരിക്കുമ്പോ ഞാന്‍ ഡിസ്ക് ബ്രേക്ക് പിടിക്കിണില്ല”
ഗോള്‍ !!! മൂന്നേ
‘ഇവന്‍ എങ്ങോട്ടടിച്ചാലും കുലുങ്ങുന്നത് എന്റെ വലയാണല്ലോ’ ഷാജഹാന്‍ കൌണ്ടറടിക്കാന്‍ തീരുമാനിച്ചു.
അപ്പൊ ഫോണടിച്ചു, തോന്യാസന്‍ .
പിന്നെ വിളിക്കാമെന്നു പറഞ്ഞു ഷാജഹാന്‍ ഫോണ്‍ കട്ടീതു.
ബിലാല് ചോദിച്ചു “ആരായിരുന്നു ?”
ഇത് തന്നെ ചാന്‍സ്.
“കന്നിമാസായോന്നറിയാന്‍ ഒരു പട്ടി വിളിച്ചതാ ”
“ഈ കന്നിമാസം ബാഗ്ലൂരിലാണ് , അടുത്ത കന്നിമാസത്തിനു നോക്കാം ന്ന്‍ പറയായിരുന്നില്ലേ ?”
ഭും ! അതും ചീറ്റി. ‘ഇവന്‍ ഇങ്ങനെ ഗോളടിക്കാന്‍ ഞാനെന്താ ആളില്ലാത്ത പോസ്റ്റോ ?’

അവസാനം ചിത്രത്തിന്റെ ക്ലൈമാക്സില്‍ ലാലേട്ടന്‍ സോമേട്ടനോട് പറയുന്നത് പോലെ സെന്റിയായി ഷാജഹാന്‍ ബിലാലിനോട് ചോദിച്ചു
“എന്നെ ഒന്ന് വാരാതിരിക്കാന്‍ പറ്റോ ?”
ബിലാലിന്റെ മുഖത്ത് വിജയഭാവം. ഓനൊന്ന്‍ പുഞ്ചിരിച്ചിട്ട് പറഞ്ഞു.
“എന്ത് ചെയ്യാനാടാ , എന്റെ ശൈലി ഇങ്ങനെയായി പോയി. ന്റെ വീട് കൊയിലാണ്ടിയാണെങ്കിലും, എന്റെ ഈ ആക്കി കൊണ്ടുള്ള ഡയലോഗ്സ് കേട്ടിട്ട് നീ കണ്ണൂരാരനാണോന്ന്‍ പലോരും ചോദിച്ചിട്ടുണ്ട്.”
ഷാജഹാന്‍ അവസാനം അത് നേടി.
“ഉം…..കൊയി ലാണ്ടി കൊറച്ച് കണ്ണൂരുകാര് ചായക്കട നടത്തുന്നുണ്ട്”
ട്ടൊ! അതേറ്റു . പിന്നെ ഓന്‍ അമ്മാരി ഡയലോഗടിച്ചില്ല.

ബാഗ്ലൂര് പറ്റിയ റൂം തപ്പി പിടിക്കാന്നു പറഞ്ഞാ ഓട്ടോര്‍ഷേല്‍ പോണോന് ഔഡിയില്‍ പോണോളോട് തോന്നണ പ്രേമം പോലെയാണെന്ന് ഷാജഹാന് മനസ്സിലായി. കിട്ടാന്‍ മെനക്കെടാണെന്ന് പറഞ്ഞാലൂണ്ട്.
ബിലാല്‍ വണ്ടി നിര്‍ത്തിയിട്ട് പറഞ്ഞു “നമുക്ക് വണ്ടി ഇവിടെ വെച്ചിട്ട് നടക്കാം”
“എന്തേ?”
“ബജാജ് ഡീസലിലോടുന്ന പള്‍സര്‍ ഇതുവരെ ഏറക്കീട്ടില്ലടാ” ഷാജഹാന് കാര്യം കത്തി.

അങ്ങനെ നടത്തം തുടങ്ങി . ഒരു പീടികക്കാരന്‍ റൂമുണ്ടെന്നു പറഞ്ഞു വഴി കാണിച്ചു കൊടുത്ത ഒരു ഫ്ലാറ്റിലെത്തി .
വണ്‍ ബി എച്ച് കെ , മര്യാദ റെന്റ്, മലയാളി ഓണര്‍ . ഷാജഹാന്റെ മുഖത്ത് വലിയ പെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ചു വന്ന സന്തോഷം .
വീട് കാണല്‍ തുടങ്ങി. കാര്‍ ഷോറൂമിലെ സേല്‍സ്മാനെ പോലെ ഓണര്‍ വീട് പരിചയപെടുത്തി തന്നു .
“ഇത് ടോയ് ലെറ്റ് ”
വാതില്‍ തുറക്കും മുന്‍പ് ഷാജഹാന്‍ ബിലാലിന്റെ മുഖത്തേക്ക് നോക്കി. പിന്നെ വാതില്‍ തുറന്നു നോക്കിയില്ല .
“ഇത് ബാല്‍ക്കണി , നോക്കൂ വിശാലമായ പുറം ”
“അതെ, വിശാലമായ പുറം !!”
രണ്ടു പേരും ഒരേ സ്വരത്തില്‍ പറഞ്ഞു.
ഓണര്‍ തിരിച്ചും പറഞ്ഞു,
ആ പോണ പെണ്ണിന്റെ പുറത്തിക്ക് നോക്കാനല്ല ഞാന്‍ പറഞ്ഞത്, വീടിന്റെയാ ”
“രണ്ടും ”

ന്നാ ഒറപ്പിച്ചോ ന്ന മട്ടില് ഷാജഹാന്‍ ബിലാലിനെ നോക്കി. ബിലാലും റെഡി ആയിരുന്നു.
പക്ഷെ , അപ്പോഴാണ്‌ ആ ഓണരുടെ വാചകം വന്നത് .
“ഞാന്‍ പക്ഷെ ബാച്ചിലെര്സിനു റൂം കൊടുക്കില്ല ” ഭും!
ഷാജഹാന് പറയാനുള്ളതും കൂടി ചേര്‍ത്ത് ബിലാല് പറഞ്ഞു .
“പിന്നെ ഞങ്ങള് ഇങ്ങല്ടെ അമ്മായിടെ മക്കളാണെന്ന് വിചാരിച്ചിട്ടാ ഇങ്ങള് റൂമിന്റെ ഭംഗി കാണിച്ചു തന്നത് ??”
അങ്ങനെ ആ കത്തിക്കല് കഴിഞ്ഞ്.

നടന്നു ക്ഷീണിച്ചു ഏഴിന്റെള്ളം (7up) കുടിക്കുമ്പഴാണ് ബിലാലിന് ആ കാഞ്ഞ ബുദ്ധി തോന്നണത്
“മ്മക്ക് രണ്ടാള്‍ക്കും ഇനി രണ്ടു വഴിക്ക് പോയോക്കാം” ഷാജഹാനും സമ്മതം
അങ്ങനെ രണ്ടാളും രണ്ടു വഴിക്ക് ഇറങ്ങി .

അടുത്ത ഷോട്ട് , ഷാജഹാന്‍ ഒറ്റയ്ക്കൊരു റൂമിന്റെ വാതിലില്‍ മുട്ടി .
വാതില്‍ തുറന്നതൊരു പെണ്ണ് !
ഞെട്ടല്‍ ! ബാഗ്ലൂര്‍ ഞെട്ടല്‍ !! പഴേ ലൈന്‍ ഷാഹിന !!!
മൂന്നു കൊല്ലം ഖല്‍ബു നിറഞ്ഞു നിന്നവള്‍, നല്ലോരാലോചന വന്നപ്പോള്‍ ഷാജഹാനെ ചാമ്പി ഓനെ കെട്ടി പോയവള്‍.
ഷാജഹാന്‍ കണ്ണും മിഴിച്ച് നിന്നു.
ഓളാണ് ആ സൈലെന്‍സ് ബ്രേക്ക്‌ ചെയ്തത്
“ഇക്ക മുറീല്ണ്ട്, ടോയ് ലെറ്റ് ദാ അവിടെണ്”
ഷാജഹാന്‍ ഷാഹിന ചൂണ്ടിയിടത്തേക്കൊടി, വാതില്‍ തുറന്ന്‍ വാതിലടച്ചു. പറയാന്‍ മറന്നു ഓന്‍ അതിനിടയ്ക്ക് അതിന്റെ ഉള്ളില്‍ കേറിയിരുന്നു .
ആഹാ വിശാലമായ കക്കൂസ്!
പിന്നെയാണ് ഷാജഹാന് ബോധം വന്നത് .
“1. ഓളെന്തിനാണ് ന്നെ ടോയ് ലെറ്റില്‍ കേറ്റിയത്?, 2. അല്ലാ ….ഞാനെന്തിനാണ് ടോയ് ലെറ്റില്‍ കേറിയത് ? ഓള്‍ടെ ഹസ്സ് കാണാതിരിക്കാനാണെങ്കില്‍ പുറത്തേക്കോട്യാ മതിയായിരുന്നില്ലേ ?”
ഷാജഹാന് പെട്ട് ന്ന്‍ മനസ്സിലായി .
“ഒന്നെങ്കെ ഓള് ഭര്‍ത്താവ് പോയശേഷം കക്കൂസില്‍ വന്ന്‍ പരിചയം പുതുക്കും, അല്ലെങ്കില്‍ ഓനെ കൊണ്ട് കക്കൂസിലിട്ട് ന്നെ അടിച്ചു കൂട്ടാനാവും പ്ലാന്‍.”

ഷാജഹാന്റെ ചിന്തകള്‍ പലവഴിക്കും സഞ്ചരിച്ചു, പക്ഷെ കവിത മാത്രം വന്നില്ല.
ഷാജഹാന്റെ നെഞ്ചു മാത്രമല്ല , ദേഹം മുഴുവനുമിടിച്ചു. ആ ഇടിയില്‍ വയറ്റില്‍ നിന്നും സിഗ്നല്‍ വന്നു. ഷാജഹാന്‍ ഒന്നൂകൂടി ആ ടോയ് ലെറ്റിലേക്ക് നോക്കി. ഹാ ശൂന്യം വിശാലം ! വൃത്തിയുള്ള യൂറോപ്പ്യന്‍ ക്ലോസെറ്റ്, ഷാജഹാന്‍ പിന്നെ ഒന്നുമാലോചിച്ചില്ല……..

എല്ലാം കഴിഞ്ഞപ്പോഴാണ് ഷാജഹാന് വീണ്ടും പേടിയായത്. അവള്‍ തന്നോട് ടോയ് ലെറ്റില്‍ കേറാന്‍ പറഞ്ഞതിന്റെ നിഗൂഡത അറിയാന്‍ വേണ്ടി ഷാജഹാന് കൂസനെ വിളിച്ചു.
“കൂസാ…….ശ്രദ്ധിച്ചു കേക്കണം , ഞാനിപ്പോ ഒരു കക്കൂസിലാണ് ”
“ഈ കക്കൂസോക്കെ എന്നാ ഇണ്ടാ……”
മുയ്മനക്കാന്‍ ഷാജഹാന്‍ സമ്മെയ്ച്ചില്ല.
“ഫാ നിര്‍ത്തടാ പട്ടി…..കൊറേ കാലായി, നീയും നിന്റെ ഒരു ഇണ്ടാവലും ……ഇവിടെ മനുഷ്യന്‍ ഒരു കക്കൂസിന്റകത്ത് ജീവന്‍ പോവോ അതോ കന്യകാത്വം പോവോന്നറിയാതെ ഇരിക്കുമ്പഴാണ്, അനക്ക് വേണ്ടി ഞാന്‍ കക്കൂസിന്റെ ചരിത്രം അന്വേഷിക്കാന്‍ പോണത് ”
ചോന്ന ബട്ടന്‍ അമര്‍ന്നു

ഒരു പിടുത്തം കിട്ടാതെ ഷാജഹാന്‍ ബിലാലിന് ഡയല്‍ ചെയ്തു. ഉണ്ടായ കാര്യം മുഴുവന്‍ പറഞ്ഞു .
ഒക്കെ കഴിഞ്ഞപ്പോ ബിലാല്‍ തിരിച്ചു ചോദിച്ചു
“ഇയ് അവള് പറഞ്ഞ ആ ഡയലോഗ് ഒന്നുങ്കൂടെ പറഞ്ഞേ ”
“ഇക്ക കുളിക്ക്യാണ്, ടോയ് ലെറ്റ് ദാ അവിടേണ്”
“അതല്ലേ ഓ ള് പറഞ്ഞുള്ളൂ ……അന്നോട്‌ അതിന്റെ ഉള്ളില്‍ കേറാന്‍ പറഞ്ഞോ?”
“ഇല്ല”.
“പിന്നെന്തിനാടാ പൊട്ടാ അത് കേട്ടപാട് ഹാര്പ്പിക്കിന്റെ പരസ്യത്തിലെ അബ്ബാസിനെ പോലെ ടോയ് ലെറ്റിലേക്ക് ഓടിക്കേറിയത്? ”
രൂക്ഷമായ നിശബ്ദത
.
.
.
.
.
.
“പക്ഷെ എന്തിനാവും ഓളത് പറഞ്ഞത് ?”
ബിലാല്‍ ആലോചിച്ചു മറുപടി കൊടുത്തു “ഇയ് ആ പൈപ്പൊന്ന്‍ തോറന്ന്‍ നോക്ക്യാ ”
ഇച്ചിരി നാണത്തോടെ ഷാജഹാന്‍ പറഞ്ഞു….”ഉം……വെള്ളല്ല്യ ”
അപ്പൊ അതെന്നെ , അന്നേ പെട്ടന്ന് കണ്ടപ്പോ ഓള്‍ക്ക് മനസ്സിലായിട്ടുണ്ടാവില്ല , ചെലപ്പോ ടോയ് ലെട്ടിലെ പെപ്പ് നേരെക്കാന്‍ വന്ന ആളാവും ന്ന്‍ച്ച്ട്ടാവും ഓള് അത് പറഞ്ഞത് ”
വീണ്ടും കൊറച്ചേരം അതിലും രൂക്ഷമായ നിശബ്ദത!
.
.
.
.
.
.
.
അവന്‍ വറ്റിയ തൊണ്ട വെച്ച് ചോദിച്ചു. “ഇനി ?”
“നീയിപ്പോ ചെയ്തത് നോ ബോളാ…..അടുത്തത് ഫ്രീ ഹിറ്റാ. അത് നമ്മടെ കയ്യിലല്ല . പോയി വാതില് തുറന്നോ.

ഷാജഹാന്‍ വാതില്‍ തുറന്നു .
വില്ലന്‍ പുറത്തുണ്ട്. ഓന്‍ പണ്ടത്തെ മള്‍ട്ട്യാണ്. ബൈസും ട്രൈസുമൊക്കെ എടുത്തടിച്ചു നിക്ക്ണ്ട് . അതോണ്ടോന്നു വീശിയാ മതി, കൊള്ളണംന്നൂല്യ, കാറ്റ് തട്ട്യാലും മതി ചിറീം പല്ലും ഒന്നാവാന്‍ .
ഷാഹിനയും അപ്പുറത്തുണ്ട്…..സ്വന്തം പോസ്റ്റിലേക്ക് ഹാട്രിക്കടിച്ചു കേറിവന്ന ടീമിന്റെ മുഖ്യ സ്ട്രൈക്കറെ കോച്ച് നോക്കണ പോലെയാണ് ഓള് ഓനെ നോക്കണത്. ഒള്ക്കിപ്പോ കാര്യം കത്തീക്ക്ണ്

വില്ലന്‍ ചോദിച്ചു
” ഒക്കെ ശരിയായോ ?”
ഷാജഹാന്‍ വയറുതടവി പറഞ്ഞു, “ഉം”
“ഇപ്പൊ വരുന്നുണ്ടോ ?”
“ഉം……പഴേ ലും നന്നായി വരുന്നുണ്ട് ”
ഒരാഴ്ചയായി ഫ്ലാഷിലും പൈപ്പിലും വെള്ളമില്ലാത്തോണ്ട് ഞങ്ങള് ഉപയോഗിക്കാതെ വെച്ചിരിക്കേര്‍ന്നു. എന്നാ ഞാന്‍ പോയി പൈസ ഇടുത്തിട്ട് വരാം ”
ചാന്‍സ് !!
ഷാജഹാന്‍ പഴേ കൊളത്തിനോട് യാത്ര പോലും പറയാതെ ഇറങ്ങിയോടി.
അപ്പ്രത്തെ ക്രോസ്സില് നിന്നിരുന്ന ബിലാലിന്റെ അടുത്തേക്ക് ഓടി ചെന്ന് ഷാജഹാന്‍ വിളിച്ചു പറഞ്ഞു.
“വണ്ടി ഇടത്തടാ, ഓള്‍ടെ ഇക്ക ക്വിന്റല് സൈസാ…….ഫോറാംസിനോക്കെ ജാതി കട്ടിങ്ങ്സ് ”
ബിലാല് ഓടി അടുത്തേക്ക് വന്നു ഷാജഹാനെ കെട്ടി പിടിച്ചിട്ടു പറഞ്ഞു.
“സമ്മെയ്ച്ചളിയാ, ലോകത്ത് ഒരു കാമുകനും മ്മളെ ചാമ്പിയ ഒരു കാമുകിക്ക് ഇങ്ങനൊരു പണി കൊടുത്തിട്ടുണ്ടാവില്ല.ഇനി അതൊക്കെ ഓള് കഴുകണ്ടേ ?”


ജസ്റ്റ് മാരീഡ്


മനോഹരന്‍ വെഡ്സ് മല്ലിക

മുന്‍ കുറിപ്പ് : അതെ ഇന്നാണ് അത് സംഭവിക്കുന്നത്‌ . ഈ കല്യാണം മനോഹരന്റെ കുറെ തോന്നലുകളിലൂടെ , വാക്കുകളിലൂടെ നടക്കുകയാണ്. അങ്ങനെയുണ്ടായ കഥയാണിത്.

നിങ്ങള്‍ക്കറിയോ ? രാവിലെ എഴുന്നേറ്റപ്പോള്‍ തുടങ്ങിയ വിറയാണ്. എല്ലാരുടെ മുഖത്തും ആക്കിയ ഒരു ചിരിയുണ്ട്, അതോ ഇനി എനിക്ക് തോന്നണതാണോ?
രണ്ടു ദിവസമായി ടെന്‍ഷന്‍ തലയ്ക്കു അടിച്ചുകേറിയിട്ടുണ്ട്.
പ്രഭാത കൃത്യങ്ങളെല്ലാം കിറുകൃത്യമായിരുന്നു. ചായയും ഉപ്പുമാവും തിന്നാനുള്ള കുടുംബക്കാരുടേയും , അയല്‍വാസികളുടെയും ഒഴുക്ക് തുടങ്ങി. ജെനറെറ്ററും തൂക്കി സ്റ്റുഡിയോക്കാരും വന്നു . ഞാറാഴ്ച കല്യാണം വെച്ചാ ഇതാ പ്രശ്നം, ഒരു ജില്ലാ സമ്മേളനത്തിനുള്ള ആള്‍ക്കാരുണ്ടാവും. ഇവരുടെയൊക്കെ മുന്നിലിരുന്ന് കല്യാണം കഴിക്കണമല്ലോ എന്നോര്‍ക്കുമ്പോഴാ…….

ന്നെ പുറപ്പെടിപ്പിക്കല്‍ തുടങ്ങി. മള്‍ട്ടി മാനുവും, മുരളിയും , കഞ്ചുട്ടനും , ധൃതി നിസാറും…..തുടങ്ങി ഫുള്‍സെറ്റ് റൂമില്‍ കേറിയിട്ടുണ്ട്. കല്യാണം പ്രമാണിച്ച് ഞാന്‍ വാങ്ങിയ യാര്‍ഡിലി പൌഡറിന്റെയും, ബ്രൂട്ട് സ്പ്രേയുടെയുമൊക്കെ അടപ്പൂരുന്നതും കണ്ടു, കാലിയാവുന്നതും കണ്ടു, ഇവിടൊന്നും കിട്ടീല. സത്യത്തില്‍ ഇവര്‍ ആരെയാണ് പുറപ്പെടിപ്പിക്കുന്നത്?

മുറിയിലേക്ക് ദാ വരുന്നു ചേച്ചിയുടെ നാലില്‍ പഠിക്കുന്ന മോന്‍. പിന്നെ ചോദ്യം ,
“മാമാ, ഈ മണ്ഡപത്തില് ഇരിക്കുമ്പോ തിയേറ്റരില്‍ ഇരിക്കണപോലെ അല്ലേ? എല്ലാരും സില്മേക്ക് നോക്കണ പോലെ മാമനെ തന്നെ നോക്കില്ലേ? അപ്പൊ മാമന് പേടിയാവില്ലേ ?”.
“ഇല്ലെടാ മോനെ, വ്യത്യാസണ്ട്. തിയേറ്ററാവുമ്പോ ആള്‍ക്കാര് കൂവും, ഇവിടെ അതുണ്ടാവില്ല.”
കണ്ടോ? നറുങ്ങ്പിറുങ്ങോള് വരെ വന്നു പേടിപ്പിക്കാന്‍ തുടങ്ങി, മനപ്പൂര്‍വ്വാ !

ദക്ഷിണ കൊടുക്കല്‍!
കുടുംബഭാരം നട്ടെല്ലിനേല്‍ക്കുന്ന സിറ്റുവേഷന്‍.
ഇതിനുമാത്രം കുടുംബക്കാര് എനിക്കുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. കുമ്പിട്ടു കാലു തൊട്ടു, മനുഷ്യന്റെ നടൂന്റെ ഡിസ്കിന് വിയര്‍ ആന്‍ഡ്‌ ടിയര്‍ ആയിക്കാണും. പണ്ട്കാലത്ത് കുടുംബാസൂത്രണം ഇല്ലാത്തതിന്റെ വേദന അനുഭവിക്കുന്നത് ഇപ്പോഴത്തെ തലമുറയാണ് !

വീട്ടില്‍ നിന്നിറങ്ങുമ്പോ, ഗൈറ്റിന്റവിടെ ദാ നില്‍ക്കുന്നു അലസന്‍ രാജേഷും,ധൃതി നിസാറും !
അവര്‍ അടുത്ത് വന്നിട്ട് പറഞ്ഞു,
“അളിയാ……….. നിന്നെ ഞങ്ങള്‍ക്കറിയാം, നിന്‍റെ മനസ്സ് ഞങ്ങള്‍ക്കറിയാം …… നിനക്ക് ഈ ടെന്‍ഷന്‍ താങ്ങാന്‍ പറ്റില്ല ……….വാ കുപ്പിയെടുക്കാം!” .
ആ പസ്റ്റ് ! വധൂ ഗൃഹത്തിലേക്കിറങ്ങുന്ന വരനോട് പറയാന്‍ പറ്റിയ ഇതിലും നല്ല ഡയലോഗില്ല.
“ഇങ്ങള് ന്നെ ഇങ്ങനെ സ്നേഹിക്കല്ലഡാ….ഞാന്‍ ചാവാന്‍ പോവൊന്നുമല്ലാലോ, കല്യാണം കഴിക്കാനല്ലേ പോണത് ?”.
“രണ്ടും ഒന്ന് തന്നേണ്, അതാ ഈ പറയണത്”.
വീണ്ടും ടെന്‍ഷനാക്കി, മനപ്പൂര്‍വ്വാ !

ഇനി ഈ ടെന്‍ഷന്‍ കാരണം താലിയെങ്ങാനും വേറാരുടെയെങ്കിലും കഴുത്തില്‍ കൊണ്ടോയി കെട്ടുമോ ആവോ, കണ്ടറിയണ്ടേരും.
ഈ ടെന്‍ഷന്‍ സഹിക്കാന്‍ പറ്റില്ല എന്നുറപ്പുള്ളോണ്ട്, മല്ലികേനേട്ട് ഒളിച്ചോടി രജിസ്റ്റര്‍ മേരേജ് കഴിച്ചാലോ എന്ന് വരെ ആലോചിച്ചതാ. ബട്ട് മൈ ഫാദര്‍ , കിണ്ടി പറമ്പില്‍ ശങ്കരന്‍ ! തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ക്കായി വീട്ടില്‍ എലിമിനേഷന്‍ റൌണ്ട് നടത്തായിരിക്കും. ആള്, നൂറിന്‍റെയും ഇരുന്നൂറിന്റെയും നോട്ട് കവറിലിട്ടു കൊടുത്ത്, നാട്ടിലെ സകല കല്യാണത്തിലും പാര്‍ട്ടിസിപ്പേറ്റു ചെയ്തിട്ടുണ്ട്. അതൊക്കെ എന്നെ കണ്ടിട്ടാണ്. അതൊക്കെ തിരിച്ചുകിട്ടാന്‍ കൂടി വേണ്ടിയാണല്ലോ ഞാന്‍ കെട്ടുന്നത് !

പെണ്ണിന്റെ വീടെത്തി, ക്യാമറാമാന്‍ ഓടി കാറിന്റെ അടുത്ത് വന്നിട്ടു പറഞ്ഞു,
“ബോസേ ഇങ്ങള് , ഇറങ്ങുമ്പോ രണ്ടു കാലും ഒരുമിച്ച് നിലത്തേക്ക് വെച്ച് ഇറങ്ങണം”
“അതെന്തിനാ ?”
“യേയ്, ഇങ്ങള് ബിഗ്‌ ബില് മമ്മൂട്ടി അവതരിപ്പിച്ച ബിലാല്‍ ഇറങ്ങണത് കണ്ടിട്ടില്ലേ ?”
“മോനെ ….., അതിന് ന്‍റെ പേരിന്‍റെ അപ്പ്രത്ത്ള്ളത് ‘ജോണ്‍ കുരിശിങ്കല്‍’ എന്നല്ല, ‘ശങ്കരന്‍ കിണ്ടിപറമ്പില്‍’ ന്നാ.”
ഓന്‍ പോയി.

കാലു കഴുകല്‍. പെണ്ണിന് സ്വന്തം ആങ്ങളയില്ല, ഒരു വകേലാങ്ങളയാണ് കാലു കഴുകുന്നത്.
ഓന്‍ കുറച്ച് നേരം വിസ്തരിച്ചു കഴുകട്ടെ. ങ്ങള്‍ക്കറിയോ? ഈ പഹയന്‍, പണ്ട് തൃത്താല ഗാനമേളയ്ക്ക് പോയിട്ട് ഞങ്ങള് തല്ലുണ്ടാക്കിയപ്പോ, ന്‍റെ ചിറിക്ക് തച്ചിട്ടുണ്ട്. ഞാന്‍ ഓന്റെ പിന്നാലെ ഓടി പെരടിക്ക് പൊട്ടിച്ച്. പിന്നീട് അത് പറഞ്ഞ് പഞ്ചായത്താക്കി. ആ ഓന്‍ കാല് കഴുകി തരുമ്പോ ഒരു സുഖം. നന്നായിട്ട് കഴുകടാ….

പന്തലിലേക്ക് ഞാന്‍ നടക്കുന്നത് വീഡിയോ എടുക്കുന്നതാണ് കാണേണ്ട കാഴ്ച ! ‘ബിഗ്‌ ബി’ ഇറങ്ങിയശേഷം, എല്ലാ സ്റ്റുഡിയോകളിലും ഓരോ അമല്‍ നീരദുമാര്‍ ഉണ്ടാവും. മ്മള് നടക്കുമ്പോ നിലത്തു നിന്ന് മേലോട്ടെ അവര് ക്യാമറ എടുക്കൂ. ഇടയ്ക്ക് ഉയരത്ത് കേറി താഴോട്ടെടുക്കും. സ്ലോ-മോഷന്‍ ആക്കാന്‍ സോഫ്റ്റ്‌വേര്‍ ഉള്ളതുകൊണ്ട് സ്ലോ മോഷനില്‍ നടക്കാന്‍ പറയാറില്ല, ഭാഗ്യം. ഇനി കല്യാണകാസറ്റ് എങ്ങാനും എഡിറ്റ് ചെയ്ത് നോണ്‍ ലീനിയര്‍ ആക്കി ഇറക്കുമോ ആവോ, അല്ല ഇപ്പൊ അതാണല്ലോ ട്രെന്‍ഡ് !

ആഹാ ! ബ്ലിങ്കന്‍ മാഷ്‌ നേരത്തെതന്നെ ഹാജരായിട്ടുണ്ടല്ലോ !!
ബ്ലിങ്കന്‍ മാഷ്‌. സെക്കണ്ടുകളിടവിട്ട് കണ്ണുകള്‍ ബ്ലിങ്ക് ചെയ്തോണ്ടിരിക്കും, അങ്ങനെ വീണ പേരാണ് ബ്ലിങ്കന്‍ !
നാട്ടിലെ സകല കല്യാണത്തിനും ബ്ലിങ്കന്‍ മാഷ് ഹാജര് വെച്ചിരിക്കും, വിളിക്കാത്ത കല്യാണമാണെങ്കില്‍ തലേസം തന്നെ എത്തും. എല്ലാടത്തും കല്യാണ കമ്മിറ്റിക്കാരെക്കാള്‍ ആക്ടീവ് ആയി ഓടിനടന്നു കാര്യങ്ങള്‍ ചെയ്യും. ഏയ്‌ വട്ടൊന്നുമല്ല , അത് മൂപ്പരുടെ ഒരു ഹോബി.
കണ്ട പാട് ന്നോട് ചോദിച്ചു, “മനോഹരാ ……പേടിയൊന്നുമില്ലാലോ ?”
ദാ പോയി ! ആകെയുണ്ടായിരുന്ന ധൈര്യം കൂടി ആ ചോദ്യത്തിന്റെ ഒപ്പം പോയി.
ഇയാള്‍ക്കിതിന്റെ വല്ല കാര്യൂണ്ടോ? എന്നുമില്ലാത്തൊരു കുശലാന്വേഷണം. മനപ്പൂര്‍വ്വാ !

മണ്ഡപത്തില്‍ ചെന്നിരുന്നു. പന്തലിലേക്ക് നോക്കാന്‍ തന്നെ പേടിയാവുന്നു . അമ്പത് പേര് തെകച്ചില്ലാത്ത ക്ലാസില്‍ ഒരു സെമിനാര്‍ എടുക്കാന്‍ പറഞ്ഞപ്പോ, ലീവെടുത്ത് രണ്ടാഴ്ച വീട്ടിലിരുന്ന ഞാനാ ഇപ്പ ആയിരത്തിച്ചില്ലാനും ആള്‍ക്കാരുടെ മുന്നിലിരിക്കുന്നത് !!
എല്ലാരുമെന്താ ന്നെ തന്നെ ഇങ്ങനെ നോക്കണത് ? ഇവര്‍ക്കൊക്കെ വേറെ എങ്ങടെങ്കിലും നോക്കികൂടെ ?
ഓരോരുത്തന്മാരുടെ നോട്ടം കണ്ടാല്‍ അവന്‍റെ ഭാര്യയെയാണ് ഞാന്‍ കെട്ടാന്‍ പോണത് എന്ന് തോന്നും.
ഈ കല്യാണ പന്തലില് വെച്ചിരിക്കുന്ന ടിവിയിലൊക്കെ സീരിയല് വെക്കണം, എന്നാ പിന്നെ പെണ്ണുങ്ങളൊക്കെ അതില്‍ നോക്കി ഇരുന്നോളും, ഇങ്ങോട്ടാരും നോക്കില്ല.

ഹൃദയമിടിപ്പ്‌ നാലേ ഗുണം നൂറുമീറ്റര്‍ റിലേ ഓടാനുള്ള കാര്യപരിപാടികള്‍ കെടക്കുന്നതേ ഉള്ളൂ, താലികെട്ടല്‍, മാലയിടല്‍ , പുടവ കൊടുക്കല്‍, വട്ടം ചുറ്റല്‍ , പാലും പഴവും കൊടുക്കല്‍………ശ്ശോ.
ശരിക്കും കല്യാണം ലളിതമായിരിക്കണം. ‘സന്ദേശ’ത്തില് ശ്രീനിവാസന്‍ പറയണപോലെ ഒരു രക്തഹാരം അങ്ങോട്ട്‌, ഒരു രക്തഹാരം ഇങ്ങോട്ട്, കണ്ടിരിക്കുന്നവരുടെ ജയ്‌ വിളി. അത് മതിയാര്‍ന്നു.

ന്‍റെ പെണ്ണ്‍ വന്നു.
ങ്ങേ !! അന്ന് ഞാന്‍ പെണ്ണുകണ്ട് പോയ പെണ്ണ് തന്നെയാണോ ഇത് ? ബ്യൂട്ടിപാര്‍ലറ്കാരുടെ ഓരോ വികൃതികളേ !
“ആ ഇളക്ക താലി ഒരു മൂന്നുപവന്‍ കാണും , ആ കടകവള ഒന്നരപവനേ ഉണ്ടാവൂ.”
പെണ്ണുങ്ങളുടെ സൈഡില്‍ നിന്ന് കലപിലകള്‍ തുടങ്ങി. കണ്ണ് കൊണ്ട് സ്വര്‍ണം അളക്കാനുള്ള ഒരു പ്രത്യേകതരം കഴിവ് ദൈവം അവര്‍ക്ക് കൊടുത്തിട്ടുണ്ടല്ലോ.

മല്ലിക വന്ന് അടുത്തിരുന്നു , വിറ കൂടി.
പിന്നെ മൊബൈല്‍ ക്യാമറാമാന്മാരുടെ ബഹളമാണ്. അഞ്ഞൂറ് ഉര്‍പ്പ്യക്ക്‌ മൊബൈല്‍ ഇറക്കിയ അംബാനിയുടെ തന്തക്കു വിളിച്ചുപോവും. പക്ഷെ കൂട്ടത്തില്‍ ഒരു വ്യത്യസ്ഥനുണ്ടായിരുന്നു അവനെ ഞാന്‍ തിരിച്ചറിഞ്ഞു. ഓണപതിപ്പിന് വെള്ള പെയിന്റെടിച്ച വലുപ്പത്തിലുള്ള ഒരു സാധനത്തിലാണവന്റെ പോട്ടോ പിടുത്തം.
“കുട്ടാ, എന്താടാ ഇത്”
ഓന് ഗമ കൂടി. “ഏട്ടാ ഇതാണ് ടാബ് ലെറ്റ്”.
“ഓ, അയികോട്ടെ”.
ഏതു കല്യാണത്തിലും ഇങ്ങനെ ഒരു കുരുപ്പിനെ കാണാന്‍ കിട്ടും. ഷോ കാണിച്ച് ആള്‍ക്കാരുടെ ശ്രദ്ധ നേടാന്‍ വെമ്പുന്ന ടീംസ്.

അതെ, ഞാന്‍ ആ കാഴ്ച കണ്ടു! എന്‍റെ അടുത്തേക്ക് വരുന്ന സുന്ദരനും, ബേജാറപ്പുവും! നാട്ടിലെ മെയിന്‍ കല്യാണാ ഘോഷ കമ്മറ്റിക്കാരാണ്. ഏതു കല്യാണവും ആഘോഷിച്ചലമ്പാക്കി കയ്യില്‍ത്തരും. ഇന്നലെ കുപ്പി വാങ്ങികൊടുത്ത്, ഇന്ന്‍ അലമ്പുണ്ടാക്കാതിരിക്കാന്‍ ഞാന്‍ മുന്‍കരുതല്‍ എടുത്തിട്ടുണ്ട്. പക്ഷെ താലി കെട്ടുമ്പോള്‍ ഗുണ്ട് പൊട്ടിക്കും എന്നവര് പറഞ്ഞിട്ടുണ്ട്. അത് കുഴപ്പമില്ല.
“മനോരാ, ഞങ്ങള്‍ക്കിന്നും കുപ്പി വേണം, പൈസട്ക്ക്”.
“പുന്നാര സുന്ദരാ……ഇന്നലെ ഞാന്‍ എടപ്പാള് സല്‍ക്കാരേന്ന്‍ വാങ്ങി നിങ്ങടെ അണ്ണാക്കി ല്‍ ക്ക് കമുത്തി തന്നത് അവില്‍ മില്‍ക്ക് അല്ലാലോ, റമ്മല്ലേ ?”.
“പോര ഇന്നും വേണം, അതും സ്മിര്‍നോഫ് വേണം”.
ഇംഗ്ലീഷില്‍, ‘എ’യും ‘ബി’യും കഴിഞ്ഞാല്‍ ‘സി’യാണെന്നു വരെ അറിയാത്ത സുന്ദരനാണ് പറയുന്നത് സമീര്‍നോഫ്!!
റം ഒഴികെ മറ്റെന്തു മണത്താലും, വാള് വെക്കണ സുന്ദരന് ഇന്ന് സ്മിര്‍നോഫ് തന്നെ വേണം. മനപ്പൂര്‍വ്വാ !
“മനോരാ……അണക്ക് ഭാര്യേം കൊണ്ട് അറബാനയില് വീട്ടില്‍ക്ക്‌ പോണോ ?”
“വേണ്ട”.
പോക്കറ്റില്‍ നിന്ന് ആയിരം ഉര്‍പ്പ്യേം അവരും ഒരുമിച്ചു പോയി.

കല്യാണത്തിന്റെ കാര്യ പരിപാടികള്‍ തുടങ്ങി. സത്യത്തില്‍ ഈ കല്യാണം എന്നാല്‍ ക്യാമറാമാന്മാരുടെ കലയാണ്‌ .അത് തിരകഥയെഴുതി സംവിധാനം ചെയ്യുന്നത് ഓനാണ്. എപ്പോ താലി കെട്ടണം, എങ്ങനെ കെട്ടണം എന്ന് ഓന്‍ പറയും, മ്മള് കേക്കണം. ഇനി കേട്ട്യീത് ശരിയായില്ലെങ്കില്‍ ഓന്‍ വീണ്ടും കെട്ടാന്‍ പറയും, അതും മ്മള് ചെയ്യണം. അപ്പൊ മ്മളാരാ? നായകനല്ല, അതിനു മൂന്നക്ഷരമില്ലേ? ഇതിന് രണ്ടക്ഷരം, സസി !

താലികെട്ടല്‍.
ഇന്നേ വരെ ഒരു ചെക്കനും മര്യാദയ്ക്ക് താലി കെട്ടീട്ടുണ്ടാവില്ല. വിറച്ചു വിറച്ചു കൈ അറിയാതെ പൊങ്ങി പോകുന്നതാണ്. കഴുത്തിന്റെ അടുത്തു കൊണ്ടെത്തിച്ചാ മതി . കെട്ടലൊക്കെ പിന്നില്‍ നില്‍ക്കുന്ന അമ്മായിമാരും നാത്തൂന്മാരും ചെയ്തോളും.

……………..ഠേ……………………….. ഗുണ്ട് പൊട്ടിയതും, അതുകേട്ട് അവന്റെ കയ്യില്‍ നിന്നും ടാബ് ലെറ്റ് നിലത്തു വീണതും ഒരുമിച്ചായിരുന്നു.
നിലത്തുവീഴുമ്പോള്‍ ട്യൂബ് ലൈറ്റ് പോലെ പൊട്ടി ചിതറുന്നതുകൊണ്ടാണോ ഇതിനെ ‘ടാബ് ലെറ്റ്’ എന്ന് വിളിക്കുന്നത്‌? എന്തായാലും നന്നായി, ആ ഹലാക്കിലെ അവുലോസുണ്ട കൊണ്ട് കൊറച്ചൊന്നുമല്ല ഓന്‍ മെയിനായത് .

എല്ലാം കഴിഞ്ഞു പാലും പഴവും രുചിച്ചു കൊണ്ടിരിക്കുമ്പോ കളക്ഷനെ കുറിച്ച് ചേച്ചിയോട് ആരാഞ്ഞു.
“മനോഹരാ, കളക്ഷന്‍ പറ്റെ മോശാടാ, കവറൊന്നും തീരെ കിട്ട്യീട്ടില്ല. കിട്ടിയ പ്രസന്റെഷനുകളുടെ വലുപ്പം കണ്ടിട്ട് വല്യ പ്രതീക്ഷ വെക്കാതിരിക്കുന്നതാ നല്ലത് എന്ന് തോന്നണു.”
ഈശ്വരാ……..എന്‍റെ കല്യാണം ഒരു ബോക്സ് ഓഫീസ് പരാജയമാവുമോ ?
മല്ലികയോട് ചോദിച്ചു,
“തന്‍റെ സൈഡില്‍ എങ്ങനുണ്ട് കളക്ഷന്‍?”
“ഇവിടുത്തെ കാര്യം അതിലും വിറ്റാ………..കല്യാണ കത്തില് അച്ഛന്‍ ഒരു വെയിറ്റ് കിട്ടാന്‍ വേണ്ടി ‘No presents, just your presence’ എന്നെഴുതി. ആള്‍ക്കാര് അത് കേള്‍ക്കാന്‍ കാത്തിരിക്ക്യേര്‍ന്നു.”
“അപ്പൊ, ഇന്ന് കല്യാണം പുറപ്പെടുമ്പോ, പെണ്ണിന് പകരം പെണ്ണിന്‍റെ അച്ഛനായിരിക്കുമല്ലോ കരയുന്നത് !”

സദ്യയുണ്ണാന്‍ പോകുമ്പോളുണ്ട്, മീശ പോലും മുളയ്ക്കാത്ത ഒരുത്തന്‍ മറ്റോനോട് ആവലാതി പറയുന്നു .
“പണ്ടൊക്കെ കല്യാണത്തിന് മുറുക്കാന്റെ ഒപ്പം സിഗറെറ്റ് വെക്കണ പതിവുണ്ടാര്‍ന്നു, മ്മള് വലി തുടങ്ങിയപ്പോ അതും നിര്‍ത്തി !”.
അവടെ ഡയലോഗടിക്കാതെ പോവാന്‍ തോന്നിയില്ല,
“മോനെ , അങ്ങനെ ഓസിന് കിട്ടി ശീലിച്ചതോണ്ടാ മലയാളികള്‍ ഇങ്ങനെ കുടിയന്മാരും, വലിക്കാരും ആയത്”

ഇലയിട്ട ശേഷം സദ്യ വിളമ്പാന്‍ വേണ്ടി വേണ്ടി കാത്തു നില്‍ക്കുമ്പോഴാണ് എനിക്കാ അതിബുദ്ധി തോന്നിയത്.
“മല്ലികേ ….. സാധാരണ ആദ്യരാത്രി പറയുന്ന കാര്യം നമുക്കിപ്പഴേ പറഞ്ഞവസാനിപ്പിക്കാം, എന്നാപിന്നെ രാത്രി സമയം കളയണ്ടല്ലോ, ഏത് !”
“എന്താ?”.
“ഒരു കുട്ട്യേനെ ഒക്കത്ത് വെച്ച് നിക്കണ ആ പച്ച സാരിയെ കണ്ടോ?”
“ഉം”.
“ഓളും ഞാനും അഞ്ചു കൊല്ലം പ്രേമത്തിലായിരുന്നു. പിന്നെ ഒള് ഓള്‍ടെ പാട്ടിനു പോയി.
ഇനി മല്ലിക പറ, മല്ലികയ്ക്ക് ആരോടെങ്കിലും പ്രേമം ഉണ്ടായിരുന്നോ?”
മൌനം …….
“പറ മല്ലികേ ……ഇങ്ങനെ നാണിച്ചാലോ? നമ്മള്‍ രണ്ടുപേരും ഒരു ജീവിതം തുടങ്ങാണ്, അപ്പൊ പരസ്പരം എല്ലാം അറിഞ്ഞിരിക്കണം. ഞാന്‍ എന്‍റെ കാര്യം ഓപ്പണായി പറഞ്ഞില്ലേ?”

മല്ലിക പറഞ്ഞു തുടങ്ങി.
“ക്യാമറയ്ക്ക് ലൈറ്റ് അടിച്ചു കൊടുക്കുന്ന ആ ചെക്കനെ കണ്ടോ? എന്നോട് ആദ്യായിട്ട് ഇഷ്ടാണ് എന്ന് പറയുന്നത് അവനാണ്”.
“മണ്ടന്‍”.

കായ വറുത്തതും ശര്‍ക്കര ഉപ്പേരിയും വന്നു
“എനിക്ക് ആദ്യത്തെ ലവ് ലെറ്റര്‍ കിട്ടുന്നത് ഇവന്റെ കയ്യീന്നാ”.
“പൊട്ടന്‍”.

അച്ചാര്‍ വന്നു
“എനിക്ക് ഏറ്റവും കൂടുതല്‍ റീ ചാര്‍ജ് ചെയ്ത് തന്നിട്ടുള്ളത് ഈ ഏട്ടനാ”.
“വിഡ്ഢി”.

പുളിയിഞ്ചി വന്നു
“എന്‍റെ ദേഹത്ത് ആദ്യായിട്ട് തൊട്ടത് ഇയാളാ…..”.
.
.
.
.
.
.
.
.
പിന്നെ അവിയല് വന്നു,
കാളന്‍ വന്നു ,
ഓലന്‍ വന്നു ,
കിച്ചടിയും, പച്ചടിയും , തോരനും വന്നു .
ഇടയ്ക്ക് ചോറും സാമ്പാറും പപ്പടവും വന്നിരുന്നു, അവര്‍ പക്ഷെ ലിസ്റ്റില്‍ ഇല്ലാത്തവരായിരുന്നു.
രസം വന്നു, മോര് വന്നു, രണ്ടു കൂട്ടം പായസവും വന്നു.
വയറു നിറഞ്ഞു.


ഉണ്ണിമൂലം


മേയ് രണ്ടാന്തി. മാതൃഭുമിയും മനോരമയുമൊന്നുമിറങ്ങാത്ത ദിവസം. ഉണ്ണിമൂലം ഇന്റര്‍വ്യൂ കഴിഞ്ഞു വീട്ടിലേക്കു കയറി. പരിചയപെടുത്താന്‍ മറന്നു, ഇതാണ് ഉണ്ണിമൂലം. പേര് ഉണ്ണി, നാള് മൂലം. അങ്ങനെ വീണ ഇരട്ടപേരാണ് ‘ഉണ്ണിമൂലം’. പേരും നാളും ചേര്‍ന്നൊരു പേര് !

ഉമ്മറത്ത്‌ നിന്ന് അച്ഛന്‍ മാമുക്കോയയുടെ ചിരിചിരിച്ച്, തിലകന്റെ ശബ്ദത്തില്‍ ചോദിച്ചു,
“ജോലി കിട്ടിയോടാ?”
“ഇല്ലച്ഛാ, ഈ ഇന്റര്‍വ്യൂവും കമ്പനിക്കടിച്ച്.”

സ്ഫടികവും, നരസിംഹവും കണ്ടിട്ടാണോ എന്നറിയില്ല, കേരളത്തിലെ ഒരുമാതിരിപെട്ട അച്ചന്മാരൊക്കെ ഒരു തിലകന്‍ ലൈനാണ്. പിതാശ്രീ എഴുതി തയ്യാറാക്കി വെച്ച സംഭാഷണം പറഞ്ഞു തുടങ്ങി.
“കിട്ടില്ലെടാ കിട്ടില്ല. നിന്നോട് ഞാന്‍ എത്ര തവണ പറഞ്ഞതാ, നിനക്ക് ജോലി കിട്ടാത്തിന്റെ കാരണം എന്തോ ജാതകദോഷാണെന്ന്‍ ….. നിനക്കിപ്പോ മോശം സമയാ. ആ സോമന്‍ പണിക്കരുടെ അടുത്ത് പോയി ഒന്ന് പ്രശ്നം വെച്ച് നോക്കാന്‍ പറഞ്ഞാ കേള്‍ക്കില്ല. അതിനൊക്കെ എന്റെ മോള്,18 വയസല്ലേയുള്ളൂ എന്നാലോ, നിന്നേക്കാള്‍ അനുസരണയുണ്ട്. നീ അവളെ കണ്ടു പഠി.”

ദിപ്പം പറഞ്ഞ ആ സഹോദരിയുണ്ടല്ലോ , ലവളാണ് അച്ഛന്റെ പതിനെട്ടാം പട്ട തെങ്ങ് !, എന്ട്രന്‍സ് കോച്ചിങ്ങിനു പോയി കൊണ്ടിരിക്കുന്ന അവളിലാണ് അച്ഛന്റെ പ്രതീക്ഷകളത്രയും.
അച്ഛന്‍ തുടര്‍ന്നു,
“അവളെ കെട്ടിച്ചയക്കാനുള്ള പൈസ നീ ഉണ്ടാക്കിക്കോണം, എന്‍റെ കയ്യില്‍ ഇനിയൊന്നുമില്ല”.
ഇതാണ് ഉണ്ണിയുടെ മുന്നിലുള്ള,ഉണ്ണി ചാടികടക്കേണ്ട, നൂറ്റിപത്തേകോലടി ഉയരമുള്ള ഹര്‍ഡില്‍സ്!

അച്ഛന്‍ അടവ് മാറ്റി ചവിട്ടി, സെന്റി ലൈന്‍ . “മോനെ നീയെന്താ ഞങ്ങടെ വിഷമം മനസ്സിലാക്കാത്തെ? നിനക്ക് കൂടി വേണ്ടിയല്ലേ ഈ പറയുന്നത്,ദൈവത്തെയോര്‍ത്ത് നീ ആ പണിക്കരുടെ അടുത്തൊന്നു പോ “
ഒരച്ഛന്റെ രോദനം !, സുരേഷ്ഗോപി സെന്റിയാവുന്നതൊക്കെ ഇതിലും എത്രയോ ഭേദമാണ്. ആ സീന്‍ ഇനിയും കണ്ടു നില്‍ക്കാന്‍ ത്രാണിയില്ലാത്തതു കൊണ്ട് ഉണ്ണിമൂലം സമ്മതിച്ചു.
” ഞാന്‍ നാളെ രമണനെയും കൂട്ടി പോയ്‌ക്കോളാം.”

രമണന്‍ ! ഉണ്ണിമൂലത്തിന്റെ മെയിന്‍ കമ്പനിക്കാരനാണ്. ഈയിടെയായി ജിമ്മില്‍ പോയി സൈസാവാന്‍ തുടങ്ങിയ ശേഷം, സല്‍മാന്‍ഖാന്‍ ഷര്‍ട്ടിടുന്നപോലെ മിനിമം മൂന്നു കുടുക്കെങ്കിലും തുറന്നിട്ടേ നടക്കൂ. ഇത്ര വെയില് കൊള്ളിക്കാന്‍ ഇവനെന്താ നെഞ്ചത്ത്‌ കൊപ്ര ഉണക്കാന്‍ ഇട്ടിട്ടുണ്ടോ ആവോ?
പണിക്കര്‍ക്ക് ഡിഗ്രിക്ക് പഠിക്കുന്ന ഒരു മോളുണ്ട്‌ എന്ന് പറഞ്ഞപ്പോ അന്നത്തെ മണല്‍ കയറ്റുമതി-ഇറക്കുമതിയില്‍ നിന്നും ലീവെടുത്ത് രമണന്‍ ഉണ്ണി മൂലത്തിന്റെ കൂടെ ചെന്നു.

ബസ്സിറങ്ങി പണിക്കരുടെ വീട്ടിലേക്ക് നടക്കുമ്പോഴും രമണന്‍ ചോദിച്ചു ,
“ഉണ്ണി മൂലാ……ഇന്ന് ഓള്‍ക്ക് ക്ളാസില്ലാലോ ലെ ?”
“ഇല്ലെന്‍റെ രമണാ”
വാതില്‍ തുറന്നത് മോളായിരുന്നു, രമണന് വന്നത് മൊതലായി !

സോമന്‍ പണിക്കര് കണ്‍സല്‍ട്ടിംഗ് റൂമിലേക്ക്‌ വന്നിരുന്നു. ആനിമേഷന്‍ സില്മേലെ വില്ലന്റെ മുഖം !
“എന്താ പേര് “? ഇത് കേട്ടപാട് രമണന്‍ ഉണ്ണിമൂലത്തിന്റെ ചെവിയില്‍ പറഞ്ഞു “പണിക്കര് പല്ലേച്ചിട്ടില്ലാ”
എന്നിട്ട് ഉത്തരവും അവന്‍ തന്നെ പറഞ്ഞു,
“ഉണ്ണിമൂലം”
ഉണ്ണി തിരുത്തി, “പേര് ഉണ്ണി, നാള് മൂലം”, ഇച്ചിരി ജാള്യതയോടെ.
“ഇതിലിത്ര നാണിക്കാനൊന്നുമില്ല, ന്റെ നാളും മൂലാ.”
“അത് പണിക്കരുടെ മുഖത്തെഴുതിവെച്ചിട്ടുണ്ട്.” വീണ്ടും രമണന്‍ !
രമണന്‍ മെന്‍ഷന്‍ ചെയ്ത ആ മുഖം മാറി .
“മിസ്റ്റര്‍ ഉണ്ണിമൂലം, ഇതാരാ ?”
അങ്ങനെ ഇപ്പ കണ്ട പണിക്കര് വരെ വിളിച്ചു ! “എന്റെ ഫ്രണ്ടാ”
ബിഗ്‌ ബി ലെ മമ്മൂട്ടിടെ പോലെ, മുഖത്തെ പേശികളനക്കാതെ പണിക്കര് പറഞ്ഞു, “ജീവിതം ഗോപിയാവാന്‍ ഇങ്ങനെ ഓരോന്നിനെ ഫ്രെണ്ടായിട്ടു കിട്ടിയാ മതി, കേതുവും കുജനുമൊന്നും വേണ്ട.”
പണിക്കരും മോശമില്ലല്ലോ !
ഉണ്ണിമൂലം രമണനോട്‌ വായ തുറക്കാതിരിക്കാന്‍ ആഗ്യം കാണിച്ചു .

അന്ത കാലത്തെ രണ്ടുര്‍പ്പ്യയുടെ പോക്കറ്റ് ഡയറിയില്‍ എഴുതിയ തന്റെ ജാതകം, ഉണ്ണിമൂലം പണിക്കര്‍ക്ക് കൊടുത്തു.
.
.
.
.
.
.
.
.
ഫുള്‍ ബോട്ടില് വിസ്കി വാങ്ങി, ഒന്നാം പെഗ്ഗില് വാള് വെച്ച് കുപ്പിയെ നോക്കിയിരിക്കണ പോലെയാണ് പണിക്കര് ജാതകം നോക്കി കഷ്ടം വെച്ചിരിക്കുന്നത് .
“ഉണ്ണിമൂലാ…. അന്‍റെ ജാതകം ഇത്രക്ക് അലമ്പാ ….?”
ഉണ്ണിക്ക് പേടിയായി തുടങ്ങി, അവന്‍ വിളിച്ചു ,
“വൈദ്യരേ…..ഛെ പണിക്കരേ”
“ആ….അ….ഈ ജാതകക്കാരന്‍ ജീവിച്ചിരിപ്പുണ്ടോ?”
ഭും! പണിക്കന്മാരുടെ തുറുപ്പുഗുലാന്‍ !! . ആ ഒരൊറ്റ ചോദ്യത്തില്‍ ഏതു ജാതകക്കാരന്റെ മനസ്സും അല്‍കുല്‍ത്തായിട്ടുണ്ടാവും.
“അത് ഇവന്റെ ജാതകാ……” രമണന്‍ പറഞ്ഞു .
പണിക്കരുടെ മുഖത്തേക്ക് വിഷാദം തികട്ടി വന്നു .
രമണന്‍ ഉണ്ണിമൂലത്തിന്റെ മുഖത്തേക്ക് നോക്കി, ബലാല്‍സംഗം ചെയ്യാന്‍ മുറിയിലേക്ക് കയറിയ ബാലന്‍ കെ നായരെയും, ജോസ് പ്രകാശിനെയും ഒരുമിച്ചു കണ്ട നായികയുടേത്‌ പോലെണ്ട് ആ മുഖം.

പണിക്കര് കവടി എടുത്തു, വീടിന്റെ പ്ലാന്‍ പോലുള്ള ചതുരക്കള്ളികളില്‍ തോന്നിയിടത്തോക്കെ വെച്ചു. എന്നിട്ട്, അത് നോക്കി ഒരറ്റത്ത് നിന്ന് പറഞ്ഞു തുടങ്ങി.
“അനിഷ്ട സ്ഥനായ ശനിയുടെ ദശാകാലമാണ്, വാഹന നാശം, പുണ്യകര്‍മ്മ ദോഷം, പോലീസ് കേസ്, കോടതി വ്യവഹാരം ഇവകൊണ്ട് ദുരിതമുണ്ടാവും. കുജന്‍ ജന്മത്തിലാണ് ദേഹങ്ങള്‍ക്കും കാര്യങ്ങള്‍ക്കും ഭംഗം സംഭവിക്കുക ഫലം. ശനി നാലമിടത്താണ് മനോദുഖവും, ധനനഷ്ടവും……….”
പിന്നെ ഒക്കെയൊരു പൊകയായിരുന്നു, ഉണ്ണിയുടെ ചുറ്റും. മരണം മാത്രം സംഭവിക്കുമെന്ന് പറഞ്ഞില്ല , ബാക്കി എല്ലാമായി.

വാഷിംഗ് മെഷീന്‍ റിന്‍സില്‍ ഇട്ട പോലെയാണ് ഉണ്ണിമൂലത്തിന്റെ നെഞ്ചു പെടച്ചിരുന്നത്.
പണിക്കര് അവസാനം പറഞ്ഞു, “ഒന്നും തോന്നരുത്, ഞാന്‍ ഉള്ളത് ഉള്ളത് പോലെ പറയും. തനിക്കു വെഷമായെങ്കില്‍ ക്ഷമിക്ക്യാ”
രമണന്റെ കണ്ട്രോള് പോയി,
“ഗോളടിച്ചിട്ടു ഗോളിടെ മുഖത്ത് നോക്കി ‘സോറി’ ന്ന് പറഞ്ഞിട്ട് എന്ത് കാര്യാടോ പണിക്കരെ ?”

വെള്ളം നിറച്ച കണ്ണുമായി ഉണ്ണിമൂലം ചോദിച്ചു
“പ്രതിവിധി വല്ലതും ?”
പേരറിയാത്ത ഒരുപാട് അമ്പലങ്ങളുടെ പേരും, കൊട്ടക്കണക്കിനു വഴിപാടുകളുടെ ലിസ്റ്റും പണിക്കര് ചാര്‍ത്തെഴുതികൊടുത്തു.
രമണന്‍ സ്വകാര്യം പറഞ്ഞു “ഉണ്ണിമൂലാ….. ഇരുന്നൂറ് ഉര്‍പ്പ്യ ദക്ഷിണ കൊടുക്കാനല്ലേ അമ്മ പറഞ്ഞത് ? അമ്പത് കൊടുത്താ മതി. പറയണേല് ഒരു മയമൊക്കെ വേണ്ടേ ?”
ദക്ഷിണ കൊടുത്തു പുറത്തിറങ്ങുമ്പോള്‍ പണിക്കര് പറഞ്ഞു “ഇനിയും വരണേ….”
“ഉവ്വ”.

അമാവാസി രാത്രി ടോര്‍ച്ചെടുക്കാതെ പുറത്തിറങ്ങിയവനെ പോലെയാണ് ഉണ്ണിമൂലം ബസ്സ്‌സ്റ്റോപ്പിലേക്ക് നടന്നത് . ബസ്സ്‌സ്റ്റോപ്പില്‍ അവന്‍ വിദൂരതയിലേക്ക് നോക്കി നിന്നു.ബസ്സ് വന്നതും, രമണന്‍ കേറിയതൊന്നും ഉണ്ണിയറിഞ്ഞില്ല .
“ഉണ്ണിമൂലാ കേറടാ…..”
ആ വിളി കേട്ടുണര്‍ന്ന ഉണ്ണിമൂലം, നീങ്ങി തുടങ്ങിയ ബസ്സിലേക്ക് ചാടികയറി .
അതുവരെ അട്ടത്ത് നോക്കിനിന്ന്‍, ബസ്സെടുത്തപ്പോള്‍ ചാടികയറിയ അവനോടു കിളി സുന്ദരന്‍ ഡയലോഗടിച്ചു
“മോനെ ഡാ…..ബസ്സ് പോയാ വേറെ ബസ്സ് വരും, പക്ഷെ നിന്‍റെ കാറ്റുപോയാല്‍ വേറെ കാറ്റ് വരാനില്ല”,എന്നിട്ട് ഡബിള്‍ ബെല്ലടിച്ചു.
“കാറ്റൊക്കെ പോയി” ഉണ്ണിമൂലം സെന്റിയായി .
എന്തുപറ്റിയെന്ന ഭാവത്തില്‍ കിളി, രമണനെ നോക്കി. രമണന്‍ മറുപടി കൊടുത്ത് ,
“ഏയ്‌, ഒന്നൂല്യ…..ഒരു ഭൂതം , ഭാവി പറഞ്ഞ വര്‍ത്തമാനം കേട്ടതാ.!”

വഴിപാടു സീസണ്‍ തുടങ്ങി. അമ്പലങ്ങളില്‍ പോയി ‘പേര് ഉണ്ണി, നാള് മൂലം’ എന്ന് പറഞ്ഞ് പറഞ്ഞ് ഉണ്ണിമൂലത്തിന് തന്നെ മടുത്തു തുടങ്ങി. പക്ഷെ ജീവിതം കഴിച്ചിലാവും എന്ന് അവനു ചെറിയൊരു പ്രതീക്ഷ വന്നു തുടങ്ങിയിട്ടുണ്ടായിരുന്നു.
ഗണപതിക്ക് ഒറ്റ കഴിച്ച്, ആ ഒറ്റ മുഴുവന്‍ ഒറ്റയ്ക്ക് കഴിച്ച്, അമ്പലത്തില്‍ നിന്ന്‍ തന്‍റെ സ്പ്ലെണ്ടറില്‍ അടിച്ചുമിന്നി വരുമ്പോഴാണ് ആ വിശേഷം സംഭവിക്കുന്നത്‌ .
തോളത്തൊരു എയര്‍ബാഗ് തൂക്കി, അതിലും കൂടുതല്‍ എയറും പിടിച്ചു നിന്നിരുന്ന ഒരുത്തന്‍ വണ്ടിക്കു കൈ കാണിച്ചു. ഉണ്ണിമൂലം ശുദ്ധനല്ലേ ?ലിഫ്റ്റ്‌ കൊടുത്തു.

ബൈക്ക് ഓടിക്കൊണ്ടിരിക്കവേ, ഉണ്ണി അയാളെ പരിചയപെട്ടു, പേര് മഹേഷ്‌ .
“എങ്ങോട്ടാ?”
മഹേഷ്‌ ഇച്ചിരി നാണത്തോടെ മറുപടി പറഞ്ഞു
“ഒളിച്ചോടാണ്, കുട്ടി ബസ്സ്‌ സ്റ്റാന്റില്‍ കത്ത് നിക്ക്ണ്ട്”
ഒളിച്ചോടുമ്പോ വരെ ലിഫ്റ്റ്‌ ചോദിച്ചു പോകുന്ന ഈ ഹ്യൂമന്‍ ബീയിങ്ങിനെയൊക്കെയാണ് തൊഴേണ്ടത്.
“കുട്ടി എവിടെള്ളതാ ?”
“ഇവിടെ അടുത്തുള്ളതാ…..കുമാരന്‍ മാഷിന്റെ മോള്, ഇന്ദു .”
ങേ ! എന്‍റെ അച്ഛന്‍ , എന്‍റെ പെങ്ങള്‍ !!
അപ്പൊ. അളിയനാണ് പിന്നില്‍ അള്ളിപിടിച്ചിരിക്കുന്നത് .
വെറുതെയല്ല ഇന്ന് രാവിലെ പുന്നാര പെങ്ങള്‍ ഒരു സ്റ്റീല്‍ഗ്ലാസ് അച്ഛന്‍റെയും, അമ്മയുടെയും, എന്‍റെയും കാലിന്‍റെ ചോട്ടില്‍ കൊണ്ടിട്ട് കുനിഞ്ഞെടുത്തത്. ആങ്ങളയുടെ ബൈക്കില്‍ ചെന്ന് പെങ്ങളെ അടിച്ചോണ്ട് പോകാന്‍ പോകുന്ന ഈ അളിയനുണ്ടല്ലോ, ഈ അളിയനാളിയാ അളിയന്‍ !

ഉണ്ണിമൂലത്തിന് പക്ഷെ, സന്തോഷം അലതല്ലുകയായിരുന്നു. പണിക്കര് കവടി നിരത്തി പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തോര്‍ത്ത് ചിരിവന്നു. എന്തൊക്കെയാ പറഞ്ഞത് ! കണ്ടകശനി, രാഹു, കേതു, എന്നേം കൊണ്ടേ പോവൂ, അഞ്ചു കൊല്ലത്തേക്ക് നല്ലതൊന്നും പ്രതീക്ഷിക്കണ്ട…..ഇതെന്താ അപ്പൊ നല്ലതല്ലേ? ഇതിലും നല്ലതിനിയൊന്നും തന്‍റെ ജീവിതത്തില്‍ സംഭവിക്കാനില്ല. ഈ യാത്ര അവസാനിക്കുമ്പോ തനിക്ക് ആറേഴ് ലക്ഷം രൂപയാ ലാഭം. ഇനി സ്വര്‍ണ്ണത്തിനു വില കൂടിയാലെന്ത്, കുറഞ്ഞാലെന്ത്? അഞ്ചു പൈസ ചെലവില്ലാതെ തന്‍റെ പെങ്ങളെ കൊണ്ടുപോകുന്ന ആ മഹാത്മാവിനെ ഉണ്ണിമൂലത്തിന് കെട്ടിപിടിക്കാന്‍ തോന്നി
ഇറങ്ങാന്‍ നേരം, വഴിച്ചിലവിനു ഒരഞ്ഞൂറു ഉര്‍പ്പ്യ പോക്കറ്റിലിട്ടു കൊടുക്കണം .

ഉണ്ണിക്കു പിന്നെയും ചിരി വന്നു….. മണ്ടയില്ലാത്ത പതിനെട്ടാംപട്ട തെങ്ങിന്‍റെ തേങ്ങയിടാനാണല്ലോ അച്ഛന്‍ പതിനെട്ടു കൊല്ലം തളപ്പും പിടിച്ചു നിന്നത് !! പുന്നാരമോള്‍ ഒളിച്ചോടി എന്ന് വീട്ടിലറിയുമ്പോള്‍ സീനായിരിക്കും. അച്ഛന്‍ റേഷന്‍ കാര്‍ഡില്‍ നിന്നു ഓള്‍ടെ പേര് വെട്ടും, അമ്മ വീട്ടില്‍ നിന്നും T.C കൊടുക്കും. അതോടെ ഓള്‍ടെ പേരിലുള്ള ഒരേക്ക്ര പാടവും എനിക്ക് കിട്ടും, വീണ്ടും ലാഭം !
അഞ്ഞൂറല്ല, ആയിരം കൊടുക്കണം .

സ്വപ്നം കണ്ടു ബസ്‌ സ്റ്റാന്റെത്തിയത് അറിഞ്ഞില്ല ,ഉണ്ണിമൂലം റൈറ്റിലേക്കെടുത്തത് ലെഫ്റ്റിലേക്ക് ഇന്റിക്കേറ്ററിട്ടിട്ടായിരുന്നു . ഠേ……..!! ഓരോട്ടോര്‍ഷ വന്നുമ്മവെച്ചു.
വാഹനാപകടം.
വാഹന നാശം!
ഉണ്ണിയുടെ ചിറിയും പല്ലും ഒന്നായി.
അംഗ ഭംഗം!
അളിയന്‍ അളിയനെ നോക്കി.
അരിച്ചാലില് മലര്‍ന്ന് കിടന്നു ചോര ഒഴുക്കി കളയുകയാണ് മഹേഷളിയന്‍. ! ആ കാലും വെച്ച് ഒരാറ് മാസത്തേക്ക് ഒളിച്ചോടാന്‍ പോയിട്ട് ഒളിക്കാന്‍ പോലും പറ്റില്ല.
തോളത്തൊരു ഭാഗുമായി ഓടി വരുന്ന പെങ്ങള്‍ . പുന്നാര പെങ്ങള്‍ ആ ട്വിസ്റ്റ്സീന്‍ കണ്ടു ബോധംകെട്ടു മലച്ചുകെട്ടി വീണു! ആതേയിനി രക്ഷയുള്ളൂ എന്ന് അവള്‍ക്കു തോന്നിക്കാണും.
അവരുടെ പ്രേമവും നാട്ടുകാരറിഞ്ഞു.
മാനഹാനി!
ഒളിചോടുകയായിരുന്ന മഹേഷിനെ, ഉണ്ണിമൂലം മനപ്പൂര്‍വ്വം അപായപെടുതാന്‍ ശ്രമിച്ചതാണെന്ന് ചിലര്‍..
.ദുഷ്പ്രചരണം!
നാറി നാണക്കേടായ സ്ഥിതിക്ക് എത്രയും പെട്ടന്ന് ഉണ്ണിക്കു ആ കല്യാണം നടത്തി കൊടുക്കേണ്ടി വന്നു.
ധനനഷ്ടം!
സോമന്‍ പണിക്കരുടെ ഓരോ സ്മാഷും പൊയന്റായി മാറുകയായിരുന്നു .

വസന്ത വന്ന കോഴിയെ പോലെയായിരുന്നു ഉണ്ണിമൂലം കല്യാണ പന്തലില്‍ നടന്നിരുന്നത് .
സദ്യക്ക് രണ്ടാം പന്തിയില്‍ കാളന്‍ വിളമ്പുമ്പോഴാണ് രമണന്‍, പായസം മോന്തികൊണ്ടിരിക്കുന്ന സോമന്‍ പണിക്കരെ കണ്ടത്. കാളന്റെ കുട്ടിചെമ്പ് മേശപ്പുറത്തു വെച്ച്, സ്പൂണ് ചൂണ്ടി രമണന്‍ ചോദിച്ചു.
“പണിക്കരെ സത്യം പറഞ്ഞോ, ആ ഒട്ടോര്‍ഷക്കാരനെ ഇങ്ങള് പൈസ കൊടുത്ത് ഇറക്കീതല്ലേ?
“അന്‍റെ ഉണ്ണിക്ക് ഇന്റിക്കേറ്ററിടാന്‍ അറിയാത്തോണ്ടല്ലേ ?, പിന്നെ അതൊരു നിമിത്തം. ജ്യോതിഷം സത്യാണ്.”
“പണിക്കര് ഈ അടുത്തെപ്പഴെങ്കിലും സ്വന്തം ജാതകം നോക്കിയിരുന്നോ?”
“ഇല്ലാ”
“എന്നാ വേഗം പായസം കുടിച്ച് ചിറീം തൊടച്ച് ഓടിക്കോ, ഉണ്ണി ഇങ്ങളെ കണ്ടാ ചെലപ്പോ അതും ഒരു നിമിത്തമാവും. ഇങ്ങള് കവടി നോക്കി പറഞ്ഞ പോലീസ് കേസും , ജയില്‍ വാസവും ബാക്കിണ്ട് ”
രമണന്‍ പിന്നെ ആ പന്തിയില്‍ കാളന്‍ വിളമ്പിയില്ല.


ദ ഗ്ലാസ് സ്റ്റോറി


ഇക്കഥയിലെ അറേഞ്ച്ട് മാര്യേജ് ഒരു ഗ്ലാസ് സ്റ്റോറിയാണ്. പെണ്ണുകാണലിലെ ചായഗ്ലാസ്സില്‍ തുടങ്ങി, ആദ്യരാത്രിയിലെ പാല്‍ഗ്ലാസ്സില്‍, ട്വിസ്റ്റോടുകൂടി സ്റ്റോപ്പാവുന്ന ഒരു ഗ്ലാസ്‌ സ്റ്റോറി .

പെണ്ണ് കാണല്‍ ….. ബെല്‍റ്റിടാതെ ലോ വൈയ്സ്റ്റ് പാന്റിട്ട് നടക്കുന്നത് പോലെയാണ്. ഓരോ സെക്കണ്ടും പിരിമുറുക്കം നിറഞ്ഞതായിരിക്കും. കന്നികാണല്‍ ആണെങ്കില്‍ അവസ്ഥ അതിലും മാരകമായിരിക്കും. മനു അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു അത്.
വിവാഹ മാര്‍ക്കറ്റില്‍ ചെല്ലുമ്പോള്‍ കൂലിപണിക്കാര്‍ മുതല്‍ CEOമാര്‍ വരെ എഴുന്നള്ളിക്കുന്ന സ്പെസിഫിക്കേഷന്‍സ് ഉണ്ടല്ലോ, ഗ്രാമീണത, ശാലീന സൌന്ദര്യം, നാട്ടിന്‍ പുറത്തുകാരി, നിഷ്കളങ്കത …..ഇതൊക്കെതന്നെയാണ് മനുവും ആഗ്രഹിച്ചത്. കൂട്ടത്തില്‍ ഒന്ന്കൂടെ പറഞ്ഞു,
“കേരളത്തിന്‌ പുറത്തു ഹോസ്റ്റലില്‍ നിന്ന് പഠിച്ച കുട്ടിയാണെങ്കില്‍ ജാതകം പോലും എന്റെ വീട്ടില്‍ കേറ്റരുത്.”
ഇതൊക്കെ ഏതാണ്ട് ഒത്തുവന്ന്‍, കുട്ടന്‍ പണിക്കര്‍ ഒറ്റനോട്ടത്തില്‍ ‘proceed’ എന്ന് കണ്ണുംപൂട്ടി പറഞ്ഞ ഒരു ചിങ്ങത്തിലെ ചതയതിന്റെ വീട്ടിലാണ്‌ മനുവും,ഏട്ടനും,അച്ഛനും,അമ്മയും കൂടി ചായകുടിക്കാന്‍ വന്നിരിക്കുന്നത്.

പെണ്‍കുട്ടിയുടെ അമ്മ ജിലേബിയും , ലഡുവും കൊണ്ടുവെച്ചു. മനു ഒരു ലഡുവെടുത്തപ്പോള്‍ കുട്ടിയുടെ അച്ഛന്റെ കമെന്റ്,
“മോനെ, മോളെ കാണുമ്പോ ലഡു പൊട്ടരുതേ”
പുളിച്ച വിറ്റടിച്ചിട്ട് ഒറ്റയ്ക്ക് ഹലാക്കിലെ ചിരി ചിരിക്ക്യാണ് ഭാവി ഫാദര്‍ ഇന്‍ ലോ.വോവ്!വാട്ട് എ ബ്യൂട്ടിഫുള്‍ സീന്‍ !കമ്മീഷന്‍ കൂടുതല് തരുമെന്ന് കരുതീട്ടാവും ബ്രോക്കര്‍ ഇടയ്ക്കൊന്നു കമ്പനി കൊടുത്ത്. മനു ഏട്ടനെ നോക്കി, എട്ടന് ഇപ്പഴേ ഇറങ്ങി ഓടിയാല്‍ കൊള്ളാമെന്നുണ്ട്.
മനു, ലഡു എടുത്തിടത്തു തന്നെ തിരികെവെച്ചു.

കുട്ടി ചായയുമായി വന്നു, ഇന്‍ ചായഗ്ലാസ്. മനു സൂക്ഷിച്ചുനോക്കി. ഇല്ല, ഇതുവരെ കണ്ട 3GP ക്ളിപ്പുകളിലൊന്നും ഇങ്ങനെയൊരു മുഖം കണ്ടിട്ടില്ല. മഹാഭാഗ്യം !
“ഇതാണ്, ഇത് തന്നെയാണ് നിന്റെ പേര് അറ്റത്ത്‌ ചേര്‍ക്കാന്‍ പോണ ആ പെണ്‍കുട്ടി” മനസ്സ് അന്നൌന്‍സ് ചെയ്തു.
അപ്പുറത്തിരുന്നിരുന്ന ഏട്ടന്‍ തോണ്ടിയിട്ട് ചെവിയില്‍പറഞ്ഞു
“ഈ വായ പൊളിക്കലിലാണ് ഒരുപാട് പുരുഷജീവിതങ്ങള്‍ കല്ലത്തായത്. എന്റേതടക്കം!കണ്ട്രോള്‍ ”
അപ്പോഴാണ് താനറിയാതെ തന്റെ വായ തുറന്നിരുന്നത് മനു ശ്രദ്ധിച്ചത്, അടച്ചു. ആ സൌന്ദര്യം മനുവിനെ അടാടെ ആകര്‍ഷിച്ചിരുന്നു.
“ഇതാണ് ഞങ്ങ പറഞ്ഞ പെണ്ണ് , ഇതാണ് പെണ്ണ്‍ ! ” എന്ന ഭാവത്തോടെയാണ് ബ്രോക്കറുടെ നില്‍പ്പ്.
പിന്നെയാണ് അറേഞ്ച്ട് മാര്യേജ് പെണ്ണുകാണലിലെ ആ FAQ (ഫ്രീക്ക്യുന്റ് കൊസ്റ്റ്യന്‍ ആന്‍ഡ്‌ ആന്‍സര്‍ ) പിറന്നത്,
“പേരെന്താ”?
“സുജിത.”
പക്ഷെ ഇവിടെ ചോദിച്ചത് ഏട്ടനും മറുപടി പറഞ്ഞത് അച്ഛനുമായി പോയി. മനു രണ്ടുപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി.

കാലമെത്ര പുരോഗമിച്ചിട്ടും പെണ്ണുകാണലിന്റെ സ്ക്രിപ്റ്റിനും, സൊ കാള്‍ഡ് ഡയലോഗുകള്‍ക്കും ഒരു മാറ്റവും സംഭവിച്ചിട്ടില്ല.
“ഇനി അവര്‍ക്കെന്തെങ്കിലും സംസാരിക്കാനുണ്ടാവും, നമുക്കൊന്ന് മാറികൊടുക്കാം”
പെണ്ണ്കാണലിലെ പവര്‍പ്ലേയാണ്, ജയവും തോല്‍വിയും തീരുമാനിക്കുന്ന മിനുട്ടുകള്‍ !
മനുവിനെ സുജിതയുടെ അടുത്ത് ഒറ്റയ്ക്കാക്കി എല്ലാരും പോയി.
“ഓപ്പണായി ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത് , ഇപ്പഴത്ത കാലമാണ് ……..ആരോടെങ്കിലും വല്ല പ്രേമമോ മറ്റോ ഉണ്ടോ, ഉണ്ടെങ്കില്‍ പറഞ്ഞോളൂ നോ പ്രോബ്ലം……” മനു ചോദിച്ചു;(Precaution No.1).
“ഒരു പാട് പേര് ഇങ്ങോട്ട് ഇഷ്ടാണ് എന്ന് പറഞ്ഞിട്ടുണ്ട് …….പക്ഷെ എനിക്ക് ……..ഇതുവരെയാരോടും ………അങ്ങനെയൊന്നും………തോന്നിയിട്ടില്ല”
WOW! ഏതൊരു ബാച്ചിലറും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു ഹോട്ട് ഫേവറിറ്റ് റിപ്ലെ. മനു ധൃതംഗപുളകിതനായി.
“ഞാന്‍ ഒരു ഫോട്ടോ എടുത്തോട്ടെ ?”
“മം ….എന്തിനാ ?”
“അനിയത്തി സേലത്ത് ചെറിയമ്മയുട വീട്ടില്‍ നിന്നാ പഠിക്കുന്നത്, അവള്‍ക്ക് അയച്ചുകൊടുത്ത്‌ അഭിപ്രായം ചോദിക്കാനാ .”
ആഹാ അഭിപ്രായം ചോദിയ്ക്കാന്‍ പറ്റിയ മൊതല്, കാണേണ്ട താമസം കുറ്റം പറഞ്ഞു തുടങ്ങിക്കോളും. ആ ഉടല് മുഴുവന്‍ അസൂയമാത്രേ ഉള്ളൂ. ക്ലാസ്സില്‍ തന്നെക്കാള്‍ ഗ്ലാമറുള്ള പെണ്‍പിള്ളേര്‍ ഉണ്ടാവാതിരിക്കാന്‍ തമിഴ്നാട്ടില്‍ പോയി പഠിക്കണ ടീമാ (ആത്മഗതം)
“ഉം …എടുത്തോളൂ.”
ആ മുഖം Galaxy s2 ഒപ്പിയെടുക്കുമ്പോള്‍ മനു എന്താണ് ഉദ്ദേശിച്ചുറപ്പിച്ചിരുന്നത് എന്ന് ആരും അറിഞ്ഞില്ല.

എല്ലാം കഴിഞ്ഞ്‌, പെണ്ണുകാണല്‍ ടീം ഇറങ്ങാറായി.
“ഞങ്ങള്‍ വിവരമറിയിപ്പിക്കാം.”
ഒരുമാതിരിപെട്ട പെണ്ണുകാണല്‍ ഷോര്‍ട്ട് ഫിലിമൊക്കെ ആവസാനിക്കുന്നത് ഈ ഡയലോഗിലാണ് .
സുജിത ശശിധരനിലെ, ശശിധരന്‍ എന്ന ശശി പറഞ്ഞു,
“കത്തൊന്നും അയച്ച് അറിയിപ്പിക്കരുതേ, കല്യാണം വൈകിപോകും” പൊട്ടിച്ചിരി ……ഏകാംഗ പൊട്ടിച്ചിരി
വീണ്ടും ഒലക്കേമിലെ തമാശ! മനു ഏട്ടനെ നോക്കി, ഏട്ടന്‍ അടിക്കാത്ത ഫോണെടുത്ത് ചെവിയില്‍ വെച്ച് ഫ്രേമില്‍ നിന്നും സ്കൂട്ടാവുന്നു .
കുട്ട്യേടച്ഛന്‍ കഷണ്ടി, മാരക വിറ്റായിരിക്കുമെന്ന്‍ ബ്രോക്കര്‍ ഒരു സൂചന തന്നിരുന്നു, പക്ഷെ ഇമ്മാതിരി അമാനുഷിക വിറ്റടിക്കുന്ന ഉരുപ്പടിയായിരിക്കുമെന്ന്‍ കരുതിയില്ല. “വൈഫ് ഹൌസിലെ മാരീഡ് ലൈഫ് ഇരമ്പും !!”

ഡ്രൈവര്‍, അച്ഛന്‍, അമ്മ, മനു, ഏട്ടന്‍ . വണ്ടി നിറഞ്ഞു. വണ്ടി സ്റ്റാര്‍ട്ടായി.
“മനൂ, ഞങ്ങള്‍ക്കൊക്കെ ഇഷ്ടായി. നിന്റെ അഭിപ്രായം പറഞ്ഞില്ല ….”
“അമ്മാ, വീട്ടിലെത്തിയിട്ടു പറയാ അമ്മാ”
അമ്മയുടെ യോര്‍ക്കര്‍, ! “വീട്ടിലാരോടാടാ നിനക്ക് ചോദിക്കാനുള്ളത് ? ”
അച്ഛന്റെ ബൌണ്‍സര്‍, !! “ശരിയാ, വീട്ടിലുള്ള എല്ലാരും ഇവിടെയില്ലേ ? ”
പക്ഷെ വിക്കറ്റെടുത്തത് ഏട്ടനായിരുന്നു, !!! “വീട്ടിലുള്ള ഒരാളുമാത്രം ഇവിടെയില്ല……..വേലക്കാരി രമണി !”
നിശബ്ദത ……….
.
.
.
“നീ നോ പറഞ്ഞാല്‍ ഇവിടെ ഒന്നും സംഭവിക്കില്ല, പക്ഷെ നിന്റെയൊരു യെസ്, ഒരു ചരിത്രമാവും. വരാനിരിക്കുന്ന ഒരുപാട് പേര്‍ക്ക് യെസ് എന്ന്‍ പറയാന്‍ ധൈര്യംനല്‍ക്കുന്ന ചരിത്രം”
അച്ഛന് ‘ട്രാഫിക്കി’ലെ ഡയലോഗടിക്കാന്‍ കണ്ട സമയം. മനു കൌണ്ടര്‍ അറ്റാക്ക്‌ തുടങ്ങി.
“നിങ്ങള്‍ക്കെന്താ ഇത്ര ധൃതി? നിങ്ങള് മൂന്നാളും ഇന്റര്‍നെറ്റും, മൊബൈലും കേരളത്തില്‍ വരുന്നതിനും മുന്നേ കല്യാണം കഴിച്ചോരാണ്. കാലം മാറി, പെണ്‍കുട്ട്യോള് അതിനേക്കാട്ടും മാറി. ഇക്കാലത്ത് പെണ്ണ്കെട്ടാന്‍ പോകുമ്പോ പലതും നോക്കണം, ഈ തലമുറയ്ക്കേ അതിന്റെ വിഷമം അറിയൂ”
അതേറ്റു, വീണ്ടും നിശബ്ദത.
ഡ്രൈവര്‍ സുഗുണേട്ടന്‍ ആക്സിലേറ്ററില്‍ ദേഷ്യം തീര്‍ക്കുന്നത് മനു ശ്രദ്ധിച്ചു. ഹോ ഹോ, അപ്പൊ ഏട്ടന്റെ ആ രമണി വിറ്റ് അവിടെയാണ് കൊണ്ടത് ! ഇങ്ങനെയൊരു കുടുംബാ സൂത്രണം എന്റെ വീട്ടില്‍ നടക്കുന്നത് ഇപ്പോഴാണ്‌ അറിയുന്നത് . അങ്ങനെ വരട്ടെ , സുഗുണേട്ടന് ചീത്ത കേള്‍ക്കുന്ന ദിവസം, സാമ്പാറില്‍ ഉപ്പു കൂടുന്ന ‘പ്രതിഭാസ’ത്തിന്റെ പൊരുള്‍ ഇതായിരുന്നല്ലേ ?. ഇതൊന്ന്‍ കഴിയട്ടെ ശരിയാക്കിതരാം (ആത്മഗതം).

വീടെത്തി, മനു മുറിയില്‍കേറി വാതിലടച്ചു. ട്വിട്ടെരില്‍ സ്റ്റാറ്റസ് ഇട്ടു, ‘പെണ്ണ് കണ്ടു ‘. എന്നിട്ട ഗൂഗിള്‍ ഇമേജ് സെര്‍ച്ച്‌ എടുത്തു, നേരത്തെ എടുത്ത സുജിത ശശിധരന്റെ ഫോട്ടോ അവിടേക്ക് അപ്ലോഡ് ചെയ്തു.
ഹോ ! മനുവിന് പാതി ആശ്വാസമായി. സിമിലര്‍ ഇമേജസ് ഒന്നും ഗൂഗിളിനു തപ്പിയിട്ടു കിട്ടിയില്ലത്രേ !! അപ്പൊ അവളുടെ ഫോട്ടോകള്‍ ഒന്നും വെബ്‌ സൈറ്റുകളില്‍ ഇല്ലെന്നുറപ്പിക്കാം.
“ഇനി വല്ല വീഡിയോസ്??” ഇതുപോലെ, നെറ്റിലുള്ള സിമിലര്‍ വീഡിയോസ് സെര്‍ച്ച്‌ ചെയ്യാന്‍ വകുപ്പില്ല.
“ടെക്നോളജി ഇനിയും ഒരുപാട് പുരോഗമിക്കേണ്ടിയിരിക്കുന്നു.” ഉണ്ടാവില്ല എന്ന വിശ്വാസത്തില്‍ മനു മുന്നോട്ടുനീങ്ങി .

ഇനിയാണ് അടുത്ത കടമ്പ, ഫേസ്ബുക്ക്‌ …….സക്കര്‍ ബര്‍ഗിനെ ധ്യാനിച്ച് തുറന്നു.
പേരടിച്ചു, സുജിത ശശിധരന്‍ …….. സെര്‍ച്ച്‌ റിസള്‍ട്ട് വന്നു.
“ങേ! അതിലും ഗ്ലാമറുള്ള കുറെ സുജിത ശശിധരന്മാര്‍!!!!”, മനസ്സില്‍ കോഴി കൂവി.
“പിന്നെ നോക്കാം ഇപ്പൊ ഇതാണ് വലുത് ”
അവളുടെ പ്രൊഫൈല്‍ ! 328 ഫ്രണ്ട്സ്. ഫോട്ടോകള്‍ ലോക്ക് ചെയ്ത് വെച്ചിട്ടുണ്ട്! ആശ്വാസം. വകതിരിവുള്ള കുട്ടിയാണ്.
ഒരു മ്യൂച്ചല്‍ ഫ്രണ്ട്! വിശാഖ് !! പടച്ചോനേ പെട്ട്, എന്റെ 679 ഫ്രണ്ട്സില്‍ ഈ കുരുപ്പിനെ മാത്രേ കണ്ടുള്ളൂ ഇവള്‍ക്ക് മ്യൂച്ചല്‍ ഫ്രെണ്ടാക്കാന്‍ ? വേറെ ആരായിരുന്നെങ്കിലും പ്രശ്നമുണ്ടായിരുന്നില്ല. മനുവിന്റെ നെഞ്ചു പെടച്ചു തുടങ്ങി.
അവന്‍ ഫോണെടുത്ത് വിശാഖിനു ഡയല്‍ ചെയ്തു.
“അളിയാ വിശാഖേ ……ഞാനിന്നോരുത്തിയെ പെണ്ണ് കണ്ടു, ഇഷ്ടപെടുകയോക്കെ ചെയ്തു …പക്ഷെ ഫേസ്ബുക്കില് നോക്കിയപ്പോ നീ മ്യൂച്ചല്‍ ഫ്രണ്ട്. അതുകണ്ടപ്പോ…..”
“ഏതാടാ ആള്?”
“ഒരു സുജിത ശശിധരന്‍ ”
“പേടിക്കണ്ടാടാ, ഞാന്‍ ഫോട്ടോ കണ്ടു റിക്വസ്റ്റ് അയച്ചതാ,അവള് ആള് മാറി ആക്സെപ്റ് ചെയ്തു. ഞാന്‍ കുറെ വളയ്ക്കാന്‍ നോക്കി. മെസേജിനു ഒരു റിപ്ല്യ്‌ പോലും തരുന്നില്ല. നീ ധൈര്യായിട്ട് കെട്ടിക്കോ, നല്ല കുട്ട്യാവും.”
അവനു ഒരു ഗംബീരന്‍ ട്രീറ്റ്‌ ഓഫര്‍ ചെയ്ത് മനു ഫോണ്‍ വെച്ചു.
“ഈ പ്രൊഫൈല്‍ എനിക്കുള്ളതാണ്”, മനു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. പുറത്ത് വന്ന എല്ലാവരോടും ഇച്ചിരി നാണത്തോടെ പറഞ്ഞു,
“ഉറപ്പിച്ചോളൂ, എനിക്ക് സമ്മതമാണ് ”

കുഭത്തിലെ രണ്ടാമത്തെ ഞാറാഴ്ച. കല്യാണമൊക്കെ രാവിലെയേ കഴിഞ്ഞ്‌ . ഇപ്പൊ രാത്രി, അല്ല ആദ്യരാത്രി.
സുജിത മനു, സിനിമാ സ്റ്റൈലില്‍ കസവുമുണ്ടും, മുല്ലപ്പൂവുമണിഞ്ഞ്, കയ്യില്‍ പാല്‍ഗ്ലാസുമായി മുറിയിലേക്ക് കടന്ന്‍ വാതിലടച്ചു.
അവിടെ ജനലും തുറന്നിട്ട് നക്ഷത്രമെണ്ണുന്ന വരന്‍, കയ്യില്‍ കിങ്ങ്സ് പുകഞ്ഞു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ…..
മനു വധുവിനെ നോക്കി ഒന്ന് ചിരിച്ചു.
അവള്‍ മനസ്സിലായില്ലെന്ന ഭാവത്തില്‍ മുഖത്തേക്ക് നോക്കി.
“അല്ല, പണ്ടൊക്കെ ഈ ആദ്യരാത്രികളിലെ സ്ഥിരം കാഴ്ചയാണ്, സിഗരെറ്റ് വലിച്ചു കൊണ്ടിരിക്കുന്ന ഭര്‍ത്താവിനെ കണ്ടിട്ട് മുറിയിലേക്ക് വരുന്ന ഭാര്യയുടെ കയ്യിലിരിക്കുന്ന പാല്‍ഗ്ലാസ്‌ നിലത്ത് വീണുപൊട്ടുന്ന രംഗം,അതോര്‍ത്തു ചിരിച്ചതാ. സില്ലി ഗേള്‍സ്‌ !”
മനു പാല്‍ ഗ്ലാസ് വാങ്ങി .
സുജിത മനു കൈനീട്ടി, ആദ്യരാത്രിയിലെ അവളുടെ ആദ്യത്തെ വാക്കുകള്‍,
“മനൂ , ഒരു പഫ്ഫ്‌ താ, ഞാന്‍ കിങ്ങ്സ് ഇത് വരെ വലിച്ചു നോക്കിയിട്ടില്ല”
ചിലിം ………പാല്ഗ്ലാസ് നിലത്തു വീണു. കുപ്പിച്ചില്ലുകള്‍ സ്ലോ മോഷനില്‍ ചിതറി .
ആ ശബ്ദം കേട്ട്, വാതിലിനു പുറത്തു നിന്ന്‍ ചിരിയൊച്ചകള്‍ ഉണ്ടായി, ഒപ്പം അടക്കിപിടിച്ച പറച്ചിലുകളും .
“അവനു പണ്ടേ ഭയങ്കര ആക്രാന്താ ”


ഞാന്‍ …..ഇന്നലെ , ഇന്ന്‌


ഇന്നലെ ഞാന്‍ ആരായിരുന്നു

എന്ന്‌ ഞാന്‍ മറന്നുപോയി

ഇന്ന്‌ ഞാന്‍ ആരാണെന്ന്‌ ചിന്തിച്ചപ്പോഴേക്കും

നാളെയായി


ഒരു തീവണ്ടി ഉദ്ഘാടനം ചെയ്യാന്‍ പോയ കഥ


07:50
ഏഴേമുക്കാലിന്‍റെ ലോക്കലിനു വേണ്ടി വീട്ടീന്നെറങ്ങിയപ്പഴത്തെ ടൈമാണ് (എങ്ങനണ്ട് ?). ഇന്‍സൈഡൊക്കെ സ്റ്റോപ്പിലേക്ക് ഓടുന്ന വഴിക്ക് ചെയ്തു (നമുക്ക് ലുക്സ് വേണ്ടേ ?), പക്ഷെ കീര്‍ത്തി എന്നെ കാത്തുനിക്കാതെ പോയി (ആയിട്ടില്ല, ഇതല്ല മ്മടെ നായിക, ഇത് കീര്‍ത്തി ബസ്.
യാത്ര ക്യാന്‍സല്‍ ചെയ്തു ഞാന്‍ തിരിച്ചു വീട്ടിലേക്കു നടന്നു.
“അല്ലാ, എവിടുന്നാപ്പ ഇത്ര രാവിലെ ?”
ആ പസ്റ്റ്! ബസ്സ്‌ പോയി നിക്കുന്നവനോട് ചോദിക്കാന്‍ പറ്റിയ ചോദ്യം. കീര്‍ത്തി പോയ വിഷമം ഞാന്‍ അവിടെ തീര്‍ത്തു .
“രാത്രി കാക്കാന്‍ പോയി വര്യാ, കൊറച്ച് ലേറ്റ് ആയി “. പിന്നെ ചോദ്യങ്ങളുണ്ടായില്ല.

07:55
വീടിന്‍റെ പടിക്കലെത്തിയപ്പോഴുണ്ട് ഫ്രീക്കുസ്മാന്‍ പള്‍സറില്‍ പെടപ്പിച്ചു വരുന്നു. എന്‍റെ മുന്നില്‍ വെച്ച് അവന്‍ അതിന്‍റെ ഡിസ്ക് ബ്രേക്ക് ടെസ്റ്റിംഗ് നടത്തി. എന്നിട്ട കൂളിംഗ് ഗ്ലാസ്സൂരാതെ ഒറ്റ ചോദ്യം, ” കുറ്റിപ്പുറത്തിക്ക്ണ്ട്രാ ?”
‘അല്ലങ്കെ, കൈകൊട്ടി വിളിച്ചാലും നിര്‍ത്താതെ പോണ മൊതലാ, ഇന്നെന്താണാവോ ഇങ്ങനെ ?’
ഞാന്‍ ചാടികേറി അള്ളി പിടിച്ചിരുന്നു. അവന്റെ ‘സ്മാരക’ ഡ്രൈവിങ്ങ് എന്നെകൊണ്ട്‌ കുറ്റിപ്പുറത്തെത്തും വരെ ശരണം വിളിപ്പിച്ചു (ശബരിമല കേറുമ്പോപോലും ഞാന്‍ ഇത്രേം ശരണം വിളിച്ചിട്ടില്ല )

08:00
ആരോടെയോ ഗുരുത്വം കൊണ്ട് കുറ്റിപ്പുറത്തെത്തി. വഴിയില്‍ രണ്ടു മൂന്നു ‘ടര്‍ണിങ്ങ് പോയന്റു’ണ്ടായിരുന്നു,എന്റെ ഹൃദയമിടിപ്പ്‌ സ്പ്രിന്റോടിയ നിമിഷങ്ങള്‍!!! !!!! പക്ഷെ എതിരെ വന്ന വണ്ടിയുടെ ഡ്രൈവര്‍മാര്‍ക്ക് പണിയറിയാവുന്നത് കൊണ്ട് കഴിച്ചിലായി).
ഉസ്മാനെ ഞാന്‍ കെട്ടിപിടിച്ചു നന്ദി പറഞ്ഞു.
ലോക്കല് അന്നാദ്യമായി പതിവ് തെറ്റിച്ച് കൃത്യസമയത്തിന് പോയി.
“പുത്യേ ഇന്‍റര്‍സിറ്റി ഇന്ന് ഓട്ടം തൊടങ്ങാ, അതാ ലോക്കല് ഇന്ന നേരത്തെ പോയത്”. ട്രെയിന്‍ പോയി കഷ്ടം വെച്ചിരിക്കുന്ന ഒരു സീസണ്‍ ടിക്കറ്റുകാരന്റെ വ്യസനം കേട്ടു.

പെട്ടന്നെന്‍റെ തലയില്‍ ഒരു ബള്‍ബ് കത്തി. ബസ്സില്‍ കോഴിക്കോട്ടെത്താന്‍ പത്തരയാവും, അമ്പതുപ്പ്യേം പോയി കിട്ടും. കുറ്റിപ്പുറത്ത് സ്റ്റോപ്പില്ലാത്ത പുത്യേ ഇന്‍റര്‍സിറ്റിക്ക് തിരൂരില്‍ നിന്ന 8.55ന് കേറിയാല്‍ 9.40ന് കോഴിക്കോടെത്താം. അതുമാത്രമല്ല ഒരു ചുറ്റിക്കളി വേറെ കെടക്കണ്ട്. ഒരു ട്രെയിനിന്റെ കന്നിയാത്രയില്‍ ഹാജര്‍ പറയാന്‍ പറ്റാന്നു പറഞ്ഞാ അതൊരു വെയിറ്റാണ്. കുംബമേള വരണ പോലെയാണ് കേരളത്തിന്‌ പുത്യേ ട്രെയിന്‍ അനുവദിച്ചുകിട്ടാറ്‌, അതോണ്ട് അതികാര്‍ക്കും ഈയൊരു ക്രെഡിറ്റുണ്ടാവില്ല. ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇട്ടാല്‍ മിനിമം പത്തു ലൈക്കെങ്കിലും കിട്ടും.

08:05
അങ്ങനെ ഞാന്‍ പാലക്കാട് – മംഗലാപുരം ഇന്‍റര്‍സിറ്റി ഉദ്ഘാടനം ചെയ്യാനായി തിരൂരിലേക്ക് ബസ്സ് കയറി. അവടെത്താനെടുത്ത 45 മിനുട്ടും ഞാന്‍ ഫേസ്ബുക്കിലും ട്വിറ്റെറിലും ഇടേണ്ട സ്റ്റാറ്റസിനെ കുറിച്ചാലോചനയിലായിരുന്നു. ഇംഗ്ലീഷല്ലേ ? ഗ്രാമര്‍ തെറ്റിയാല്‍ ക്ഷീണാണ്. പറ്റുമെങ്കില്‍ തീവണ്ടിടെ മുന്നില്‍ നിന്നൊരു ഫോട്ടോയുമെടുക്കണം ( 3.1 മെഗാ പിക്സല്‍ )

08:50
തിരൂര്‍ സ്റ്റേഷന്‍. ബസ്സിറങ്ങി ഓടിപെടഞ്ഞ് സ്റ്റേഷന്‍റെ ഉള്ളില്‍ ചെന്നപ്പോഴേക്കും, അലങ്കരിച്ചു വൃത്തികേടാക്കിയ തീവണ്ടി എത്തിയിരുന്നു. അവിടെ അടുത്ത വാഗണ്‍ ട്രാജഡി സൃഷ്ടിക്കാനുള്ള ആള്‍ക്കാരുണ്ട്. ഭാഗ്യത്തിന് ഒക്കെ തീവണ്ടി കാണാന്‍ വന്നവരായിരുന്നു. അല്ല , ഇതുപോലുള്ള ദിവസം യാത്ര ചെയ്യാനും വേണം ഒരു യോഗം (ജാഡ ജാഡ).

ഞാന്‍ മുന്നില്‍ കണ്ട കമ്പാര്‍ട്ട്മെന്റിലേക്കു ചാടികയറി.
തെന്താത്…. ലേഡീസ് ഹോസ്റ്റലില്‍ കേറിയ പോലുണ്ടല്ലോ !! മനസ്സില്‍ ലഡ്ഡു ഭരണിയോടക്കനെ പൊട്ടുകയായിരുന്നു, അമ്മാതിരി കളക്ഷനാ ഉള്ളില്‍ !! ഇതുഗ്രന്‍ സ്കീമാണല്ലോ ,ഇനി എന്നും ഇങ്ങനെതന്നെ വരണം .
“ഇത് ലേഡീസ് കമ്പാര്‍ട്ട്മെന്ടാ….”
പോയി, സകലതും പോയി. അക്കൂട്ടത്തിലെ ഏറ്റവും ഗ്ലാമറുള്ള പെണ്‍കുട്ടിയാണ് അത് പറഞ്ഞത്, അതാ കൂടുതല്‍ സങ്കടം.
പുറത്തെക്കിറങ്ങുമ്പോള്‍ ഞാന്‍ ഒന്നൂടെ തിരിഞ്ഞു നോക്കി, സങ്കടം കൂടി. അടുത്ത കമ്പാര്‍ട്ട്മെന്റിലേക്ക്……

പുതിയ വണ്ടിയാണെന്ന് പറഞ്ഞിട്ടെന്താ ? ഇന്ത്യന്‍ റെയില്‍വേടെ ട്രേഡ്മാര്‍ക്ക് നാറ്റം അതേപോലുണ്ട്. ഫോണ്‍ നമ്പരുകൊണ്ട് ചുമര്‍ ചിത്രകല തുടങ്ങിയിട്ടില്ല , ആശ്വാസം.
പെട്ടന്ന്‍ ആ കാഴ്ച ഞാന്‍ കണ്ടു , വെള്ള ചുരിദാറിട്ട ഒരു പെണ്‍കുട്ടി ഇരിക്കുന്നു , ഓപ്പോസിറ്റ് ഒരു കാലി സീറ്റും ! എന്‍റെ ടൈം !! ഒറ്റ കാഴ്ച്ചയില്‍ തന്നെ പ്രേമം തൊടങ്ങി. ഇരുന്നൂ…..

08:55
ഡ്രൈവര്‍ തീവണ്ടിയുടെ കിക്കറടിച്ചു, ഫസ്റ്റിട്ടു, ആക്സിലേട്ടറില്‍ ചവിട്ടി, വണ്ടി നീങ്ങി തുടങ്ങി. കന്നിയാത്രക്ക് പച്ചക്കൊടി വീശാന്‍ കൊണ്ഗ്രസ്സുകാരും മാര്‍ക്കിസ്റ്റുകാരുമൊക്കെയുണ്ടായിരുന്നു. ലീഗുകാര് ഇത് കണ്ട് ഉള്ളില്‍ ചിരിക്കുന്നുണ്ടാവും, ടീംസ് പച്ചക്കൊടിയല്ലേ വീശുന്നത്!! .
ഞാന്‍ ബാഗില്‍നിന്നും ‘ദ ഹിന്ദു’ എടുത്തു, കുട്ടി നോക്കി. ആണ്ട്രോയിഡ് ഫോണെടുത്തു പാട്ടുവെച്ചു, കുട്ടി ചിരിച്ചു.

കുട്ടി മാതൃഭൂമി ആഴ്ച പതിപ്പ് വായിക്കാണ്. ശിവനെ ….എന്റെ കയ്യിലുമുണ്ടല്ലോ അതുപോലൊരു കോപ്പി ! താനൂര് സ്റ്റേഷനെത്തുമ്പോ പുറത്തെടുത്ത്, കുട്ടീടെ മുഖത്ത് നോക്കി ലൈറ്റായിറ്റൊന്നു ചിരിക്കണം, കുട്ടി വീണു !

09:05
മൊബൈലില്‍ ഒരു പ്രേമ ഗാനം, ♪♪ മറന്നോ നീ നിലാവില്‍ നമ്മളാദ്യം….♪♪ അത് കേട്ടപ്പോഴാണ് മറന്നത് ഓര്‍മ്മ വന്നത്. സീസണ്‍ ടിക്കറ്റിന്റെ ഡേറ്റ് ഇന്നലെ തീര്‍ന്നിരിക്കുന്നു !
ട്വിസ്റ്റ് !!!
.
.
.
.
.
.
.

ഉദ്ഘാടന ദിവസം തന്നെ ടി.ടി.ഇ ക്ക് പണിയുണ്ടാക്കാനാണോ ഞാന്‍ മെനകെട്ടു വന്നത് ?
‘ന്നാലും ന്റെ അഹമ്മദിക്കാ…..ഇങ്ങനൊരു ദുല്‍മ് ഇങ്ങള് നീല പെയിന്റടിച്ച് ന്റെ അടുത്തിക്കെന്നെ വിട്ടല്ലോ ??’.
യാത്ര ക്യാന്‍സല്‍ ചെയ്ത് വീട്ടിലേക്ക്‌ തിരിച്ചു കേറാന്‍ നിന്ന ഈ പാവത്തിന്റെ പിറകില്‍ ഫ്രീക്കു‍സ്മാന് പള്‍സര്‍ നിര്‍ത്തി, വിളിച്ചു കേറ്റിയപ്പോഴേ അപകടം മണക്കേണ്ടതായിരുന്നു.ഓന്റെ എന്നുമില്ലാത്ത സ്നേഹം പ്രകടനം കണ്ടപ്പഴേ തിരിഞ്ഞോടേണ്ടതായിരുന്നു.

സീറ്റില്‍ നിന്നൊഴിയാന്‍ ഞാന്‍ തീരുമാനിച്ചു. ഇനി കഷ്ടകാലത്തിനു ടി.ടി.ഇ വന്നു പോക്കിയാലും (എന്റെ ഇന്നത്തെ സ്ഥിതി വെച്ച് നോക്കിയാല്‍ അത് സംഭവിച്ചിരിക്കും) കുട്ടി അതറിയരുത്, ഇമേജ് പോവും. ഞാന്‍ സീറ്റില്‍ നിന്നും നീക്കേണ്ട താമസം ഒരു യുവകോമളന്‍ അവിടേക്ക് ചാടി വീണു. പട്ടി, തെണ്ടി. ഓന്റെ കയ്യില്‍ ഐ ഫോണാ അതാ പേടി !
കുട്ടി അടുത്ത സ്റ്റോപ്പിലിറങ്ങണേന്നു പ്രാര്‍ഥിചിട്ടും കാര്യമില്ല, ഇനി കോഴിക്കോടെ സ്റ്റോപ്പുള്ളൂ. വേദന കടിച്ചമര്‍ത്തി ഞാന്‍ വാതിലിനടുത്തേക്ക് നടന്നു. കാലാകാലങ്ങളായി, ടിക്കറ്റെടുക്കാത്ത മഹാന്‍മാര്‍ക്കായി റിസേര്‍വ് ചെയ്തു വെച്ച സ്ഥലമാണല്ലോ അവിടം.

ഞാന്‍ അവിടെ നിക്കുന്നവരുടെയെല്ലാം മുഖത്തേക്ക് നോക്കി. എല്ലാത്തിന്റെയും മുഖത്ത് ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ പോണ പോലുള്ള കോണ്‍ഫിഡന്‍സുണ്ട്. അതോടെ കമ്പനിക്കാളെ കിട്ടില്ലെന്നുറപ്പായി.
അവിടെ നിന്ന് ഞാന്‍ മിനുട്ടുകളെണ്ണി.

09:40
കല്ലായി സ്റ്റേഷന്‍. നോക്കിയാ കാണുന്ന ദൂരത്ത് കോഴിക്കോട് സ്റ്റേഷന്‍.വണ്ടി സ്ലോ ആവുന്നു. ഞാന്‍ രക്ഷപെടാന്‍ ഇനി ഏതാനും മിനുട്ടുകള്‍ മാത്രം ബാക്കി.
അല്ലെങ്കിലും നല്ല കാര്യങ്ങള്‍ നടക്കാനാണല്ലോ മണിക്കൂറുകളും വര്‍ഷങ്ങളും വേണ്ടി വര്യാ. ഇതുപോലുള്ള പണി വരാന്‍ സെക്കണ്ടുകള്‍ തന്നെ ധാരാളമാണ്. കോട്ടിട്ട ആ രൂപം എന്‍റെ തൊട്ടടുത്ത്! ഒന്നര മാസമായി ഞാന്‍ കോഴിക്കോട്ടേക്ക് ഡെയിലി പോണു, ഇതിനിടയില്‍ ദൂരത്തു നിന്ന് പോലും ഈ സാധനത്തിനെ എനിക്ക് കാണാന്‍ കിട്ടിയിട്ടില്ല. ടുഡേ ഈസ് മൈ ഡേ!!

ഞാന്‍ കാലാവധി കഴിഞ്ഞ ടിക്കറ്റെടുത്ത് നീട്ടി. വില്ലന്റെ മുഖത്ത് ചിരി, ഹലാക്കിലെ ചിരി. വളരെ മയത്തിലാണ് തുടങ്ങിയത് .
“മോനെ, ഡേറ്റ് കഴിഞ്ഞതാണല്ലോ. ഉദ്ഘാടന ദിവസം തന്നെ ഓസിനു യാത്ര ചെയ്യാന്‍ നാണമില്ലേ ?”
അയാള്‍ക്ക് പതുക്കെ സംസാരിക്കാന്‍ അറിയില്ലായിരുന്നു. വളരെ പെട്ടന്ന് തന്നെ ഞാന്‍ കമ്പാര്‍ട്ട്മെന്റിലെ താരമായി മാറി. എല്ലാവരും ശ്രദ്ധിക്കുന്നു, കുട്ടി കൂടുതല്‍ ശ്രദ്ധിക്കുന്നു .
“ഒറ്റ ദിവസമല്ലേ, തെറ്റിയിട്ടുള്ളൂ ? ഇന്നാദ്യത്തെ ഓട്ടമല്ലേ , പ്ലീസ് സാര്‍ ….”
ഞാന്‍ അടവുകളോരോന്നായി പുറത്തെടുക്കാന്‍ തുടങ്ങി.
“ഫൈന്‍ അടക്കണം, 307 രൂപ.” കോട്ടിട്ട കാലന്‍ കട്ട സ്പിരിറ്റിലാ.
ഞാന്‍ കുട്ടിയെ നോക്കി, എല്ലാം കുട്ടി കേള്‍ക്കുന്നുണ്ട്. കേള്‍ക്കാത്തത് ഐഫോണുകാരന്‍ ഡബ്ബ് ചെയ്ത് പറഞ്ഞു കൊടുക്കുന്നു.
‘ഇന്ന്‍ ഈ കമ്പാര്‍ട്ട്മെന്റില്‍ രണ്ടു കൊലപാതകവും, ഒരു ആത്മഹത്യയും നടക്കും.’

09:45
വണ്ടി കോഴിക്കോടെത്തി.
‘ഇറങ്ങി ഓടിയാലോ ?’ എന്‍റെ ഉള്ളിലെ കുരുട്ടു ബുദ്ധിക്കാരന്‍ സജഷന്‍ വെച്ചു. പക്ഷെ ഉള്ളിലെ കാമുകന്‍ ആ സജഷന്‍ സ്പോട്ടില് തള്ളി, ‘കുട്ടി കണ്ടാല്‍ മോശാണ്’.
യാത്രക്കാര്‍ ഓരോരുത്തരായി ഇറങ്ങാന്‍ തുടങ്ങി. ഞങ്ങളുടെ കലാപരിപാടി കഴിഞ്ഞിട്ടില്ലായിരുന്നു.
“50,100,150…..”ഞാന്‍ ഒരറ്റത്ത് നിന്ന്‍ പിടിച്ചു തുടങ്ങി. പക്ഷെ ചങ്ങായി അടുക്കണില്ല
അപ്പോഴാണ്‌ അതുണ്ടായത്‌, അവളുണ്ട് എന്‍റെ മുഖത്തേക്ക് നോക്കി ആക്കിയൊരു ചിരിയും ചിരിച്ച് ഐഫോണ്‍ ചുള്ളന്റെ ഒപ്പം ഇറങ്ങി പോണു! ഹിന്ദുവും ആഴ്ചപതിപ്പും ഇല്ലാതെ അവന്‍ പണി പറ്റിച്ചിരിക്കുന്നു!! അതാണ്‌ അവസാനം.

പോക്കറ്റില്‍ നിന്നും മുന്നൂറ്റി പത്തു ഉറപ്പ്യ എടുത്ത് നീട്ടി, ഞാന്‍ ഏന്‍ഡ് ഡയലോഗടിച്ചു,
“ഇന്നാ, പൈസ കൊണ്ടോയി പെട്ടീലിട്ടോ. ഇങ്ങള് ഇതൊണ്ട് കല്ലത്താക്കീത് ഒരു പ്രേമാണ്, ഇങ്ങളോട് ദൈവം ചോയിച്ചോളും ”
ബാക്കി വാങ്ങാതെ ഞാന്‍ പുറത്തേക്കു നടക്കുമ്പോഴും ഇഷ്ടന്‍ ആലോചിക്കുകയായിരുന്നു ഫൈനും പ്രേമവും തമ്മിലുള്ള ബന്ധം ഇന്ത്യന്‍ റെയില്‍വേയുടെ ഇതു നിയമത്തിലാണ് പറഞ്ഞിട്ടുള്ളത് എന്ന്.


രണ്ടാമക്ഷരം


എന്നെങ്കിലും ഒരു കഥയാവും എന്ന് കരുതി കാത്തിരിക്കുന്ന ഒരു കടലാസുകഷണം എന്നുമാ മേശപ്പുറത്ത് ഉണ്ടായിരുന്നു.അതിപ്പോള്‍ ചിരിക്കുന്നുണ്ടാവും, ഇന്ന് താനൊരു കഥയായി മാറും എന്നറിഞ്ഞിട്ട്. മുഴുമിപ്പിക്കാതെ വെച്ച ഒരു കഥയുണ്ട് ഇപ്പോഴതില്‍. ഒരേയൊരു വരി, അതിലുടക്കിയാണ് ഇന്നലെ രാത്രി ആ കഥ മുഴുമിപ്പിക്കാനാവാതെ മടക്കിവെച്ചത്. അതിനപ്പുറം കഥയാണ്‌, പക്ഷെ ആ വരി എത്ര ശ്രമിച്ചിട്ടും മുന്നില്‍ തെളിഞ്ഞില്ല

ഇനിയും പുലര്‍ന്നിട്ടില്ലാത്ത ആ രാത്രിയില്‍, മുറിയിലേക്ക് നടക്കുമ്പോള്‍ അയാള്‍ തിടുക്കപെടുന്നുണ്ടായിരുന്നു. ആ വരി കൂടി പെട്ടന്ന് എഴുതിച്ചേര്‍ക്കാന്‍ അയാളുടെ വിരലുകള്‍ വിറച്ചുകൊണ്ടിരുന്നു.
മുറിയിലെത്തിയയുടന്‍ ആ കടലാസുകഷണം എടുത്തുവെച്ച്, അയാള്‍ കസേരയില്‍ കിടന്നു. മനസ്സ് ഇനിയും പുറത്തേക്ക് തികട്ടിയിട്ടില്ലാത്ത ആ വരി ഓര്‍ത്തെടുക്കാന്‍ അയാള്‍ കണ്ണടച്ചു. പക്ഷെ മനസ്സ് അതു പറഞ്ഞു കൊടുത്തപ്പോഴേക്കും മൂന്നുമണിക്കൂറും, ഒരു പാക്കറ്റ് ‘ഗോള്‍ഡി’ന്റെ പുകയും ആ മുറിയില്‍ നിന്നും പുറത്തേക്ക് പോയികഴിഞ്ഞിരുന്നു.

ആ മുഖത്ത് ഒരു ചിരി തെളിഞ്ഞു. പതിയെ കണ്ണുകള്‍ തുറന്നു. അയാള്‍ ആ കടലാസു കഷണം കൈയ്യിലെടുത്തു. ഇല്ല പേന കാണുന്നില്ല !! സിരകളിലേക്കൊഴുകി വന്ന വാക്കുകള്‍ പൊടുന്നനെ നിലച്ചുപോയതു പോലെ തോന്നി അയാള്‍ക്ക് . ഒരാള്‍ക്ക് ജീവിക്കാനുള്ള വായു മാത്രം കഷ്ടിച്ചു കടന്നുവരുന്ന ആ ഒറ്റമുറിയില്‍, ഒരു ഷോട്ടിലൊതുങ്ങുന്ന അവിടുത്തെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അയാള്‍ പരതി. ഒരു കഥയ്ക്കോ കഥാപാത്രതിണോ വേണ്ടിയല്ല, തന്‍റെ കയ്യിലുണ്ടായിരുന്ന ഒരു പേനയ്ക്കുവേണ്ടിയാണ് വിഭ്രാന്തി ബാധിച്ചവനെ പോലെ അയാള്‍ തിരഞ്ഞുകൊണ്ടിരുന്നത്.
അയാള്‍ക്കറിയാമായിരുന്നു ആ വരികള്‍ അയാള്‍ക്ക്‌ വേണ്ടി കാത്തുനില്‍ക്കില്ലെന്ന്. കഴിവതുംവേഗം പകര്‍ത്തിയെഴുതണം, അല്ലെങ്കില്‍ ആ കഥ മുഴുവനായി തന്നെ തനിക്കു നഷ്ടപെട്ടേക്കാം.അയാള്‍ മുറിയിലെ ഓട്ടം നിര്‍ത്തിയ ക്ലോക്കിലേക്ക് നോക്കി,’രണ്ടു മണി’! എന്നിട്ട് ആ പേന തിരയാനായി അയാള്‍ പുറത്തേക്കോടി.വഴിയെവിടെയോ വീണുപോയതായിരിക്കും എന്ന് അയാള്‍ക്കുറപ്പായിരുന്നു.

ഇടവേളകള്‍ നല്‍കി പെയ്യുന്ന ഒരു മഴ അപ്പോഴും പുറത്തു ഒറ്റയ്ക്ക് ബാക്കിയുണ്ടായിരുന്നു. അയാളുടെ നടത്തത്തിന്റെ വേഗത കൂടിവന്നു. വലിയങ്ങാടി, ബോംബെ ഹോട്ടല്‍, ബീച്ച് റോഡ്‌, പിന്നെ പേരറിയാത്ത ഒരുപാട് ഊടുവഴികള്‍ ……വഴികള്‍ നടന്നു തീര്‍ത്തുകൊണ്ടിരിക്കുമ്പോഴും ആ പേന മാത്രം അയാളില്‍ നിന്നകന്നുനിന്നു, ഇന്നലെ ആ വരി ചെയ്തതു പോലെ .

അയാള്‍ വ്യക്തമായി കേട്ടു. പിറകില്‍ നിന്നൊരു സ്ത്രീ ശബ്ദം!
“പേനയല്ലേ വേണ്ടത് ?ഞാന്‍ തരാം.”
അയാള്‍ ഞെട്ടിതിരിഞ്ഞുനോക്കി. തൊട്ടടുത്ത്‌ ഒരു സ്ത്രീരൂപം.
“ആരാ നീ …?”
“രണ്ടക്ഷരം.”
“വേശ്യ?”
“അല്ല. യക്ഷി!”
അതിനും രണ്ടക്ഷരംമാത്രം !! പക്ഷെ തനിക്കെന്തുകൊണ്ട് അതു ചോദിക്കാന്‍ തോന്നിയില്ല?? മനസ്സിന് സംശയം.

മുഖത്ത് നിഗൂഡതയൊളിപ്പിച്ച ഒരു ചിരിയുണ്ട്, ആഴമേറെയുള്ള കണ്ണുകളാണ്, ലഹരി സന്നിവേശിപ്പിച്ച ശരീരമാണ്. അയാള്‍ അവളുടെ അഴകളവുകള്‍ കണ്ണുകള്‍കൊണ്ട് തിട്ടപെടുത്തുകയായിരുന്നു.
തന്നില്‍ നിന്നും അവളിലേക്ക് പേരറിയാത്തൊരു ഊര്‍ജമൊഴുകുന്നതായി അയാളറിഞ്ഞു.

“എന്താ എന്നെയും വേണോ?”
ഒരു ചിരി മുഖവരയാക്കി അയാള്‍ മറുപടി പറഞ്ഞു, “ഞാന്‍ ഇതുവരെ നേടിയതൊക്കെയും ഐസിലിട്ട മീനുകളെ പോലുള്ള വേശ്യകളായിരുന്നെങ്കിലും, അവര്‍ക്കൊക്കെയും ചോരയും മാംസവും ഉണ്ടായിരുന്നു. അത് രണ്ടുമില്ലാത്ത ഒരു പെണ്ണിനെ എനിക്ക് വേണ്ട “.
“ഞാന്‍ പറഞ്ഞല്ലോ, ഞാന്‍ പെണ്ണല്ല, യക്ഷിയാണെന്ന്.”
“പക്ഷെ നിന്നെ കാണുന്നത് വരെ എനിക്ക് രണ്ടും ഒന്നായിരുന്നു.”
പെണ്ണെക്ഷി ചിരിച്ചു. വശ്യത !!

“യക്ഷിയായ നീയെങ്ങനെ ഇവിടെ വന്നു ?”
“വഴിതെറ്റി വന്നതാണ്, വഴികാണിച്ചു തരാന്‍ ആരെങ്കിലും വരുമെന്ന് കരുതി കാത്തുനിന്നതാണ്. അപ്പോഴാണ്‌ ഒരു പേന വീണുകിട്ടിയത്. പേന തരണമെങ്കില്‍ പക്ഷെ വഴി കാണിച്ചുതരണം.”
അയാള്‍ സമ്മതം മൂളി. പക്ഷെ എവിടേക്കാണെന്ന് ചോദിയ്ക്കാന്‍ അയാള്‍ മറന്നിരുന്നു.
യക്ഷി ആ പേന അയാള്‍ക്ക്‌ നേരെ നീട്ടി. അതു വങ്ങുമ്പോള്‍ ആ പരുക്കന്‍ വിരലുകള്‍ വിറച്ചില്ല.
കടുംചോപ്പുള്ള അവളുടെ അധരങ്ങള്‍ വീണ്ടും ചലിച്ചു, “നടന്നോ നിന്റെ മുറിയിലേക്ക്, പക്ഷെ തിരിഞ്ഞുനോക്കരുത്.”
“അപ്പൊ നിനക്ക് വഴിയറിയേണ്ടേ?”
“വഴി…..നീയെനിക്ക് കാണിച്ചു തന്നു കഴിഞ്ഞു”
അയാള്‍ തിരിഞ്ഞു നടന്നു. പേന വീണു പോവാതിരിക്കാന്‍ അയാള്‍ മുറുകെ പിടിച്ചിരുന്നു.
പിറകില്‍ നിന്നും ഒരിക്കല്‍കൂടിയാ സ്ത്രീ ശബ്ദം, “ഇനി നിന്റെ കഥകളില്‍ എന്നുമീ യക്ഷിയുണ്ടാവും “.
അയാള്‍ തിരിഞ്ഞു നോക്കാതെ വാക്ക് പാലിച്ചു.


ഞാന്‍ ; വിവരണം, അനാവരണം


കണ്ണ് : എന്റെ രണ്ടു കണ്ണുകളിലും മുറിവുണ്ട്, അവ ഉണങ്ങാറില്ല

തലച്ചോര്‍ : കണ്ടിട്ടില്ല , ഉണ്ടെന്നു വിശ്വസിക്കുന്നു

വായ,ചെവി : എപ്പോഴും ഉത്തരങ്ങളുണ്ട് , പക്ഷെ കേള്‍ക്കുന്ന
ചോദ്യങ്ങളുടെതാവില്ല എന്നുമാത്രം.

ചോര : ആത്മാവിനെക്കാള്‍ തണുത്തിട്ടാണ്, പുറത്തേക്കൊഴുകുമ്പോള്‍ മാത്രമാണ് അത് ചൂടാവുന്നതും ,ചുവപ്പാവുന്നതും , ചോരയാവുന്നതും

കാലുകള്‍ : നടന്നു തീര്‍ക്കാന്‍ വഴികള്‍ മുന്നിലുള്ളപ്പോള്‍ മാത്രമേ ഞാന്‍ അതിലേക്കു നോക്കാറുള്ളൂ

മൂക്ക് : ഇതേവരെ എന്റെ മണമറിയിക്കാന്‍ പറ്റിയിട്ടില്ല

മനസ്സ് : ഞാനാരാണെന്ന് മാത്രം പറഞ്ഞു തന്നിട്ടില്ല

സ്വപ്നം: നിറങ്ങളുള്ളത് അവയ്ക്ക് മാത്രമാണ്.

സിരകള്‍ : ദേഹം മുഴുവന്‍ ഉണ്ടെന്നറിയാം, അതില്‍ നിറയെ ഉന്മാദമാണെന്നുമറിയാം

ഹൃദയം: അതിവിടെ തന്നെയുണ്ട്‌. ആര്‍ക്കും കൊടുത്തിട്ടില്ല , ആര്‍ക്കും അവകാശവുമില്ല.

ശബ്ദം: മുറിവേള്‍ക്കുമ്പോള്‍ ഇടയ്ക്ക് ഇടറാറുണ്ട്, പക്ഷെ നിലച്ചിട്ടില്ല.

ആത്മാവ് : എനിക്ക് കൂട്ടിരുന്നിട്ടുള്ളത് അവള്‍ മാത്രമാണ്

നിഴല്‍ : പിന്നിലുണ്ടെന്ന് തന്നെയാണ് വിശ്വാസം, തിരിഞ്ഞു നോക്കിയിട്ടില്ല


അറിവ്


ഞാനറിയാതെയാണ് ഞാനുണ്ടായത് ,
ആ എന്നെ, ഞാന്‍ അറിയാതെയും പോയി.


സല്‍സമുക്ക്


[ഈ കഥയും അരങ്ങേറുന്നത് മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത്, കാലടി എന്ന ഗ്രാമത്തിലാണ് ]

അതെ സല്‍സമുക്ക് . കാലടി കണ്ടനകം റോഡില്‍ കാടുമൂടികിടക്കുന്ന പഴയ കല്ലുവെട്ടുംമടയുടെ അടുത്തുള്ള ആ വളവിനു കുറച്ചുകാലംമുന്നെ വരെ പേരൊന്നും ഉണ്ടായിരുന്നില്ല. ഓരോ സ്ഥലത്തിനും ആ പേരുവരുന്നത് ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടാണല്ലോ? പക്ഷെ , ഇവിടെ സംഭവിച്ചത് വേറെ ചിലതാണ് .

കഞ്ചന്‍ കുട്ടനാണു അതിന്‍റെ ആദ്യത്തെ ഇര.അന്ന് കണ്ടനകം ബീവറെജില്‍ നിന്നും രണ്ടു കുപ്പി സല്‍സ വാങ്ങി വരുന്ന വഴി , കഞ്ചന്‍റെ സൈക്കിള്‍ ആ വളവില്‍ വെച്ച് മറിഞ്ഞു, സല്‍സ പൊട്ടി.അന്ന്‍ കാലടിയില്‍ കഞ്ചനു കിട്ടിയത് , സല്‍സ കാത്തിരുന്ന സില്‍ബന്തികളുടെ സ്വീകരണമായിരുന്നു. കുപ്പി പൊട്ടിക്കാനിരുന്നവര്‍ കഞ്ചനെ പൊട്ടിച്ചു. പക്ഷെ കുറ്റം കഞ്ചന്‍റെയായിരുന്നില്ല, അതിനുശേഷവും അവിടെ വെച്ച് സല്‍സകുപ്പികള്‍ ഒന്നൊന്നായി പൊട്ടാന്‍ തുടങ്ങി.കാറില് വന്നാലും, നടന്നു വന്നാലും, ഓട്ടോല് വന്നാലും, ഇനി ഓടിവന്നാലും രക്ഷയില്ല, അവിടെയെത്തിയാല്‍ സല്‍സകുപ്പി പൊട്ടി സല്‍സ സല്‍സടെ പാട്ടിനു പോയിരിക്കും. അതില്‍പിന്നെ കണ്ടനകം ബീവറെജില്‍ നിന്നും സല്‍സവാങ്ങി ,ആ സല്‍സയോടുകൂടി കാലടി സെന്‍റെറില്‍ എത്തിയിട്ടില്ല. യുവകുടിയന്മാര്‍ മുതല്‍ റിട്ടയേര്‍ഡ് കുടിയന്മാര്‍ വരെ അതിനു ശ്രമിച്ചു, പക്ഷെ നടന്നില്ല. എത്ര മുറുക്കി പിടിച്ചാലും അവിടെ വെച്ച് കുപ്പി നിലത്തു വീഴും, ഇനി വല്ല വണ്ടിയിലാണ് വരുന്നതെങ്കിലോ , വണ്ടിയിടിക്കും, കുപ്പിപൊട്ടും. അങ്ങനെയാണ് പേരില്ലാത്ത ആ വളവ് ‘സല്‍സമുക്ക്’ എന്നറിയപെടാന്‍ തുടങ്ങിയത്.

കാലടിയിലെ കുടിയന്മാരും കുടിക്കാത്തവരും പിന്നെ ഊണിലും ഉറക്കത്തിലും ചിന്തിച്ചത് സല്‍സമുക്കിനെ കുറിച്ച് മാത്രമായിരുന്നു. കൂതറ OCR മുതല്‍ ഷിവാസ് റീഗല്‍ വരെ ഒരു വിരലില്‍ ബാലന്‍സ് ചെയ്തു സല്‍സമുക്കിലൂടെ കൊണ്ടുവരാം, നിലത്തുവീണാല്‍ പോലും പൊട്ടില്ല. വിജയ്‌ മല്ല്യയുടെ കിംഗ്‌ഫിഷര്‍ പോലും, കഥകേട്ടു കൈവിറക്കുന്നവരുടെ കയ്യിലിരുന്നു താഴെ വീഴാതെ കണ്ടനകത്തു നിന്നും കാലടിയിലെത്തും. പക്ഷെ സല്‍സ മാത്രം ……..സല്‍സ മാത്രം ഇവിടെ എത്തിയില്ല. കാലടിയിലെ സല്‍സ ഫാന്‍സ്‌ കുറ്റിപ്പുറം ‘സല്‍ക്കാര’യിലും ,എടപ്പാള്‍ ‘ദേവലോക’ത്തും പോയി നിര്‍വൃതിയടഞ്ഞു. പൊട്ടിപ്പോയ സല്‍സകുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്ന സല്‍സമുക്ക് കണ്ടാല്‍ , മദ്യവിരുദ്ധ സിമിതി ജില്ലാ പ്രസിഡണ്ട് വരെ കരഞ്ഞുപോവും .

നവംബര്‍ 6. അന്ന്, സല്‍സയൊഴുകാത്ത കാലടിയില്‍ കുഞ്ഞിരാമന്‍ കാലുകുത്തി. കഴിഞ്ഞ പ്രാവശ്യം ഉറപ്പിച്ചിട്ടു പോയ കല്യാണം കഴിക്കാന്‍, രണ്ടു മാസത്തെ ലീവിന് ഏറെ സന്തോഷത്തോടെയാണ് മുപ്പത്തിമൂന്നുകാരന്‍ കുഞ്ഞിരാമന്‍ കുവൈറ്റില്‍ നിന്നും ലീവിന് വന്നിട്ടുള്ളത്. വന്ന അന്ന് രാത്രി അത്താണിപാടത്ത്, നിയുക്തവരനും കൂട്ടുകാരും ഒത്തുകൂടി . ഇത്തിരി ജാടയോടെ കുഞ്ഞിരാമന്‍ അരയില്‍ കരുതിയിരുന്ന ഡ്യൂട്ടീഫ്രീ കവറിനുള്ളിലെ കുപ്പി പുറത്തെടുത്തു .
“ജോണി വാക്കര്‍ ബ്ലാക്ക്‌ ലേബല്‍ !! ”
തൊരപ്പന്‍ അബുവും കുട്ടപ്പനുമൊക്കെ ചാടിവീണു കടിപിടി കൂടുന്ന രംഗം കാത്തുനിന്ന കുഞ്ഞിരാമന് തെറ്റി! കഞ്ചന്‍ കുട്ടനും, കിണ്ടി ശശിയും അതിലേക്കു നോക്കുന്നത് പോലുമില്ല!!
പൊളിച്ചുവെച്ച വായ അടച്ചു കുഞ്ഞിരാമന്‍ ചോദിച്ചു.
“അല്ലാ ഇങ്ങള്‍ക്കെന്തു പറ്റി?”
“ഇപ്പൊ കാലടീലെ ഏതു കുടിയന് നീയീ സാധനം കൊണ്ടു കൊടുത്താലും തിരിഞ്ഞു നോക്കില്ല ”
“എന്തേ, എല്ലാരും എന്നെപോലെ കുടി നിര്‍ത്തിയാ? ”
ഒരു മണ്ണുങ്കട്ട എന്തിനോവേണ്ടി നീട്ടിയെറിഞ്ഞു കുട്ടപ്പന്‍ ഉത്തരം പറഞ്ഞു,
“നിര്‍ത്തിയിട്ടില്ല ……നീ ഒരു കുപ്പി സല്‍സ ഇവടെ കൊണ്ട് വന്നു നോക്ക്, അതിനായി ഇവിടെ ചിലപ്പോ കൊലപാതകം വരെ നടക്കും .ഇപ്പൊ കാലടിയില്‍ ഒരു കുപ്പി സല്‍സക്ക് സ്വര്‍ണ്ണത്തേക്കാള്‍ വിലയാണ് .
“അയ്യേ, സല്‍സയോ ?”
ഇപ്പൊ കുഞ്ഞിരാമന് പുച്ഛം. സ്കൂളില്‍ പഠിക്കുമ്പോ ആരോ കുടിച്ചു വലിച്ചെറിഞ്ഞ കാലി സല്‍സ കുപ്പീല് വെള്ളമൊഴിച്ച് കുടിച്ചവനാ അളിയന്‍ .
“അതെ സല്‍സ….”
കാലടിയിലെ ‘സല്‍സവിലാസ’ങ്ങള്‍ കിണ്ടി ശശി കുഞ്ഞിരാമന് വിവരിച്ചു കൊടുത്തു .
എന്നിട്ട് പറഞ്ഞു,
“ഇവിടെ പൊട്ടാത്തോരു കുപ്പി സല്‍സയെത്താന്‍ ഗുരുവായൂര് ആനയൂട്ട്‌ വരെ നടത്തിയ ടീമ്സുണ്ട്. ഇപ്പൊ ഇവിടെല്ലാര്‍ക്കും സല്‍സ മതി .ഈ അവസ്ഥേല് അതുകുടിച്ചു കിട്ടണ കിക്ക് വേറൊന്നിനും തരാനും പറ്റില്ല.”

കുഞ്ഞിരാമന് ചിരി വന്നു ഒരു ഗ്രാമത്തിലെ കുടിയന്മാര്‍ മുഴുവന്‍ ഒരു ബ്രാണ്ടിക്കുപ്പിക്ക് വേണ്ടി കാത്തിരിക്കുന്നു!
“ചിരിക്കണ്ട കുഞ്ഞിരാമ …..ഇവിടെ പൊട്ടിയ സല്‍സ കുപ്പികള്‍ക്ക് കയ്യും കണക്കുമില്ല. നീ ആണാണെങ്കില്‍, കണ്ടനകത്തു നിന്ന് ഒരു കുപ്പി സല്‍സ വാങ്ങി കാലടി സെന്ററില്‍ എത്തിക്ക്‌, ഞങ്ങള്‍ക്ക് അത് മാത്രം മതി.”
തൊരപ്പന്‍ ഇത്തിരി ഗൌരവത്തോടെയാണ് പറഞ്ഞത് .

കുഞ്ഞിരാമന്‍ ആ വെല്ലുവിളി ഏറ്റെടുത്തു.
“പക്ഷെ ഒറ്റ കണ്ടീഷന്‍, ഇതില്‍ വിജയിക്കുന്ന തന്നെ ആരും ‘സല്‍സ കുഞ്ഞിരാമ, സല്‍സ കുഞ്ഞിരാമ എന്ന് വിളിക്കരുത് ‘ എന്‍റെ പഴയ പേരുതന്നെ വിളിച്ചാമതി, കൂമന്‍ കുഞ്ഞിരാമന്‍”
“ഓക്കേ ഏറ്റു”
വെറും രണ്ടര കിലോമീറ്റെര്‍, അതും ഇത്രശ്ശെ പോന്നൊരു കുപ്പിയുമായി വരാനെന്താ ഇത്ര പണി? എന്നാണ് അവന്‍ ചിന്തിച്ചത്. പക്ഷെ കുഞ്ഞിരാമനറിയില്ലായിരുന്നു, ഇന്ന് ഒരൊറ്റ കാലടിക്കാരനും അബോധാവസ്ഥയില്‍ ആ വെല്ലുവിളിക്കുമുന്നില്‍ ‘ഉം’ എന്ന് മൂളില്ല എന്ന് .

നവംബര്‍ 7, നാളെയാണ് കുഞ്ഞിരാമന്റെ കല്യാണം, പക്ഷെ ഇന്നാണ് അതിനേക്കാള്‍ വലിയ സുദിനം. ആ ധീരദൌത്യം ഏറ്റെടുത്ത കല്യാണചെക്കന്‍, ഇന്നാണ് സല്‍സ കാലടിയില്‍ എത്തിക്കാമെന്നു ഏറ്റിരിക്കുന്നത്.കല്യാണ പാര്‍ട്ടി ആ സല്‍സ പൊട്ടിച്ചാണ് തുടങ്ങുന്നത് .
ബീവറെജ് അടക്കാന്‍ നേരത്ത് , രാത്രി ഒന്‍പതു മണിയോട് കൂടിയാണ് കുഞ്ഞിരാമന്‍ കണ്ടനകത്ത്‌ എത്തിയത് .
“ഒരു സല്‍സ”
ജീവനക്കാര്‍ ഞെട്ടിത്തരിച്ചു നിന്നു, സഹക്യൂവന്മാര്‍ അടക്കം പറഞ്ഞു.അടിച്ചു പാമ്പായി കിടന്നിരുന്നവര്‍ വരെ ആ വീരനെ എണീറ്റ്‌ നിന്നു എത്തി നോക്കി .
ഓര്‍ക്കാപ്പുറത്ത് വേള്‍ഡ്കപ്പ്‌ ഫൈനല്‍ കളിയ്ക്കാന്‍ അവസരം കിട്ടിയ ശ്രീശാന്തിനെപോലെ കുഞ്ഞിരാമന്റെ ഹൃദയവും വിജൃംബിച്ചു. അതു വാങ്ങി പുറത്തേക്കു നടക്കുമ്പോള്‍ കുഞ്ഞിരാമന് തന്നോട് തന്നെ അസൂയ തോന്നി .

“രാമാ….നാളെ എപ്പഴാ മുഹൂര്‍ത്തം ?”
എല്‍ പി സ്കൂളില്‍ തന്നെ പഠിപ്പിച്ച ശേഖരന്‍ മാഷാണ് .
“ഒന്‍പതരയ്ക്ക് , മാഷ് വരില്ലേ ”
“ഞാന്‍ നേരത്തെ എത്തില്ലേ. അല്ലാ എന്താപ്പ കയ്യില് ? കല്യാണ തലേന്നും വെള്ളമടിക്കാതെ ഉറക്കം വരില്ലേ ?
“അയ്യോ മാഷെ ,ഞാന്‍ കുടി നിര്‍ത്തിയിട്ടു അഞ്ചാറു കൊല്ലായി. ഇത് ഒരു കുപ്പി സല്‍സയാണ് കാലടീക്ക് കൊണ്ടാവാനാ . ”
“എന്തത്താന്‍റെ കുഞ്ഞിരാമാ, അന്‍റെ തലയ്ക്കു ഓളണ്ടോ? നിനക്ക് സല്‍സമുക്കിനെക്കുറിച്ച് അറിയാഞ്ഞിട്ടാ. ഇതായിട്ടു അവിടേക്ക് പോണത് അപകടാണ്. ഈ കുപ്പി നീ ഇവിടെ കല്ലുമ്മെ എറിഞ്ഞു പൊട്ടിച്ചോ, എന്നാ നിനക്ക് ജീവനോടെയെങ്കിലും വീട്ടിലെത്താം.”

വിജൃംബിച്ചുകൊണ്ടിരുന്ന ആ ഹൃദയം പെട്ടെന്ന് സെവന്സില്‍ പെനാല്‍ട്ടി കിക്ക് തടുക്കാന്‍ നിക്കണ ഗോളീടെ പോലെ പെടച്ചു തുടങ്ങി. അവര്‍ക്ക് ചുറ്റും ആളുകൂടി, സല്‍സമുക്കിന്‍റെ ഭീകരത വിവരിച്ചു കൊടുക്കുമ്പോള്‍ ഒരു കുടിയന്റെയും നാവു കുഴഞ്ഞില്ല. കുഞ്ഞിരാമന് വേണ്ടേര്‍ന്നിലാന്നായി. അവന്‍ മാഷിനേം വിളിച്ചോണ്ട് അവിടുന്ന് നടന്നു.

“മാഷെ , എനിക്കതവിടെ എത്തിച്ചേ പറ്റൂ , പക്ഷെ ഇപ്പൊ പേടിയാവുന്നു , എന്താചെയ്യാ ?”
“നീ കുറച്ചടിച്ചോ,KSRTC വര്‍ഷാപ്പിന്‍റെ പിന്നില്‍ വാറ്റുണ്ട്, അവിടെ ഒരു ‘കാട്ടുതീ’ കിട്ടും, ധൈര്യത്തിന് ബെസ്റ്റാ”
കുഞ്ഞിരാമന്‍ ജീവിതത്തിലാദ്യമായി മാഷെ തൊഴുതു, എന്നിട്ട് നേരെ വിട്ടു, കാട്ടുതീ കുടിക്കാന്‍ .

പക്ഷെ അകത്തു കയറ്റിയ ധൈര്യം കുറച്ചു കൂടി പോയി. നല്ല കിണ്ടിയായിട്ടാണ് കുഞ്ഞിരാമന്‍ തന്‍റെ യമഹ എഫ് സിയില്‍ കയറിയത്. ആരോ സ്റ്റാര്‍ട്ടാക്കികൊടുത്തു. ബോധമില്ലെങ്കിലും, ഗള്‍ഫിലെ ഓര്‍മ്മയില്‍ വലതുവശത്തുകൂടിയാണ് വണ്ടിയോടിക്കുന്നത് എങ്കിലും, ഒരു കൈ അരയിലെ സല്സയുടെ മോളില്‍തന്നെയായിരുന്നു.

എല്‍പി സ്കൂള്കഴിഞ്ഞപ്പോ വണ്ടി ഓഫായി.കുഞ്ഞിരാമന് സല്‍സമുക്കിന്‍റെ ‘കളികള്‍’ മണത്തു. കിക്കായ കുഞ്ഞിരാമന്‍ കിക്കറടിക്കാന്‍തുടങ്ങി, 3,9,17…. രക്ഷയില്ല, ആഞ്ഞടിച്ചിട്ടും വണ്ടി സ്റ്റാര്‍ട്ടാവുന്നില്ല. കുഞ്ഞിരാമന്‍ വിട്ടില്ല, ബൈക്കവിടെ വെച്ച് കാലടിയിലേക്ക് നടക്കാന്‍ തുടങ്ങി.
“സല്‍സ മുക്ക് നടന്നു താണ്ടിയാല്‍ വെയിറ്റ് കൂടുകയേ ഉള്ളൂ ”

പതിനൊന്നരയായി, മാലപ്പടക്കവും നോട്ടുമാലയുമായി കാത്തുനില്‍ക്കുകയാണ് കുഞ്ഞിരാമന്‍റെ കമ്പനിക്കാര്‍. ഉറക്കം വേണ്ടെന്നു വെച്ച് മറ്റു കുടിയന്മാര്‍ കൂടി കാലടി സെന്ററില്‍ എത്തിച്ചേര്‍ന്നു. ഇന്ന് ഞങ്ങളുടെ ‘സല്‍സശാപം’ മാറും , ഇതുവരെ തങ്ങളെ കളിയാക്കിയിരുന്ന തവനൂരിലെയും എടപ്പാളിലെയും കുടിയന്മാരുടെ മുന്നിലൂടെ ഇനി തല ഉയര്‍ത്തി പിടിച്ചു നടക്കാം.
“ശശിയേ……..പിന്നിക്കോക്ക്യാ, ഓണതലേന്ന് ബീവറെജിലുള്ളതിനേക്കാള്‍ ആളുണ്ട്, മ്മടെ സല്‍സ നാട്ടാര് കൊണ്ടോവോ ?”. കുട്ടപ്പന് പേടി
“അവന്‍ സല്‍സ കൊണ്ടുവരുന്നത് നമ്മക്ക് കുടിക്കാനാ, അത് നമ്മള് തന്നെ കുടിക്കേം ചെയ്യും.”കുട്ടപ്പന് സന്തോഷമായി.
എട്ടില്‍ പഠിക്കുമ്പോ അറിയാതെ (ഇനി അറിഞ്ഞിട്ടാണോ എന്ന് അറിയില്ല ) ലേഡീസ് ടോയ് ലെറ്റില്‍ കയറിയ പ്രിന്‍സിപ്പാളെ പൂട്ടിയിട്ടു കൂവിയവനാണ് കുഞ്ഞിരാമന്‍. അവന്റെ ആ ധൈര്യത്തിന്റെ വിശ്വാസ്യതയാണ് ആ കൂടി നില്‍ക്കുന്ന ജനക്കൂട്ടം.

പക്ഷെ, കുഞ്ഞിരാമനെ കാത്തിരുന്നവരുടെ നെഞ്ചുകളിലേക്ക് തീകോരിയിട്ടുകൊണ്ട് ആ ന്യൂസ് ഫ്ലാഷായി .
“കുഞ്ഞിരാമന്‍ ബോധമില്ലാതെ സല്‍സ മുക്കില്‍ കിടക്കുന്നു ”
“അപ്പൊ സല്‍സ?” അതെ, അവിടെ കൂടിനിക്കുന്നവര്‍ക്കറിയേണ്ടത് സല്‍സയെകുറിച്ചായിരുന്നു, അവനെ കുറിച്ചല്ല .
‘രതി നിര്‍വ്വേത’ത്തില്‍ പണ്ട് ജയഭാരതി (ഇപ്പൊ ശ്വേത മേനോനും ) കിടക്കണ പോലെയാണ് മണവാളന്‍ ഓഫായി കിടക്കുന്നത്. പൊട്ടിയ കുപ്പിയില്‍ നിന്ന് അവസാന തുള്ളി സല്‍സയും മണ്ണിലേക്ക് ഒഴുകി കഴിഞ്ഞിരുന്നു .

പിറ്റേന്ന്, തന്‍റെ കല്യാണ ദിവസം ഉച്ചക്ക് ഒന്നരയ്ക്കാണ് എടപ്പാള്‍ ആസ്പത്രീല്‍ വെച്ച് കല്യാണ ചെക്കന്‍റെ ബോധം തെളിയുന്നത്. കണ്ണ് തുറന്നത് ക്ലോക്കിലെക്കായിരുന്നു.
“കല്യാണം?” കുഞ്ഞിരാമന്‍ ചോദിച്ചു
“കഴിഞ്ഞു, കഴിഞ്ഞു ……..അതെ മുഹൂര്‍ത്തത്തില്‍ തന്നെ ഓളെ വേറാരോ കെട്ടി “കഞ്ചന്‍ എടുത്തടിച്ചപോലെ മറുപടി കൊടുത്തു .
പക്ഷെ തൊരപ്പന്‍ കുറച്ചു സീരിയസ് ആയിട്ടാണ് ബാക്കി പറഞ്ഞത് .
“കല്യാണതലേന്ന് പോലും വെള്ളമടിച്ചു വഴീക്കിടക്കണ ഒരു കള്ളുകുടിയനെ അവര്‍ക്ക് വേണ്ട എന്ന് പറഞ്ഞു ”
കുഞ്ഞിരാമന്‍ നാലു പേരുടെ മുഖത്തേക്കും നോക്കി, ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു ,
“നിങ്ങളൊക്കെ കാരണാ എന്‍റെ കല്യാണം മുടങ്ങീത്”
കുട്ടപ്പാന്‍റെ കണ്ട്രോളുപോയി,” എടാ കള്ളുകുടിയാ…….അന്നോട്‌ ഞങ്ങള് പറഞ്ഞോ കാട്ടുതീ പോയി മോന്താന്‍ ? എന്നിട്ട് കുറ്റം ഞങ്ങള്‍ക്ക്.” സല്‍സ കിട്ടാത്ത ദേഷ്യമാണ് കുട്ടപ്പന് .
തൊരപ്പന്‍ കുഞ്ഞിരമാനോട് മയത്തില്‍ ചോദിച്ചു,
“അല്ലടാ …..നീയെന്തിനാ നടന്നു വന്നെ? ബൈക്കില്‍ വന്ന ചിലപ്പോ സല്‍സ കാലടീല് എത്തിയേനെ, നിന്‍റെ കല്യാണവും ചിലപ്പോ നടന്നേര്‍ന്നു”
“വരണവഴി ബൈക്ക് ഓഫായി, അരമണിക്കൂറ് നിന്ന കിക്കറടിച്ചിട്ടും വണ്ടി സ്റ്റാര്‍ട്ടായില്ല”
അത് കേട്ടതോടുകൂടി തൊരപ്പനും അലറി, “സല്‍സകുഞ്ഞിരാമാ, യമഹ കിക്കറില്ലാതെ ഇറക്കുന്ന എഫ് സിയുടെ ഏതു കിക്കറാടാ നീ അരമണിക്കൂറടിച്ചത് ?”

വാല്‍കക്ഷണം:
1. പാവം സല്‍സമുക്കിനു , കല്യാണം മുടക്കി എന്ന പേര് കൂടി സല്‍സ കുഞ്ഞിരാമന്‍ കാരണം ചാര്‍ത്തികിട്ടി .

2. സല്‍സകുഞ്ഞിരാമന്‍റെ പെണ്ണിനെ കെട്ടിയത്, ഒരു ബീവറെജ് ജീവനക്കാരന്‍ തന്നെയായിരുന്നു എന്ന് പിന്നീടറിഞ്ഞു. എന്ത് ചെയ്യാനാ? ……..വിധി, ഇപ്പോഴത്തെ മലയാള സിനിമ പോലെയാണ്, ഫുള്ള് ട്വിസ്റ്റാ!

3. ലീവ് പെട്ടന്ന് മതിയാക്കി തിരിച്ചുപോകുമ്പോ, സല്‍സ മുക്കില്‍ കാറു നിര്‍ത്തിച്ചു, പൊട്ടികിടക്കുന്ന സല്‍സ കുപ്പികളിലേക്കു നോക്കി സല്‍സകുഞ്ഞിരാമന്‍ കുറച്ചുനേരം കരഞ്ഞു എന്ന് ഡ്രൈവര്‍ ബഷീറിക്ക പറഞ്ഞറിഞ്ഞു.
“കുഞ്ഞിരാമേട്ടന്‍ ആരെയോര്‍ത്താണാവോ കരഞ്ഞത് , പെണ്ണിനെയോ അതോ സല്‍സയെയോ ?”


സത്യം


ഞാന്‍ പറഞ്ഞതെല്ലാം നുണകളായിരുന്നു ,
പക്ഷെ ആ നുണകളിലൂടെ ഞാന്‍ പറഞ്ഞത് സത്യങ്ങള്‍ മാത്രമായിരുന്നു


ചോരയും വിയര്‍പ്പും


എന്‍റെ വിയര്‍പ്പിന് ശവത്തിന്‍റെ മണമാണ്,
എന്‍റെ ചോരയ്ക്ക് ആത്മാവിനെക്കാള്‍ തണുപ്പുമാണ്,
എന്നിട്ടും ഞാന്‍ ജീവിച്ചിരിക്കുന്നു!!!


ശ്യൂന്യം നിശബ്ദം


എന്‍റെ നിഴലിനെ കാണാനില്ല!
ഞാന്‍ കാത്തുനിന്നു.പിന്നെ തിരിഞ്ഞുനടന്നു.
എവിടെയെങ്കിലും വഴിയറിയാതെ അവള്‍ എന്നെ കാത്തു നില്‍ക്കുന്നുണ്ടാവും.
എന്‍റെ തെറ്റാണ്‌, ഇടയ്ക്ക് തിരിഞ്ഞുനോക്കേണ്ടതായിരുന്നു അവളിലേക്ക്.

ഇരുട്ടുപ്രാപിച്ച ഒരിടവഴിയില്‍ ഞാനെത്തി.ചുറ്റും ഒരായിരം നിഴലുകള്‍ എന്നെ വലം വെച്ചു.
ഞാന്‍ കണ്ടുനിന്നു, കുറേനേരം.
ഞാന്‍ തേടുന്ന ആ രൂപം അതിലുണ്ട് എന്നെനിക്കറിയാം.
പക്ഷെ എനിക്കിപ്പോഴും തിരിച്ചറിയാനായിട്ടില്ല, അതിലെന്‍റെ നിഴലേതാണെന്ന്.
ഞാനവളെ എന്നിലേക്കു തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചു.
നിശബ്ദതയെ വിളിക്കാനാണ്‌ ഞാന്‍ ശബ്ദംമുണ്ടാക്കേണ്ടത്.
പക്ഷെ എന്തു വിളിക്കണം? എന്‍റെ നിഴലിന്‍റെ പേര്‌ എനിക്കറിയില്ല!
അപ്പോഴും ആ നിഴലുകള്‍ നിശബ്ദമായി എന്നെ പ്രകോപിപ്പിച്ചുകൊണ്ടേയിരുന്നു
ഞാന്‍ തിരിച്ചറിഞ്ഞു, നിശബ്ദതയാണ്‌ ഏറ്റവും ഭയാനകമായ ശബ്ദം.

നിഴലില്ലാതെ എനിക്ക് ജീവിക്കാനാവില്ല.എനിക്കൊരു നിഴലിനെവേണം
ചുറ്റും അലയുന്ന അസഖ്യം നിഴലുകളിലൊന്നിനെ കടന്നുപിടിച്ച്, തിരിഞ്ഞുനോക്കാതെ ഞാനോടി, വെളിച്ചത്തിലേക്ക്.
പക്ഷെ എനിക്കുറപ്പായിരുന്നു, അതെന്‍റെ നിഴലല്ല എന്ന്.
കുതറികൊണ്ടിരിക്കുന്ന ആ നിഴലിനെ എന്നോടടുപ്പിച്ച്, കിതച്ചുകൊണ്ട് ഞാന്‍ വെളിച്ചംകണ്ടു.
പക്ഷെ, അപ്പോഴും നിഴലില്ലാതെ ജീവിക്കുന്ന ഒരുപാടുപേരുടെ നിഴലുകള്‍ ആ ഇടവഴിയില്‍ ബാക്കിയായിരുന്നു


മരണാനന്തരം


ഞാന്‍ മരിച്ചു.
ആരും കരഞ്ഞില്ല.
വാഴയിലയ്ക്ക് ആളു പോയെങ്കിലും, എന്‍റെ നീളമുള്ള വാഴയില കിട്ടിയില്ല.
പിന്നെ കുറേപേര്‍ക്ക് വേണ്ടത് ഒരു മാവായായിരുന്നു,എനിക്ക് ചിതയൊരുക്കാന്‍. അക്കൂട്ടര്‍ പറമ്പിലേക്കിറങ്ങിനോക്കി,മാവും കണ്ടില്ല.
പക്ഷെ, ഇന്നലെ ‘ജീവനോടെയുള്ള ഞാന്‍’എഴുതിയ ഒരു കുറിപ്പുകണ്ടു.
“നാളെ… ഞാന്‍ മരിക്കും….
തെക്കേമുറിയിലെ താക്കോലുകളഞ്ഞുപോയ അലമാറ കുത്തിത്തുറക്കണം.അതില്‍ നിറയെ ഞാനെഴുതി മുഴുമിപ്പിക്കാതെവെച്ച കഥകളാണ്‌.ആ കടലാസുകെട്ടുകള്‍ പുറത്തെടുത്ത് അതുകൊണ്ടെനിക്കൊരു ചിതയൊരുക്കണം.ഞാന്‍ എരിഞ്ഞടങ്ങേണ്ടത് ആ തീയിലാവണം.”
ആരോ അതു ചെയ്തു.
കണ്ടുനിന്നവരാരും തടയാന്‍ പോയില്ല.”മാവു ലാഭം!”
എന്‍റെ ചിത കത്തിത്തുടങ്ങി.
അന്തരീക്ഷത്തില്‍, കാലങ്ങളായി ആ വെള്ളകടലാസുകളില്‍ ഞാന്‍ ഒഴുക്കിക്കളഞ്ഞിരുന്ന മഷിയുടെ ഗന്ധം പരന്നു. സാമ്പ്രാണിപുകയ്ക്ക് മണമില്ലാതായി.

ആ കടലാസുകൂംമ്പാരത്തില്‍ ഞാന്‍ വേവുമ്പോള്‍ എല്ലാവരും ഒരു കരച്ചില്‍ കേട്ടു.
അതെന്‍റെതായിരുന്നില്ല, എന്നെ പൊതിഞ്ഞുകിടന്ന എന്‍റെ കഥാപാത്രങ്ങളുടേതായിരുന്നു. ഞാന്‍ ജീവന്‍ കൊടുത്തിട്ടും വളര്‍ത്താതിരുന്ന ഭ്രൂണങ്ങളുടെ അവസാനത്തെ കരച്ചില്‍.
ഇതിനുമുന്‍പും അവര്‍ കരഞ്ഞിട്ടുണ്ട്.
എത്രയോ രാത്രികളില്‍, കാലുകള്‍ മേശപ്പുറത്തേക്കു നീട്ടിവെച്ച്, പുതിയ കഥയുടെ ബീജത്തിനായി കണ്ണടയ്ക്കുമ്പോള്‍, ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നു ഇതേ കരച്ചില്‍.
ആ കരച്ചില്‍ എനിക്കൊരാസക്തിയായിരുന്നു. മരിച്ചിട്ടും ഞാനടിമപെട്ടിരിക്കുന്ന ലഹരി! അതുകൊണ്ടാണെന്‍റെ ചിത ഇങ്ങനെയായത്.

ആ കരച്ചില്‍ നിലവിളികളായി.
ആ നിലവിളികേട്ട ആരോഒരാള്‍ ചിതയിലേക്ക് വെള്ളമൊഴിച്ചു.
എന്‍റെ ചിത കെട്ടു.
കരിയാന്‍ തുടങ്ങിയ എന്‍റെ കഥാപാത്രങ്ങളെയെല്ലാം അയാള്‍ എന്നോട് ചോദിക്കാതെ വാരിയെടുത്തുകൊണ്ടുപോയി.
കൂടിനിന്നവര്‍ കഷ്ടം വെച്ച് പിരിഞ്ഞുപോയി. പാതിവെന്ത ഞാന്‍ മാത്രം ബാക്കിവന്നു.
ചോര വറ്റിയ, മാംസം കരിഞ്ഞുതീരാത്ത, എന്‍റെ ശവം ആ നനഞ്ഞ മണ്ണില്‍ ഒറ്റയ്ക്ക് കിടക്കുമ്പോള്‍, ദൂരെ ആ കഥാപാത്രങ്ങള്‍ ചിരിക്കുന്നതു ഞാന്‍ കേട്ടു.
അവര്‍ക്കീ കാഴ്ച്ച ഒരു ലഹരിയായിയിരുന്നിരിക്കണം.


ഉത്തരങ്ങള്‍


എന്‍റെയുള്ളില്‍ ഉത്തരങ്ങളുണ്ടായിരുന്നു,
പക്ഷെ എനിക്കു നേരിടാന്‍ ചോദ്യങ്ങളുണ്ടായിരുന്നില്ല


ഭ്രാന്ത്


എന്‍റെ ഭ്രാന്തിന്‍റെ ഉദ്ഭവം നീ മൂലമായിരുന്നു
എന്നെ ചങ്ങലയ്ക്കിട്ടതും നീ തന്നെയായിരുന്നു